2014 ലെ പൊതു തെരഞ്ഞെടുപ്പ് വേള. സോഷ്യൽ മീഡിയയിലാകെ പ്രചാരണ കോലാഹലം. ഗുജറാത്തിലെ തേങ്ങ, മത്തി, വീതിയേറിയ റോഡ്, സിംഗപ്പൂർ, ദുബായ് പോലുള്ള നഗര വീഥികൾ... അത് കഴിഞ്ഞ് മാന്ത്രിക സിദ്ധിയോടെ മോഡി അധികാരമേറ്റു. അമേരിക്കയിൽ ഒബാമ വരുമ്പോൾ ചെയ്ഞ്ച് എന്നതായിരുന്നു സ്ലോഗൻ. ഇന്ത്യയിലെ യുവത്വവും പലതും പ്രതീക്ഷിച്ചു. മോഡി അധികാരമേറ്റ് ഒരു മാസത്തിനുള്ളിലാണ് ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയിൽ മെട്രോ റെയിലും മോണോ റെയിലും ഉദ്ഘാടനം ചെയ്തത്. അതു കഴിഞ്ഞ് ഏതാനും മാസങ്ങൾക്കകം കശ്മീരിലും അസമിലും ബൃഹത്തായ പദ്ധതികൾ തുറന്നു. 3000 കോടിയുടെ സർദാർ വല്ലഭായ് പട്ടേൽ പ്രതിമയല്ലാതെ പിന്നെയൊന്നുമുണ്ടായില്ല. ടൂറിസ്റ്റുകളുടെ പറുദീസയായി മാറുമെന്ന് കണക്കു കൂട്ടിയ കൂറ്റൻ പ്രതിമ സൈറ്റിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങിയെന്നും ഇടക്കാലത്ത് കേട്ടു. ആദ്യ മോഡി സർക്കാറിന്റെ ഏറ്റവും വലിയ മണ്ടത്തരം നോട്ട് ബന്ദിയാണെന്ന കാര്യത്തിൽ ആർക്കും അഭിപ്രായ വ്യത്യാസമുണ്ടാകില്ല. അതുകൊണ്ട് കൂടിയാവുമോ പൗരത്വ നിയമത്തിന്റെ പേരിൽ രാജ്യ വ്യാപകമായി നിലക്കാത്ത പ്രക്ഷോഭങ്ങൾ അരങ്ങേറുന്നത്? കള്ളപ്പണം ഇല്ലാതാക്കാൻ ചെയ്ത പരിഷ്‌കാരത്തിന്റെ ദുരന്തം ഇരുപത് കൊല്ലം കഴിഞ്ഞാലും മാറില്ലെന്നാണ് വിദഗ്ധർ പറയുന്നത്. കുളത്തിൽ കടന്നു കൂടിയ പാമ്പിനെ തുരത്താൻ കുളം വറ്റിക്കുന്നതു പോലുള്ള ഏർപ്പാടെന്ന് വിശേഷിപ്പിച്ച് പുതിയ കണക്കെടുപ്പിൽ ബുദ്ധിജീവികൾ ആശങ്ക പ്രകടിപ്പിക്കുന്നത് വെറുതെയാവില്ല. വിവാദമായ അസമിലെ സ്ഥിതി വിവര ശേഖരണത്തിന് മാത്രം 8000 കോടി രൂപ ചെലവായെന്നാണ് കേട്ടത്. ഇന്ത്യയെന്ന വിസ്തൃത രാജ്യത്ത് ഇത്രയേറെ തുക വിനിയോഗിച്ച് ഈ ഏർപ്പാട് നടത്താൻ നമുക്ക് ശേഷിയുണ്ടോ? ഇതിന്റെ ഉപജ്ഞാതാവ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ്. അദ്ദേഹം നിയമത്തെ കുറിച്ച് ഇംഗ്‌ളീഷിൽ പൂർണ രൂപം പറയുന്നത് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതൊക്കെ കൊണ്ടാവും അമിത് ഷാജി ഇന്ത്യക്ക് ആകെ ഒരു ഭാഷ മതിയെന്നും എല്ലാവരും ഹിന്ദിയിൽ സംസാരിക്കണമെന്നും മുമ്പൊരിക്കൽ പറഞ്ഞത്.
