Sorry, you need to enable JavaScript to visit this website.

ഗോവ ഗ്രൂപ്പ് വിന്നേഴ്‌സ്, ചാമ്പ്യന്‍സ് ലീഗ് പദവി

ജാംഷഡ്പൂര്‍ - ഗോവ എഫ്.സി ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന് യോഗ്യത നേടുന്ന പ്രഥമ ഇന്ത്യന്‍ ടീമായി. അടുത്ത സീസണിലാണ് അവര്‍ ആദ്യമായി ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കുക. തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ ജാംഷഡ്പൂരിനെ അവരുടെ ഗ്രൗണ്ടില്‍ മറുപടിയില്ലാത്ത അഞ്ചു ഗോളിന് നിലംപരിശാക്കിയ ഗോവ എഫ്.സി ഐ.എസ്.എല്ലിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്തി.  ഐ.എസ്.എല്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ നേരിട്ട് സ്ഥാനം നല്‍കാന്‍ കഴിഞ്ഞ വര്‍ഷമാണ് തീരുമാനിച്ചത്. 
ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്താനും ചാമ്പ്യന്‍സ് ലീഗ് ബെര്‍ത്തുറപ്പിക്കാനും അവസാന ലീഗ് മത്സരത്തില്‍ സമനില മതിയായിരുന്നു ഗോവക്ക്. എന്നാല്‍ ജാംഷഡ്പൂരിനെതിരെ അഞ്ചു തവണ അവര്‍ നിറയൊഴിച്ചു. പതിനൊന്നാം മിനിറ്റില്‍ ഫെറാന്‍ കൊറോമിനാസ് നേടിയ ഗോളിന്റെ നേരിയ ലീഡിലായിരുന്നു അവസാനം വരെ ഗോവ. അവസാന 20 മിനിറ്റിലാണ് അവര്‍ ഗോള്‍ വര്‍ഷിച്ചത്. ഹ്യൂഗൊ ബൗമസ് എഴുപതാം മിനിറ്റിലും ഇഞ്ചുറി ടൈമിലുമായി രണ്ടു ഗോളടിച്ചു. ജാക്കിചന്ദ് സിംഗ് (84 ാം മിനിറ്റ്), മുര്‍തദ ഫദ്ല്‍ (87) എന്നിവരും സ്‌കോര്‍ ചെയ്തു. 14 ഗോളുമായി കൊറോമിനാസ് ടോപ്‌സ്‌കോറര്‍ സ്ഥാനം ഭദ്രമാക്കി. 
ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനത്തിന് ഗോവക്ക് ഷീല്‍ഡും അരക്കോടി രൂപയും ലഭിക്കും. ഈ സീസണിലെ 18 കളികളില്‍ പന്ത്രണ്ടും അവര്‍ ജയിച്ചു. 46 ഗോള്‍ അവര്‍ നേടി. രണ്ടാം സ്ഥാനത്തുള്ള എ.ടി.കെയെക്കാള്‍ 15 ഗോള്‍ കൂടുതല്‍. 

ഐ.എസ്.എല്‍
കളി, ജയം, ഡ്രോ, തോല്‍വി, പോയന്റ് എന്ന ക്രമത്തില്‍

ഗോവ    18    12    3    3    39
എ.ടി.കെ    17    10    3    4    33
ബംഗളൂരു    17    8    5    4    29
മുംബൈ    17    7    5    5    26
ചെന്നൈയന്‍    16    7    4    5    25
ഒഡിഷ    17    7    3    7    24
ബ്ലാസ്‌റ്റേഴ്‌സ്    17    4    6    7    18
ജാംഷഡ്പൂര്‍    18    4    6    8    18
നോര്‍ത്ഈസ്റ്റ്    16    2    7    7    13
ഹൈദരാബാദ്    17    1    4    12    7

Latest News