Sorry, you need to enable JavaScript to visit this website.

ചിലപ്പോൾ തീരപ്രദേശങ്ങളിൽ.... 

വാർത്തകൾ കംപ്യൂട്ടറുകളിലേക്കും ലാപ്‌ടോപിലേക്കും ലേഖകനെ തേടിവരാൻ തുടങ്ങിയിട്ടില്ലാത്ത കാലം. ഏകദേശം കാൽ നൂറ്റാണ്ട് മുമ്പ്. 
കേരളത്തിലെ മറ്റു പ്രധാന നഗരങ്ങളിലെന്ന പോലെ കോഴിക്കോട്ടെയും ലേഖകന്മാർ പോലീസ്-ആശുപത്രി-ഫയർ ഫോഴ്‌സ് എന്നീ പതിവ് സോഴ്‌സുകളെ ബന്ധപ്പെട്ടാണ് വാർത്തകൾ ശേഖരിച്ചിരുന്നത്. മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ വിളിച്ചാൽ വിസ്തൃതമായ മലബാർ പ്രദേശത്തെ കഴിഞ്ഞ 24 മണിക്കൂറിലെ എല്ലാ വിശേഷങ്ങളും പി.ആർ.ഒ നായർ പറഞ്ഞു തരും. അപകടങ്ങളും മരണങ്ങളുമെല്ലാം ഫോണിലൂടെ പറഞ്ഞ് ശീലമായ നായരുടെ അവതരണ രീതി ശ്രദ്ധേയമാണ്. ഇന്ന് നിങ്ങൾക്ക് പറ്റിയതൊന്നുമില്ല. പൊട്ടലും തട്ടലുമൊക്കെയായി എല്ലാം ചെറു ചെറു കേസുകൾ. 
നാളെ വിഷു കഴിഞ്ഞാൽ പടക്കം പൊട്ടിയും മറ്റും ധാരാളം അപകടങ്ങൾ വരുമായിരിക്കും. ഇന്നത്തെ വെറും ലോക്കൽ സംഭവങ്ങൾ വേണോ? അതെങ്കിൽ അത് പോരട്ടെയെന്ന് പറയുന്ന പത്രക്കാർക്ക് തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റത് പോലുള്ള 'നിസ്സാര' സംഭവങ്ങൾ നായർ പറഞ്ഞു തരും. വാർത്ത ശേഖരിക്കുന്ന റിപ്പോർട്ടർ ഇത് എഡിറ്റോറിയലിലേക്ക് അയച്ചു കൊടുത്താലും വരുമെന്ന് യാതൊരു ഉറപ്പുമില്ല. ക്രൈം പേജിൽ ഒരു ബിറ്റ് വന്നാലായി. സ്വർണ കള്ളക്കടത്ത് പിടിച്ചതു പോലുള്ള വാർത്തകൾ വന്നാൽ നിസ്സാര പരിക്കിനെന്ത് പ്രാധാന്യം? മലയാളത്തിൽ വാർത്താ ചാനലുകൾ കൂടിയപ്പോൾ ഇതിന് നേരെ വിരുദ്ധമായി കാര്യങ്ങൾ. 
ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ ന്യൂസ് 18 ലെ പ്രാദേശിക വാർത്തയിലാണ് വയനാട് വൈത്തിരിയിലെ അപകട വാർത്ത ആദ്യം ശ്രവിച്ചത്. മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് പാസഞ്ചറിന്റെ ഓട്ടോമാറ്റിക് ഡോർ തുറന്നു പോയപ്പോൾ 55 വയസ്സുള്ള യാത്രക്കാരി വീണ് പരിക്കേറ്റു. ഉടൻ തന്നെ വെത്തിരിയിലെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ന്യൂസ് 18 ചാനലിൽ അടുത്ത ന്യൂസ് ബുള്ളറ്റിനുകളിൽ ഗതാഗത മന്ത്രിയുടെയും മറ്റും  പ്രതികരണമുൾപ്പെടുത്തി ഈ വാർത്ത ആവർത്തിക്കുകയുണ്ടായി. മറ്റു ന്യൂസ് ചാനലുകളിലും ഇതൊരു വലിയ സംഭവമായി. ബസിന്റെ ഹൈഡ്രോളിക് ഡോറിന്റെ പിഴവിനും ഡ്രൈവർ ഉത്തരവാദിയെന്ന് പറയാനാവുമോ? 
വകുപ്പ് മന്ത്രിയും പർച്ചേസിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരുമൊക്കെയാണല്ലോ ഇതേക്കുറിച്ച് ആധികാരികമായി പറയാൻ കഴിയുന്നവർ. 
 
