ആത്മബോധനങ്ങളുടെ സ്പന്ദനം 

പ്രിയ ഉണ്ണികൃഷ്ണന്റെ പുതിയ കൃതിയാണ് 'പ്രണയം, വിപ്ലവം, വീക്ഷണം' എന്ന പുതിയ കവിതാ സമാഹാരം. സാമൂഹ്യ, രാഷ്ട്രീയ പ്രതിബദ്ധതയോടെ രചിക്കപ്പെട്ട ഇതിലെ 43 കവിതകൾ സമകാലീന ജീവിതത്തിന്റെ പരിഛേദമാണ്. 'അവർ നിയമങ്ങളെ തടവിലാക്കുമ്പോൾ ഞാനെന്തിന് നിശ്ശബ്ദയാകണം' എന്ന ഇതിലെ ആദ്യ കവിതയായ 'അഭയാർഥികളി'ൽ ചോദിച്ചത് മറ്റു കവിതകളുടെയും അന്തർധാരയാണെന്ന് പറയാം. 

'അറിയുക', 'അവസ്ഥാന്തരങ്ങൾ', 'മിടിപ്പുകളുടെ ആഴങ്ങൾ', 'നഷ്ടപ്രണയം', 'ഞാൻ മരിക്കുന്നതിവിടെയാകണം', 'ഓരോ ദിനവും', 'സന്ദർശകൻ', 'വിപ്ലവകാരി' തുടങ്ങിയവ ഈ സമാഹാരത്തിലെ മെച്ചപ്പെട്ട കവിതകളാണ്. 

അനീതിയോടും അസമത്വത്തോടും പടപൊരുതാനുള്ള ആഹ്വാനം ഈ സമാഹാരത്തിലെ കവിതകളിൽ നിറഞ്ഞു നിൽക്കുന്നു. ഭാവിയെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസമാണ് അവയെ മുന്നോട്ട് നയിക്കുന്നത്. സ്ത്രീത്വത്തിന്റെ വിജയഗാഥയും അതിലുണ്ട്. സ്വന്തം അനുഭവങ്ങളിലൂന്നിയാണ് കവിതകൾ രചിച്ചിരിക്കുന്നത്. അതിനാൽത്തന്നെ ആത്മാർഥതയും സത്യസന്ധതയും അവയുടെ മുഖമുദ്രയായി ഭവിച്ചിരിക്കുന്നു. അവ കാലഘട്ടത്തിന്റെ സ്പന്ദനങ്ങളായി മാറുകയും ചെയ്തിരിക്കുന്നു. അതോടൊപ്പം സമകാലീന ജീവിതത്തിന്റെ ഉൾത്തുടിപ്പുകളാൽ സമ്പന്നവുമാണ് ഇതിലെ രചനകൾ. 

അധ്യാപികയും എഴുത്തുകാരിയുമായ മ്യൂസ് മേരി പുസ്തകത്തിന്റെ അവതാരികയിൽ സൂചിപ്പിച്ചതു പോലെ 'ആർജിതമായ സാമൂഹ്യബോധത്തിന്റെയും രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെയും ഒപ്പം ഏത് കാലദേശങ്ങളിലും ആത്മാർഥമായി പ്രതിഫലിപ്പിക്കാൻ സ്ത്രീയ്ക്ക് കഴിയുമെന്ന് അടിവരയിടുന്ന ഈ കവിതകൾ, അതിന്റെ സ്വതസിദ്ധമായ എല്ലാ ലാവണ്യഭംഗിയോടും കൂടി അനുഭവിക്കുന്നതോടൊപ്പം ആന്തരിക ഭാഷ സൂക്ഷ്മ നിരീക്ഷണങ്ങളുടേയും ആത്മബോധനങ്ങളുടേതുമാണെന്ന് വരികളിൽതന്നെ അടക്കം ചെയ്തിരിക്കുന്നു' എന്ന നിരീക്ഷണത്തോട് വായനക്കാർ യോജിക്കുമെന്നുറപ്പ്.

പ്രസാധനം: ഹൊറിസോൺ പബ്ലിക്കേഷൻസ് 
0091 85479 47092
(മാതൃഭൂമി ആഴ്ചപ്പതിപ്പ് മുൻ എഡിറ്ററാണ് ലേഖകൻ)
 

Latest News