Sorry, you need to enable JavaScript to visit this website.

തലശ്ശേരി കോട്ടയ്ക്ക് ചരിത്രത്തിന്റെ ചാമരം

ഇന്ന് പുരാവസ്തു വകുപ്പിന്റെ കീഴിൽ കേടുപാടുകളൊന്നും കൂടാതെ 312 വർഷം പഴക്കമുള്ള തലശ്ശേരി കോട്ട സംരക്ഷിക്കപ്പെടുന്നുണ്ട്. ചരിത്രത്താളുകളിൽ ബ്രിട്ടീഷുകാരുടെ ധീര പടയോട്ടങ്ങളുടെ ശ്രദ്ധാകേന്ദ്രമായി അടയാളപ്പെട്ടതാണ് ഈ കോട്ട. അതേ സമയം നാം കേരളീയർക്കത്, നമ്മുടെ പിടിപ്പുകേടിനാലും അനൈക്യത്താലും മാത്രം ബ്രിട്ടീഷ് സാമ്രാജ്യം നമുക്കു മേൽ അധീശത്വം അടിച്ചേൽപിച്ച ഒരു ഇരുണ്ട കാലത്തിന്റെ കയ്പുള്ള ഓർമപ്പെടുത്തലായി നിലകൊള്ളുന്ന സ്മാരകം കൂടിയാണ്. 

1708 ലാണ് ബ്രിട്ടീഷുകാർ തലശ്ശേരിയിൽ ഒരു കോട്ട പണിയുന്നത്. ആ കോട്ട ഒരു പ്രതീകമാണ്. ജനതക്ക് ഐക്യമില്ലാതെ വരുമ്പോഴാണ് ഭരണാധികാരികൾ അവർക്ക് മേൽ നിർഭയം കരിനിയമങ്ങളും അനിയന്ത്രിത അധികാരങ്ങളും അടിച്ചേൽപിക്കുക എന്ന വലിയ സത്യത്തിന്റെ പ്രതീകം. ജനതയെ ഭിന്നിപ്പിച്ച് ഭരിക്കുന്നവർ കാര്യം കാണുന്നതിന്റെയും ഭരിക്കപ്പെടുന്നവർ കഴുതകളായിത്തീരുകയും ചെയ്യുന്നതിന്റെയും പ്രതീകം കൂടിയാണ് തലശ്ശേരിയിലെ കോട്ട. 312 വർഷങ്ങൾക്ക് മുമ്പ് കോട്ട നിർമിച്ച ബ്രിട്ടീഷുകാർ ഇവിടം വിട്ടുപോയിട്ടും കേരളീയരും ഭാരതീയരുമായ നാം അതിപ്പൊഴും മനസ്സിലാക്കിയിട്ടില്ലെന്നു മാത്രം. 
തലശ്ശേരിയിൽ ബ്രിട്ടീഷുകാർ പണിത കോട്ട വെറുമൊരു കോട്ട മാത്രമല്ല. അതിനപ്പുറം അത് മലബാറിൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പടിപടിയായി അധിനിവേശവും അധികാരവും ഉറപ്പിച്ചതിന്റെ ചരിത്രം കൂടിയാണ്. കച്ചവടാർഥം ഇവിടെയെത്തിയ ബ്രിട്ടീഷുകാർ എങ്ങനെയാണ് സാഹചര്യങ്ങളെ മുതലെടുത്ത് ഭരണാധികാരികളായി മാറിയത് എന്ന വലിയ പാഠമുണ്ട് അതിൽ. വെള്ളക്കാരനെ എല്ലാ കാര്യത്തിലും അന്ധമായി അനുകരിക്കുന്ന മലയാളിയും ഇന്ത്യക്കാരനും ഒരിക്കലും പഠിക്കാത്ത പാഠം. ജാതിയുടെയും മതത്തിന്റെയും അഹങ്കാരത്തിന്റെയും ഗർവിൽ ഭിന്നിച്ചു നിൽക്കുന്ന ജനതയെ ഏതു ദേശത്തും ഏതു രാജ്യത്തുമുള്ള വിദേശിയോ സ്വദേശിയോ ആയ ഭരണാധികാരികൾക്ക് എളുപ്പം കീഴടക്കി ഭരിച്ചു ജയിക്കാമെന്ന വലിയ സത്യമാണത്.
