Sorry, you need to enable JavaScript to visit this website.

കെജ്രിവാളിന്റെതും മൃദുഹിന്ദുത്വം തന്നെ, വോട്ട് ലഭിച്ചത് വികസനത്തിന്

ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തെ സുധാമേനോന്‍ വിലയിരുത്തുന്നു.

ണ്ടായിരത്തി പതിനൊന്നിലെ സെൻസസ് പ്രകാരം ഡൽഹിയിലെ ജനസംഖ്യയിൽ 81.68% ഹിന്ദുക്കളാണ്. അതുകൊണ്ടു തന്നെ CAA ക്ക്‌ ശേഷം ബിജെപി യെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ് ഒരു ലിറ്റ്മസ് ടെസ്റ്റ് ആയിരുന്നു. അതിനു അവർ സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ചു. 'ഹിന്ദുഹൃദയ സാമ്രാട്ട്' ആയി യോഗി ആദിത്യനാഥ് തീവ്രവർഗീയത വിളമ്പി. ഫെബ്രുവരി 8 നു ഡൽഹിയിലെ തെരുവുകളിൽ നടക്കാൻ പോകുന്നത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ആണെന്നായിരുന്നു ബിജെപി സ്ഥാനാർഥി ആയിരുന്ന കപിൽ ശർമ്മ പറഞ്ഞിരുന്നത്. ദേശദ്രോഹികളെ വെടിവെച്ച് കൊല്ലാൻ ആഹ്വാനം ചെയ്‌തത്‌ അനുരാഗ് താക്കൂർ എന്ന കേന്ദ്രമന്ത്രി. ഷാഹീൻബാഗിൽ സമരം ചെയ്യുന്നവർ ബലാത്സംഗികളും, കൊലപാതകികളും ആണെന്നും അവർ ഹിന്ദു സഹോദരിമാരെ നാളെ റേപ്പ് ചെയ്യുമെന്നും പരസ്യമായി പറഞ്ഞു പർവേഷ് വർമ്മ. അങ്ങനെ ഒരു ചെറു പ്രദേശത്തെ തിരഞ്ഞെടുപ്പിനെ ധ്രുവീകരണ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയാക്കി അവർ മാറ്റി.
എന്നിട്ടും, ജനങ്ങൾ കേജ്‌രിവാളിനെ വീണ്ടും തിരഞ്ഞെടുത്തെങ്കിൽ, അതിനു കാരണം ജനങ്ങൾ ഒരു പരിധിക്കപ്പുറം പച്ചയായ വർഗീയ ധ്രുവീകരണം ഇഷ്ടപ്പെടുന്നില്ല എന്ന് തന്നെയാണ്. പകരം, കെജ്‌രിവാൾമുന്നോട്ടു വെച്ച വികസനമോഡലിന്റെ സാർവത്രികസ്വഭാവവും, സമ്പത്തിന്റെ തുല്യനീതിയിൽ ഊന്നിയ വിതരണവും, കോസ്മോപോളിറ്റൻ സ്വഭാവമുള്ള ഡൽഹിയിലെ മധ്യവർഗവോട്ടർമാരെ സ്വാധീനിച്ചു എന്ന് വേണം കരുതാൻ. അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണം കൃത്യമായും ഊന്നിയിരുന്നതും ക്ഷേമരാഷ്ട്ര നരേറ്റിവിൽ ആയിരുന്നു. നിയോലിബറൽ സാമ്പത്തിക നയങ്ങൾ സാധാരണ ജനങ്ങളെ കൂടുതൽ ദരിദ്രരാക്കുമ്പോൾ, ഭരിക്കുന്നവരുടെ ചെറിയ കരുതൽ പോലും ജനങ്ങളെ സ്വാധീനിക്കും. മാത്രമല്ല, തങ്ങളുടെ നേട്ടങ്ങൾ വോട്ടർമാരിൽ കൃത്യമായി എത്തിക്കാൻ APP ക്കു കഴിഞ്ഞിരുന്നു. 'Last മൈൽ' കണക്ഷൻ ജനങ്ങളുമായി ഉണ്ടാക്കാൻ അവർക്കു കഴിഞ്ഞു എന്നുള്ളത് ചെറിയ കാര്യമല്ല. കഴിഞ്ഞ തവണ ദേശിയ തലത്തിൽ ബിജെപിയെ വിജയിപ്പിച്ച ഒരു ഘടകം ഈ lastmile കണക്റ്റിവിറ്റിയും പ്രാദേശിക രക്ഷാകർതൃ ത്വ രാഷ്ട്രീയവും (patronage politics)ആയിരുന്നു. കോൺഗ്രസ്സ് എല്ലായ്പ്പോഴും പരാജയപ്പെടുന്നതും ഈയൊരു ഘടകത്തിന്റെ അഭാവം കൊണ്ടാണ്.

