റിയാദ് -തൊഴിലാളികള്‍ക്ക് യഥാസമയം വേതനവും ആനുകൂല്യങ്ങളും നല്കുന്നതില് വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കും സ്പോണ്‍സര്‍മാര്‍ക്കും ലേബര്‍ കോടതികള്‍ പിഴ ചുമത്തി തുടങ്ങി. നീതിന്യായ വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.
ഇങ്ങനെ ഈടാക്കുന്ന തുക തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധിയില്‍ അടക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഈ തുക തൊഴിലാളികള്‍ക്ക് ലഭിക്കില്ല.
തൊഴില്‍ നിയമത്തിലെ 94-ാം വകുപ്പ് ലേബര്‍ കോടതികള്‍ നടപ്പാക്കാന്‍ ആരംഭിച്ചത് രാജ്യത്ത് തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് ജിദ്ദ ലോയേഴ്സ് കമ്മിറ്റി ഡെപ്യൂട്ടി ചെയര്‍മാനും നോട്ടറി കമ്മിറ്റി ചെയര്‍മാനുമായ അഡ്വ. നബീല്‍ ഖംലു പറഞ്ഞു. നിയമാനുസൃത കാരണമോ ന്യായീകരണമോ ഇല്ലാതെ തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് വേതനം വിതരണം ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് വേതനത്തിന്റെ ഇരട്ടിയില്‍ കവിയാത്ത തുക പിഴ ചുമത്താന്‍ തൊഴില്‍ നിയമത്തിലെ 94-ാം വകുപ്പ് അനുശാസിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വേതനം വിതരണം ചെയ്യാത്ത കുറ്റത്തിന് കോടതികള്‍ ചുമത്തുന്ന പിഴ തുക തൊഴിലാളികള്‍ക്ക് ലഭിക്കില്ലെന്ന് സൗദി അഭിഭാഷകന് സ്വാലിഹ് മിസ്ഫര്‍ അല്‍ഗാംദി പറഞ്ഞു. വേതനം ലഭിക്കാത്തതിനാല്‍ കഷ്ടനഷ്ടങ്ങള്‍ നേരിട്ടെന്ന് തെളിയുന്ന പക്ഷം തൊഴിലാളിക്ക് നഷ്ടപരിഹാരത്തിന് അവകാശമുണ്ടാകുമെന്നും സ്വാലിഹ് മിസ്ഫര്‍ അല്‍ഗാംദി പറഞ്ഞു.
തൊഴില്‍ നിയമ ലംഘനങ്ങള്‍ക്ക് കൂടുതല്‍ കടുത്ത ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്ന പരിഷ്കരിച്ച നിയാവലി ആറു മാസം മുമ്പാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അംഗീകരിച്ചത്. യഥാസമയം വേതനം നല്‍കാതിരിക്കുക, ഔദ്യോഗിക കറന്‍സിയിലല്ലാതെ വേതനം നല്‍കുക, വേതനം പിടിച്ചുവെക്കുക എന്നീ നിയമ ലംഘനങ്ങള്‍ക്ക് 3,000 റിയാല്‍ തോതില്‍ തൊഴിലുടമകള്‍ക്ക് പിഴ ചുമത്താന്‍ നിയമാവലി വ്യവസ്ഥ ചെയ്യുന്നു. വേതനം ലഭിക്കാത്ത തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് തൊഴിലുടമകള്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും.
ഇതിനു പുറമെ മൂന്നു മാസത്തെ വേതനം ലഭിക്കാത്ത തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് തൊഴിലുടമയുടെ അനുമതി കൂടാതെ മറ്റൊരു സ്പോണ്സറിലേക്ക് മാറ്റുന്നതിനും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അനുവദിക്കുന്നുണ്ട്.
തൊഴില്‍ കരാറില്‍ പറയുന്ന പൂര്‍ണ വേതനം തൊഴിലാളികള്‍ക്ക് യഥാസമയം ലഭിക്കുന്നത് ഉറപ്പുവരുത്തുന്നതിന് വേതന സുരക്ഷാ പദ്ധതിയും ഘട്ടംഘട്ടമായി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കാന്‍ തുടങ്ങിയിട്ടുണ്ട്.
തൊഴിലാളികള്‍ക്ക് വേതനം വിതരണം ചെയ്തത് വ്യക്തമാക്കുന്ന വിവരങ്ങള്‍ വേതന സുരക്ഷാ പദ്ധതി സംവിധാനത്തില്‍ ഓണ്‍ലൈന്‍ ആയി പ്രതിമാസം സമര്‍പ്പിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പതിനായിരം റിയാല്‍ പിഴ ചുമത്തും. രണ്ടു മാസം വൈകിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റും വര്‍ക്ക് പെര്‍മിറ്റ് പുതുക്കലും ഒഴികെയുള്ള സേവനങ്ങള്‍ തൊഴില്‍ മന്ത്രാലയം നിര്‍ത്തിവെക്കും.
വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിന് മൂന്നു മാസം കാലതാമസമുണ്ടാക്കുന്ന സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ മന്ത്രാലയത്തില്‍ നിന്നുള്ള എല്ലാ സേവനങ്ങളും നിഷേധിക്കും. തൊഴിലുടമകളുടെ അനുമതി കൂടാതെ തന്നെ മറ്റ് സ്ഥാപനങ്ങളിലേക്ക് സ്പോസര്‍ഷിപ്പ് മാറ്റുന്നതിന് ഈ സ്ഥാപനങ്ങളിലെ തൊഴിലാളികളെ അനുവദിക്കുയും ചെയ്യും.