1963 ലാണ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കച്ചവടക്കാർ ആദ്യമായി തലശ്ശേരിയിൽ എത്തുന്നത്. അതിന് മുമ്പേ തന്നെ മലബാറിന്റെ മറ്റു ഭാഗങ്ങളിൽ അവർ കാലുറപ്പിക്കാൻ ശ്രമം തുടങ്ങിയിരുന്നു. യൂറോപ്യൻ രാജ്യങ്ങളിലെ ഏറ്റവും പേരുകേട്ട, കറുത്ത പൊന്ന് എന്ന വിളിപ്പേരുള്ള മലബാറിലെ കുരുമുളകിന്റെ മൊത്ത കുത്തകക്കാരായി മാറുകയായിരുന്നു അവരുടെ ലക്ഷ്യം. കൂടാതെ മലബാറിന്റെ മലയോര മേഖലകളിൽ വിളയുന്ന ഏലവും ഇഞ്ചിയും കാപ്പിയും കറുവപ്പട്ടയും ഉൾപ്പെടെ സകല മലഞ്ചരക്കുകളും ചുളു വിലയ്ക്ക് വാങ്ങി ഇംഗ്ലണ്ടിലേക്ക് കപ്പൽ കയറ്റാനും അവർക്ക് പദ്ധതിയുണ്ടായിരുന്നു. 
അന്ന് മലബാറിന്റെ മലമ്പ്രദേശങ്ങളിൽ നിന്ന് സാധനങ്ങൾ ശേഖരിച്ച് ചുരമിറങ്ങി തലശ്ശേരിയിലെത്താൻ വലിയ ദുർഘടമില്ലാത്ത പാതകളുണ്ടായിരുന്നു. അതേസമയം മലബാറിന്റെ മറ്റു പ്രദേശങ്ങളിൽ ചെന്നത്തുക അങ്ങനെ എളുപ്പമായിരുന്നില്ലതാനും. അതാണ് ബ്രിട്ടീഷുകാരെ തലശ്ശേരിയിലേക്ക് ആകർഷിച്ച പ്രധാന ഘടകം. നാട്ടിലെ പ്രാദേശിക ഏജന്റുമാരിൽ നിന്നും തുഛ വിലയ്ക്ക് ശേഖരിക്കുന്ന മലഞ്ചരക്കുകൾ അവർ തലശ്ശേരിയിലെത്തിച്ചു തുടങ്ങിയത് അങ്ങനെയാണ്. രണ്ടോ മൂന്നോ മാസത്തിൽ ഒരിക്കലാണ് ലണ്ടനിൽ നിന്നും സാധനങ്ങൾ കയറ്റാനായി ഇന്ത്യയിലേക്ക് കപ്പൽ വരിക. ശേഖരിച്ച സാധനങ്ങൾ അത്രയും കാലം സൂക്ഷിക്കാനായി തങ്ങൾക്കൊരു സ്ഥലം വേണമെന്ന് ഇംഗ്ലീഷ് കച്ചവടക്കാർക്ക് തോന്നിത്തുടങ്ങിയത് അപ്പോഴാണ്.
തലശ്ശേരിയിൽ ഇന്ന് കോട്ട നിൽക്കുന്നതിന് അടുത്തുള്ള കടപ്പുറമാണ് അവർ പാണ്ടികശാല കെട്ടുന്നതിനായി നോക്കിവെച്ചത്. വടക്കുംകൂർ നാടുവാഴികളുടെ സ്ഥലമായിരുന്നു അത്. കോലത്തിരി രാജാവിന്റെ കീഴിലായിരുന്നു അവരെങ്കിലും രാജാവുമായി സുഖകരമായ ബന്ധമായിരുന്നില്ല അവരുടേത്. എന്നല്ല, മലബാറിലെ നാട്ടുരാജാക്കൻമാർ തമ്മിലും നാടുവാഴികൾ തമ്മിലും നാടുവാഴികളും നാട്ടുരാജാക്കൻമാരും തമ്മിലും പ്രാദേശികമായി നിരന്തരം കലഹത്തിലുമായിരുന്നു. പരസ്പരം അധീശത്വം അംഗീകരിക്കാതെ പൊരുതുന്ന നാട്ടുരാജാക്കൻമാരുടെയും നാടുവാഴികളുടെയും കീഴിൽ അസ്വസ്ഥതയോടെ ജീവിച്ചവരായിരുന്നു തലശ്ശേരിയുൾപ്പെടെയുള്ള അന്നത്തെ മലബാറിലെ ജനത. തന്ത്രശാലികളും ക്രാന്തദർശികളുമായ ഈസ്റ്റ് ഇന്ത്യാ കമ്പനി ഉ ദ്യോഗസ്ഥൻമാർക്ക് മലബാറിന്റെ ഈ രാഷ്ട്രീയ ചിത്രവും ചരിത്രം വ്യക്തമായും മനസ്സിലാക്കാനായി. അതു മുതലെടുത്തുകൊണ്ടായിരുന്നു അവരുടെ ഓരോ നീക്കവും. 


