മംഗലാപുരം - കാളയോട്ടത്തോടൊപ്പം കുതിക്കുന്നവരെ ഉസൈന്‍ ബോള്ടായി ചിത്രീകരിച്ച സോഷ്യല്‍ മീഡിയ ജ്വരം അതിരു കടക്കുന്നു. 100 മീറ്ററിലെ ലോക റെക്കോര്ഡുകാരന് ഉസൈന്‍ ബോള്‍ടിന്റെ റെക്കോര്‍ഡ് തകര്‍ത്തുവെന്ന രീതിയില്‍ പുകഴ്ത്തപ്പെട്ട ശ്രീനിവാസ ഗൗഡയെ മറ്റൊരാള്‍ മറികടന്നു. 9.55 സെക്കന്റില്‍ 100 മീറ്റര്‍ ഓടിയെന്നു പറയുന്ന ഗൗഡയുടെ 'റെക്കോര്‍ഡ്' നിഷാന്ത് ഷെട്ടിയെന്ന മറ്റൊരു കാളയോട്ടക്കാരനാണ് തകര്‍ത്തത്. 9.51 സെക്കന്റിലാണത്രെ ഷെട്ടി ഓടിയത്.
ഗൗഡയെ കഴിഞ്ഞ ദിവസം കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ സ്വീകരിക്കുകയും മൂന്നു ലക്ഷം രൂപ സമ്മാനിക്കുകയും ചെയ്തു. തന്റെ വേഗത്തിന് കാരണം കാളകളുടെ കരുത്താണെന്ന് സമ്മതിക്കാനുള്ള വിനയം പ്രകടിപ്പിച്ച ഗൗഡ സായ് കോച്ചുമാരുടെ കീഴില്‍ പരിശീലനം നടത്താമെന്ന കേന്ദ്ര സ്പോര്‍ട്സ് മന്ത്രി കിരണ്‍ റിജിജുവിന്റെ ക്ഷണം നിരസിക്കുകയും ചെയ്തു. ബംഗളൂരുവിലെത്താനുള്ള ഗൗഡയുടെ എല്ലാ ചെലവും സ്പോര്‍ട്സ് മന്ത്രാലയമാണ് വഹിച്ചത്.