***      ***      ***

ഒരു ബുള്ളറ്റിനിൽ നൂറു കൊച്ചു വാർത്തകളുൾപ്പെടുത്തുന്ന പരീക്ഷണം മലയാളത്തിൽ ന്യൂസ് 24 ലാണ് ആദ്യം കണ്ടത്. ഏറെ വൈകാതെ മറ്റു പ്രധാന ന്യൂസ് ചാനലുകളും ഇതേ ശൈലി ഏറ്റെടുക്കുകയായിരുന്നു. ഏഷ്യാനെറ്റിലും മാതൃഭൂമി ന്യൂസിലും ന്യൂസ് 18 ലുമെല്ലാം സമാന ബുള്ളറ്റിനുകൾ ഇപ്പോഴുണ്ട്. നൂറ് തികക്കാനുള്ള സാഹസവും ചിലപ്പോൾ കാണാറുണ്ട്. ഇതിന് തുടക്കം കുറിച്ച 24 ന്റെ നൂറ് വാർത്തകളിൽ രണ്ടും മൂന്നും ദിവസം പഴക്കമുള്ള ന്യൂസും ഉൾപ്പെടുത്തിയതായി കണ്ടു. എങ്ങനെയും എണ്ണം തികയ്ക്കണമല്ലോ. കേരള ബജറ്റിന്റെ തലേ ദിവസം ന്യൂസ് 18 ൽ ബജറ്റ് പ്രതീക്ഷകളെ കുറിച്ച് റിപ്പോർട്ടുണ്ടായിരുന്നു. കേരളം പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് കേന്ദ്ര ഗ്രാൻഡിനെ ആശ്രയിച്ചാണെന്ന് എഴുതിക്കണ്ടു. ഗ്രാന്റ് ആയിരിക്കും ഉദ്ദേശിച്ചിരിക്കുക. ന്യൂസ് ചാനലുകളിലും ദിനപത്രങ്ങളിലും ഇത്തരം തെറ്റുകൾ വരുന്നത് പുതിയ തലമുറയെ ആശയക്കുഴപ്പത്തിലാക്കും. 
 