ഉത്തരേന്ത്യയിലെ കലാപാഗ്നി കെട്ടടങ്ങിയിട്ടില്ല. പ്രതിഷേധക്കാരാണ് കുഴപ്പക്കാരെന്ന നിലയിൽ ദേശീയ ചാനലുകൾ വാർത്ത സംപ്രേഷണം ചെയ്യുന്നുണ്ട്. ദൽഹിയിൽ സമരക്കാർ ആജ് തക് ടി.വിയുടെ ഒബി വാനിനെ മോഡി കാ ആദ്മി എന്ന് വിളിച്ച് ആട്ടിയോടിക്കുന്നതും കണ്ടു. ന്യൂസ് 18 ഹിന്ദിയിൽ യു.പിയിലെ സംഘർഷമാണ് സന്ധ്യാ സംവാദത്തിൽ. കണ്ടാലൊരു സന്ന്യാസിയുടെ ലുക്കുള്ള ഒരാൾ ഇന്ത്യയിലെ മുസ്‌ലിംകളുടെ പൈതൃകം എടുത്തു പറയുന്നു. ഹൈദരാബാദിലെ ഉവൈസിയുടെ പാരമ്പര്യമല്ല അവരുടേത്. സ്വാതന്ത്യ സമരത്തിൽ പങ്കെടുത്ത ഇന്ത്യയുടെ മഹത്തായ സംസ്‌കാരത്തിൽ അഭിമാനിക്കുന്നതാണ് പാരമ്പര്യം. അല്ലെങ്കിലും ഇയാളെ ആരാണ് മുസ്‌ലിം വക്താവായി നിയമിച്ചത്?
*** *** ***
പ്രതിഷേധം ബോളിവുഡിലും കോളിവുഡിലും കൊച്ചിയിലും അരങ്ങേറുന്നുണ്ട്. കൊച്ചിയിലെ ലോംഗ് മാർച്ചിൽ പല തരം സംഘങ്ങളായിരുന്നു. ഹിന്ദിയിൽ കോടികൾ പ്രതിഫലം വാങ്ങുന്ന ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ എന്നിവർ പൗരത്വ നിയമത്തെ കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ലെന്നാണ് സോഷ്യൽ മീഡിയയിലെ ആരോപണം. സല്ലു നല്ല പുള്ളിയാണ്. മോഡി ആദ്യ ഇലക്ഷന് തയാറെടുക്കുന്ന കാലത്ത് ഫെബ്രുവരിയിൽ അഹമ്മദാബാദിൽ ചെന്ന് ഒരു ദിവസം മുഴുവൻ പ്രാവിനെ പറത്തി സൊറ പറഞ്ഞിരുന്ന മനുഷ്യനാണ്. സൽമാൻ ഖാൻ സ്വന്തം ചിത്രമായ ദബംഗ് 3 റിലീസ് ചെയ്യാനുള്ള തിരക്കിലുമാണ്. പ്രധാനമന്ത്രി മോഡിയെ വെറുപ്പിക്കാൻ തങ്ങളില്ലെന്ന നിലപാടാണ് മൂന്ന് ഖാൻമാരും സ്വീകരിച്ചിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗത്തിൽപെട്ട മറ്റു താരങ്ങളുടെ അവസ്ഥയും ഇതൊക്കെ തന്നെയാണ്. കേന്ദ്ര ഏജൻസികളെ നിയന്ത്രിക്കുന്ന പാർട്ടിയെ വെറുപ്പിച്ചാൽ 'പണി'യാകുമെന്ന ഉപദേശം താരങ്ങൾക്കും ഇതിനകം ലഭിച്ചിട്ടുണ്ട്. ഇതു പേടിച്ചിട്ടാണ് സൂപ്പർ താരങ്ങളുൾപ്പെടെ പൗരത്വ ഭേദഗതി നിയമത്തിൽ മൗനം തുടരുന്നത്. പൗരത്വ നിയമ പ്രതിഷേധങ്ങളെ കുറിച്ച് പഠിച്ചു വരികയാണെന്ന് സെയ്ഫ് അലി ഖാൻ പറഞ്ഞു. അനുരാഗ് കശ്യപ്, അപർണ സെൻ, സ്വര ഭാസ്‌കർ, മുഹമ്മദ് സീഷാൻ അയ്യൂബ് എന്നിവർ യു.