നോവിന്റെ തീക്കാറ്റിലെരിയുന്ന പ്രവാസ സ്വപ്‌നങ്ങൾ

തനിക്ക് ചുറ്റുമുള്ള വിവിധ വിഷയങ്ങളിലേക്ക് കണ്ണ് തുറക്കുന്ന നാൽപത് കവിതകളാണ് റസീന കെ.പിയുടെ പരാജിതരുടെ ആകാശം എന്ന കവിതാ സമാഹാരത്തിൽ. അവതാരികയിൽ പ്രശസ്ത കവി പവിത്രൻ തീക്കുനി ഇങ്ങനെ എഴുതുന്നു: 'സത്യത്തിൽ റസീനയുടെ കവിതകൾക്ക് ഒരു ആമുഖത്തിന്റെ ആവശ്യമില്ല. അനേകം വായനകൾ തരുന്നതാണ് ഓരോ കവിതയും'.
ഈ പുസ്തകത്തിലെ മിക്ക കവിതകളിലും എഴുത്തുകാരി തന്റെ ആത്മാംശവും സമൂഹത്തിലെ വ്യത്യസ്ത വിഷയങ്ങളിലുള്ള തന്റെ നിലപാടുകളും നിറച്ചിട്ടുണ്ട്. 
സിറിയൻ എഴുത്തുകാരി സമർ യാസ്ബക്കിനെ കുറിച്ചുള്ള 'സമർ യാസ്ബക്കിന്റെ ഡയറിക്കുറിപ്പുകൾ' ഈ പുസ്തകത്തിലെ ഏറ്റവും മികച്ച കവിതകളിലൊന്നാണ്. സിറിയയുടെ ഇന്നത്തെ അവസ്ഥ ആ വരികളിൽ കൃത്യമായി എഴുത്തുകാരി അവതരിപ്പിക്കുന്നു.

'ഓ സമർ..!
നിന്റെ എഴുതിത്തീരാത്ത
ഡയറിക്കുറിപ്പുകളിൽ
സിറിയയുടെ നിലവിളികൾ
ഞാൻ കേൾക്കുന്നു.
അന്ധ നഗരത്തിലെ 
ഊന്നുവടിയാണ്
നിന്റെ അക്ഷരങ്ങളെന്ന്
എഴുതിവെച്ചത് പരമാർഥം.'

ശാപമോക്ഷം എന്ന കവിതയിൽ അട്ടപ്പാടിയിൽ ഭക്ഷണം മോഷ്ടിക്കപ്പെട്ടതിന്റെ പേരിൽ ആൾക്കൂട്ടം കൊല ചെയ്ത മധുവിനെ സ്മരിക്കുന്നു. പ്രളയം കേരളത്തെ മുക്കിയ ദിനങ്ങളെ മധു നോക്കിക്കാണു
ന്നതായി എഴുത്തുകാരി ഈ വരികളിൽ ചിത്രീകരിക്കുന്നു.

'വെന്തു നീറുമീ
വയറിന്റെ വിശപ്പാറ്റാൻ
'കട്ടെടു'ത്തൊരാ
ചോറ്റുപാത്രത്തിൽ 
ചവിട്ടി നിന്നല്ലേ
കാട്ടാള ഹൃദയരേ
നിങ്ങളെന്റെ പ്രാണനെ
തട്ടിപ്പറിച്ചത്'

പെൺപ്രവാസി എന്ന കവിത പ്രവാസഭൂമിയിൽ കുടുംബവും ജോലിയും ഒന്നിച്ചു കൊണ്ടുപോകുന്ന സ്ത്രീയുടെ മാനസിക സംഘർഷങ്ങളെ വാസ്തവികതയോടെ വരച്ചുകാട്ടുന്നു. 

'വഴിയാത്രയിൽ
മറുകരയിലേൽപിക്കേണ്ടി വന്ന
പൊന്നുമോന്റെ മുഖം
നിദ്രാവിഹീന രാവുകളിൽ
തലയിണയിൽ
നനവുണർത്തുമ്പോൾ
നീരുവറ്റിവരണ്ട
സൈകതപ്പരപ്പുകൾ
വേനൽമഴക്കായ്
കാതോർക്കാം'

സങ്കടപ്പെയ്ത്ത് എന്ന കവിതയിൽ കവിതയെ കുറിച്ച് എഴുത്തുകാരി ഇങ്ങനെ പറയുന്നു.

'നോക്കൂ.. കവിതയല്ലിത്..
തട്ടിയുടച്ചു വാർത്തു നീ
നിറം പിടിപ്പിച്ചു തുന്നിയെടുത്ത
പെണ്ണിന്റെ കണ്ണിൽ നിന്നിറ്റുവീഴും
ചുടുരക്തത്തിൽ മിനുക്കിയ
മൗനവേദന തൻ അഗ്നിനാളങ്ങൾ'

അക്ഷരങ്ങൾ, വാക്കുകൾ എന്നിവ മിക്ക കവിതകൾക്കും പ്രമേയമായിട്ടുണ്ട്.

'നോവിന്റെ തീക്കാറ്റിനാൽ
പൊള്ളുമ്പോൾ
എന്റെ ഹൃദയത്തെ
തണുപ്പിക്കാറുണ്ട്.
അവഗണനയുടെ 
ആഴപ്പരപ്പിൽ 
വിചാരണ ചെയ്യപ്പെടുമ്പോൾ
എനിക്ക് വേണ്ടി
വാദിക്കാറുണ്ട്.'
എന്ന് 'എന്റെ അക്ഷരങ്ങൾ' എന്ന കവിതയിൽ കാണാം.

ഈ പുസ്തകത്തിലെ മിക്ക കവിതകളിലും വരികൾക്കിടയിൽ അമ്മയുടെ സ്‌നേഹവും കരുതലും കടന്നു വന്നിട്ടുണ്ട്. സ്ത്രീ പ്രമേയങ്ങളെ നന്നായി അവതരിപ്പിക്കുന്നതിൽ എഴുത്തുകാരി ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. മികച്ച ഭാഷയും പ്രമേയങ്ങളുടെ തുറന്നെഴുത്തും ഈ കവിതാ സമാഹാരത്തെ വേറിട്ടതാക്കുന്നു. പെൺതുമ്പിയെന്ന ആദ്യ കവിതാ സമാഹാരത്തിന് കാവ്യഭാരതി പുരസ്‌കാരം, എഴുത്തോല വാട്‌സ്ആപ്പ് കൂട്ടായ്മയുടെ ബുക്ക് റിവ്യൂ പുരസ്‌കാരം എന്നീ അംഗീകാരങ്ങൾ റസീനയെ തേടിയെത്തിയിട്ടുണ്ട്. 

പരാജിതരുടെ ആകാശം
റസീന കെ.പി
പ്രസാധകർ: ലിപി ബുക്‌സ്
വില: 100 രൂപ
 

Latest News