***      ***      ***

ന്യൂസ് 18 ഹിന്ദിയിലെ  കേന്ദ്ര ബജറ്റ് പ്രതികരണം ശ്രദ്ധേയമായി. ഹിന്ദി ഹൃദയ ഭൂമിയിലെ ഒരു ലേഖിക ബി.ജെ.പിക്കാരനായ ഒരു സാധാരണക്കാരനോട് ബജറ്റിനെ കുറിച്ച് പ്രതികരണം ആരായുന്നു. താമര പ്രിന്റ് ചെയ്ത കുപ്പായമിട്ട മനുഷ്യൻ ഫോൺ സംഭാഷണം നിർത്തി റിപ്പോർട്ടർക്ക് ബൈറ്റ് കൊടുക്കുന്നു. മോഡിജിയുടെ ബജറ്റ് ബെസ്റ്റാ.. പാക്കിസ്ഥാൻ പോലെയൊന്നുമല്ല. ചോദ്യം:  കേന്ദ്ര ബജറ്റ് കൂടുതൽ തൊഴിലവസരങ്ങളുണ്ടാക്കുമോ? മറുപടി: പാക്കിസ്ഥാനിൽ ഇംറാൻ ഖാന് തൊഴിലവസരങ്ങളുണ്ടാക്കാനാവുന്നില്ലല്ലോ. ഇത് സുന്ദരമായ ബജറ്റാണ്, മോഡിജിക്കല്ലാതെ ഇത് പോലൊരെണ്ണം തയാറാക്കാനാവില്ല. ബജറ്റ് തയാറാക്കിയത്  കേന്ദ്ര ധനമന്ത്രി നിർമല സീതാരാമാനാണെന്ന് ലേഖിക പറഞ്ഞത് അംഗീകരിക്കാൻ 
പ്രതികരിക്കുന്ന ആൾ തയാറായില്ല. ഓരോ ജനതക്കും അവർ അർഹിക്കുന്ന ഭരണാധികാരികളെ ലഭിക്കുമെന്ന് പറയുന്നത് വെറുതെയല്ല. 
 
***      ***      ***

ബിഹാറിലെ പരീക്ഷകളിൽ കോപ്പിയടിക്കുന്നത് പുതിയ കാര്യമല്ല. കോപ്പിയടിക്കാൻ പുറത്ത് നിന്നുള്ള സഹായം ലഭ്യമാക്കുന്നതിന്റെ ഫോട്ടോ അന്താരാഷ്ട്ര വാർത്താ ഏജൻസികളായ റോയിട്ടേഴ്‌സും എ.എഫ്.പിയും ലോകത്തെമ്പാടുമുള്ള ന്യൂസ് റൂമുകളിലെത്തിച്ചിട്ട് അധിക കാലമായിട്ടില്ല. പന്ത്രണ്ടാം ക്ലാസ് പരീക്ഷക്കിടെ ബിഹാറിൽ പെൺകുട്ടിയെ കോപ്പിയടിക്കാൻ സഹായിച്ച കാമുകൻ പിടിയിലായ വാർത്ത  ടൈംസ് നൗ ചാനലിലുണ്ടായിരുന്നു. പരീക്ഷാ കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്ന സംഘത്തിലെ ക്യാമറാമാൻ എന്ന വ്യാജേനയാണ് ഇയാൾ പരീക്ഷാഹാളിൽ കയറിയത്. നരേഷ് എന്ന യുവാവാണ് അറസ്റ്റിലായത്. പരീക്ഷാ കേന്ദ്രത്തിൽ പരിശോധനക്കെത്തിയ ഫ്‌ളൈയിങ് സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്.
നരേഷ് നേരത്തെയും പെൺകുട്ടിയെ കോപ്പിയടിക്കാൻ സഹായിച്ചിട്ടുണ്ടുപോലും. ഇതാണ് ദിവ്യമായ അനുരാഗം. 
 
