Sorry, you need to enable JavaScript to visit this website.

സാദരം, സാർഥകം, പ്രവാസ പർവം

കേന്ദ്ര സർക്കാരിന്റെ നാരീ പുരസ്‌കാരം നേടിയ ദമാമിലെ സാമൂഹിക പ്രവർത്തക മഞ്ജു മണിക്കുട്ടനെ കേരള മുഖ്യമന്ത്രി ലോക കേരളസഭാ വേദിയിൽ ആദരിക്കുന്നു. 

ലോകമെമ്പാടുമുള്ള മലയാളിയുടെ പ്രതിനിധികൾ ജന്മനാട്ടിൽ സംഗമിക്കുന്ന അത്യപൂർവമായ മഹാസമ്മേളനത്തിന് സാക്ഷിയാകുന്ന മുഹൂർത്തത്തിന് കേരള നിയമസഭാ മന്ദിരം വേദിയൊരുക്കിയ ലോക കേരളസഭ-2020 ശ്രദ്ധേയമായിരുന്നു. പുതുവർഷപ്പുലരിയിൽ തന്നെ ലോക കേരളസഭയുടെ രണ്ടാമത് സമ്മേളനം ചേരാൻ കഴിഞ്ഞത് സന്തോഷകരമായ കാര്യമാണ്. പ്രവാസി സമൂഹത്തിനും അതുവഴി നമ്മുടെ നാടിനും പ്രയോജനപ്പെടുംവിധമുള്ള ഒരു പ്ലാറ്റ്‌ഫോമായി ലോക കേരളസഭയെ മാറ്റിയെടുക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യവുമായാണ് ഈ വർഷത്തെ സമ്മേളനം ചേർന്നത്. നാടിന്റെയും ജനതയുടെയും പൊതുതാൽപര്യത്തിനപ്പുറം ഓരോ വ്യക്തിക്കും ഗുണകരമാകുന്നതുമായ വിധത്തിലുള്ള ആശയ വിഭവ കൈമാറ്റങ്ങൾക്കുള്ള വേദി, പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം അവർക്കുകൂടി പ്രയോജനം ഉറപ്പാക്കുന്ന വിധത്തിൽ നാടിന്റെ വികസനത്തിന് ഉപയോഗിക്കാൻ കഴിയുന്ന സംവിധാനം, പ്രവാസി സമൂഹത്തോടുള്ള ഉത്തരവാദിത്തം കൃത്യമായി നിറവേറ്റാൻ കഴിയുന്ന തരത്തിലുള്ള പ്രവർത്തനം എന്നിവയെല്ലാം ചുരുങ്ങിയ സമയത്തിനുള്ളിൽ ലോക കേരളസഭ വഴി സാധ്യമാക്കാനായിയെന്നത് അഭിമാനകരമാണ്. 
ലോക കേരളസഭയെ ഒരു സാമ്പ്രദായിക വേദിയായി മാറ്റാനായിരുന്നില്ല സർക്കാർ ഉദ്ദേശിച്ചിരുന്നത് എന്നതിന് പ്രത്യക്ഷ ഉദാഹരണമാണ് ഒന്നാം സമ്മേളനത്തിന്റെ പ്രധാന തീരുമാനങ്ങളിലൊന്നായ ലോക കേരളസഭാ സെക്രട്ടറിയേറ്റ്്് രൂപീകരിച്ചത്. ഇതിന്റെ ഭാഗമായി തന്നെ ഏഴ് സ്റ്റാൻഡിങ് കമ്മിറ്റി കൂടി രൂപീകരിച്ചു. അവയുടെ നിർദേശങ്ങളെല്ലാം സമയബന്ധിതമായി നടപ്പാക്കാനും സാധിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ പ്രവാസികളുമായി ബന്ധപ്പെടുന്ന എല്ലാ വിഷയവും സമഗ്രമായി ചർച്ച ചെയ്യാനും അവക്ക്്് കൃത്യമായ പരിഹാരം ഉറപ്പുവരുത്താനും ഒരു പൊതുവേദിയെന്ന നിലയിൽ ലോക കേരളസഭ വലിയ പങ്കാണ് നിർവഹിച്ചു വരുന്നത്. ഇത് ലോകമെമ്പാടുമുള്ള പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയ തോതിൽ ആശ്വാസം പകരുന്നതായാണ് വിലയിരുത്തപ്പെടുന്നത്.  
ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസി പണം ലഭിക്കുന്ന രാജ്യമാണ് ഇന്ത്യയെങ്കിലും ഫലപ്രദമായ വിനിയോഗത്തിന് ഇവിടെ ഒരു സംവിധാനവുമില്ലാത്ത ഈ അവസ്ഥക്ക് ഒരു പരിഹാരം എന്ന നിലക്കാണ് ലോക കേരളസഭ രൂപീകൃതമായത്. പ്രവാസി നിക്ഷേപ കമ്പനി, പ്രവാസി നിർമാണ കമ്പനി, പ്രവാസി ചിട്ടി തുടങ്ങിയവയൊക്കെ ഈ രംഗത്ത് പുതിയ സാധ്യതകൾ തുറന്നിട്ടു കഴിഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ കുടിയേറ്റക്കാരെ അയച്ചിട്ടുള്ള രാജ്യം ഇന്ത്യയാണ്. 1.8 കോടി ഇന്ത്യക്കാർ കുടിയേറ്റക്കാരായി, പ്രവാസികളായി വിദേശത്തു കഴിയുന്നു. കുടിയേറ്റം സംബന്ധിച്ച ആഗോള പ്രവാസ ഉടമ്പടിയും ആഗോള അഭയാർഥി ഉടമ്പടിയും തയാറാക്കാൻ ഐക്യരാഷ്ട്ര സംഘടന അടുത്ത കാലത്ത് സന്നദ്ധമായിട്ടുണ്ട് എന്നത് ശുഭോദർക്കമാണ്. 152 അംഗ രാജ്യങ്ങളുടെ പിന്തുണയോടെ ആഗോള പ്രവാസി ഉടമ്പടി യാഥാർഥ്യമാകുകയാണ്. ഒരു വശത്ത് പ്രവാസികളുടെ അവകാശം സംരക്ഷിക്കുന്നതിനും മറുവശത്ത് നാടിന്റെ വികസന കാര്യത്തിൽ പ്രവാസി സംഭാവനകൾ ഉപയോഗിക്കുന്നതിനും ഇതിൽ വ്യവസ്ഥയുണ്ട്. ഇത് കൃത്യമായി നടപ്പിലാക്കണമെങ്കിൽ ലോക കേരളസഭ പോലുള്ള വേദികൾ ക്രിയാത്മകമായി ചലിച്ചേ മതിയാകൂ. 