വാസ്തവത്തിൽ തിരഞ്ഞെടുപ്പ് ഫലം നൽകുന്ന ഒരു സന്തോഷം ബിജെപിയുടെ ധ്രുവീകരണ അജണ്ടക്കു ഏറ്റ തിരിച്ചടി തന്നെയാണ്. അയോധ്യാ വിധിക്കും, കാശ്മീരിനും,പൗരത്വഭേദഗതി നിയമത്തിനും ശേഷം, കുറേകൂടി മിലിറ്റന്റ് ആയ ഒരു ഹിന്ദു വംശീയ ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് അവർ.ഭൂരിപക്ഷമതം എന്നതിന് അപ്പുറം കടന്നു ഏകമുഖമുള്ളതും, വംശീയവുമായ ഒരു ഹിന്ദു ഐഡന്റിറ്റി എന്ന തലത്തിലേക്കുള്ള ഒരു സാംസ്‌കാരിക മാറ്റം. അതിനു വേണ്ടത് ഹിന്ദുത്വത്തിനു ഒരു പൊതുശത്രുവിനെ ഉണ്ടാക്കിയെടുക്കലാണ്. അതാണ് ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്നതും. എന്തായാലും 81 % ഹിന്ദുക്കൾ ഉള്ള ഡല്ഹിയിൽ പോലും ഈ നീക്കം വിജയത്തിൽ എത്തിക്കാൻ ഹിന്ദുഹൃദയസാമ്രാട്ടുകൾക്കു കഴിഞ്ഞില്ല. അതൊരു ചില്ലറകാര്യമല്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെ ചെറുത്തു നിൽപ്പാണത്.

എങ്കിലും ഈ വിജയം മാത്രം മുന്നിൽ കണ്ടുകൊണ്ടു ദേശിയ രാഷ്ട്രീയത്തെ നിർവചിക്കുന്നത് ശരിയായിരിക്കില്ല. കെജ്‌രിവാൾ ഒരിക്കലും ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രത്യയശാസ്ത്രപരമായോ, പ്രായോഗികമായോ എതിർത്തിട്ടില്ല. പകരം, അണ്ണാ ഹസാരെയുടെ സംഘപക്ഷപാതിത്വവും, ജനാധിപത്യ വിരുദ്ധതയും പകൽ പോലെ വ്യക്തമായിട്ടും, കൂടെ നിന്നുകൊണ്ട് സംഘപരിവാറിന് വളരാൻ വെള്ളവും വളവും കൊടുത്തു. അയോധ്യാ പ്രശ്നത്തിലും, കാശ്മീർ പ്രശ്നത്തിലും ഒക്കെ നൈതികമായ ഒരു നിലപാട് കെജ്‌രിവാൾ എടുത്തിരുന്നില്ല, മറിച്ചു, സംഘപരിവാറിനോട് ചേർന്നുപോകുന്ന മൃദുഹിന്ദുത്വ സമീപനമാണ് സ്വീകരിച്ചത്.
അതുകൊണ്ടു, കെജ്‌രിവാളിന്റെ ഗവേണൻസ് മോഡലിനെ വാഴ്ത്താമെന്നല്ലാതെ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകൾക്ക് ഈ സന്നിഗ്ധ ഘട്ടത്തിൽ ഡൽഹിക്കു അപ്പുറം പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. ഡൽഹിയിലെ നഗര രാഷ്ട്രീയമല്ല, ജാതിയും ഉപജാതിയും സ്വത്വരാഷ്ട്രീയവും, ഗതി നിർണ്ണയിക്കുന്ന ഇന്ത്യൻ ഗ്രാമങ്ങളുടേത്. കനയ്യകുമാർ പരാജയപ്പെട്ടത് ഓർക്കുക. ഇപ്പോൾ കനയ്യകുമാർ ബീഹാറിൽ നയിച്ചുകൊണ്ടിരിക്കുന്ന ആവേശമുണർത്തുന്ന ജനഗണമന യാത്രയിലെ ഓരോ സമ്മേളനങ്ങളിലും പതിനായിരക്കണക്കിനു ആളുകൾ പങ്കെടുക്കുന്നുണ്ട്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ കൃത്യമായി, നിർഭയമായി കനയ്യകുമാര് എതിർക്കുന്നുമുണ്ട്. പക്ഷെ അതിന്റെ പ്രയോജനം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കിട്ടുമോ എന്ന് പറയാറായിട്ടില്ല. കാരണം ഡൽഹിയല്ല ബീഹാർ. നിർഭാഗ്യകരമായ ഈ യാഥാർഥ്യം നമ്മൾ അംഗീകരിച്ചേ മതിയാവൂ. അത് അംഗീകരിച്ചു കൊണ്ട് ഒന്നിച്ചു നിന്ന് ഒരു വിശാലബദൽ ഉണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കേണ്ടത്.

എങ്കിലും എല്ലാ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും ഈ വിജയത്തെ നമ്മൾ അംഗീകരിക്കേണ്ടത്, സാമൂഹ്യനീതിയിൽ അധിഷ്ഠിതമായതും, അഴിമതിരഹിതവുമായ ഒരു വികസനപരിപ്രേക്ഷ്യത്തിനു ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇനിയും പ്രസക്തി ഉണ്ടെന്നു കെജ്‌രിവാൾ തെളിയിച്ചത് കൊണ്ടാണ്.

അരവിന്ദ് കെജ്‌രിവാളിന് ഒരായിരം അഭിനന്ദനങ്ങൾ . സൽഭരണം തുടർന്നും നടത്താൻ കഴിയട്ടെ.

Latest News