Sorry, you need to enable JavaScript to visit this website.

കേരളത്തിന്റേത് നാടകീയ ജയം

തിരുവനന്തപുരം - വിജയസാധ്യത മാറിമറിഞ്ഞ രഞ്ജി ട്രോഫി മത്സരത്തില്‍ ജലജ് സക്‌സേനയിലൂടെ കേരളത്തിന് ഈ സീസണിലെ ആദ്യ വിജയം. 21 റണ്‍സിന് പഞ്ചാബിനെ കേരളം തോല്‍പിച്ചു. 51 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റാണ് സ്പിന്നര്‍ സ്വന്തമാക്കിയത്. ആദ്യ ഇന്നിംഗ്‌സില്‍ പെയ്‌സ്ബൗളര്‍ എം.ഡി നിധീഷും ഏഴു വിക്കറ്റെടുത്തിരുന്നു.
146 എന്ന ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 124 റണ്‍സിന് ഓളൗട്ടായി. ഒരുവശത്ത് മാറാതെ 23.1 ഓവറാണ് ജലജ് എറിഞ്ഞത്. 
പഞ്ചാബിന്റെ മറുപടി തുടക്കത്തിലേ പാളി. രണ്ടാമത്തെ പന്തില്‍ ജലജിനെ സ്വീപ് ചെയ്യാന്‍ ശ്രമിച്ച രോഹന്‍ മര്‍വയെ വിക്കറ്റ്കീപ്പര്‍ അസ്ഹറുദ്ദീന്‍ കൈക്കലാക്കി. സന്‍വീര്‍ (18) മൂന്നു ബൗണ്ടറിയുമായി തിരിച്ചടിക്കാന്‍ ശ്രമിച്ചു. രണ്ടിന് 38 ല്‍ നിന്ന് ഒരോവറിനിടെ പഞ്ചാബ് അഞ്ചിന് 40 ലേക്ക് തകര്‍ന്നു. 
ഗുര്‍കീരാത് മാനും (18) അനുമോല്‍ മല്‍ഹോത്രയും (14) ചേര്‍ന്നാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന ശ്രമിച്ചത്. ആറാം വിക്കറ്റില്‍ ഇരുവരും 28 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഇരുവരെയും ജലജ് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ പഞ്ചാബ് എട്ടിന് 89 ലേക്ക് തകര്‍ന്നിരുന്നു. എന്നാല്‍ ഒമ്പതാം വിക്കറ്റില്‍ സിദ്ധാര്‍ഥ കൗളും (22) മായാങ്ക് മാര്‍ഖണ്ഡെയും (23) തിരിച്ചടിച്ചതോടെ കേരളം ആശങ്കയിലായി.  ഇരുവരും 33 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 
ചായക്കു പിരിഞ്ഞതോടെയാണ് കേരളം മത്സരത്തിലേക്കു തിരിച്ചുവന്നത്. തിരിച്ചുവന്ന് മൂന്നാമത്തെ പന്തില്‍ നിധീഷ് കേരളത്തിന് ബ്രെയ്ക്ത്രൂ നല്‍കി. ഔട്‌സ്വിംഗറിനു ബാറ്റ് വീശിയ സിദ്ധാര്‍ഥ കൗളിനെ വിക്കറ്റ്കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ പിടിച്ചു. വൈകാതെ മാര്‍ഖണ്ഡെയെ പുറത്താക്കി മൂന്നാം ദിനം തന്നെ ജലജ് കേരളത്തിന് വിജയം സമ്മാനി്ചു. മാര്‍ഖണ്ഡെയുടെ ബാറ്റിനെ തലനാരിഴ സ്പര്‍ശിച്ച പന്ത് ബാക്‌വേഡ് ഷോട്‌ലെഗില്‍ ക്യാപ്റ്റന്‍ സചിന്‍ ബേബിയുടെ കൈയിലേക്കിറങ്ങി. 
മൂന്നാം ദിനം അഞ്ചിന് 88 ല്‍ ഇന്നിംഗ്‌സ് പുനരാരംഭിച്ച കേരളം 136 ന് ഓളൗട്ടായിരുന്നു. സിദ്ധാര്‍ഥ താണ്ഠവമായിടയപ്പോള്‍ കേരളത്തിന്റെ അവസാന അഞ്ച് വിക്കറ്റ് അര മണിക്കൂറില്‍ നിലംപൊത്തി. സിദ്ധാര്‍ഥയെ രണ്ട് ബൗണ്ടറിക്കും ഗുര്‍കീരാതിനെ സിക്‌സറിനും പായിച്ച് അസ്ഹറുദ്ദീന്‍ പ്രതീക്ഷ നല്‍കിയതായിരുന്നു. എന്നാല്‍ സിദ്ധാര്‍ഥയുടെ ഇന്‍സ്വിംഗര്‍ അസ്ഹറിന്റെ സ്റ്റമ്പും കൊണ്ട് പറന്നു. സല്‍മാന്‍ നിസാറും ഏതാനും ബൗണ്ടറി കണ്ടെത്തിയെങ്കിലും കൂട്ട് നഷ്ടപ്പെട്ടു കൊണ്ടിരുന്നു. നിധീഷിനെയും ബെയ്‌സിലിനെയും തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കി സിദ്ധാര്‍ഥ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. 
സ്‌കോര്‍: കേരളം 227, 136, പഞ്ചാബ് 218, 124. 

Latest News