Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അച്ഛന്‍ മരിച്ചിട്ടും കരയാത്ത അമ്മ; സ്‌നേഹ ശൂന്യതയുടെ ഓര്‍മകള്‍ പങ്കുവെച്ച് മകള്‍

അച്ഛന്‍ മരിച്ചു ചിത അടങ്ങും മുമ്പേ അച്ഛന്റെ ഓര്‍മയ്ക്കായുള്ളതെല്ലാ വസ്തുക്കളും കായലില്‍ എറിഞ്ഞ അമ്മയെ കുറിച്ചുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് വിനീത വിജയന്‍.

ഒരു മുഴുക്കുടിയനായിരുന്നു എന്റെ അച്ഛനും.നില തെറ്റിയ മനസ്സും അരിപ്പയായിപ്പോയ കരളുമായി അഞ്ചു കൊല്ലത്തോളം കിടന്ന കിടപ്പിന്റെ അവസാനം അച്ഛന്‍ മരിച്ച ദിവസമാണോര്‍മ്മയിലിപ്പോള്‍. അച്ഛനെ ചിതയില്‍ വച്ചു, തീ കത്തിത്തുടങ്ങിയതേയുള്ളൂ .

അമ്മ സാരി മാറുന്നു. കടയില്‍ പോവുകയാണ്, കരയാതിരിക്ക് എന്നെന്നോട്പറഞ്ഞു. പതിവായി വാങ്ങാറുള്ള ഗോതമ്പുപൊടി തന്നെ വാങ്ങി വന്നു.പതിവില്ലാത്ത വിധം ചപ്പാത്തിക്ക് പകരം പാമോയിലില്‍ മുക്കിപ്പൊരിച്ച് പൂരിയുണ്ടാക്കി! എനിക്കു തന്നു, അനിയന്മാര്‍ക്കും കൊടുത്തു. അവരത് കഴിച്ചു. എനിക്കു കഴിക്കാന്‍ തോന്നിയില്ല. അച്ഛന്‍ കത്തുന്നതെന്റെ മാത്രം നെഞ്ചിലാണല്ലോ എന്ന് എനിക്ക് അമ്മയോട് വെറുപ്പു തോന്നി... അതു വാങ്ങിക്കഴിച്ചതിന് അനിയന്‍മാരോട് ദേഷ്യം തോന്നി...

അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ അച്ഛന്‍ കിടന്നിരുന്ന മുഷിഞ്ഞ പുതപ്പു തിണ്ണയില്‍ വിരിച്ചിട്ട് ഒന്നോ രണ്ടോ പിഞ്ഞിയ ഷര്‍ട്ട്, മുണ്ട്, ഗുളികകള്‍, മരുന്നു ചീട്ട്, പഴയ ഡയറി....അച്ഛന്റേതെന്നടയാള മുണ്ടായിരുന്നതെല്ലാം അമ്മ അതില്‍ വാരിയിട്ടു. ഒരു ചെറിയ ഭാണ്ഡക്കെട്ട്.അതു കൈയ്യിലെടുത്ത് എന്നോട് ഒപ്പം വരാന്‍ പറഞ്ഞു. അമ്മക്കൊപ്പം മിണ്ടാതെ നടന്നു.വീടിനുനേരേ കിഴക്കോട്ട് നടന്നാല്‍ ചെന്നു നില്‍ക്കുക വേമ്പനാട്ട് കായല്‍ത്തീരത്താണ്.അച്ഛന്റേതായതെല്ലാം അമ്മ കായലിന് കൊടുത്തു.... അതിലും പഴയഒരോര്‍മ്മ ഇടയില്‍ വരുന്നു, അതുകൂടി പറയട്ടേ,പതിനൊന്നു വയസ്സില്‍ ,വീടത്രമേല്‍ നോവിക്കയാല്‍ ആ കായലില്‍ അതേ ഇടത്തുചാടി മരിക്കാന്‍ പോയിട്ടുണ്ട്, ഞാനും അനിയന്മാരും, ഞാനാദ്യം ചാടും, മുങ്ങിക്കഴിഞ്ഞ് നിങ്ങളും പുറകേ, ചാടണം, ആദ്യം നേരേ ഇളയവന്‍,അവസാനം അഞ്ചു വയസ്സുകാരനായ ഒക്കേലും ഇളയവന്‍.. അതായിരുന്നു ഉടമ്പടി. ഞാനാദ്യം ചാടി, കായലെന്നെ മുങ്ങാന്‍ വിടുന്നില്ല.. കക്കാ വാരാന്‍ അമ്മയ്‌ക്കൊപ്പം പോവാറുള്ളതുകൊണ്ട് നീന്താനറിയുമായിരുന്നു. മുങ്ങുന്നില്ലഎത്ര ശ്രമിച്ചിട്ടും. സുല്ലിട്ടു തിരിച്ചു കയറിയപ്പോള്‍ അനിയമാര്‍ക്കു ചിരി... ഞങ്ങക്കറിയാരുന്നു, നീ ചാവില്ലാന്ന്... എനിക്കുംചിരി വന്നു, തിരിച്ചു പോന്നു .'അന്ന് നിന്നെ എനിക്കു വേണ്ട, എന്ന് എന്നെ തിരിച്ചയച്ച ആ കായലിലേക്കാണ് അമ്മ അച്ഛന്റേതായതെല്ലാം ഇട്ടു കൊടുത്തത്. അച്ഛനങ്ങനെ ഒഴുകിപ്പോയി.... തിരിച്ചു നടക്കുമ്പോള്‍ ഉള്ളിലെ വെറുപ്പ്‌ദേഷ്യമായി തികട്ടി വന്നു. കണ്ണീരുചവര്‍ക്കുന്ന വാക്കുകള്‍ഇപ്പോഴും ഓര്‍മ്മയുണ്ട്''അമ്മേന്താ അച്ഛന്‍ മരിച്ചിട്ട് കരയാഞ്ഞത്, എന്തിനാ അച്ഛന്‍ കത്തിത്തീരുംമുമ്പേ പൂരി ഒണ്ടാക്കിയത്, എന്തിനാ എല്ലാം കായലീക്കളഞ്ഞത്.. നോക്കിക്കോ അമ്മ ചാവുമ്പോ ഞാനും അമ്മേടതെല്ലാം കായലീക്കളയും...'

