Sorry, you need to enable JavaScript to visit this website.

130 സിനിമകളിൽ വേഷമിട്ട മലയാളി നടൻ ജിദ്ദയിൽ ടാക്‌സി ഓടിക്കുന്നു

ഏതാണ്ട് മൂന്ന് പതിറ്റാണ്ടായി ജിദ്ദയിൽ ലിമോസിൻ ഡ്രൈവറായി ജോലി ചെയ്യുന്ന മലപ്പുറം ചെമ്മാട് സ്വദേശി മുരിങ്ങാത്തൊടി റഹീം കഴിഞ്ഞ പതിനെട്ട് വർഷമായി മലയാള സിനിമയിൽ പോലീസ് / കള്ളൻ / വില്ലൻ / ഗുണ്ടാ വേഷങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. നാട്ടിൽനിന്ന് വിളി വന്നാൽ അവധിയെടുത്ത് ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്ക് പറക്കും. മാറാത്ത നാട് എന്ന സിനിമയിൽ തുടക്കം. ബാലചന്ദ്ര മേനോന്റെ നീലി, പൃഥ്വിരാജ് നായകനായ ഡ്രൈവിംഗ് ലൈസൻസ് എന്നീ ഏറ്റവും പുതുതായി റിലീസ് ചെയ്തതുൾപ്പെടെ ഇതിനകം 130 സിനിമകളിൽ അഭിനയിച്ച റഹീം ചെമ്മാടിന്റെ അഭിനയ ജീവിതത്തെക്കുറിച്ച്..

അഭിനയം റഹീമിന് ചെറുപ്പത്തിലേ ഹരമായിരുന്നു. സിനിമയും നാടകവും മിമിക്രിയുമൊക്കെ ലഹരിയായി കൊണ്ടുനടന്ന ബാല്യകാലം. പത്താം തരം വരെ മാത്രം പഠനം. അത് കഴിഞ്ഞ് ജീവിത സമരത്തിലേക്ക്. തുടർപഠനം അസാധ്യമായതോടെ ഡ്രൈവിംഗ് ലൈസൻസെടുത്തു. സ്വകാര്യബസ് ഡ്രൈവറായി. ദീർഘദൂര സർവീസുകളിൽ നല്ല വേഗത്തിൽ ബസുകൾ ഓടിക്കുന്നതിന്റെ ത്രിൽ രസകരമായിരുന്നുവെന്ന് റഹീം. അന്നേ ബോഡി ബിൽഡിംഗിൽ ശ്രദ്ധാലുവായിരുന്നു.


തൽസമയ വാർത്തകൾക്കായി മലയാളം ന്യൂസ് വാട്‌സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക


സ്ഥിരമായി ജിംനാസ്റ്റിക് പരിശീലനം. (1992 ൽ ഓവർ സ്പീഡിന് പിഴയൊടുക്കേണ്ടി വന്ന റഹീം, ഇക്കഴിഞ്ഞ ഡിസംബർ 20 ന് തിയേറ്ററുകളിലെത്തിയ, ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസൻസ് എന്ന പടത്തിൽ ട്രാഫിക് ലംഘകർക്കെതിരെ നടപടിയെടുക്കുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുടെ വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടതെന്നത് രസകരമായ ആകസ്മികത!)
ഇരുപത്തേഴ് കൊല്ലം മുമ്പ് ജിദ്ദയിലെത്തിയ റഹീം അന്ന് മുതൽ ഇന്ന് വരെ ലിമോസിൻ ഓടിച്ച് ജീവിക്കുന്നു. 


- അൽഹംദുലില്ലാ... എന്റെ ജീവിതം ഹാപ്പി. സിനിമയിൽ അഭിനയിക്കുന്ന കാര്യമൊന്നും വല്ലാതെ പരസ്യമാക്കണ്ട. അടുത്ത സുഹൃത്തുക്കൾക്ക് മാത്രമേ ഇക്കാര്യമറിയൂ. അതിലൊരാളായ ഷാജിച്ചേട്ടനാണ് (പത്തനംതിട്ട പ്രവാസി സംഘം നേതാവ് ഷാജി ഗോവിന്ദ്) എന്റെ സിനിമാ ജീവിതം പ്രവാസികൾ അറിയണമെന്ന് പറഞ്ഞ് താങ്കളുടെ അടുത്തെത്തിച്ചത്...
റഹീം പറഞ്ഞു.


