ഈണങ്ങളുടെ സുൽത്താൻ

'യത്തീമിന്നത്താണി ഏകിക്കൊണ്ടത്താഴം...'  എന്ന അബൂബക്കർ ചിട്ടപ്പെടുത്തിയ പാട്ട് പാടിയത് പ്രശസ്ത ഗായികയായ കെ.എസ്.ചിത്രയായിരുന്നു. അവരുടെ ആദ്യ മാപ്പിളപ്പാട്ടും അതുതന്നെ. ഇന്നും പല വേദികളിലും അവരത് സ്ഥിരമായി പാടുന്നുമുണ്ട്. കോഴിക്കോട് അബൂബക്കറുടെ സംഗീത സംവിധാനത്തിൽ പാട്ടു പാടിത്തെളിഞ്ഞവരുടേയും പ്രശസ്തിയുടെ പടവുകൾ കയറിയവരുടേയും എണ്ണം എത്രയോ വലുതാണ്. 

അമ്പതുകളുടെ ആരംഭത്തിലാണ്. അന്ന് കോഴിക്കോട്ടെ കുറ്റിച്ചിറ യു.പി സ്‌കൂളിലെ ക്ലാസിൽ സംഗീതത്തിന് ആഴ്ചയിൽ ഒരു പിരിയഡ് ഉണ്ടായിരുന്നു. സ്‌കൂളിൽ സംഗീത അധ്യാപകരുടെ തസ്തിക ആരംഭിച്ചിട്ടില്ലാത്ത കാലം. അതിനാൽ സയൻസ് ടീച്ചറാണ് പാട്ട് പഠിപ്പിക്കാൻ വരിക. എന്നു വെച്ചാൽ അറിയാവുന്ന പാട്ടുകളെന്തെങ്കിലും പാടി അവർ പിരിയഡ് മുഴുമിപ്പിക്കും. അത്ര തന്നെ. അത് കേട്ടുകേട്ട് കുട്ടികൾക്ക് ബോറടിച്ചു തുടങ്ങിയിരുന്നു. ഒരു ദിവസം ക്ലാസിലെത്തിയ ടീച്ചറോട് ഒരു കുട്ടി, ഒപ്പമിരിക്കുന്ന മറ്റൊരു കുട്ടിയെ കാണിച്ചിട്ട് പറഞ്ഞു - ടീച്ചർ ഇവൻ പാടും. അതു കേട്ട് വലിയ സന്തോഷമായ ടീച്ചർ അവനെക്കൊണ്ട് പാടിച്ചു. ലതാ മങ്കേഷ്‌കറിന്റെ ഒരു ഹിന്ദി സിനിമാ ഗാനം പെൺശബ്ദത്തിൽ അവൻ അസ്സലായി പാടി. പാട്ട് തീർന്നതും ക്ലാസിൽ നിർത്താത്ത കൈയടി ഉയർന്നു. കോഴിക്കോട് അബൂബക്കർ എന്ന സംഗീതജ്ഞന് കിട്ടിയ ആദ്യ അംഗീകാരം. അവൻ പാടുമെന്ന് ക്ലാസിൽ പ്രഖ്യാപിച്ച കുട്ടിയെ ഇന്ന് നാം അറിയും - നടൻ മാമുക്കോയ. അതെ, കോഴിക്കോട് അബൂബക്കറും മാമുക്കോയയും അക്കാലത്ത് സ്‌കൂളിൽ ഒരേ ബെഞ്ചിലിരുന്ന് ഒപ്പം പഠിച്ചവരായിരുന്നു.
