പിന്നോട്ടു നടത്തം പ്രകാശ വേഗത്തിൽ 

ഗൾഫ് പ്രവാസം തുടങ്ങിയ കാലത്ത് കോഴിക്കോട്ടെ ഗുരുതുല്യനായ ഒരാൾ മകന്റെ വിവാഹ ക്ഷണക്കത്ത് അയച്ചതോർക്കുന്നു. ആളുകൾ തപാൽ ഓഫീസ് മുഖേന കത്തുകളയക്കുന്ന നാളുകൾ അവസാനിച്ചിട്ടില്ലായിരുന്നു. 2002 മാർച്ച് അവസാനം ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിലേക്കാണ് ക്ഷണിച്ചത്. സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ ഡിഗ്രിയ്ക്ക് പഠിക്കുന്ന കാലത്തേ പരിചയമുള്ള ആളാണ്. മുടങ്ങാതെ കലാകൗമുദിയും മാതൃഭൂമി ആഴ്ചപ്പതിപ്പും വായിക്കുന്ന ഇടതുപക്ഷ സഹയാത്രികൻ. നെയ്ത്തു തൊഴിലാളിയായി ജോലി ചെയ്തു തുടങ്ങിയ  അദ്ദേഹത്തിന് അക്കാദമിക് യോഗ്യതകളൊന്നും ഇല്ലായിരുന്നു. എങ്കിലും എന്നെ സംബന്ധിച്ചെടുത്തോളം ഒരു സർവകലാശാലയായിരുന്നു നഗരപ്രാന്തത്തിൽ താമസിക്കുന്ന ഈ വലിയ മനുഷ്യൻ. 
വടക്കേ മലബാറിൽ ചെറിയ ബിസിനസ് ചെയ്തിരുന്ന അദ്ദേഹം വൈകുന്നേരം ആറിനുള്ള കണ്ണൂർ എക്‌സ്പ്രസിലാണ് തിരിച്ചെത്തുക. സാമൂതിരിയുടെ തട്ടകമായ നഗരത്തിലെ എല്ലാ വഴികളിലൂടെയും ഞങ്ങൾ നടക്കുമായിരുന്നു. ബീച്ചും പുതിയറയും കുതിരവട്ടവും പൊറ്റമ്മലുമെല്ലാം പിന്നിട്ട് പല ദിവസങ്ങളിലും പിരിയുമ്പോൾ രാത്രി ഒമ്പത് മണിയെങ്കിലുമായിരിക്കും. ഏതെങ്കിലും സർവകലാശാലയിൽ പി.എച്ച്.ഡി ചെയ്താൽ ലഭിക്കാത്തത്രയും ലോക വിവരം ഈ സായാഹ്ന സവാരികളിൽ കൈവന്നുവെന്നത് എന്റെ നേട്ടം. അദ്ദേഹം ഗൾഫിലേക്കയച്ച കത്തിൽ ഇങ്ങിനെ ഒരു വരിയുണ്ടായിരുന്നു. നമ്മെ മുന്നോട്ട് നയിക്കേണ്ടവർ തന്നെ കൂരിരുളിലേക്ക് നയിച്ചാൽ രാജ്യത്തിന്റെ സ്ഥിതിയെന്താവും? ഗുജറാത്തിലെ വിശേഷങ്ങൾ പത്രങ്ങളിലൂടെ അറിയുന്നുണ്ടാവുമല്ലോ. ഗുജറാത്ത് ദൽഹിയിലേക്ക് പറിച്ചു നട്ട വാരമാണല്ലോ പിന്നിട്ടത്. 
മനുഷ്യരെ തമ്മിൽ തല്ലിച്ചും സാമുദായിക ധ്രുവീകരണമുണ്ടാക്കിയും മാത്രം അധികാരം നിലനിർത്തുന്നവർക്ക് ഇന്ത്യയെന്ന വൈവിധ്യങ്ങളുടെ നാട്ടിനെ കുറിച്ചൊന്നും ചിന്തിക്കേണ്ട കാര്യമില്ലല്ലോ. 