വടക്കുംകൂറുകാരുടെ സ്ഥലമായ തലശ്ശേരി കടപ്പുറം കോലത്തിരി രാ ജാവ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കാർക്ക് പാണ്ടികശാല കെട്ടാനായി ഉടനടി ന ൽകാൻ തയാറായി. വടക്കുംകൂറുകാരെ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം. അനുമതി കിട്ടിയതോടെ അവിടെ താൽക്കാലിക ഷെഡ് പണിത് ഇംഗ്ലീഷ് കച്ചവടക്കാർ സാധനം ശേഖരിച്ചു തുടങ്ങി. അതേസമയം വടക്കുംകൂറുകാരുടെ സ്ഥലത്ത് അവർക്ക് ഇഷ്ടമില്ലാതെയാണ് തങ്ങൾ പാണ്ടികശാല പണിതത് എന്ന് നല്ല ബോധ്യം ഇംഗ്ലീഷുകാർക്കുണ്ടായിരുന്നു. എന്നു മാത്രമല്ല, പാണ്ടികശാലക്ക് നേരെ അവരുടെ ഒരു ആക്രമണം ഉണ്ടായേക്കുമെന്ന സൂചനയും ചാരൻമാർ മുഖേന അവർക്ക് കിട്ടി. ഒരുനാൾ അത് സംഭവി ക്കുകയും ചെയ്തു. വടക്കുംകൂറുകാർ തലശ്ശേരി നാടുവാഴിയുമായി കൂട്ടുചേർന്ന് ഒരു രാത്രി പാണ്ടികശാല കത്തിച്ചു. രസകരമായ കാര്യം ചാരൻമാരിൽ നിന്നും മുൻകൂട്ടി ഈ വിവരമറിഞ്ഞ കമ്പനി ഉദ്യോഗസ്ഥർ രാത്രിക്ക് രാത്രി തന്നെ രഹസ്യമായി അവിടുത്തെ സാധനങ്ങളൊക്കെ മറ്റൊരിടത്തേക്ക് കടത്തിയിരുന്നു. അതിനാൽ പാണ്ടികശാല കത്തി നശിച്ചെങ്കിലും അവിടെയുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങളുടെ ശേഖരം മുഴുവൻ അവർക്ക് രക്ഷിച്ചെടുക്കാൻ കഴിഞ്ഞു.
ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥർ പാണ്ടികശാല കത്തിയ സങ്കടം കോലത്തിരി രാജാവിനെ ഉണർത്തിച്ചു. അത് പുതുക്കിപ്പണിയാൻ സഹായി ക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. രാജാവ് അതിന് സമ്മതം നൽകി. പക്ഷേ, ഇക്കുറി കടപ്പുറത്തെ തുറസ്സായ സ്ഥലത്തല്ല, തൊട്ടടുത്ത കുന്നിൻ പ്രദേശത്ത് കോട്ട കെട്ടി തങ്ങളുടെ സാധനങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യമാണ് അവർ മുന്നോട്ട് വെച്ചത്. സാധനം സൂക്ഷിക്കാൻ കോട്ടയെന്തിന് എന്ന് രാജാവ് ചോദിച്ചില്ല. ഒറ്റപ്പെട്ടതും ഉയർന്നതും ആൾതാമസം ഇല്ലാത്തതുമായ ഒരിടത്ത് പാണ്ടികശാല കെട്ടുന്നതെന്തിന് എന്നും അദ്ദേഹം അന്വേഷിച്ചില്ല. അതെന്തായാലും വടക്കുംകൂറുകാരെ ഒതുക്കാനുള്ള വെപ്രാളത്തിനിടയിൽ മുൻപിൻ നോക്കാതെ അദ്ദേഹം അതിനും സമ്മതം മൂളി. 