സ്‌കൂളിന് തൊട്ടടുത്തു തന്നെയായിരുന്നു അന്നത്തെ പ്രസിദ്ധ തബലിസ്റ്റായ ടി.ഉസ്മാന്റെ വീട്. വീട്ടിലുണ്ടായിരുന്ന ഉസ്മാൻ ക്ലാസിൽ അബൂബക്കർ പാടുന്നത് യാദൃഛികമായി കേൾക്കാനിടയായി. അദ്ദേഹമന്ന് എം.എസ്.ബാബുരാജ് എന്ന സംഗീത പ്രതിഭയുടെ ട്രൂപ്പിലെ പ്രധാന തബലിസ്റ്റും ആത്മസുഹൃത്തുമാണ്. അബൂബക്കറിന് മികച്ചൊരു ഫീമെയിൽ ശബ്ദമുണ്ടെന്ന് തിരിച്ചറിഞ്ഞ ഉസ്മാൻ അദ്ദേഹത്തെ ബാബുരാജിന്റെ സംഗീത സദസ്സിനു മു ന്നിലെത്തിച്ചു. സ്ത്രീകൾ പാട്ട് പാടാൻ പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടാത്ത കാലമായിരുന്നു അത്. അതിനാൽ പെൺശബ്ദത്തിൽ അതിഗംഭീരമായി പാടുന്ന അബൂബക്കറെ, ബാബുരാജിന് നന്നായി ബോധിച്ചു. അങ്ങനെ ബാബുക്കയുടെ ട്രൂപ്പിൽ അബൂബക്കർ 'പാട്ടുകാരിയായി' തീർന്നു. 
അബൂബക്കർ എന്ന കുട്ടി വളരുകയായിരുന്നു. അതിന് അനുസരിച്ച് അവന്റെ ശബ്ദത്തിൽ നിന്നും സ്‌ത്രൈണത അകലാൻ തുടങ്ങി. പകരം ശബ്ദം മുഴക്കമുള്ളതായി മാറി. അതോടെ പെൺശബ്ദത്തിൽ പാടുക അബൂബക്കറിന് അസാധ്യമായി. പക്ഷേ, അതിന് മുമ്പ് തന്നെ തബലയിൽ ഒരുകൈ പയറ്റി നോക്കാൻ അദ്ദേഹം ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. അതിനാൽ ബാബുക്കയുടെ ഗാനമേളാ ട്രൂപ്പിൽ ഉസ്മാനൊപ്പം തബലിസ്റ്റായി തുടരാൻ അബൂബക്കറിന് കഴിഞ്ഞു. തബലയിൽ അദ്ദേഹത്തിന് പ്രത്യേകം ഗുരുക്കൻമാർ ആരുമില്ലെങ്കിലും ഉസ്മാനായിരുന്നു പ്രധാന പ്രചോദനം. അദ്ദേഹത്തിന്റെ തബല വായന കണ്ടും കേട്ടുമായിരുന്നു അബൂബക്കറിൽ തബലക്കമ്പം കയറിയത്. അബൂബക്കറും ഉസ്മാനും ആത്മമിത്രങ്ങളായി. അബൂബക്കറിന്റെ സഹോദരി ബീമാബിയെ ഉസ്മാൻ കല്യാണം കഴിച്ചതോടെ അവർ തമ്മിൽ അടുത്ത ബന്ധുക്കളുമായി. 


ആയിടയ്ക്കാണ് മാപ്പിളപ്പാട്ട് കലാകാരനായ എസ്.എം.കോയയെ അബൂബക്കർ പരിചയപ്പെടുന്നത്. അത് അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി. അദ്ദേഹമാണ് അബൂബക്കറിനെ തബലയിൽ പ്രഗത്ഭനാക്കിത്തീർക്കുന്നതും ഹാർമോണിയത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കുന്നതും. മാപ്പിളപ്പാട്ടുകൾ പിൻതുടരുന്ന വൈവിധ്യമാർന്ന ശൈലികൾ, രീതികൾ, ഭാവങ്ങൾ, താളലയങ്ങൾ എന്നിവയെ കുറിച്ചെല്ലാം അബൂബക്കർക്ക് ആഴത്തിലുള്ള അറിവുകൾ കിട്ടുന്നത് കോയയിൽ നിന്നാണ്. സത്യത്തിൽ മാപ്പിളപ്പാട്ടിനെ കുറിച്ചുള്ള അഭിനിവേശം തന്നിൽ വളർത്തിയത് എസ്.എം.കോയയാണ് എന്ന് ആത്മാർഥതയോടെ അബൂബക്കർ ഓർമിക്കുന്നു. ബാബുക്കയുടെ സംഗീത ട്രൂപ്പിൽ തബലിസ്റ്റായി അബൂബക്കർ തിളങ്ങി വിളങ്ങിയതോടെ കോഴിക്കോട്ടെ മറ്റു ട്രൂപ്പുകളും അദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്തിത്തുടങ്ങി. അങ്ങനെ സുകുമാരൻസ്, ഹട്ടൻസ്, ബ്രദേഴ്‌സ് തുടങ്ങിയ അന്നത്തെ പ്രസിദ്ധ ഓർക്കസ്ട്രകളിൽ അദ്ദേഹം പ്രധാന തബലിസ്റ്റായി. കൂടാതെ പ്രമുഖ നാടക കലാകാരനായ കെ.ടി.മുഹമ്മദിന്റെ സംഗമം, കാലടി ഗോപിയുടെ സമസ്യ എന്നീ നാടക ട്രൂപ്പുകളിലും അദ്ദേഹം തബലിസ്റ്റായി തകർത്തു.
