Sorry, you need to enable JavaScript to visit this website.

ഭരണാധികാരിയുടെ അടിവസ്ത്രത്തിൽ നനവ് പടരുന്നു, അറിയണമെങ്കിൽ വരൂ, ഈ തെരുവ് കാണൂ

ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ ചെരുപ്പുനക്കികൾക്കും വാലാട്ടികൾക്കും അവർക്ക് മുന്നിൽ മുട്ടിലിഴയുന്നവർക്കും മാത്രമായി നടത്തുന്ന മോദി ഭരണം ജനാധിപത്യ പ്രക്ഷോഭത്തെ അടിച്ചമർത്താൻ നരനായാട്ട് നടത്തിയ മറ്റൊരു ദിവസം കൂടിയാണ് ഇന്ന് ഡൽഹിയിലും ഉത്തർപ്രദേശിലും രാജ്യത്തെ മറ്റു പലയിടങ്ങളിലും ഇരുട്ടിലും ഒഴുകിനിറയുന്ന ചോരയുമായി ഇനിയും അവസാനിക്കാതെ നിൽക്കുന്നത്. പ്രതിഷേധിക്കാനുള്ള ഇന്ത്യൻ പൗരന്റെ എല്ലാ സ്വാതന്ത്ര്യത്തെയും നിരോധിച്ചുകൊണ്ടാണ് മോദി സർക്കാർ തെരുവുകളിൽ അഴിഞ്ഞാടാൻ പൊലീസുകാരെയും സംഘപരിവാർ ഗുണ്ടകളേയും അഴിച്ചുവിട്ടത്. സമാധാനപരമായി പ്രക്ഷോഭം നടത്തുന്നവർക്ക് നേരെ ഇരുട്ട് വീണതോടെ കൊടും തണുപ്പിൽ ജലപീരങ്കി ഉപയോഗിച്ച്, ലാത്തിച്ചാർജ് തുടങ്ങിയ പൊലീസ് ആളുകളെ വളഞ്ഞിട്ടു തല്ലിച്ചതയ്ക്കുകയായിരുന്നു. ഇന്ന് രാവിലെ ഭീം ആർമി നേതാവ് ചന്ദ്രശേഖറിനെ പിടികൂടാനുള്ള ശ്രമത്തിൽ നാണംകെട്ട ഡൽഹി പോലീസ് വൈകീട്ട് അതിന്റെ പക മുഴുവൻ തെരുവിൽ തീർക്കുകയാണ്. ഏഴു പേർക്കാണ് ഉത്തർപ്രദേശിൽ പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രക്ഷഭത്തിൽ ജീവൻ നഷ്ടപ്പെട്ടത്.

ഒരു പ്രതിഷേധ പ്രകടനം പോലും നടത്താൻ അനുവദിക്കാതെ കൊളോണിയൽ ബാക്കിപത്രമായ നിയമങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് (CrPC Section 144 അടക്കമുള്ളവ) ഡൽഹിയെ ഒരു ജനാധിപത്യവിരുദ്ധ പ്രേതനഗരമാക്കി മാറ്റിയിരിക്കുന്നത്. യോഗിയുടെ ഉത്തർപ്രദേശിലും ഇതാണവസ്ഥ. എന്നാൽ വിലക്കുകളെ മറികടന്നാണ് ആയിരക്കണക്കിനാളുകൾ ഇന്നും ഡൽഹിയിൽ പ്രകടനം നടത്തിയത്. ഈ കൊടും തണുപ്പിൽ ജലപീരങ്കി കൊണ്ടുള്ള ആക്രമണം ഒരു വെറും കുളിയല്ല എന്നറിയാൻ ഇത്രത്തോളം ഒന്ന് വന്നുപോകേണ്ടിവരും. അത്രയേറെ മനുഷ്യത്വ രഹിതമായാണ് മോദി സർക്കാർ മതാടിസ്ഥാനത്തിൽ ഇന്ത്യൻ പൗരത്വം നിശ്ചയിക്കുന്ന CAA ക്കെതിരായ വൻ ജനകീയ പ്രതിഷേധത്തെ നേരിടുന്നത്.