***      ***      ***

ഗ്രാമി പുരസ്‌കാര വേദിയിലെ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ലുക്ക് വൈറലായിരുന്നു. റാൾഫ് ആൻഡ് റസ്സോ കലക്ഷനിലെ മാസ്റ്റർപീസ് ഡിസൈനർ ഗൗണിലാണ് പ്രിയങ്ക എത്തിയത്. വെള്ള നിറത്തിലുളള സാറ്റിൻ ഗൗണിന് ഇറക്കമുള്ള കഴുത്തും ചിറകു പോലെയുള്ള സ്ലീവുകളും നീളൻ ട്രെയിലുമായിരുന്നു ഉണ്ടായിരുന്നത്. 
മനുഷ്യർക്ക് താൽപര്യമുള്ള വാർത്തകൾ നൽകുന്ന ബിസിനസ് ലക്ഷ്യമുള്ള ടി.വി ചാനലുകളിൽ ഇത് വലിയ വാർത്തയായി. 
റെഡ് കാർപറ്റിൽ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റാൻ പ്രിയങ്കയുടെ വേഷത്തിന് സാധിച്ചു. ശ്രദ്ധ നേടിയതിനു പിന്നാലെ കടുത്ത വിമർശനങ്ങളും പ്രിയങ്കക്ക് നേരിടേണ്ടി വന്നു. ആകെ ഒരു സമാധാനം. ഇതിനൊക്കെ മറുപടി നൽകാൻ  ബോളിവുഡ് താരത്തിന്റെ മാതാവ്  മധു ചോപ്ര തയാറായെന്നതാണ്.  
ഇങ്ങനെ ഒരു സംഭവം ഉണ്ടായതിൽ എനിക്ക് സന്തോഷമാണ്. കാരണം അവളെ കൂടുതൽ കരുത്തയാക്കാൻ ഈ പരിഹാസങ്ങൾക്ക് സാധിക്കും. പ്രിയങ്ക അവളുടെ ഇഷ്ടപ്രകാരമാണ് ജീവിക്കുന്നത്. മറ്റുള്ളവരെ അവൾ ഉപദ്രവിക്കാറില്ല. അത് അവളുടെ ശരീരമാണ്. അവൾ സുന്ദരിയുമാണ്. വേറെ ജോലിയൊന്നും ഇല്ലാത്തവരാണ് ട്രോളുകളുമായി എത്തുന്നത്. കംപ്യൂട്ടറുകൾക്കു പിന്നിൽ ഒളിച്ചിരിക്കുന്നവരാണവർ -മധു ചോപ്ര പറഞ്ഞു.
 
***      ***      ***

കഴിഞ്ഞ വർഷം മലയാള സിനിമാ പ്രേമികൾക്കിടയിൽ ഏറെ പ്രിയങ്കരിയായ നായികാ നടിയാണ് വീണ നന്ദകുമാർ. ആസിഫ് അലി നായകനായ 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിൽ അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ട ശേഷം വീണ ചില അഭിമുഖങ്ങളിൽ നിലപാടുകൾ തുറന്നു പറഞ്ഞിരുന്നു. പ്രണയത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ് വീണ.'പ്രണയിക്കാത്തവരായി ആരെങ്കിലുമുണ്ടോ? ജീവിതത്തിൽ എനിക്കും ചില പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്. അതുപോലെ ബ്രേക്കപ്പുകളും. ഒരു പ്രണയത്തെ കുറിച്ചും കുറ്റബോധം തോന്നിയിട്ടില്ല. ആ സമയത്ത് അത് ഞാൻ ആസ്വദിച്ചിട്ടുണ്ട്. ഒരു നല്ല പ്രണയിനിയാണ് ഞാനെന്ന് എന്റെ കാമുകന്മാരോട് ചോദിച്ചാൽ പറയും. പ്ലൂരലിലാണ് കാര്യം. 
 
***      ***      ***

ഏഷ്യാനെറ്റ് എന്റർടെയിൻമെന്റ് ചാനലിലെ ബിഗ് ബോസ് സീസൺ 2 വീട്ടമ്മമാരും കുട്ടികളുമുൾപ്പെടെയുള്ള പ്രേക്ഷകരെ ആശ്രയിച്ച് മുന്നേറുകയാണ്. പ്രണയവും വിവാഹ സാധ്യതയുമൊന്നുമില്ലെങ്കിലും ചാനൽ ഉദ്ദേശിച്ച കാര്യം നടക്കുന്നുണ്ട്. റേറ്റിംഗ് കൂട്ടാൻ ഇത് സഹായകമാവും. മത്സരാർത്ഥികൾ മാറിവരുന്നുണ്ടെങ്കിലും ഒരു മാറ്റവുമില്ലാതെ തുടരുന്നത് അവതാരകനായ മോഹൻലാലാണ്. ഹൗസിനുള്ളിൽ എന്തെങ്കിലും അനീതി കണ്ടാലോ സ്ത്രീവിരുദ്ധ ഡയലോഗ് ആരെങ്കിലും പറഞ്ഞാലോ അതൊന്നും ചോദിക്കാതെ വളരെ കൂളായി നിൽക്കുകയാണ് ലാലേട്ടൻ എന്ന ആരോപണം ഉയർന്നിട്ടുണ്ട്.
 