തബലിസ്റ്റായി പ്രവർത്തിക്കുന്ന സമയത്തും ട്രൂപ്പിൽ പാടുന്നവരുടെ പാട്ടുകൾ ശ്രദ്ധിച്ച് വിലയിരുത്തുന്ന സ്വഭാവമുണ്ട്, അബൂബക്കർക്ക്. അടിസ്ഥാനപരമായി അന്നുമിന്നും താനൊരു പാട്ടുകാരനാണ് എന്നദ്ദേഹം പറഞ്ഞു. ഒരു പാട്ട് ഒരേ ഈണത്തിലും താളത്തിലും ഒരേ സദസ്സിനു മുന്നിൽ പലപ്പോഴായിട്ടാണെങ്കിലും പാടുമ്പോൾ അത് കേൾക്കുന്നവരിൽ മടുപ്പുണ്ടാക്കും എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. പകരം ആ പാട്ട് വ്യത്യസ്ത ഈണത്തിലും താളത്തിലും അവതരിപ്പിക്കുമ്പോൾ അത് കേൾവിക്കാരെ ആകർഷിക്കുകയും പാട്ടിന് ജനപ്രിയത കൈവരികയും ചെയ്യും എന്ന അഭിപ്രായവും അദ്ദേഹത്തിനുണ്ട്. തന്റെ ഈ വാദഗതി തെളിയിക്കാൻ അബൂബക്കറിന് ഒരു അവസരം കിട്ടുന്നത് പ്രസിദ്ധ മാപ്പിളപ്പാട്ടു ഗായകനായ വി.എം.കുട്ടിയുടെ ട്രൂപ്പിൽ തബലിസ്റ്റായി പ്രവർത്തിക്കുമ്പോഴാണ്. ഇബ്രാഹിം നബിയുടെ ത്യാഗസ്മരണകളത്രയും 20 വരികളിൽ ഒതുക്കിക്കൊണ്ട് പി.ടി.അബ്ദുറഹിമാൻ എന്ന കവിവര്യൻ രചിച്ച പ്രസിദ്ധമായ ഒരു ഗാനമുണ്ട്-

ഉടനെ കഴുത്തെന്റേതറുക്കൂ ബാപ്പാ...
ഉടയോൻ തുണയില്ലേ നമുക്ക് ബാപ്പാ...

അന്ന് ട്രൂപ്പിൽ വടകര കൃഷ്ണദാസും വിളയിൽ ഫസീലയും ചേർന്നാണ് ആ ഗാനം ആലപിക്കാറുള്ളത്. പാടിപ്പതിഞ്ഞ ആ ഗാനത്തിന്റെ ഈണം ഒരിക്കൽ ചാവക്കാട്ടെ ഒരു കല്യാണ വീട്ടിൽ വെച്ച് അബൂബക്കർ മാറ്റി ചിട്ടപ്പെടുത്തി. അത് സദസ്സിനെ വല്ലാതെ ആകർഷിക്കുകയും പ്രസിദ്ധമാകുകയും ചെയ്തു. മാപ്പിളപ്പാട്ട് സംഗീത സംവിധാന രംഗത്തേക്കുള്ള അബൂബക്കറിന്റെ കടന്നുവരവ് അങ്ങനെയാണ്. തുടർന്നദ്ദേഹം കോഴിക്കോട് അബൂബക്കറായി മാറി. തുടർന്ന് കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട ഔക്കു ഭായിയുമായി. 
