Sorry, you need to enable JavaScript to visit this website.

ഇനി ആരും തളര്‍ത്താതിരിക്കട്ടെ; കോഴിക്കോട് എയര്‍പോര്‍ട്ടിന് കത്തെഴുതി പ്രവാസി വനിത

ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസ് പുനാരംഭിച്ചതില്‍ സന്തോഷം പ്രകടിപ്പിക്കുകയാണ് ജംബോ വിമാനത്തില്‍ പോയി വന്ന പ്രവാസി വനിത ജമീല മുനീര്‍.

ഫെയ്‌സ് ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം.

ഇവളുടെ രോഗം പൂര്‍ണമായും സുഖായിട്ടോ എല്ലാവരുടെയും പ്രാര്‍ഥനാഫലം. ..ഞാന്‍ പോയി കണ്ടു വന്നു ..നോകുമ്പോഴുണ്ട് നെഞ്ച് വിരിച്ചു എന്തിനും തയ്യാറായി കാത്തിരിക്കുന്നു ..ഇനി എല്ലാവരും സന്തോഷമായി മനസ്സമാധാനമായിരിക്കൂ.
ഇവളുടെ വല്ലായ്മ മുമ്പും എഴുതിയിരുന്നു....

ഡിയര്‍...
കോമാ സ്‌റ്റേജിലായിരുന്ന നിന്നെ ഞങ്ങള്‍ക്ക് എന്നേക്കുമായി നഷ്ടപ്പെട്ടോ എന്ന് പേടിച്ചിരിക്കുമ്പോഴാണ് , എല്ലാവരുടെയും പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കി നീ വീണ്ടും തിരിച്ചു വന്നത്...
ഞങ്ങളുടെ മുറവിളി നീ അങ്ങനെയങ്ങ് തള്ളിക്കളയില്ല എന്ന പ്രതീക്ഷ ഹൃദയത്തിന്റെ കോണില്‍ എവിടെയോ കോറിയിട്ടിരുന്നു.. നിനക്ക് അങ്ങനെയങ്ങ് ഞങ്ങളെ സ്‌നേഹിക്കാതിരിക്കാന്‍ കഴിയോ? ആകാശത്തിലൂടെ ഞങ്ങള്‍ നീന്തി തുടിക്കുമ്പോള്‍ പഞ്ഞികൊണ്ടുളള മേഘ പൂന്തോപ്പിലൂടെ നിന്റെ മുഖം കാണുന്നുണ്ടോ എന്ന് ജാലകത്തിലൂടെ പലരും എത്തി നോക്കുന്നത് നീ കാണാറില്ലേ?... നിനക്ക് സംസാരിക്കാനുള്ള കഴിവ് തന്നാല്‍ തീരാത്ത അത്രയും അനുഭവങ്ങള്‍ ഞങ്ങളെ കുറിച്ച് പറയാന്‍ ഇല്ലേ?. മധുവിധു മാറും മുന്‍പേ സഹധര്‍മ്മിണിയുടെ കരളും പറിച്ചു പോകുന്നവരുടെ.... പിതാവിന്റെ ചുമലില്‍ നിന്നും കുഞ്ഞുമക്കളെ അടര്‍ത്തി എടുത്തു യാത്രയാക്കുന്നവരുടെ.... ആരോഗ്യം വേണ്ടത്ര ഇല്ലാതിരുന്നിട്ടും കുടുംബത്തിന് സന്തോഷവും ആശ്വാസവും നല്‍കാന്‍ യാത്രയാകുന്നവരുടെ.... ഏറ്റവും ഒടുവില്‍ ആഗമന കവാടത്തില്‍ നിന്നും മാറി മരവിച്ച മനസ്സുമായി മറ്റൊരു ഭാഗത്ത് സ്വന്തക്കാരുടെ ചേതനയറ്റ ശരീരത്തിനായി കാത്തു നില്‍ക്കുന്ന വരുടെ.... അങ്ങനെ എത്രയെത്ര കഥകള്‍....