കഴിഞ്ഞ രണ്ടു ദിവസമായി ഡൽഹിയിലും ഇന്ത്യയുടെ പല ഭാഗങ്ങളിലും കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ഇന്റർനെറ്റ് സേവനവും മൊബൈൽ ഫോൺ സേവനവും തുടർച്ചയായ നിരവധി മണിക്കൂറുകൾ റദ്ദാക്കുകയാണ്. വാസ്തവത്തിൽ പൗരന്റെ മൗലികാവകാശമായ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനെ മറ്റൊരു വഴിയിലൂടെ അടിച്ചമർത്തൽ തന്നെയാണ് ഇത്.

പൗരന്മാർക്കുള്ള ഇന്റർനെറ്റ് സേവനങ്ങൾ രാഷ്ട്രീയകാരണങ്ങളാൽ റദ്ദാക്കുന്നതിൽ ലോകത്തെ മറ്റേതൊരു സമഗ്രാധിപത്യ ഭരണകൂടത്തിനെക്കാളും മുന്നിലാണ് ഇന്ത്യൻ സർക്കാർ. 2014-നു ശേഷം 350 തവണയാണ് ഇന്ത്യയിൽ ഇത്തരത്തിൽ ഇന്റർനെറ്റ്/മൊബൈൽ സേവനങ്ങൾ റദ്ദാക്കിയത്. ലോകത്തു ആകെ റദ്ദാക്കിയതിന്റെ 61% വരുമിത്. 2018-ൽ ലോകത്താകെയായി സർക്കാരുകൾ ഇന്റർനെറ്റ് സേവനങ്ങൾ നിഷേധിച്ച രേഖപ്പെടുത്തപ്പെട്ട 196 സംഭവങ്ങളിൽ 134-ഉം ഇന്ത്യയിലായിരുന്നു. ഈ വർഷം ഇതുവരെ 95 തവണയായി. ഇന്ത്യൻ ഭരണകൂടം സൈനിക ഉപരോധത്തിൽ അടിച്ചമർത്തുന്ന കാശ്മീർ താഴ്വരയിൽ ആഗസ്റ്റ് 9 മുതൽ ഇന്റർനെറ്റ്/മൊബൈൽ സേവനങ്ങൾ നിഷേധിച്ചിരിക്കുകയാണ്. ഇതാണ് ഫാഷിസ്റ്റ് കുറ്റവാളികൾ മോദിയും ഷായും പറയുന്ന 'സ്വാഭാവികത'.

“Temporary Suspension of Telecom Services (Public Emergency or Public Safety) Rules, 2017” പ്രകാരം ആഭ്യന്തര സെക്രട്ടറിയുടെ അന്തിമാനുമതി വേണം ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കാനെങ്കിലും ഇപ്പോഴും CrPC Sec -144-നു കീഴിൽ ഏതെങ്കിലും ജില്ലാ മസ്‌ജിസ്ട്രേറ്റ് അല്ലെങ്കിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് വരെ ഏതു സമയവും നിർത്തിവെപ്പിക്കുന്ന ഒന്നാണ് ഇന്ത്യയിലെ ഇന്റർനെറ്റ് സേവനങ്ങൾ. ആശയവിനിയമത്തിന്റെയും സാമൂഹ്യമായ ദൈനംദിന വ്യവഹാരങ്ങളുടെയും അവിഭാജ്യമായ ഘടകമായി മാറിയ ഇന്റർനെറ്റ്, ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ വേണ്ടിയാണ് സർക്കാർ നിഷേധിക്കുന്നത്. ആശയവിനിമയത്തിനുള്ള മൗലികാവകാശത്തെയാണ്, അഭിപ്രായ സ്വാതന്ത്ര്യത്തെയാണ് ഭരണകൂടം ഇതുവഴി ആക്രമിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ പുതിയ കാലത്തിന്റെ ഈ ജനാധിപത്യ സംവാദ, വ്യവഹാര സാധ്യതയിലേക്ക് ഇന്ത്യൻ കോടതി ഇനിയും തങ്ങളുടെ നീതിവിചാരം Jurisprudential philosophy വളർത്തിയെടുത്തിട്ടില്ല. Gaurav Suresh Bhai vs State of Gujarat (2017)-ൽ ഭരണകൂടത്തിന് ഇക്കാര്യത്തിലുള്ള അനിയന്ത്രിതമായ സ്വാതന്ത്ര്യം അംഗീകരിച്ചുകൊടുക്കുകയാണ് കോടതി ചെയ്തത്.

