Sorry, you need to enable JavaScript to visit this website.

അസ്തമയ കടലിന്നകലേ അജ്ഞാത ദ്വീപിലേ...

പേരിൽ നിത്യാനന്ദം കൊണ്ടു നടക്കുന്ന ഒരു സ്വാമി ഭാരതത്തിലുണ്ടായിരുന്നു. വെറുതെ പേരിൽ മാത്രം ഇത് വഹിച്ചു നടന്നിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ മഹാൻ. ഓരോ സെക്കന്റും ആഘോഷപൂർവം ജീവിച്ചു. നിത്യാനന്ദമെന്ന പേരിനെ അന്വർഥമാക്കിയ മാതൃകാ ജീവിതം നയിച്ചു. ഇതൊന്നും കണ്ട് രസിക്കാത്ത അസൂയക്കാരായ പോലീസുകാർ ഏഴ് വർഷം മുമ്പ് പിടിച്ച് ബംഗളുരുവിനടുത്ത കോടതിയിൽ ഹാജരാക്കി. ഇതാണ് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര വാർത്താ ഏജൻസികൾ 2012ലെ ഫയൽ ചിത്രമെന്ന നിലയിൽ പുനരാവിഷ്‌കരിച്ചത്. ആ ചിത്രം കണ്ടാൽ തന്നെ സ്വാമിയെ പൊലീസ് പൊക്കിയതാണെന്ന് ആരും പറയില്ല. ഇന്ത്യയിലെ ഒരു വി.വി.ഐ.പി വൻ പോലീസ് സന്നാഹത്തോടെ നഗര പര്യടനം നടത്തുന്ന ദൃശ്യം. ആൾദൈവമെന്ന് വിളിക്കപ്പെടാനാണ് മൂപ്പർക്ക് ഏറെ ഇഷ്ടം. പി.എസ്.സി, യു.പി.എസ്.സി പരീക്ഷ പാസായിട്ടൊന്നുമല്ലല്ലോ ആർക്കെങ്കിലും ഈ പട്ടം ലഭിക്കുന്നത്. പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി തടങ്കലിൽ വെച്ച കേസിൽ പ്രതിയായതോടെ പ്രത്യേക സിദ്ധി ഉപയോഗിച്ച് മുങ്ങിയ സ്വാമി കരീബിയൻ ദ്വീപ് സമൂഹത്തിൽ സ്വകാര്യ ദ്വീപ് വാങ്ങി  ഹിന്ദു രാജ്യം സ്ഥാപിച്ചു. ഇത്തരം വിഷയങ്ങളെല്ലാം പെട്ടെന്ന് അറിയുന്ന റിപ്പബ്ലിക് ടിവി റിപ്പോർട്ട് ചെയ്തതാണിത്. ആയിരക്കണക്കിന് ഫോളോവർമാരുള്ള നിത്യാനന്ദ യൂട്യൂബ് ചാനലിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കൈലാസ എന്നാണ് പുതിയ രാജ്യത്തിന് നിത്യാനന്ദ പേരിട്ടിരിക്കുന്നത്. അല്ലെങ്കിലും ഈ നേപ്പാളിനെയൊന്നും അങ്ങിനെയങ്ങ് നമ്പാൻ പറ്റില്ലല്ലോ. എപ്പോഴാണത് മാവോവാദികളുടെ രാജ്യമാവുന്നതെന്നാർക്കറിയാം? 