ഒരിക്കൽ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മുംബൈയിൽ മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിച്ചു. ഭക്തി, കല്യാണപ്പാട്ട്, തമാശപ്പാട്ട്, ചരിത്രം എന്നിങ്ങനെ നാല് വിഭാഗത്തിലായിട്ടായിരുന്നു മത്സരം. ഗായകനായ വി.എം.കുട്ടി ചരിത്ര വിഭാഗത്തിലേക്ക് മത്സരിച്ചത് ഉടനെ കഴുത്തെന്റേതറുക്കൂ ബാപ്പാ... എന്ന പാട്ടുമായാണ്. മാപ്പിളപ്പാട്ടിന്റെ പാരമ്പര്യ ശീലിനെ ഞങ്ങളുടെ തബലിസ്റ്റ് അബൂബക്കർ പുതുക്കി പുനർനിർമിച്ച ഗാനം എന്ന മുഖവുരയോടെയാണ് അദ്ദേഹം പാടിയത്. പാട്ടിന് കിട്ടിയ വമ്പിച്ച കൈയടിയും കാണികളുടെ വീണ്ടും പാടണമെന്ന അഭ്യർഥനയും അബൂബക്കറിലെ സംഗീത സംവിധായകന്റെ ആത്മവിശ്വാസത്തിന് കരുത്തേകി. അതോടെ മാപ്പിളപ്പാട്ടിന് സംഗീതം ചിട്ടപ്പെടുത്തുന്നതാണ് തന്റെ വഴി എന്നദ്ദേഹം തിരിച്ചറിയുകയും അതിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുകയുമായിരുന്നു.
തുടർന്നങ്ങോട്ട് കൈയടിയും പൂമാലയും നോട്ടുമാലയും കിട്ടിയ എത്രയെത്ര ഗാനങ്ങളാണ് അബൂബക്കർ എന്ന സംഗീത മാന്ത്രികൻ അണിയിച്ചൊരുക്കിയത്? പക്ഷേ എത്ര ഗാനങ്ങൾ ചിട്ടപ്പെടുത്തി എന്നതിന്റെ കൃത്യമായ കണക്കൊന്നും അദ്ദേഹത്തിന്റെ കൈയിലില്ല. ആയിരത്തിലേറെ ഗാനങ്ങൾ എന്നാണ് ഒരു ഏകദേശ കണക്ക്. നല്ല വരികൾ കിട്ടുമ്പോൾ അതിന് പരമാവധി പരിശ്രമിച്ച് ആകർഷകമായ സംഗീതം നൽകുമെന്നല്ലാതെ എത്ര ഗാനങ്ങൾക്ക് സംഗീതം നൽകി എന്ന് നോക്കാറൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഗീതത്തെ, ജീവിതത്തിലോ തൊഴിലിലോ ഉയർച്ചയുടെ പടവുകൾ കയറാനുള്ള ഉപാധിയായി അദ്ദേഹം ഒരിക്കലും കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ മാപ്പിളപ്പാട്ട് ഈണങ്ങളുടെ ഈ സുൽത്താനെ സംഗീത ലോകം ഏറെ ശ്രദ്ധിക്കാതെ പോവുകയും ചെയ്തു. അതിൽ പക്ഷേ, അബൂബക്കറിന് ഒട്ടും പരിഭവം ഇല്ല താനും.