***      ***      ***

സംഗീത ആൽബങ്ങളുടെ നല്ല കാലം ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു. ഈസ്റ്റ് കോസ്റ്റ് വിജയൻ പുറത്തിറക്കിയ ഓർമക്കായി ഇനിയൊരു സ്‌നേഹ ഗീതം എന്ന പാട്ട് ഇതിനകം യുട്യൂബിൽ മാത്രം 34 ലക്ഷത്തിലേറെ പേർ കണ്ടു. എം. ജയചന്ദ്രൻ ഈണം പകർന്ന ഈ യുഗ്മ ഗാനമാലപിച്ചത് യേശുദാസും ചിത്രയുമാണ്. ക്ലാസിക്കൽ ഹിറ്റ് എന്നു വിശേഷിപ്പിക്കാവുന്ന പാട്ട്. നിനക്കായ്, ആദ്യമായ് എന്നീ സീരീസുകളിലെ ആൽബങ്ങളും ഹിറ്റായിരുന്നു. ഏഷ്യാനെറ്റിന് പിറകെ ആരംഭിച്ച കൈരളി ചാനൽ ആരംഭ കാലത്ത് പുതുതായി ഇറങ്ങുന്ന ആൽബങ്ങൾ  ഇടവേളകളിൽ സംപ്രേഷണം ചെയ്ത് പ്രേത്സാഹിപ്പിച്ചിരുന്നു. 
അന്നത്തെ ഗാനങ്ങളുടെ രചനാ ഭംഗി ഈയടുത്ത കാലത്ത് പുറത്തിറങ്ങിയവക്ക് ഇല്ല. 
ചിലപ്പോൾ പൂമര ചോട്ടിൽ.. എന്ന പാട്ട് ആളുകൾ കേട്ടതിലും കൂടുതൽ ട്രോളുകളാണ് യുട്യൂബിൽ. ഇതിലെ ഒരു വരി തുടങ്ങുന്നത് ചിലപ്പോൾ തീര പ്രദേശങ്ങളിൽ എന്നാണ്. അതിന് ഒരു രസികൻ കൊടുത്ത കമന്റ് ഇത് സുനാമിയായിരിക്കുമെന്നാണ്. ആകെ ഒരു സന്തോഷ് പണ്ഡിറ്റ് ഇഫക്റ്റ് ഈ ആൽബത്തിലുണ്ട്. ടൈഗർ ബിസ്‌കറ്റിൽ ടൈഗർ ഇല്ലെന്ന് ഡയലോഗ് പറയുന്ന പണ്ഡിറ്റിനെ ഓർമപ്പെടുത്തുന്ന നായകനും പോഷക ദാരിദ്ര്യം കൊണ്ട് പൊറുതി മുട്ടിയ ഒരു കാമുകിയും. ട്രോളന്മാർക്ക് എന്തെങ്കിലും പണി ഇരിക്കട്ടെയെന്ന് വിചാരിക്കുന്നവർക്ക് ഇത്തരം ആൽബങ്ങൾ തയാറാക്കി വിനോദിക്കാം. 
ഏതെങ്കിലും സിനിമയിൽ പുതുമുഖ നായികയായി വന്ന് മിന്നി മാഞ്ഞ് റേഡിയോ അഭിമുഖങ്ങൾ നൽകി ട്രോളുകളിലൂടെ ചില ന്യൂ ജെൻ നായികമാർ ജീവിക്കുന്നത് പോലെ.
 

Latest News