നിന്റെ മാറിടത്തില്‍ വെച്ചല്ലേ ഞങ്ങള്‍ ലോകം കീഴടക്കിയ സന്തോഷത്തോടെ സ്വന്തം പ്രിയതമനെ വരവേറ്റത്.ഞങ്ങളുടെ ഉറ്റവരേയും മാതാപിതാക്കളേയും വിട്ടു പിരിഞ്ഞ് ഹൃദയം പിളര്‍ത്തുമാറ് വേദന കടിച്ചമര്‍ത്തി യാത്ര പറയുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നത് കാണാതിരിക്കാന്‍ പ്രയാസപ്പെടുന്ന തും നീ കണ്ടതല്ലേ?...

ഞങ്ങള്‍ സൗദിയിലെ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഈ ഇടക്കാലത്ത് വന്ന നിന്റെ അവശത ഞങ്ങളെ വല്ലാതെ കുഴക്കി...നീ ശരിക്കും ഞങ്ങളെ താങ്ങാന്‍ അശക്തന്‍ ആയിരുന്നോ, അതോ നിന്നെ ആരൊക്കെയോ തളര്‍ത്തിയോ? ഏതായാലും നീ തളര്‍ന്നു കിടന്നതോട് കൂടി ഞങ്ങളുടെ കഷ്ടപ്പാട് കൂടുകയായിരുന്നു... കുറെ പേര്‍ പ്രസവത്തിന് വരാന്‍ ബുദ്ധിമുട്ട് സഹിച്ചു... മറ്റു ചിലര്‍ മക്കളെ ഒറ്റയ്ക്ക് വിടാന്‍ പ്രയാസപ്പെട്ടു... അതിലേറെ ദയനീയാവസ്ഥ പലര്‍ക്കും വേണ്ടപ്പെട്ടവരുടെ മൃതദേഹം പോലും അവസാന മായി ഒരു നോക്ക് കാണാന്‍ ഉള്ള അവസരം നഷ്ടമായി എന്നതാണ്...

കണ്ണൂരില്‍ നിനക്ക് ഒരു കൂടെപ്പിറപ്പ് പിറന്നതില്‍ വളരെ സന്തോഷം തോന്നുന്നു.. നിന്റെ വിടവ് നികത്താന്‍ പറ്റിയില്ലെങ്കിലും കുറെ പേര്‍ക്ക് ആശ്വാസം ആയല്ലോ...
പരിശുദ്ധ ഹജ്ജിനു പോകുന്നവര്‍ക്ക് നീ നല്‍കിയിരുന്ന തണലിന്റെ കുളിര്‍മയുടെ സുഖം അത് നഷ്ടപ്പെട്ട പ്പോഴാണ് പലര്‍ക്കും മനസ്സിലായത്...
ഏതായാലും ഇപ്പോള്‍ നീ നീണ്ടു നിവര്‍ന്നു, തലയുയര്‍ത്തി നിന്നു ഞങ്ങളെ സ്വീകരിക്കാന്‍ തയ്യാറായ തില്‍ വളരെ സന്തോഷം... നിന്നെ അതിന് പ്രാപ്തയാക്കിയതില്‍ കുറെ പേര്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട് എന്ന് അറിഞ്ഞു കൊണ്ട് തന്നെ പറയുന്നു...

ഏതായാലും ഞങ്ങള്‍ക്ക് വളരെ ആശ്വാസം ആയി . ഈ അവധിക്കാലത്തെങ്കിലും ഉലകം ചുറ്റാതെ നാട്ടിലെത്താമല്ലോ .അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും ആത്മാര്‍ത്ഥമായി കൃതജ്ഞത അറിയിക്കുന്നു... ഇനി ആരും നിന്നെ തളര്‍ത്താതിരിക്കട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു...

 

Latest News