*** *** ***
വടക്കു കിഴക്കൻ ദൽഹി സാക്ഷ്യം വഹിച്ചത് ഭീകരമായ അക്രമങ്ങൾക്കാണ്. സിറിയയിലും അഫ്ഗാനിസ്ഥാനിലുമൊക്കെ കണ്ടത് പോലുള്ള രോഗം. തിലകം ചാർത്തിയിട്ടും ടൈംസ് ഓഫ് ഇന്ത്യ ഫോട്ടോഗ്രാഫർക്ക് ദൽഹി മെട്രോ സ്റ്റേഷനിൽ നേരിടേണ്ടി വന്ന ദുരനുഭവം മുതൽ ഇന്ത്യൻ എക്‌സ്പ്രസുകാരന്റെ വസ്ത്രം പൊക്കി നോക്കിയതൊക്കെ കേൾക്കേണ്ടി വന്നുവെന്നത് കെട്ട കാലത്തിന്റെ പ്രതീകാത്മക സംഭവങ്ങൾ. മതം ചോദിച്ചുള്ള ആക്രമണത്തിൽ ജെ.കെ 24 ഃ 7 ന്യൂസ് റിപ്പോർട്ടർ ആകാശിന് ഗുരുതരമായി പരിക്കേറ്റു. എൻ.ഡി.ടി.വി റിപ്പോർട്ടർമാർക്കും കാമറമാൻമാർക്കും ക്രൂരമർദനം നേരിട്ടിരുന്നു. എൻ.ഡി.ടി.വിയുടെ അരവിന്ദ് ഗുണശേഖറിനെ അക്രമികൾ വളഞ്ഞിട്ട് തല്ലുകയായിരുന്നു. ഇവർ മുഖത്തടിച്ചെന്ന് അരവിന്ദ് പറയുന്നു. അക്രമികൾ അരവിന്ദിന് നേരെ ലാത്തി വീശിയെങ്കിലും കൊണ്ടത് സൗരഭ് ശുക്ലയ്ക്കാണ്. ഇയാളുടെ പുറത്തും വയറിനും കാലിനും അടിയേറ്റിട്ടുണ്ട്. ആക്രമണത്തിൽ മൂന്ന് പല്ലുകളാണ് തനിക്ക് നഷ്ടമായതെന്ന് അരവിന്ദ് പറഞ്ഞു. ജിദ്ദയിൽ പ്രവാസിയായിരുന്ന മറിയം അലവിയുടെ പുറത്താണ് അടിയേറ്റത്. അക്രമികളുടെ കാലുപിടിച്ചാണ് താൻ രക്ഷപ്പെട്ടതെന്ന് ടൈംസ് നൗ റിപ്പോർട്ടർ പറഞ്ഞു. 
ദൽഹിയിൽ ഭീകരാവസ്ഥയെന്നാണ് പ്രമുഖ മാധ്യമപ്രവർത്തക ബർഖാ ദത്ത് ട്വീറ്റ് ചെയ്തത്.
ടൈംസ് നൗവിലെ മുതിർന്ന റിപ്പോർട്ടറായ പർവീണ പുർകയസ്തയുടെ അനുഭവങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. മൗജ്പൂർ മെട്രോ സ്‌റ്റേഷനിൽ സുരക്ഷിതമായ സ്ഥലത്ത് നിന്നായിരുന്നു താൻ റിപ്പോർട്ട് ചെയ്തിരുന്നത്. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവർക്കും എതിർക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടൽ കാണാമായിരുന്നു. എന്നാൽ പെട്ടെന്ന് സി.എ.എ അനുകൂലികൾ തനിക്കെതിരെ തിരിഞ്ഞു. ആറ് പേർ ഉണ്ടായിരുന്നു അവർ. കൈയിൽ മരക്കഷ്ണങ്ങളും ഉണ്ടായിരുന്നു. തല്ലുമെന്ന് അവർ പറഞ്ഞപ്പോൾ, തല്ലരുതെന്ന് പറഞ്ഞ് അവരുടെ മുന്നിൽ യാചിക്കേണ്ടി വന്നെന്ന് പർവീണ പറഞ്ഞു.