- കഴിയുന്നിടത്തോളം ജിദ്ദയിൽതന്നെ പിടിച്ചു നിൽക്കണമെന്നാണ് ആഗ്രഹം. സിനിമയിലെ എക്‌സ്ട്രാ റോളുകൾ ഇഷ്ടമാണെങ്കിലും സ്ഥിരമായ ജീവിത മാർഗമാക്കാനാവില്ലല്ലോ. ജൂനിയർ ആർട്ടിസ്റ്റിന്റെ പരിമിതികൾ എനിക്ക് നല്ലപോലെ അറിയാം. സിനിമ എന്റെ സിരകളിൽ ആവേശമാണ്. ഒരു പക്ഷേ നല്ലൊരു റോൾ ലഭിച്ച് സഹനടന്റെ സ്ഥാനത്തൊക്കെ എത്തുമ്പോൾ പ്രവാസം നിർത്തിയേക്കും.. -റഹീം പറഞ്ഞു.


റോളുകൾ എത്ര ചെറുതാണെങ്കിലും നിർമാതാക്കളുടെ അസോഷ്യേറ്റുകളിൽ നിന്ന് ക്ഷണം വരുമ്പോൾ നാട്ടിലേക്ക് പറക്കും, മുഖത്ത് ചായം തേക്കും. പോലീസിന്റെയോ കള്ളന്റെയോ ഫൈറ്ററുടെയോ ഒക്കെ വ്യത്യസ്ത ചമയങ്ങളണിഞ്ഞ് ക്യാമറക്ക് മുമ്പിൽ ആക്ഷൻ ആജ്ഞയ്ക്ക് റെഡിയാകും. അതൊരു ത്രില്ലാണ്. സിനിമാ രംഗത്തെ നൂറുകണക്കിനാളുകളുമായുള്ള സൗഹൃദമാണ് പ്രതിഫലത്തുകയെക്കാൾ എനിക്ക് സിനിമാഭിനയം സമ്മാനിച്ച സമ്പത്തെന്നും റഹീം അഭിപ്രായപ്പെടുന്നു. 
ജൂനിയർ ആർട്ടിസ്റ്റുകൾ തൊട്ട് മമ്മൂട്ടി, മോഹൻലാൽ വരെയുള്ള വലിയൊരു സുഹൃദ്‌നിര റഹീമിനുണ്ട്. ഇവരെയൊക്കെ നേരിൽ വിളിക്കാനുള്ള സ്വാതന്ത്ര്യവും റഹീമിനുണ്ട്. നിർമാണ, സംവിധാന രംഗങ്ങളിലെ പ്രശസ്തരും അപ്രശസ്തരുമായ നിരവധി ആത്മസുഹൃത്തുക്കളാണ് റഹീമിനുള്ളത്.


ഖാൻ സാഹിബ് എന്ന സുഹൃത്ത് വഴിയാണ് റഹീം ആദ്യമായി ചലച്ചിത്ര രംഗത്തേക്ക് വരുന്നത്. ടി.എ റസാഖ് തിരക്കഥയെഴുതി ഹരിദാസ് സംവിധാനം ചെയ്ത 'മാറാത്ത നാട്' എന്ന പടത്തിലാണ് ആദ്യമായി അഭിനയിച്ചത്. മാറാട് കലാപത്തിന്റെ പശ്ചാത്തലത്തിലുള്ള ആ സിനിമയിൽ വില്ലന്റെ റോളിലായിരുന്നു റഹീം. 
ലാൽ ജോസിന്റെ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലെ സർക്കിൾ ഇൻസ്‌പെക്ടറുടെ വേഷം ഒരു ബ്രേയ്ക്കായി. ഇതോടെ ചില നല്ല കഥാപാത്രങ്ങളും ലഭിച്ചു. കിട്ടിയ വേഷങ്ങളിലൊക്കെ നന്നായി തിളങ്ങാൻ കഴിഞ്ഞുവെന്നതാണ് പുതിയ അവസരങ്ങൾക്ക് കാരണമായത്. ജൂനിയർ ആർട്ടിസ്റ്റുകളെ ഏകോപിപ്പിക്കുന്ന റഫീഖ് എന്ന സുഹൃത്തിനോടുള്ള കടപ്പാട് റഹീം എടുത്ത് പറഞ്ഞു.