ഇന്ത്യയിൽ ഇന്റർനെറ്റ് ഉപയോക്താക്കളുടെ 95.13%-വും തങ്ങളുടെ മൊബൈൽ വഴിയാണ് ഈ സേവനം ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ മൊബൈൽ സേവന ദാതാക്കളായ കമ്പനികളോട് സർക്കാർ എപ്പോൾ ആവശ്യപ്പെടുമ്പോഴും പൗരന്മാരുടെ ജനാധിപത്യപരമായ ആശയവിനിമയസാധ്യതകളെ വലിയ തോതിൽ ഇല്ലാതാക്കാൻ ഭരണകൂടത്തിന് കഴിയുന്ന അവസ്ഥയാണുള്ളത്. ഇത്തരത്തിലുള്ള എല്ലാ ജനാധിപത്യവിരുദ്ധ മാർഗങ്ങളും ഉപയോഗിച്ചാണ് മോദി സർക്കാർ പൗരത്വ ഭേദഗതി നിയമം എന്ന ഹിന്ദുരാഷ്ട്ര പ്രഖ്യാപനത്തിനെതിരായ ജനകീയ പ്രതിഷേധത്തെ നേരിടുന്നത്. പക്ഷെ ഏതൊരു ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെയും എന്ന പോലെ ജനങ്ങളുടെ എതിർപ്പും ചെറുത്തുനിൽപ്പും അതിന്റെ ഭയം നിറഞ്ഞ വൈമുഖ്യങ്ങളുടെ ചെറുകെട്ടുകളെ പൊട്ടിച്ചുതുടങ്ങിയാൽ പിന്നെ മുദ്രാവാക്യങ്ങളിൽ നിന്നും മുഷ്ടികളിലേക്കും തീ പിടിച്ച തെരുവുകളിൽ നിന്നും തീക്കാറ്റുപോലുള്ള കലാപങ്ങളിലേക്കും പതുക്കെയാണെങ്കിലും എത്തുകതന്നെ ചെയ്യും.

CAA -യെ പാർലമെൻറ്റിൽ പിന്തുണച്ചുകൊണ്ട് ഇന്ത്യൻ മതേതരത്വത്തെ പിന്നിൽ നിന്നും കുത്തിയ ജനതാദൾ യുണൈറ്റഡിനും ബിജു ജനതാ ദളിനും വരെ താത്‌ക്കാലികമായാണെങ്കിലും NRC തങ്ങളുടെ സംസ്ഥാനങ്ങളിൽ നടപ്പാക്കില്ല എന്ന് പറയേണ്ടിവന്നിരിക്കുന്നു. ഇന്ത്യൻ ഫെഡറൽ സംവിധാനത്തിലെ സമാനതകളില്ലാത്ത ഏറ്റുമുട്ടലിലേക്ക് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ എത്തിക്കുന്ന തരത്തിൽ, പൗരത്വ പട്ടികയുടെ അടിസ്ഥാന രേഖയാക്കി മാറ്റാൻ വേണ്ട തരത്തിൽ പാകപ്പെടുത്തിയ NPR പ്രവർത്തനങ്ങൾ തങ്ങൾ നിർത്തിവെക്കുന്നതായി കേരളവും ബംഗാളും പ്രഖ്യാപിച്ചിരിക്കുന്നു.

ഹിന്ദുത്വ രാഷ്ട്രീയ ഭീകരതയിൽ നിന്നും ഇന്ത്യയുടെ മതേതര ഭരണഘടനയ്ക്ക് വേണ്ടി നടത്തുന്ന ഐതിഹാസികമായ പോരാട്ടമാണിത്. ഈ രാജ്യത്തിന്റെ വൈപുല്യവും വൈവിധ്യവും കണക്കിലെടുക്കുമ്പോൾ ഈ സമരത്തിന്റെ സാധ്യതകൾ ഇനിയും ഉയർന്നുവരാൻ ബാക്കിയാണ്. അത്തരത്തിൽ ഈ പ്രക്ഷോഭത്തെ വളർത്തേണ്ട രാഷ്ട്രീയ ബാധ്യത ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയകക്ഷികൾക്കു കൂടിയാണ്. കാലങ്ങളായി ജനങ്ങളിൽ നിന്നും ദൂരെമാറി കോർപ്പറേറ്റ് ദാസ്യത്തിൽ കഴിഞ്ഞുപോന്ന ഭരണവർഗ കക്ഷികളുടെ ദുർബല രാഷ്ട്രീയ നിലപാടുകൾ അതിനു വേണ്ടത്ര പ്രാപ്തമല്ലെങ്കിലും അവരെ ഈ ചരിത്രപരമായ ചുമതലയിലേക്ക് ജനങ്ങൾ തള്ളിവിടും എന്നുതന്നെ കരുതാം.