പിയിലെ പോലീസ് അതിക്രമത്തെ അപലപിച്ചു. വെടിവെപ്പിനെ തുടർന്ന് ജനങ്ങൾ മരിച്ച സംഭവത്തിൽ സ്വതന്ത്രമായ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഇന്ത്യയില്ലെങ്കിൽ ബോളിവുഡ് ഇല്ലെന്ന് അത്ര തന്നെ അറിയപ്പെടാത്ത ഈ താരങ്ങൾ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
പ്രതിഷേധിച്ച മലയാളത്തിലെ യുവതാരങ്ങൾ ഉൾപ്പെടെ വെട്ടിലുമായി. ഇവർക്കെതിരെ രൂക്ഷമായി യുവമോർച്ച നേതാവ് സന്ദീപ് വാര്യർ ചാനൽ ചർച്ചയിൽ പ്രതികരിച്ചു. യഥാർത്ഥത്തിൽ വാങ്ങുന്ന പ്രതിഫലത്തിന്റെ നികുതിയല്ല ഭൂരിപക്ഷ താരങ്ങളും അടയ്ക്കുന്നത്. മലയാള താരങ്ങൾ ഉൾപ്പെടെ ഓവർസീസ് റൈറ്റ് എഴുതി വാങ്ങിയും നികുതി വെട്ടിപ്പ് നടത്തുന്നുണ്ട്. ശമ്പളത്തിന് പുറമേയാണ് ഓവർസീസ് റൈറ്റ് സൂപ്പർ താരങ്ങൾ സ്വന്തമാക്കുന്നത്. ഇതു വഴി മാത്രം കോടികളുടെ നേട്ടമാണ് അവർക്കുണ്ടാകുന്നത്. ആയിരക്കണക്കിന് കോടികളുമായി ബാങ്കുകളെ വെട്ടിച്ച് വിദേശത്തേക്ക് കടന്ന മഹാൻമാരുമായി തട്ടിച്ചു നോക്കുമ്പോൾ ഇതൊക്കെ ചീള് കേസ്.
സിനിമാ താരങ്ങളുടെ നികുതി വെട്ടിപ്പിനെതിരെ മുൻകാലങ്ങളിലും വിപുലമായ റെയ്ഡുകൾ ആദായ നികുതി വകുപ്പ് നടത്തിയിട്ടുണ്ട്. അത്തരമൊരു റെയ്ഡിൽ കണ്ടെത്തിയ ആനക്കൊമ്പാണ് മോഹൻ ലാലിന് ഇപ്പോഴും കുരുക്കായി മാറിയിരിക്കുന്നത്. ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത ആനക്കൊമ്പ് പിന്നീട് വനം വകുപ്പിന് കൈമാറുകയാണുണ്ടായത്. ഈ കേസിൽ മോഹൻ ലാലിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
ഇന്ത്യയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും പ്രതിസന്ധി മറികടക്കാൻ ഇന്ത്യൻ സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും അന്താരാഷ്ട്ര നാണയ നിധി ഐ.എം.എഫ്. ഉപഭോഗവും നിക്ഷേപവും കുറയുന്നതും നികുതി വരുമാനം കുറയുന്നതും മറ്റു ഘടകങ്ങളും മാന്ദ്യത്തിലാക്കിയെന്ന് ഐ.എം.എഫിന്റെ വാർഷിക അവലോകനത്തിൽ പറയുന്നു. അവിടെയും പഴയ എസ്.എഫ്.ഐക്കാർ കയറിക്കൂടിയതാവുമോ?