പാപ്പി അപ്പച്ചൻ, വൈക്കം സത്യഗ്രഹം, കംഗാരു, തിരുവമ്പാടി തമ്പാൻ, നോട്ട്ബുക്ക്, ബാബാ കല്യാണി, മായാവി, ബിഗ് ബി, ഛോട്ടാ മുംബൈ, അലി ഭായ്, സ്മാർട്ട് സിറ്റി തുടങ്ങിയ സിനിമകളിലെ ചെറുതെങ്കിലും ശ്രദ്ധേയ വേഷങ്ങൾ റഹീമിന് മറക്കാനാവില്ല. പാപ്പി അപ്പച്ചനിൽ പ്രതിനായകന്റെ സുഹൃത്തായാണ് അഭിനയിക്കുന്നത്. അത് ഏറെ ശ്രദ്ധിക്കപ്പെട്ടു.
ബസ്മതി ബ്ലോസം എന്ന ഇംഗ്ലീഷ് ചിത്രത്തിൽ നായകനോടൊപ്പമുള്ള ബ്ലാക് ക്യാറ്റ് സംഘത്തലവനായും അഭിനയിക്കാൻ അവസരം കിട്ടി. സത്യരാജ് പ്രധാന വേഷം അഭിനയിച്ച പെരിയവർ എന്ന തമിഴ് ചിത്രത്തിൽ പോലീസ് വേഷമാണ് റഹീമിന്. കാർത്തി അഭിനയിച്ച അലക്‌സ് പാണ്ഡ്യനിലും മോശമല്ലാത്ത റോൾ കിട്ടി. ഇതിനിടെ ഒരു തെലുങ്ക് ചിത്രത്തിലും അഭിനയിച്ചു. ചില പരസ്യ ചിത്രങ്ങളിലും നല്ല റോളുകളിൽ പ്രത്യക്ഷപ്പെടാനായി.


ഷെഡ്യൂളിന്റെ രണ്ടാഴ്ച മുമ്പെങ്കിലും സെറ്റുകളിൽ നിന്ന് പരിചയക്കാരായ അസോഷ്യേറ്റുകളുടെ അറിയിപ്പ് കിട്ടും. ജോലി ചെയ്യുന്ന ലിമോസിൻ കമ്പനിയിൽ വിവരം പറഞ്ഞ് എക്‌സിറ്റ്-റി എൻട്രി റെഡിയാക്കും. ടിക്കറ്റ് ബുക്ക് ചെയ്ത് ഷൂട്ടിംഗ് തീയതിക്ക് തൊട്ട് മുമ്പ് കേരളത്തിലോ തമിഴ്‌നാട്ടിലോ ഉള്ള ലൊക്കേഷനുകളിൽ പറന്നെത്തും. ഇങ്ങനെ രണ്ടോ മൂന്നോ മാസം കൂടുമ്പോൾ പല തവണ ഷൂട്ടിംഗിനായി ജിദ്ദയിൽ നിന്ന് പോകേണ്ടി വന്നിട്ടുണ്ട്.
താൻ അഭിനയിച്ച അധിക പടങ്ങളും റഹീമിന് തിയേറ്ററുകളിൽ ഇരുന്ന് കാണാൻ കഴിഞ്ഞിട്ടില്ല. പിന്നീട് അവയിൽ ചിലതൊക്കെ യുട്യൂബിൽ കാണും. അപൂർവം ചിത്രങ്ങളുടെ ടൈറ്റിലുകളിൽ തന്റെ പേര് മിന്നിപ്പൊലിയുന്നത് കണ്ട് റഹീം നിഗൂഢമായി ആനന്ദിക്കും. ജിദ്ദയിലെ വളരെ ചുരുക്കം പരിചയക്കാർക്കിടയിൽ മാത്രമേ തന്റെ സിനിമാനുഭവങ്ങൾ റഹീം പങ്ക് വെക്കാറുള്ളൂ.


തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശി ആയിഷയാണ് റഹീമിന്റെ ജീവിതപങ്കാളി. പ്രൊഫഷണൽ ഫോട്ടോഗ്രഫി രംഗത്തെ പുതുവാഗ്ദാനമായ ഫൈറൂസ്, ഷഹീറ ബാനു, ഫാത്തിൻ ഫിദ എന്നിവർ മക്കൾ. 
പ്രവാസത്തിന്റെ അതിജീവനത്തിനായി രാപകൽ ടാക്‌സിക്കാറിന്റെ വളയം പിടിക്കുമ്പോഴും ഫഌഷ് വെളിച്ചത്തിൽ കുളിച്ച ഫിലിം ലൊക്കേഷനുകളിലെ നിറപ്പൊലിമയിലേക്കാണ് ഈ കലാപ്രേമി ആവേശത്തോടെ ഗിയർ മാറ്റുന്നത്.

Latest News