നിത്യാനന്ദ വിദേശത്തേക്ക് കടന്നതായി അറിയിച്ച  ഗുജറാത്ത് പോലീസ് അഹമ്മദാബാദ് വിമാനത്താവളം വരെ അദ്ദേഹത്തെ അനുഗമിച്ചുവോയെന്ന് വ്യക്തമല്ല. കരീബിയൻ ദ്വീപ് സമൂഹത്തിൽ ട്രിനിഡാഡ് ആന്റ് ടുബാഗോ
യ്ക്ക് സമീപമാണ് നിത്യാനന്ദയുടെ മാതൃകാ  രാജ്യം. രാജ്യത്തിന്റെ പതാകയും പാസ്‌പോർട്ടും നിത്യാനന്ദ തന്നെ പുറത്തിറക്കുകയായിരുന്നു.  പരമാധികാര സനാതന ഹിന്ദു ധർമ്മം പിന്തുടരുന്ന രാജ്യം സ്ഥാപിച്ചതായാണ് അദ്ദേഹം പ്രഖ്യാപിച്ചത്. രണ്ട് തരത്തിലുള്ള പാസ്‌പോർട്ടും ഇയാൾ പുറത്തിറക്കി. ആർക്കും ഈ രാജ്യത്തെ പൗരൻമാരാകാം. അതിർത്തികൾ ഇല്ലാത്ത രാജ്യമാണിതെന്നും ഇത് സംബന്ധിച്ച് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഇതാവണം നമ്മൾ സ്വപ്‌നം കണ്ട കിണാശേരി. സ്വാമി രാജ്യമുണ്ടാക്കിയതിനെതിരെ കേന്ദ്ര സർക്കാരിന്റെ പ്രതികരണം വന്നു. വെബ്‌സൈറ്റ് ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല ഒരു രാജ്യമുണ്ടാക്കുന്നതെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. നിത്യാനന്ദയുടെ പാസ്‌പോർട്ട് റദ്ദാക്കിയ കേന്ദ്രസർക്കാർ പുതിയതിനായി സമർപ്പിച്ച അപേക്ഷയും തള്ളിക്കളഞ്ഞിരുന്നു. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി പാർപ്പിച്ച സംഭവത്തെത്തുടർന്നാണ് ഗുജറാത്ത് പോലീസ് നിത്യാനന്ദക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചത്. എന്നാൽ നിത്യാനന്ദയെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല.
നിത്യാനന്ദയ്‌ക്കെതിരായ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ കേസിലെ അന്വേഷണം പ്രതിസന്ധിയിലായ ഘട്ടത്തിലാണ് അദ്ദേഹം നാട് വിട്ടത്. അറസ്റ്റിലായ രണ്ട് യോഗിണിമാരുടെ സംസാരം മനസ്സിലാകാത്തതിനെ തുടർന്നാണ് പോലീസ് അന്വേഷണം വഴിമുട്ടിയത്. യോഗിണിമാരുടെ  ഇംഗ്ലീഷ് മനസ്സിലാകാത്തതാണ് അഹമ്മദാബാദ് റൂറൽ പോലീസിനെ ബുദ്ധിമുട്ടിലാക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. ചോദ്യംചെയ്യലിൽ നിന്ന് ഒഴിവാകാനാണ് യോഗിണികൾ ഇംഗ്ലീഷ് സംസാരിക്കുന്നതെന്നാണ് ഗുജറാത്ത് പോലീസിന്റെ  നിഗമനം. 
*** *** ***
ദേശീയ ചാനലായ ആജ് തകിന്റെ വികൃതികൾ കൂടി വരികയാണ്. മലയാളത്തിലെ ചില ആങ്കർമാരെ പോലെ സ്വന്തം അഭിപ്രായം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന അവതാരങ്ങളും കൂട്ടത്തിലുണ്ട്. ഉന്നാവോ, ഹൈദരാബാദ് പീഡനങ്ങൾ ഇന്ത്യക്കാരെ നടുക്കിയ വേളയിൽ ഈ വിഷയം ന്യൂസ് അവറിൽ ചർച്ച ചെയ്തു. പാനലിൽ കോൺഗ്രസിന്റെ പ്രതിനിധി അൽക്കാ ലാംബ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പീഡന കേസുകളിൽ ഉൾപ്പെട്ട ഭരണകക്ഷിക്കാരെ അവർ സംവാദത്തിൽ രൂക്ഷമായി വിമർശിച്ചു. ഒന്ന് കൂടി പറഞ്ഞാണ് അവർ ഇറങ്ങിപ്പോയത്. പ്രതികരിക്കുന്നവരെ സംസാരിക്കാൻ അനുവദിക്കാതിരിക്കുക എന്ന നിങ്ങളുടെ ചാനലിന്റെ നയം കാരണമാണ് കോൺഗ്രസ് നേതാക്കൾ ചർച്ചയ്ക്കുള്ള ക്ഷണം നിരസിക്കുന്നത്. കോട്ടിട്ട അവതാരത്തെ ഞെട്ടിച്ചാണ് അവർ ബഹിഷ്‌കരണം നടത്തിയത്.
