Sorry, you need to enable JavaScript to visit this website.

കുട്ടികൾ കേൾക്കെ പൗരത്വത്തെ പറ്റി മിണ്ടല്ലേ, അവരെ കുട്ടിത്തത്തെ കൊല്ലലേ

വീട്ടിൽ ചെറിയ കുട്ടികളുടെ മുന്നിൽ എൻ.ആർ.സി. യും സി.എ.എ.യും ഒക്കെ സംസാരിക്കുന്നത് സൂക്ഷിച്ച് വേണം.

അനിയന്റെ ഒന്നാം ക്ലാസുകാരനായ മകൻ ഇന്നലെ പറയുന്നത് കേട്ടു, വല്ലിപ്പ(മരണപ്പെട്ട എന്റെ പിതാവിനെയാണ് ഉദ്ദേശിച്ചത്) കയിച്ചിലായില്ലേ?
'എന്തേ?'
'അടിച്ചു കൊല്ലുന്നതിന് മുൻപ് മരിച്ചു പോയില്ലേ'
ഒരു പത്തു മിനിറ്റ് കഴിഞ്ഞ് അവൻ എന്റെ മകളോട് പറഞ്ഞു, 'ആഷിത്താനെ ഒക്കെ വലിയ കുട്ടിയായിട്ടാണല്ലോ പോലീസ് പിടിച്ചോണ്ട് പോവുക, എന്നെ ചെറിയ കുട്ടിയാകുമ്പോൾ തന്നെ ഓല് പിടിച്ചോണ്ട് പോകും'
മോൾ ഇത് റിപോർട്ട് ചെയ്ത് കഴിഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു.
***
സഹപ്രവർത്തകൻ അദ്ദേഹത്തിന്റെ മൂന്നര വയസ്സുള്ള പേരക്കുട്ടിയുടെ കഥ പറഞ്ഞു, ഉമ്മയുടെ കൂടെ നമസ്‌കാരപ്പായയിലിരുന്ന് അവൾ കുഞ്ഞു കൈകൾ മേലോട്ട് കുമ്പിളാക്കി പ്രാർത്ഥിക്കുന്നു. എന്താണ് പ്രാർത്ഥിക്കുന്നത് എന്ന് ചോദിച്ചപ്പോൾ,നമ്മളെ വീട്ടിൽ നിന്ന് ആട്ടിപ്പായിക്കാതിരിക്കാനാണ് എന്ന് മറുപടി പറഞ്ഞത്രെ.
***
ഇന്നലെതന്നെ പ്രൈമറി സ്‌കൂൾ അദ്ധ്യാപകൻ സമാന സംഭവം പങ്കു വെക്കുകയായി. ആട്ടിപ്പായിക്കുമ്പോൾ തങ്ങഓടൊപ്പം പോരേണ്ടി വരില്ല എന്ന് ഉറപ്പുള്ള കൂട്ടുക്കാരോട് പിഞ്ചു മക്കൾ പറയുന്നത്, എടാ ഞങ്ങളൊക്കെ ഇവിട്ന്ന് പോകും. ങ്ങക്കൊക്കെ നല്ല സുഗാല്ലേ, പേടില്ലല്ലോ' എന്നൊക്കെയാണ്
***
മുതിർന്നവർ കുട്ടികളെ പേടിപ്പിക്കാൻ ബോധപൂർവ്വമോ അവരുടെ സാന്നിദ്ധ്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെയോ അതല്ലെങ്കിൽ അവരുടെ നേരിട്ടുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളായോ അക്കാദമിക ഗൗരവത്തോടെ പൗരത്വ വിഷയം ചർച്ച ചെയ്യാതിരിക്കുക. അതവരുടെ കുട്ടിത്തത്തെ ബാധിച്ചേക്കാം. പേടി വേർപ്പെടാത്ത കൂട്ടുകാരനായി ഭാവിയിൽ അവരിൽ മാനസിക പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം.

സൂക്ഷിക്കുക, അവിദഗ്ധ കരങ്ങളിലെ കുട്ടികളും സ്‌ഫോടക വസ്തുക്കളും മഹാപകടങ്ങളാണ്‌
 

Latest News