അറബിക്കടലിന്റെ തീരത്ത്, അതിന് അഭിമുഖമായി ഉയരത്തിലുള്ള ആ കുന്നിൻ പ്രദേശം അതീവ തന്ത്രപ്രധാനമാണ് എന്ന് അന്നേ ബ്രിട്ടീഷുകാർക്ക് അറിയാമായിരുന്നു. ആ ഉദ്ദേശ്യത്തോടു കൂടിയാണ് ആ പ്രത്യേക സ്ഥലം കോലത്തിരി രാജാവിൽ നിന്നും അവർ മേടിച്ചെടുത്തത്. ബ്രിട്ടീഷുകാരുടെ കോളനിവൽക്കരണ ചരിത്രം പരിശോധിച്ചാൽ ലോകത്തിന്റെ പല ഭാഗത്തുമുള്ള കോളനികളിലെ തന്ത്രപ്രധാനമായ ഇടങ്ങളിലാണ് അവർ ആദ്യം കേന്ദ്രീകരിച്ചതെന്നും അവിടെ നിന്നാണ് വർഷങ്ങൾ കൊണ്ട് സൈനിക ശക്തിയിലൂടെ അവർ അധികാരം കൈയടക്കിയതെന്നും കാണാം. ഇവിടെയും അത് തന്നെയാണ് സംഭവിച്ചത്. തലശ്ശേരിയിൽ ഒരു കോട്ട കെട്ടിയതോടെ അവർ കച്ചവടത്തോടൊപ്പം മലബാറിലെ പ്രധാന സൈനിക ശക്തിയായി അതി നെ മാറ്റാനും ശ്രമം തുടങ്ങി. പിൽക്കാലത്ത് അവരുടെ മലബാറിലെ ഏറ്റവും വലിയ സൈനിക കേന്ദ്രമായി കോട്ട മാറി എന്നുള്ളതാണ് ചരിത്രം. മലബാറിന്റെ ഭരണവും പട്ടാള നീക്കങ്ങളും കോട്ടയിൽ നിന്നു തന്നെയായി. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നാണയങ്ങൾ നിർമിക്കുന്ന ഔദ്യോഗിക സ്ഥലം വരെയായി മാറി, പിന്നീട് തലശ്ശേരി കോട്ട.
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉദ്യോഗസ്ഥനായ റോബർട്ട് ആഡംസിന്റെ നേതൃത്വത്തിലാണ് കോട്ടയുടെ നിർമാണം തുടങ്ങിയത്. കോലത്തിരി രാജാവ് നേരിട്ടെത്തി കോട്ടയുടെ നിർമിതിക്ക് മുഹൂർത്തക്കല്ല് നാട്ടുന്ന ചടങ്ങ് നടത്തി എന്നാണ് ചരിത്രം. സ്വന്തം നാടിനെ ബ്രിട്ടീഷുകാർക്ക് അടിയറ വെക്കുന്ന ചടങ്ങിനാണ് താൻ നാന്ദി കുറിച്ചത് എന്ന് അദ്ദേഹം അറിഞ്ഞില്ല. കുമ്മായവും കോഴിമുട്ടയുടെ വെള്ളയും ശർക്കരയും ചുണ്ണാമ്പും ചേർത്ത സുർക്കി എന്ന മിശ്രിതം ഉപയോഗിച്ച,് പ്രാദേശികമായി കൊത്തിയെടുത്ത ചെങ്കല്ലിലാണ് കോട്ട നിർമിച്ചത്. 1908 ഓഗസ്റ്റ് 20 ന് പണി പൂർത്തിയായ കോട്ട കോലത്തിരി രാജാവ് തന്നെ കമ്പനിക്ക് കൈമാറി. ബ്രിട്ടീഷുകാരുടെ മലബാറിലെ രാഷ്ട്രീയ അധിനിവേശത്തിന്റെ ആരംഭമായിരുന്നു അത്.