*** *** ***
മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ജപ്പാൻ, കൊറിയ എന്നീ രാജ്യങ്ങൾ സന്ദർശിച്ചെത്തിയ വിശേഷങ്ങളാണ് മനോരമ ന്യൂസിലെ തിരുവാ എതിർവായിൽ സംപ്രേഷണം ചെയ്തത്. സന്തോഷ് ജോർജ് കുളങ്ങരയുടെ യാത്രാ വിവരണ ശൈലിയിൽ മുഖ്യമന്ത്രി അനുഭവം പറയുന്നതായാണ് എപ്പിസോഡിൽ. രാഷ്ട്രീയ വിമർശനം ഏറിയപ്പോൾ ആക്ഷേപ ഹാസ്യം ചോർന്നുവെന്നത് വൈകല്യമായി.  
*** *** ***
മലയാള സിനിമയിൽ വനിതാ താരങ്ങളുണ്ടാക്കിയ കൂട്ടായ്മയെ പറ്റിയൊന്നും കേൾക്കാനില്ല. കാര്യങ്ങൾ തുറന്നു പറഞ്ഞ ഇവരുടെ അവസരങ്ങൾ കുറയുകയാണുണ്ടായത്. ആക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ടി ആദ്യം മുതൽ ശക്തമായി നിലകൊണ്ട ആളായിരുന്നു രമ്യാ നമ്പീശൻ. അതിന്റെ പേരിൽ ഏറെ നഷ്ടം സഹിച്ചയാൾ. ആക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ടി സംസാരിച്ചതിന്റെ പേരിൽ സിനിമകളിൽനിന്ന് ഒഴിവാക്കാൻ ശ്രമം നടന്നെന്ന് രമ്യാ നമ്പീശൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 
നിലപാടുകൾ എടുക്കുമ്പോൾ ത്യാഗം സഹിക്കേണ്ടി വരും. ആക്രമിക്കപ്പെട്ട സുഹൃത്തിന് വേണ്ടി സംസാരിച്ചപ്പോൾ ഒഴിവാക്കൽ ശക്തമായി'. ആ സമയങ്ങളിലെല്ലാം കൂടെ നിന്നത് സുഹൃത്തുക്കൾ മാത്രമാണെന്നും രമ്യ പറഞ്ഞു. പറയേണ്ട കാര്യങ്ങൾ ഇനിയും തുറന്നു പറയുമെന്നും നടി വ്യക്തമാക്കി.നേരത്തെ താരസംഘടനയായ അമ്മയിൽനിന്ന് രാജി വെച്ച ശേഷം തന്നെ അടിച്ചമർത്താൻ ശ്രമിക്കുന്നുണ്ടെന്ന് രമ്യ പറഞ്ഞിരുന്നു. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള അമ്മയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് രമ്യാ നമ്പീശൻ ഉൾപ്പെടെ നാലു നടിമാർ സംഘടനയിൽ നിന്നും രാജിവെച്ചത്. 
*** *** ***
റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ രണ്ടാമത്തെ സീസണിലേക്ക് സരിതാ എസ്. നായരെ നോമിനേറ്റ് ചെയ്ത് രഞ്ജിനി ഹരിദാസ്. മത്സരാർഥികൾക്കായുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നതിനിടെയാണ് രഞ്ജിനിയുടെ പരാമർശം. ബിഗ് ബോസ് ആദ്യ സീസണിലെ മത്സരാർഥിയായിരുന്നു രഞ്ജിനി. സോളാർ കേസും തുടർന്നുള്ള വിവാദങ്ങളുമായി കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ച വ്യക്തിയാണ് സരിതാ നായർ. യഥാർഥ ജീവിതത്തിൽ സരിത എങ്ങനെയുള്ള ആളാണെന്നറിയാൻ താൽപര്യമുണ്ടെന്നാണ് രഞ്ജിനിയുടെ വിശദീകരണം.സോഷ്യൽ മീഡിയയിലും മറ്റുമായി അവരെ എഴുതിക്കണ്ടതും അവരുടെ അഭിമുഖങ്ങളിലെ സംസാരവും തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ബിഗ് ബോസിലേക്ക് അവർ എത്തിയാൽ അവരെ കുറിച്ച് കൂടുതൽ മനസിലാക്കാൻ നമുക്ക് സാധിക്കുമെന്നും രഞ്ജിനി പറയുന്നു.
