Sorry, you need to enable JavaScript to visit this website.

ബെര്‍ണബാവുവില്‍ സിറ്റി അശ്വമേധം

മഡ്രീഡ് - സിനദിന്‍ സിദാന്റെയും പെപ് ഗാഡിയോളയുടെയും കോച്ചിംഗ് പാടവം ആദ്യമായി മാറ്റുരക്കപ്പെട്ട മത്സരത്തില്‍ ഗാഡിയോളയുടെ മാസ്റ്റര്‍ ക്ലാസ്. യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ പ്രി ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ റയല്‍ മഡ്രീഡിനെ ഗാഡിയോളയുടെ സിറ്റി 2-1 ന് മലര്‍ത്തിയടിച്ചു. അവസാന വേളയില്‍ ഇരട്ട ഗോളടിച്ചാണ് സിറ്റി അതിശക്തമായി തിരിച്ചുവന്നത്. രണ്ടാം പകുതിയില്‍ പകരക്കാരനായി റഹീം സ്റ്റെര്‍ലിംഗിനെ ഗാഡിയോള ഇറക്കിയതോടെയാണ് കളി തിരിഞ്ഞത്. എണ്‍പത്താറാം മിനിറ്റില്‍ റയല്‍ നായകന്‍ സെര്‍ജിയൊ റാമോസ് ചുവപ്പ് കാര്‍ഡ് കണ്ടത് റയലിന് റിട്ടേണ്‍ ലെഗിലും ക്ഷീണമാവും. 
എഴുപത്തെട്ടാം മിനിറ്റില്‍ ഗബ്രിയേല്‍ ജെസൂസിലൂടെയാണ് സിറ്റി തിരിച്ചുവരവ് തുടങ്ങിയത്. എണ്‍പത്തിമൂന്നാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ കെവിന്‍ ഡിബ്രൂയ്‌നെ വിജയഗോള്‍ കണ്ടെത്തി. എണ്‍പത്താറാം മിനിറ്റില്‍ ഗോളിലേക്കു കുതിച്ച ജെസൂസിനെ തടഞ്ഞുനിര്‍്ത്തിയതിനാണ് റാമോസ് ചുവപ്പ് കാര്‍ഡ് കണ്ടത്. 
തുടക്കം മുതല്‍ സിറ്റി ആക്രമിച്ചെങ്കിലും ഉറച്ച ഘടനയോടെ റയല്‍ പഴുതടച്ചു. അറുപതാം മിനിറ്റില്‍ വിനിഷ്യസ് ജൂനിയര്‍ ഗോളടിക്കാമായിരുന്നിട്ടും ഔദാര്യപൂര്‍വം നല്‍കിയ പാസില്‍ നിന്ന് ഇസ്‌കൊ റയലിനെ മുന്നിലെത്തിച്ചു. 
റയല്‍ തോല്‍വി അര്‍ഹിച്ചിരുന്നില്ലെന്നും അവസാന പത്തു മിനിറ്റിലാണ് കളി തിരിഞ്ഞതെന്നും സിദാന്‍ പറഞ്ഞു. ഫുട്‌ബോളില്‍ 90 മിനിറ്റും ജാഗ്രത വേണമെന്ന് സിദാന്‍ ഓര്‍മിപ്പിച്ചു. വിജയത്തില്‍ മാത്രമല്ല ടീമിന്റെ മൊത്തം പ്രകടനത്തിലും ആഹ്ലാദമുണ്ടെന്ന് ഗാഡിയോള പറഞ്ഞു. 
 

Latest News