*** *** ***
വ്യത്യസ്ത രീതികളിലാണ് പലയിടങ്ങളിലും പ്രതിഷേധങ്ങൾ നടക്കുന്നത്. വിവാഹ പന്തലിൽ മുദ്രാവാക്യം വിളിക്കുന്ന വരന്റെയും പ്രതിവാക്യം ചൊല്ലുന്ന വധുവിന്റെയും വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. മലപ്പുറം കരുവാരക്കുണ്ട് പുൽവെട്ടിയിലെ കൊറ്റങ്ങോടൻ അഹ്‌സൻ തന്റെ വിവാഹപ്പന്തലിൽനിന്ന് വിളിക്കുന്ന ഹിന്ദി മുദ്രാവാക്യങ്ങൾക്ക് വധു സുമയ്യാ പർവീണും മറ്റുള്ളവരും 'ആസാദി' എന്ന് ഏറ്റു വിളിക്കുന്ന വീഡിയോയാണ് വൈറലായത്. ദൽഹി സർവകലാശാലാ വിദ്യാർഥിയായിരുന്ന അഹ്‌സൻ ഇപ്പോൾ മധ്യപ്രദേശിലാണ് ജോലി ചെയ്യുന്നത്. സുമയ്യ ബംഗളൂരു അസിം പ്രേംജി സർവകലാശാലയിൽ എം.എ. വിദ്യാർഥിനിയാണ്. സെവൻസ് ഫുട്‌ബോൾ സ്‌റ്റേഡിയമൊന്നാകെ മുദ്രാവാക്യം മുഴക്കുന്ന വീഡിയോയും കഴിഞ്ഞ ദിവസം വൈറലായിരുന്നു. മലപ്പുറം ജില്ലയിലെ വമ്പൻ സെവൻസ് ഫുട്‌ബോൾ സ്‌റ്റേഡിയങ്ങളിലൊന്നായ ഒതുക്കുങ്ങലിൽ സ്‌റ്റേഡിയം ഒന്നാകെ ആസാദി എന്ന് ഇരമ്പിയാർത്തത് കഴിഞ്ഞ ദിവസമാണ്. ഹിന്ദി അക്ഷരങ്ങൾ കൂട്ടി എഴുതുമ്പോൾ ബസിൽ ആളുകൾ കമ്പിയിൽ തൂങ്ങി നിൽക്കുന്നതാണെന്ന് ധരിച്ചുവെച്ച മല്ലൂസ് എത്ര പെട്ടെന്നാണ് രാഷ്ട്ര ഭാഷയിൽ പ്രവീണ്യം നേടിയത്?
*** *** ***
വിവാഹ ക്ഷണവും സൽക്കാരവും ആഡംബരമാകുന്ന ഇക്കാലത്തു വ്യത്യസ്തവും ലളിതവുമായ വിവാഹാഘോഷവുമായി മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാം. 25 വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയിൽ തന്നെ വിവാഹത്തിന് ക്ഷണിച്ചവർക്കെല്ലാം ക്ഷണക്കത്ത് തപാലിൽ അയക്കുകയാണ് എൽദോ. എറണാകുളം കല്ലൂർകാട് സ്വദേശി ഡോക്ടർ ആയ ആഗി മേരി അഗസ്റ്റിനാണ് വധു.