ന്യൂസ് എക്‌സ് റിപ്പോർട്ടറായ ശ്രേയ ചാറ്റർജി മൗജ്പൂരിൽ അക്രമികൾ തന്നെ തടഞ്ഞെന്ന് വെളിപ്പെടുത്തി. റോയിട്ടേഴ്‌സിലെ ദാനിഷ് സിദ്ദിഖിയെയും അവർ മർദിച്ചതിന് ശ്രേയ ചാറ്റർജി സാക്ഷിയാണ്. റോയിട്ടേഴ്‌സ് ട്വീറ്റ് ചെയ്ത ഒരു ചിത്രമാണ് ദൽഹി കലാപത്തിന്റെ ഏകദേശ ചിത്രം ലോകത്തിന് പകർന്നു നൽകിയത്. അക്രമികൾ മുഖം മൂടി ധരിച്ചിരുന്നുവെന്നും, ജയ് ശ്രീറാം മുഴക്കിയാണ് ഇവർ അക്രമത്തിന് നേതൃത്വം നൽകുന്നതെന്നും റിപബ്ലിക്ക് ടി.വിയുടെ ശാന്തശ്രീ സർക്കാർ ട്വീറ്റ് ചെയ്തു. എല്ലാ വിധ സുരക്ഷാ സജ്ജീകരണങ്ങളുമുള്ള ദൽഹി നഗരം മൂന്ന് ദിവസം അരാജകത്വത്തിലായിരുന്നു. പോലീസ് കാഴ്ചക്കാരായി മാറി. ദൽഹി ഹൈക്കോടതിയുടെ ഇടപെടലാണ് അൽപമെങ്കിലും ആശ്വാസം പകർന്നത്. അതിന് ശേഷമാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പോലീസുമൊക്കെ ഉണർന്നു പ്രവർത്തിച്ചത്. ദൽഹി ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ അച്ചടിച്ച പത്രം പുറത്തിറങ്ങുന്നതിന് മുമ്പ് ജസ്റ്റിസ് എസ്.മുരളീധരനെ പഞ്ചാബിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.  

*** *** ***
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച 'നമസ്‌തേ ട്രംപ്' പരിപാടി ഇന്ത്യയിൽ മാത്രം 4.6 കോടി ജനങ്ങളാണ് ടെലിവിഷനിൽ വീക്ഷിച്ചതെന്ന് റിപ്പോർട്ട്. ഇത്രയും പേർ ട്രംപിന്റെ അബദ്ധങ്ങളും കേട്ടു കാണും. ടെലിവിഷൻ റേറ്റിംഗ് ഏജൻസിയായ ബാർക്കിനെ (ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ) ഉദ്ധരിച്ചാണ് റിപ്പോർട്ട്. ഒരു ലക്ഷം പേരാണ് മൊട്ടേര സ്‌റ്റേഡിയത്തിൽ പരിപാടി കാണാനെത്തിയത്. 180 ടി.വി ചാനലുകളാണ് പരിപാടി തത്സമയം സംപ്രേഷണം ചെയ്തത്. 