' വീണുപോകും വരെ, കള്ളിന്റെയും പട്ടച്ചാരായത്തിന്റെയും പുറത്ത് അച്ഛന്‍ ചെയ്തു കൂട്ടിയതൊക്കെ മറന്നോ, കവളമ്മടലിന് നിന്നെ തലങ്ങും വിലങ്ങും തല്ലിയിട്ട ഇടത്തൂന്ന് വലിച്ചുകൊണ്ടുവന്ന് ഇതേ കായലിലിട്ടാ ബോധം തെളിച്ചത്, അയാള്‍ടെ ഇടിയും തൊഴിയും കൊണ്ടു കൊണ്ടാ എനിക്ക്‌ചോര തുപ്പുന്ന ക്ഷയം പിടിച്ചത്.. ഒരു സങ്കടവുമില്ല, കണ്ണീരുമില്ലാ''.. ഞാനൊന്നും മിണ്ടിയില്ല.. ആ വയസ്സിനുള്ളില്‍ ഞാനും അത്രമേല്‍ അസഹ്യമാം വിധംമദ്യപനായ അച്ഛനാല്‍ ഉപദ്രവിക്കപ്പെട്ടിരുന്നു.എന്നാലുംകള്ളു കുടിക്കാത്ത, ഭ്രാന്തിളകാത്ത നേരത്തെ അച്ഛനോടിഷ്ടമാരുന്നു, അച്ഛനു ഞങ്ങളോടും! എല്ലാ സന്തോഷവും എല്ലാ സ്‌നേഹവും വറ്റിച്ചു കളഞ്ഞത്, അച്ഛന്റെ കുടിയാണ്.. അമ്മയെ മാറാരോഗിയും മനോനില തെറ്റിയവളുമാക്കി അവശേഷിപ്പിച്ചാണച്ഛനും അവസാനിച്ചത്. അമ്മ മരിച്ച ദിവസംഅമ്മയോടു പറഞ്ഞ വാക്കു ഞാനുംചെയ്തു. അമ്മയുടേതെല്ലാം അന്നു വൈകുന്നേരം ഞാനും കായലിനു കൊടുത്തു.. അവരുടെ മരണത്തീയതികള്‍ ഞാനോര്‍ക്കാറില്ല. സ്‌നേഹശൂന്യതയുടെ ഓര്‍മ്മ ദിനങ്ങളാണ്, തീരാ സങ്കടങ്ങളുടെ മുറിവുകള്‍ .. മരണച്ചുഴികളില്‍ നിന്നു തിരിച്ചു കയറി വന്നതുകൊണ്ട് ജീവിതത്തോട്, ലോകത്തോട് വല്ലാത്ത സ്‌നേഹമുണ്ട്, അനുഭവിച്ച നോവിന്റെ ആവര്‍ത്തനം പോലെയുള്ള ജീവിതങ്ങള്‍ ഉള്ളു പൊള്ളിക്കുന്നത് അതുകൊണ്ടാണ്.... അതിനെ കാല്‍പ്പനികതയെന്ന് കള്ളവായന നടത്തരുത്... നിങ്ങളറിയാത്ത ജീവിതങ്ങള്‍, ജീവിതങ്ങളല്ലാതാവുന്നില്ല! അതു റദ്ദുചെയ്യാനാവാത്ത വാക്കുകളുടെ ചേര്‍ത്തെഴുത്തുകള്‍ മാത്രമാണ്...

 

Latest News