ജനുവരി 12 നാണ് എൽദോ എബ്രഹാമും ഡോ. ആഗിയും തമ്മിലുള്ള വിവാഹം. എം.എൽ.എയെ ക്ഷണക്കത്ത് നൽകി കല്യാണം വിളിച്ചവരുടെ എല്ലാം വീട്ടിൽ എം.എൽ.എയുടെ ക്ഷണക്കത്ത് എത്തും. ഏകദേശം 4800 ഓളം പേർക്ക് തപാലിലൂടെ ക്ഷണക്കത്ത് എത്തുമെന്നാണ് മംഗളം റിപ്പോർട്ട് ചെയ്തത്. ഇതുവരെ തന്നെ വിവാഹം ക്ഷണിച്ചവരുടെ ക്ഷണക്കത്തുകളിലെ വിലാസം കണ്ടെത്തിയാണ് വിവാഹം വിളിക്കാൻ ഒരുങ്ങുന്നത്. മൂത്ത സഹോദരിയുടെ വിവാഹത്തിന് കുറി അടിക്കാനുള്ള പണം ഇല്ലാതിരുന്നതിനാൽ സ്വന്തമായി തയാറാക്കിയ കുറി ഉപയോഗിച്ചാണ് വിവാഹം ക്ഷണിച്ചത്. അന്ന് മുതൽ കിട്ടുന്ന കല്യാണക്കുറികൾ എല്ലാം എൽദോ സൂക്ഷിച്ചു വെക്കുമായിരുന്നു. ക്ഷണക്കത്ത് നൽകാത്തവരെയും കല്യാണത്തിന് വിളിക്കുന്നുണ്ട്. മുമ്പ് പഞ്ചായത്ത് അംഗമായിരുന്ന അദ്ദേഹം എല്ലാ വീടുകളിലും നേരിട്ടു പോയി ക്ഷണിച്ചു. വിവാഹ ക്ഷണക്കത്തിലെ വ്യത്യസ്തതക്കു പുറമെ വിവാഹ സൽക്കാരത്തിലും വെറൈറ്റി ഉണ്ട്. ദോശയും ചമ്മന്തിയും സ്‌ട്രോങ് ചായയുമാണ് അതിഥികൾക്ക് നൽകുന്നത്. മന്ത്രിമാരടക്കം എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എറണാകുളം കുന്നുകുരുടി സെന്റ് ജോർജ് പള്ളിയിൽ വെച്ചാണ് വിവാഹം. തുടർന്ന് വൈകിട്ട് മൂന്നു മുതൽ മൂവാറ്റുപുഴ മുനിസിപ്പൽ മൈതാനത്ത് വിരുന്ന് സൽക്കാരം. മണ്ഡലത്തിലുടനീളം ക്ഷണിച്ചിട്ടുള്ളതിനാൽ ഏകദേശം 20,000 അതിഥികൾ ഉണ്ടാകുമെന്നാണ് എൽദോ പ്രതീക്ഷിക്കുന്നത്.
*** *** ***
മുൻ ഭാര്യ മഞ്ജു വാര്യരുമായി തനിക്ക് ഒരു ശത്രുതയും ഇല്ലെന്നും സിനിമ ആവശ്യപ്പെട്ടാൽ അവരുമായി ഒന്നിച്ച് അഭിനയിക്കുമെന്നും ദിലീപ്. ഡബ്ല്യൂ.സി.സിയിൽ ഉള്ളവരെല്ലാം തന്റെ സഹപ്രവർത്തകർ ആണെന്നും അവർക്കെല്ലാം നല്ലത് വരാൻ ആഗ്രഹിക്കുന്നുവെന്നും ദിലീപ് ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞു. എന്തൊരു മഹാമനസ്‌കത? നടിയെ ആക്രമിച്ച കേസിൽ തനിക്ക് അറിയാവുന്നത് എല്ലാം ഒരിക്കൽ തുറന്നു പറയുമെന്നും ഇപ്പോൾ കേസ് കോടതിയിൽ ആയതിനാൽ പറയനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ രൂപീകൃതമായ സംഘടനയാണ് ഡബ്ല്യൂ.സി.സി. മഞ്ജു വാര്യർ ഉൾപ്പെടെയുള്ളവരാണ് ഇതിനു തുടക്കമിട്ടത്. ചിത്രങ്ങൾ