നിശബ്ദമാകുന്ന ഓരോ നിമിഷവും നിങ്ങളീ രാജ്യത്തെ, ആധുനികതയിലേക്കുള്ള അതിന്റെ യാത്രയെ, മതേതരമായ ഒരു സ്വതന്ത്ര സമൂഹത്തിനു വേണ്ടിയുള്ള പോരാട്ടത്തെ ഹിന്ദുത്വ രാഷ്ട്രീയ ഭീകരത വേട്ടയാടുന്നതിന് സമ്മതം നൽകുന്ന അടിമയായി പാകപ്പെടുകയാണ്. വംശീയതയുടെയും മതാന്ധതയുടെയും ഇരുട്ടുനിറഞ്ഞ കാലങ്ങളിൽ നിന്നും പുതിയ കടലുകളും കരകളും താണ്ടി മാനവികതയുടെ ഭൂഖണ്ഡങ്ങളിലേക്ക് യാത്ര ചെയ്ത വിശ്വനാഗരികതകളുടെ വിസ്മയചരിത്രത്തിൽ നിന്നും ഒറ്റുകാരനായി നിങ്ങൾ പുറത്തുപോവുകയാണ്. മോദി സർക്കാരിന്റെയും സംഘപരിവാറിന്റെയും ഹിന്ദുത്വ ദേശീയതയുടെടെയും മുസ്‌ലിം ശത്രു നിർമ്മിതിയുടെയും ആഖ്യാനങ്ങൾക്കപ്പുറത്തേക്ക് മതേതര ഭരണഘടനയുടെ ഒരു പുതിയ ചെറുത്തുനില്പിനു് രാജ്യത്തെ ജനാധിപത്യ, മതേതര സമൂഹം മുന്നോട്ടുവന്നിരിക്കുന്നു.

എന്നാൽ ഏതു ജനാധിപത്യ സമരത്തെയും ഹിന്ദുത്വ രാഷ്ട്രീയവികാരം കൊണ്ട് നേരിടാൻ പാകത്തിൽ ഹിന്ദുവത്കരിക്കപ്പെട്ട ഒരു ഭൂരിപക്ഷ പൊതുസമൂഹത്തിനെ സംഘപരിവാർ കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ പ്രവർത്തനം കൊണ്ട് ഏതാണ്ട് ഉണ്ടാക്കിയെടുത്തിട്ടുണ്ട്. നാമജപഘോഷയാത്രയുമായി സ്ത്രീവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ, ആധുനിക സാമൂഹ്യമൂല്യങ്ങളുടെ വിപരീതദിശയിലേക്ക് നടന്ന കേരളം ഇത്തരത്തിലെ ഹിന്ദുവത്‌കൃത സമൂഹത്തിന്റെ അപകടകരമായ പ്രത്യായനം എങ്ങനെയൊക്കെയാകാം എന്നതിന്റെ ചെറിയ സൂചനയാണ് തന്നത്. അതിലുമെത്രയോ ഭീതിദമാണ് ചരിത്രപരമായിത്തന്നെ സംഘപരിവാർ വെറുപ്പിന്റെ പ്രത്യയശാസ്ത്രം വിജയകരമായി കുത്തിവെച്ച ഉത്തരേന്ത്യൻ സമൂഹം. അതുകൊണ്ട് മതേതര ഇന്ത്യക്കായുള്ള, ഹിന്ദു രാഷ്ട്ര പ്രഖ്യാപനത്തിനെതിരായുള്ള ഈ സമരം നമ്മളിൽ നിന്നും ആവശ്യപ്പെടുന്നത് സമാനതകളില്ലാത്ത രാഷ്ട്രീയ ധാരണയും തയ്യാറെടുപ്പും സമര സന്നദ്ധതയുമാണ്.

തെരുവിൽ തോക്കും ലാത്തിയുമായി ഭരണകൂടം നിറയുമ്പോൾ ഓർക്കുക, അധമനായ ഭരണാധികാരിയുടെ അടിവസ്ത്രത്തിൽ നനവ് പടരുന്നുണ്ടെന്ന്. അതാദ്യമറിയുന്നത് അവരാണ്. നിങ്ങളിനിയും അറിഞ്ഞിട്ടില്ലെങ്കിൽ, ഇതാ ഈ തെരുവുകൾ കാണൂ.

Latest News