Sorry, you need to enable JavaScript to visit this website.

ജിദ്ദയിലെ ദുരന്തം: ബാഴ്‌സ കോച്ച് പുറത്ത്

ബാഴ്‌സലോണ - ജിദ്ദയില്‍ നടന്ന സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ ബാഴ്‌സലോണ പുറത്തായതിനു പിന്നാലെ കോച്ച് ഏണസ്‌റ്റൊ വാല്‍വെര്‍ദെയെ പുറത്താക്കി. റയല്‍ ബെറ്റിസിന്റെ മുന്‍ പരിശീലകന്‍ ക്വിക്വെ സെതിയേനാണ് പുതിയ കോച്ച്. ബാഴ്‌സലോണ സീസണിന്റെ പാതി വഴിയില്‍ കോച്ചിനെ പുറത്താക്കുന്നത് അപൂര്‍വമാണ്. അവസാനം സീസണ്‍ മധ്യത്തില്‍ പുറത്താക്കപ്പെട്ടത് 17 വര്‍ഷം മുമ്പ് ലൂയിസ് വാന്‍ഹാലാണ്. അറുപത്തൊന്നുകാരനായ സെതിയേന്‍ കളിക്കുന്ന കാലത്ത് അത്‌ലറ്റിക്കൊ മഡ്രീഡിന്റെ മിഡ്ഫീല്‍ഡറായിരുന്നു. 
കഴിഞ്ഞ ദിവസങ്ങളില്‍ പരസ്യമായിത്തന്നെ ബാഴ്‌സലോണ അധികൃതര്‍ പകരം കോച്ചിനായി വല വീശിയിരുന്നു. ബാഴ്‌സലോണയുടെ രോമാഞ്ചമായിരുന്ന ഷാവി, പഴയ കളിക്കാരിലൊരാളായ തിയറി ഓണ്‍റി, റൊണാള്‍ഡ് കൂമാന്‍, മൗറിഷിയൊ പോചറ്റീനൊ എന്നിവരുമായി ക്ലബ് ചര്‍ച്ച നടത്തി. ബാഴ്‌സലോണയെ പരിശീലിപ്പിക്കുന്നത് സ്വപ്‌നമാണെന്ന് പ്രഖ്യാപിച്ചിരുന്ന ഷാവിയും കൂമാനും സീസണ്‍ മധ്യത്തില്‍ ചുമതലയേറ്റെടുക്കാന്‍ വിസമ്മതിച്ചു. ഒടുവില്‍ തിങ്കളാഴ്ച രാവിലെ പരിശീലന സെഷന് വാല്‍വെര്‍ദെ തന്നെ നേതൃത്വം നല്‍കാനെത്തി. അതിനു ശേഷമാണ് ക്ലബ് പ്രസിഡന്റ് കൂടിക്കാഴ്ചക്ക് ക്ഷണിച്ചത് രാത്രിയാണ് വാല്‍വെര്‍ദെയെ തീരുമാനം അറിയിച്ചത്. 2017 ല്‍ ചുമതലയേറ്റ വാല്‍വെര്‍ദെ കരാര്‍ അവസാനിക്കാന്‍ ആറു മാസം ശേഷിക്കെയാണ് പുറത്താവുന്നത്. 
സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ ഒന്നാം സ്ഥാനത്തു നില്‍ക്കെയാണ് വാല്‍വെര്‍ദെ ഒഴിയുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ നോക്കൗട്ട് റൗണ്ടിലെത്തിയിട്ടുമുണ്ട്. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ നാടകീയമായി തോറ്റപ്പോഴും കോപ ഡെല്‍റേ ഫൈനലില്‍ കീഴടങ്ങിയപ്പോഴും സ്ഥാനം നിലനിര്‍ത്തിയ വാല്‍വെര്‍ദെക്ക് സ്പാനിഷ് സൂപ്പര്‍ കപ്പിലെ തിരിച്ചടിയാണ് അവസാന പ്രഹരമായത്. ജയിക്കാവുന്ന മത്സരത്തില്‍ സെമി ഫൈനലില്‍ അത്‌ലറ്റിക്കൊ മഡ്രീഡിനോട് തോറ്റാണ് നിലവിലെ ചാമ്പ്യന്മാര്‍ പുറത്തായത്. 
 

Latest News