കച്ചവട സാധനങ്ങൾ സൂക്ഷിക്കുന്ന പാണ്ടികശാലയായി കുറച്ചു കാലം കോട്ട പ്രവർത്തിച്ചു. പിന്നീട് നൂറുകണക്കിന് പട്ടാളക്കാരെ അവിടെ താമസിപ്പിക്കാൻ തുടങ്ങി. ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിർമിച്ച കോട്ടകളിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു തലശ്ശേരിയിലേത്. മറ്റു പലയിടങ്ങളിലും അവർ കോട്ട കെട്ടിയത് നഗരം, പട്ടണം എന്നിവിടങ്ങളിൽ നിന്നു മാറി ജനവാസമില്ലാത്ത ഒരിടത്തായിരുന്നു. നിർമാണ കാലത്ത് തലശ്ശേരിയിലെ കോട്ട ഒറ്റപ്പെട്ട ഒരിടത്തായിരുന്നു എങ്കിലും കാലന്തരത്തിൽ തലശ്ശേരി എന്ന പട്ടണം വളർന്ന് വികസിച്ചത് ഈ കോട്ടയുടെ അരികു പറ്റിയായിരുന്നു. കോട്ടയെ കടലിൽ നിന്നും 90 അടി ഉയരത്തിൽ കനത്ത കൻമതിൽ കൊണ്ട് കെട്ടി സുരക്ഷിതമാ ക്കിയിരുന്നു. അതുകൊണ്ടു തന്നെ ശത്രുക്കൾക്ക് അത്ര പെട്ടെന്നൊന്നും അവിടേക്ക് എത്തിപ്പെടാൻ കഴിഞ്ഞില്ല കടൽ വഴിയും കര വഴിയും വരുന്ന ശത്രുക്കളെ തിരിച്ചറിയാൻ കോട്ടയുടെ ഈ ഉയരത്തിൽ ഇരുന്നുകൊണ്ട് ബ്രിട്ടീഷ് പട്ടാളക്കാർക്ക് കഴിഞ്ഞു.
രണ്ടേക്കറിലധികം വിസ്തൃതിയുള്ള കോട്ട ചതുരാകൃതിയിലാണ് നിർമിച്ചിരിക്കുന്നത്. കടലിലൂടെ വരുന്ന ബ്രിട്ടീഷ് കപ്പലുകൾക്ക് ദിശാ സൂചന നൽകാൻ കോട്ടയുടെ മുകളിൽ ഒരു ലൈറ്റ് ഹൗസ് ഒരുക്കിയിരുന്നു. മലബാറിലെ ബ്രിട്ടീഷുകാരുടെ മൊത്തം സൈനിക കേന്ദ്രം എന്ന നിലയിലും യുദ്ധത്തടവുകാരെ പാർപ്പിക്കുന്ന ഇടമെന്ന നിലയിലും കോട്ടക്ക് പ്രാധാന്യമേറി. നിരവധി ആയുധപ്പുരകളുണ്ട് കോട്ടയിൽ. കൂടാതെ പീരങ്കി ആക്രമണത്തിനുള്ള സന്നാഹങ്ങൾ, കാവൽ മാടങ്ങൾ എന്നിവയും അവിടെയുണ്ട്. വെല്ലസ്‌ലി പ്രഭു, വീര പഴശ്ശിയുടെ സൈനിക നീക്കങ്ങൾ തടയാനുള്ള ആസൂത്രണങ്ങളും ഗൂഢാലോചനകളും നടത്തിയത് തലശ്ശേരി കോട്ടയിലായിരുന്നു. ഈ കോട്ടയുടെ കീഴിലെ പുൽമൈതാനിയിലാണ് വെല്ലസ്‌ലിയും ബ്രിട്ടീഷ് ഉദ്യോഗസ്ഥൻമാരും ഒരു ഭാഗത്തും നാട്ടുകാർ മറുഭാഗത്തുമായി ഇന്ത്യയിൽ ആദ്യമായി ക്രിക്കറ്റ് കളി ആരംഭിച്ചത്.