അമേരിക്കയിലെ എ.ബി.സി മുതൽ പല ചാനലുകൾക്കും ഉച്ചാരണ വൈകല്യങ്ങൾ ഒരു  ട്രീറ്റായി. പല വാക്കുകളും തെറ്റായിട്ടാണ് ട്രംപ് ഉച്ചരിച്ചത്. നരേന്ദ്ര മോഡിയെ ചായ് വാല എന്നതിന് പകരം ചിവാല എന്ന് തെറ്റായിട്ടാണ് പറഞ്ഞത്. വേദങ്ങൾക്ക് വേസ്തകൾ എന്നാണ് ഉച്ചരിച്ചത്. സ്വാമി വിവേകാനന്ദനെ വിവേകാമനൻ എന്ന് ട്രംപ് പ്രസംഗത്തിൽ പറയുമ്പോൾ സിറ്റി ബസ് ജഹാംഗീറിൽ ഗുരുവായൂരപ്പൻ കോളേജിന്റെ കുന്ന് കയറുന്ന ഫീൽ. ഷോലെയ്ക്ക് ഷോജെ എന്നും സച്ചിൻ ടെണ്ടുൽക്കർക്ക് സുച്ചിൻ ടെണ്ടുൽക്കറെന്നുമായിരുന്നു ട്രംപിന്റെ വിശേഷണം. വിരിയഡ് കോലി എന്നാണ് വിരാട് കോലിയുടെ പേര് ട്രംപ് ഉച്ചരിച്ചത്. ദൽഹി നഗരം കത്തുമ്പോഴാണ് ട്രംപിന്റെ പത്രസമ്മേളനം നടന്നത്. ജേണലിസം വിദ്യാർഥികൾ കണ്ടു പഠിക്കേണ്ട പലതും ഈ പ്രസ് കോൺഫറൻസിലുണ്ട്. ബിസിനസ് ലൈൻ എന്ന സാമ്പത്തിക പത്രത്തിന്റെ പ്രതിനിധി എത്ര വിനയത്തോടെയാണ് യു.എസ് പ്രസിഡന്റിനോട് ചോദ്യം ഉന്നയിക്കുന്നത്? ന്യൂയോർക്ക് ടൈംസ് ലേഖകൻ ഹോളിവുഡിലെ വിവാദ നിർമാതാവ് ഹാർവി വെയ്ൻസ്റ്റണെ കുറിച്ച് ചോദ്യമുന്നയിച്ചത് അസ്ഥാനത്തായോ എന്ന് ആദ്യം സംശയിച്ചിരുന്നു. 
ലോകത്തു മീ ടു വെളിപ്പെടുത്തലിനു വഴിതുറന്ന, ലൈംഗികാരോപണങ്ങളിൽ കുടുങ്ങിയ ഹോളിവുഡിലെ വിവാദ നിർമാതാവ് ഹാർവി വെയ്ൻസ്റ്റൺ ബലാത്സംഗക്കേസിൽ കുറ്റക്കാരനെന്ന് ന്യൂയോർക്കിലെ കോടതി കണ്ടെത്തിയതിനെ കുറിച്ചായിരുന്നു ചോദ്യം. യു.എസ് രാഷ്ട്രീയത്തിൽ ട്രംപിന്റെ എതിർപക്ഷത്തുള്ള 68 കാരനായ വെയ്ൻസ്‌റ്റെയിന്റെ ഇനിയുള്ള ജീവിതം ഇരുമ്പഴിയ്ക്കുള്ളിലായിരിക്കുമെന്ന വിവരമറിഞ്ഞ് ഉള്ളറിഞ്ഞ് സന്തോഷിച്ചിരിക്കുകയായിരുന്നു ട്രംപ്.  

*** *** ***
ദൽഹി കലാപം മലയാളത്തിലെ ദൃശ്യ മാധ്യമങ്ങളിലും സംഘർഷത്തിന് വഴിയൊരുക്കി. വാരിയൻ കുന്നത്ത് കുഞ്ഞമ്മദ് ഹാജിയാണ് സകല പ്രശ്‌നങ്ങൾക്കും കാരണമെന്ന് ഒരു ടി.വി ചർച്ചയിൽ ബി.ജെ.പി വക്താവ് പറയുന്നത് കേട്ടു. ദൽഹി കലാപവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാത്രി  മീഡിയ വൺ ചാനൽ ചർച്ചയിൽ നിന്ന് ബി.ജെ.പി നേതാവ് എസ്.സുരേഷ് ഇറങ്ങിപ്പോയി. ചർച്ചയുടെ ഇൻട്രോയിൽ അവതാരകൻ നിഷാദ് റാവുത്തർ കലാപത്തിൽ കൊല്ലപ്പെട്ട പകുതിയിലേറെപ്പേർക്കും വെടിയേറ്റിരുന്നു എന്ന് പറഞ്ഞിരുന്നു.  