*** *** ***
സോഷ്യൽ മീഡിയയിലൂടെ തരംഗമായി മാറിയ ലിൻ ബബ് പൂച്ച വിടവാങ്ങി. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സോഷ്യൽ മീഡിയയിൽ പ്രിയങ്കരനായ സെലിബ്രിറ്റി പൂച്ച വിടവാങ്ങിയത്. പൂച്ചയുടെ ഉടമ മൈക്ക് ബ്രിഡാവ്‌സ്‌കി ആണ് ഇക്കാര്യം അറിയിച്ചത്. നിരവധി വൈകല്യങ്ങളോടെയാണ് ബബ് ജനിച്ചത്. ഏറ്റവും മാന്ത്രിക ജീവനുള്ള ശക്തി എന്നാണ് ബ്രിഡാവ്‌സ്‌കി പൂച്ചയെ ഓർമിച്ചത്. മൃഗസംരക്ഷണത്തിനായി 700,000 ഡോളർ സമാഹരിക്കാൻ ലിൻ ബബ് സഹായിച്ചതായി ബ്രിഡാവ്‌സ്‌കി വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ 24 ലക്ഷം ഫോളോവേഴ്‌സായിരുന്നു അമേരിക്കൻ പൂച്ചയായ ലിനിന് ഉണ്ടായിരുന്നത്.
*** *** ***
മെഗാ ഹിറ്റ് ചിത്രങ്ങളിലൊന്നായ പ്രേമത്തിലെ നായിക സായി പല്ലവി ആസ്വാദകരുടെ ഹൃദയം കീഴടക്കിയത് മലയാളത്തനിമയുള്ള നായിക എന്ന നിലയിലാണ്. തുമ്പപ്പൂവിന്റെ വിശുദ്ധിയും നിഷ്‌കളങ്കതയുമുള്ള യുവതിയെന്ന പ്രതിഛായയാണ് സായി പല്ലവിയ്ക്ക് ചിത്രം സമ്മാനിച്ചത്. അതൊക്കെ പഴയ കഥ. സായി പല്ലവി അഭിനയിച്ച റൗഡി ബേബി പാട്ട് സീൻ കണ്ടാൽ തുമ്പപ്പൂവൊക്കെ തുമ്പി പറക്കും പോലെ പറന്നകലും. ഈ വർഷം പുറത്തിറങ്ങിയ ഗാനങ്ങളിൽ പ്രേക്ഷകർ ഏറ്റവും ആഘോഷമാക്കിയ ഗാനങ്ങളിൽ ഒന്നാണ് മാരി ടൂവിലെ റൗഡി ബേബി. തകർപ്പൻ നൃത്തച്ചുവടുകൾ കൊണ്ട് ധനുഷും സായ് പല്ലവിയും കസറിയ ഗാനം പുറത്തിറങ്ങിയപ്പോൾ തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ യൂട്യൂബിൽ ഏറ്റവുമധികം ആളുകൾ കണ്ട ദക്ഷിണേന്ത്യൻ ഗാനം എന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് റൗഡി ബേബി. പുറത്തിറങ്ങി വെറും ഒന്നര മാസം കൊണ്ട്് 71 കോടിക്ക് മുകളിൽ ആളുകളാണ് ഗാനം യൂട്യൂബിൽ കണ്ടാസ്വദിച്ചത്. ഇക്കാര്യം തമിഴ് താരമായ ധനുഷാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പ്രഭുദേവയാണ് പാട്ടിന്റെ നൃത്തം സംവിധാനം ചെയ്തത്. യുവാൻ ശങ്കർ രാജയുടെ സംഗീതത്തിൽ പുറത്തിറങ്ങിയ ഗാനം ആലപിച്ചിരിക്കുന്നത് ധനുഷും ദീയും ചേർന്നാണ്. 

Latest News