നിരവധി ഒളിത്താവളങ്ങളുണ്ട് തലശ്ശേരി കോട്ടയിൽ, കൂടാതെ ഭൂഗർഭ അറകളും. ഉഷ്ണകാലത്ത് തണുപ്പ് പകരുന്ന ഈ അറകൾ ആധുനിക എൻജിനീയറിംഗ് വൈദഗ്ധ്യത്തെ പോലും വെല്ലുവിളിക്കുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്. പടിഞ്ഞാറ് അറബിക്കടലിൽ അവസാനിക്കുന്ന ഒരു രഹസ്യ പാത കോട്ടയിൽ നിന്നും ഭൂമിക്കടിയിലൂടെ നിർമിച്ചിട്ടുണ്ട്. കോട്ടയിലേക്ക് ശത്രു സൈനിക നീക്കമുണ്ടായാൽ അവിടെയുള്ളവർക്ക് രക്ഷപ്പെടാനാണ് ഈ തുരങ്കം. ഇപ്പോൾ അത് സുരക്ഷാ കാരണങ്ങളാൽ അടച്ചിരിക്കുകയാണ്. ഇവിടെ നിന്നും കണ്ണൂർ കോട്ടയിലേക്ക് 22 കിലോമീറ്റർ നീളത്തിൽ മറ്റൊരു രഹസ്യ തുരങ്കവും ഉള്ളതായി പറയപ്പെടുന്നു. നിരവധി പോരാട്ട ചരിത്രങ്ങൾക്ക് മൂകസാക്ഷ്യം വഹിച്ചിട്ടുണ്ട്, തല ശ്ശേരി കോട്ട. 1766 ൽ മൈസൂർ സുൽത്താൻ ഹൈദരലിയുടെ സൈന്യം മലബാറിൽ പ്രവേശിച്ചത് തലശ്ശേരി കോട്ട കേന്ദ്രീകരിച്ചു പ്രവർത്തിച്ച ബ്രിട്ടീഷ് സേനക്ക് വലിയ മാനക്കേടുണ്ടാക്കി. 1780 ൽ മൈസൂർ സൈന്യം കോട്ടക്ക് നേരെ 18 മാസത്തോളം നീണ്ടുനിന്ന ഉപരോധം നടത്തി. പക്ഷേ, ഒടുവിൽ ഹൈദരലിക്ക് പരാജയപ്പെട്ട് പിൻവാങ്ങേണ്ടി വന്നു. മൈസൂർ സൈന്യത്തിന്റെ തലവൻ സർദാർ ഖാനും നിരവധി പടയാളികളും കോട്ടക്കകത്ത് തടവുകാരായി. 1783 ൽ മാക് ലിയോഡിന്റെ നേതൃത്വത്തിലും 1790 ൽ ആംബർ ക്രോംബിയുടെ നേതൃത്വത്തിലും കണ്ണൂരിലെ പോർച്ചുഗീസുകാരുടെ ശക്തി കേന്ദ്രമായ സെന്റ് ആഞ്ചലോ കോട്ട പിടിച്ചെടുക്കാൻ തലശ്ശേരി കോട്ട കേന്ദ്രീകരിച്ച് അതിശക്തമായ സൈനിക നീക്കം ബ്രിട്ടീഷുകാർ നടത്തുകയുണ്ടായി. 
ഇന്ന് പുരാവസ്തു വകുപ്പിന്റെ കീഴിൽ കേടുപാടുകളൊന്നും കൂടാതെ 312 വർഷം പഴക്കമുള്ള തലശ്ശേരി കോട്ട സംരക്ഷിക്കപ്പെടുന്നുണ്ട്. ചരിത്രത്താളുകളിൽ ബ്രിട്ടീഷുകാരുടെ ധീര പടയോട്ടങ്ങളുടെ ശ്രദ്ധാകേന്ദ്രമായി അടയാളപ്പെട്ടതാണ് ഈ കോട്ട. അതേസമയം നാം, കേരളീയർക്കത് നമ്മുടെ പിടിപ്പുകേടിനാലും അനൈക്യത്താലും മാത്രം ബ്രിട്ടീഷ് സാമ്രാജ്യം നമുക്കു മേൽ അധീശത്വം അടിച്ചേൽപിച്ച ഒരു ഇരുണ്ട കാലത്തിന്റെ കയ്പുള്ള ഓർമപ്പെടുത്തലായി നിലകൊള്ളുന്ന സ്മാരകം കൂടിയാണ്.

Latest News