കലാപകാരികൾ ഏറ്റവും കൂടുതൽ ഉപയോഗിച്ച ആയുധം തോക്കാണ്. ഇക്കാര്യം പറയവേ ആർ.എസ്.എസ് വേഷം ധരിച്ചവർ തോക്കേന്തി നിൽക്കുന്ന ദൃശ്യങ്ങൾ ചാനലിൽ കാണിച്ചിരുന്നു. ഇതാണ് എസ്.സുരേഷിനെ പ്രകോപിപ്പിച്ചത്. ഗുജറാത്ത് വംശഹത്യയിൽ പെട്രോളും ഗ്യാസ് സിലിണ്ടറുകളുമായിരുന്നു മതഭീകരവാദികളുടെ ആയുധമെങ്കിൽ ഇന്ന് തോക്കാണെന്ന് നിഷാദ് പറഞ്ഞു. കാവി ഉടുത്തവർ തോക്കേന്തി നിൽക്കുന്ന ചിത്രങ്ങളും സ്‌ക്രീനിൽ കാണിക്കുകയുണ്ടായി. ഇതിന് പിന്നാലെയാണ് ബി.ജെ.പിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത എസ്.സുരേഷ് പൊട്ടിത്തെറിച്ചത്. മീഡിയാ വണ്ണിന് ശ്രോതാക്കളുള്ളത് പാക്കിസ്ഥാനിലാണോ, ഒരു മതത്തെ മാത്രം എന്തിനാണ് ചാനലിൽ അധിക്ഷേപിക്കുന്നതെന്ന് സുരേഷ് ചോദിച്ചു. ആർ.എസ്.എസിനെ പറയുമ്പോൾ ഹിന്ദുക്കളെ പറയലാണെന്ന തരത്തിലുള്ള നരേഷനുമായി വരേണ്ടതില്ലെന്ന് നിഷാദ് വ്യക്തമാക്കി. 

*** *** ***
വിവിധ ഭാഷകളിൽ സംപ്രേഷണം ചെയ്യുന്ന ന്യൂസ് 18 ചാനലിന് എട്ട് കോടി 40 ലക്ഷം പുതിയ പ്രേക്ഷകരെ മൊബൈൽ പ്ലാറ്റുഫോം വഴി ലഭിച്ചുവെന്ന് 2020 ജനുവരിയിലെ കണക്കുകൾ. നല്ല കാര്യം. ന്യൂസ് 18 മലയാളത്തിൽ നൂറ് വാർത്ത തികയ്ക്കാനുള്ള അബദ്ധങ്ങൾക്ക് ഒരു കുറവുമില്ല. പെരിയാറിൽ വെള്ളം മറിഞ്ഞ് അപകടമെന്ന് പറഞ്ഞ് ക്ഷമിക്കണം വള്ളം മറിഞ്ഞെന്ന് തിരുത്തുന്നതും കേട്ടു. ഒരൊറ്റ ബുള്ളറ്റിനിൽ ഇത്തരം മൂന്ന് തെറ്റുകളെങ്കിലുമുണ്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ച കോഴിക്കോട് വിമാനത്താവളത്തിൽ ഉംറ തീർഥാടകരെ ഓഫ് ലോഡ് ചെയ്ത സന്ദർഭം. ന്യൂസ് 18 പ്രഭാത വാർത്തകളിൽ ഇതിന്റെ വിശദമായ റിപ്പോർട്ടുണ്ടായിരുന്നു. കൂടെ ചർച്ചയും. ബൈറ്റ് നൽകാൻ ലേഖകൻ കണ്ടെത്തിയത് ഹജ് കമ്മിറ്റി ചെയർമാനെ. ഇങ്ങിനെ യാത്രാ തടസ്സം വന്നാൽ ഹജിന്റെ കാര്യമെന്താവുമെന്ന് ന്യൂസ് റീഡർ. ഇത് ഹജ് അല്ല, റംസാൻ മാസം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞേ ഹജ് വരികയുള്ളൂവെന്ന് ചെയർമാൻ. ഉംറ എന്തെന്ന് തിരിച്ചറിയാതെ വാർത്താ വായനക്കാരൻ അബദ്ധം ആവർത്തിച്ചപ്പോൾ വീണ്ടും തിരുത്തുന്നതും കേൾക്കാമായിരുന്നു. താനൊരു മരണ വീട്ടിലാണെന്ന് പറഞ്ഞപ്പോഴാണ് ന്യൂസ് റീഡർ ഒന്ന് അടങ്ങിയത്.
 

Latest News