ലോക കേരളസഭയുടെ ഓരോ കൂട്ടായ്മയും പ്രവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങളെയും സാധ്യതകളെയും സൂക്ഷ്മമായും സമഗ്രമായും അപഗ്രഥിച്ചു കൊണ്ടാണ് രണ്ടാം ലോക കേരളസഭാ സമ്മേളനം കടന്നുപോയത്. ആഗോള മലയാളി പ്രവാസി സമൂഹത്തിന്റെ വൈവിധ്യവും ഗാംഭീര്യവും വിളിച്ചോതുന്ന രണ്ടാമത് ലോക കേരളസഭയിൽ 47 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്. ഗൾഫ്, സാർക്ക്, ആഫ്രിക്ക, യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ഏഷ്യ, അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്നായി 351 പ്രതിനിധികളാണ് സഭയിലെത്തിയത്. 21 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഇതിൽ ഉൾപ്പെടുന്നു. 28 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളായിരുന്നു രണ്ടു വർഷം മുമ്പ് ആദ്യ സമ്മേളനത്തിലുണ്ടായിരുന്നത്. രണ്ടു വർഷം കൂടുമ്പോൾ മൂന്നിലൊന്ന് അംഗങ്ങൾ വിരമിക്കുകയും ആ ഒഴിവിലേക്ക് പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുകയും ചെയ്യുമെന്ന വ്യവസ്ഥ പ്രകാരം 58 പേർ വിരമിച്ച ഒഴിവിലേക്ക് പുതിയ അംഗങ്ങളെ ഈ സമ്മേളനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക പ്രഖ്യാപനത്തോടെ രണ്ടാം ലോക കേരളസഭാ നടപടികൾ ആരംഭിക്കുകയും പ്രസീഡിയം അംഗങ്ങളെ വേദിയിലേക്ക്്് ക്ഷണിച്ച ശേഷം സഭാ നടപടികളെ സംബന്ധിച്ച് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പ്രഖ്യാപനം നടത്തുകയും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുകയുമായിരുന്നു. ഒന്നാം ലോക കേരളസഭയെ തുടർന്നുള്ള നേട്ടങ്ങളുടെ വീഡിയോ അവതരണത്തിനു ശേഷം ഉച്ച മുതൽ ഏഴ് മേഖലാ യോഗങ്ങൾ നടത്തി വൈകിട്ടോടെ വിഷയാടിസ്ഥാനത്തിലുള്ള എട്ട് വിഷയ മേഖലാ സമ്മേളനങ്ങൾക്ക്്് മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും നേതൃത്വം നൽകി.  ഇതിനു ശേഷം ലോക കേരളസഭ നിയമ നിർമാണത്തിനുള്ള കരട് ബിൽ അവതരിപ്പിക്കുകയായിരുന്നു.
കേരളത്തിന്റെ പൊതു വിഷയങ്ങൾ ചർച്ച ചെയ്യാൻ ഈ വർഷം ആഗോള ഹാക്കത്തൺ (ആഗോള ആശയക്കൂട്ടായ്മ) സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനത്തിൽ പ്രഖ്യാപനം നടത്തി. കേരളത്തിന്റെ സാധ്യതകൾ, പ്രശ്‌നങ്ങൾ, പരിഹാര സാധ്യതകൾ എന്നിവക്ക്്് ഊന്നൽ നൽകുന്നതാകും ആശയക്കൂട്ടായ്മയെന്ന് മുഖ്യമന്ത്രി സഭയിൽ വിശദീകരിച്ചു. ലോകത്തെമ്പാടുമുള്ള പ്രവാസി പ്രൊഫഷണലുകളുടെ സമ്മേളനം സംഘടിപ്പിക്കാനും ഇവരുടെ വൈദഗ്ധ്യവും നൈപുണ്യവും കേരള വികസനത്തിന് ഉപയോഗിക്കുവാനും ഓരോ മേഖലക്കും പ്രത്യേകം സമ്മേളനം സംഘടിപ്പിക്കാനാകുമോ എന്നതു പരിശോധിക്കുമെന്നും ഇതിന് അമേരിക്ക, യൂറോപ്പ് ഉൾപ്പെടെയുള്ള മേഖലകളിലെ ലോക കേരളസഭാംഗങ്ങൾ അതത് മേഖലകളിൽ മുൻകൈയെടുക്കുമെന്ന് മുഖ്യമന്ത്രി വേദിയിൽ അറിയിച്ചതോടെ പ്രവാസി സമൂഹത്തിൽ ആവശ്യമായ നിരവധിയായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാകുമെന്ന പ്രത്യാശ സഭാംഗങ്ങളിൽ ഉണർത്തി.
 

Latest News