ബാപ്പു വെള്ളിപറമ്പ് എന്ന പ്രസിദ്ധ മാപ്പിളപ്പാട്ട് രചയിതാവും കോഴിക്കോട് അബൂബക്കർ എന്ന സംഗീത സംവിധായകനും ചേർന്നുള്ള കൂട്ടുകെട്ട് ഒരു കാലത്ത് ചരിത്രം സൃഷ്ടിച്ച സംഭവമായിരുന്നു. അവരുടെ പരസ്പര സഹകരണത്തിൽ പിറന്ന പാട്ടുകളിൽ പലതും ഹിറ്റുകളും സൂപ്പർ ഹിറ്റുകളുമായി തീർന്ന് സംഗീത പ്രേമികൾ ഹൃദയത്തിലേറ്റി നടന്ന ഒരു കാലമുണ്ടായിരുന്നു. യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോ അവരുടെ മാപ്പിളപ്പാട്ടുകൾ ഒട്ടനവധി പുറത്തിറക്കുകയുണ്ടായി. അവരുടെ മൈലാഞ്ചി, ജന്നാത്തുൽ ഫിർദൗസ് തുടങ്ങിയ ആൽബങ്ങളുടെ പരമ്പരകളും ജനപ്രിയങ്ങളായി. കരയാനും പറയാനും..., കണ്ണീരിൽ മുങ്ങി..., മൗത്തും ഹയാത്തിന്നും ഉടമസ്ഥനേ... തുടങ്ങിയ പ്രസിദ്ധ മാപ്പിളപ്പാട്ടുകൾ പാടിയത് ഗാനഗന്ധർവനായ യേശുദാസാണ്. അബൂബക്കറിന്റെ സംഗീത സംവിധാനത്തിൽ തരംഗിണിക്ക് വേണ്ടി യേശു ദാസ് 60-ലേറെ മാപ്പിളപ്പാട്ടുകൾ പാടിയിട്ടുണ്ട്. അദ്ദേഹം പാടിയ ഉമ്മയെ ചോദിച്ചു... എന്ന ഗാനത്തിൽ ഒരു ഫീമെയിൽ വോയ്‌സുണ്ട്. അത് പാടിയത് അന്ന് കുട്ടിയായിരുന്ന വിജയ് യേശുദാസായിരുന്നു എന്നത് ഇന്നും അധികമാളുകൾക്ക് അറിയാത്ത കാര്യമാണ് എന്ന് ഔക്കുഭായി ചിരിച്ചുകൊണ്ട് പറഞ്ഞു.
'യത്തീമിന്നത്താണി ഏകിക്കൊണ്ടത്താഴം...'  എന്ന അബൂബക്കർ ചിട്ടപ്പെടുത്തിയ പാട്ട് പാടിയത് പ്രശസ്ത ഗായികയായ കെ.എസ്.ചിത്രയായിരുന്നു. അവരുടെ ആദ്യ മാപ്പിളപ്പാട്ടും അതുതന്നെ. ഇന്നും പല വേദികളിലും അവരത് സ്ഥിരമായി പാടുന്നുമുണ്ട്. കോഴിക്കോട് അബൂബക്കറുടെ സംഗീത സംവിധാനത്തിൽ പാട്ടു പാടി തെളിഞ്ഞവരുടേയും പ്രശസ്തിയുടെ പടവുകൾ കയറിയവരുടേയും എണ്ണം എത്രയോ വലുതാണ്. പി.ജയചന്ദ്രൻ, കെ.ജി.മാർക്കോസ്, സുജാത, എൽ.ആർ.ഈശ്വരി, വി.എം.കുട്ടി, എരഞ്ഞോളി മൂസ, കണ്ണൂർ ഷെരീഫ്, വടകര കൃഷ്ണദാസ്, സതീഷ്ബാബു, കൊല്ലം ഷാഫി, താജുദ്ദീൻ വടകര, അഫ്‌സൽ, സുരേഷ് മണ്ണൂർ, അഷ്‌റഫ് പയ്യന്നൂർ, ഐ.പി.സിദ്ദീഖ്, എം.പി.ഉമ്മർകുട്ടി, ഫിറോസ് ബാബു, ആഷിഫ് കാപ്പാട്, സിബല്ല, രഹന, സിന്ധു പ്രേംകുമാർ, ഫാരിഷ, തീർഥ സുരേഷ് തുടങ്ങി ആ പട്ടികയിൽ കണ്ണി കോർക്കാൻ കഴിയുന്നവരുടെ എണ്ണം വളരെയേറെയാണ്.  
ഒട്ടനവധി ആൽബങ്ങൾക്കും കോഴിക്കോട് അബൂബക്കർ ഈണം നൽകിയിട്ടുണ്ട്. അവയിൽ പലതും ഒരു കാലത്ത് യുവത്വത്തിന്റെ നെഞ്ചിൽ സ്പന്ദനം പോലെ പറ്റിച്ചേർന്നവയായിരുന്നു. മണിമങ്ക, കുഞ്ഞാറ്റക്കിളി, ആനന്ദക്കണ്ണീർ, മനസ്സിൻ മുറാദുകൾ, ഖൽബിലെ കിനാവ്, മദനപ്പൂ, കല്ലായിലൊരു മഴവില്ല്, പൊന്നാങ്ങള, താലോലം തുടങ്ങിയവ പ്രസിദ്ധങ്ങളാണ്. എങ്കിലും അവഗണനയുടെ ആഴക്കടലിൽ അനാഥനെ പോലെ അലയാനാണ് ഈ സംഗീ ത പ്രതിഭയുടെ വിധി. പക്ഷേ, അപ്പോഴും ആരോടും പരാതിയോ പരിഭവമോ അദ്ദേഹത്തിനില്ല. അർഹതയുള്ളത് എന്നും ദൈവം എനിക്കായി കാത്തും കരുതിയും വെച്ചിരുന്നു എന്ന് നിറഞ്ഞ സന്തോഷത്തോടെ അബൂക്ക പറഞ്ഞു. 
ഒരു കാലത്ത് കോഴിക്കോട് അബൂബക്കറിന്റെ കയ്യെത്തും ദൂരത്ത് സിനിമയുടെ മായിക ലോകമുണ്ടായിരുന്നു. പക്ഷേ, വെള്ളിത്തിരയുടെ വെള്ളിവെളിച്ചം ഒരിക്കലും ഈ സംഗീതജ്ഞന്റെ മനം മയക്കിയിട്ടില്ല. അടുത്ത പരിചയക്കാരനായ എം.എസ്.ബാബുരാജ് പിന്നണി സംഗീത രംഗത്ത് കത്തി ജ്വലിച്ചു നിന്നപ്പോഴും ആ പിടിവള്ളിയിൽ പിടിച്ചുതൂങ്ങി സിനിമയിൽ എത്തിപ്പെടാൻ അദ്ദേഹം ശ്രമിച്ചില്ല. എം.കൃഷ്ണൻ നായരുടെ മൈലാഞ്ചി എന്ന പ്രസിദ്ധ സിനിമയിലെ ഒപ്പന ഗാനങ്ങൾ ഷൂട്ട് ചെയ്തത് കോഴിക്കോട്ടായിരുന്നു. എ.ടി.ഉമ്മറായിരുന്നു സിനിമയുടെ സംഗീത സംവിധായകനെങ്കിലും ടൈറ്റിൽ സോംഗ് ചെയ്യാനുള്ള ഭാഗ്യം കിട്ടിയത് അബൂബക്കർക്കായിരുന്നു. പക്ഷേ, സിനിമയിലെവിടെയും അദ്ദേഹത്തിന്റെ പേര് പരാമർശിച്ചില്ല എന്ന നിർഭാഗ്യവും ഉണ്ടായി.
കഴിഞ്ഞ വർഷമാണ് സിനിമയിൽ അദ്ദേഹത്തിന്റെ പേര് ആദ്യമായി വരുന്നത്. ഷാനു സമദ് സംവിധാനം നിർവഹിച്ച മൊഹബ്ബത്തിൻ കുഞ്ഞബ്ദുല്ല എന്ന സിനിമയിൽ. പകലന്തി ഞാൻ കിനാവു കണ്ടു, പച്ചപ്പനങ്കിളിയേ... എന്ന ഗാനമാണത്. 29 വർഷങ്ങൾക്ക് മുമ്പ് ബാപ്പു വെള്ളിപറമ്പ്-കോഴിക്കോട് അബൂബക്കർ കൂട്ടുകെട്ട് മാപ്പിളപ്പാട്ട് സംഗീത ലോകത്ത് തിളങ്ങിനിന്ന കാലത്ത് രൂപം കൊണ്ട പാട്ടാണത്. പക്ഷേ, അതിന് ഇപ്പോഴാണ് വെള്ളിത്തിരയിൽ വരാനുള്ള യോഗമുണ്ടായത് എന്ന് പറഞ്ഞ് കോഴിക്കോട് അരീക്കാട്ടെ ചെമ്മലശ്ശേരിപ്പറമ്പ് വീട്ടിലിരുന്ന് അബൂബക്കർ ചിരിച്ചു. കാലത്തിന്റെ കീഴടക്കലുകൾക്കൊന്നും കഴിയാത്ത കഴിവിന്റെ മിഴിവുള്ള ചിരിയായിരുന്നു അത്.

Latest News