Sorry, you need to enable JavaScript to visit this website.

സത്യത്തിന്റെ വിരലടയാളങ്ങൾ

വിരലടയാള വിദഗ്ധൻ പി. ദിനേഷ് കുമാർ

സുഭാഷ് ചന്ദ്രന്റെ പുതിയ നോവലായ 'സമുദ്ര ശില'യിൽ, നായികയായ അംബയുടെ മരണത്തിൽ നോവലിസ്റ്റിന് പങ്കുണ്ടോ എന്ന സംശയവുമായി അദ്ദേഹത്തിന്റെ വീട്ടിലെത്തുന്ന പോലീസിലെ ഒരു വിരലടയാള വിദഗ്ധനുണ്ട്- ദിനേഷ് കുമാർ. താൻ പകർത്തിയ ചില ചിത്രങ്ങൾ കാണിക്കാനെന്ന നാട്യത്തിൽ അദ്ദേഹം സുഹൃത്ത് കൂടിയായ സുഭാഷിന് തന്റെ മൊബൈൽ നൽകുന്നു. സുഭാഷിന്റെ വിരലടയാളം ഫോണിൽ പതിഞ്ഞു എന്നുറപ്പായ ശേഷം അത് തിരിച്ചു വാങ്ങി അദ്ദേഹം അവിടം വിടുകയാണ്. കേസിൽ സുഭാഷ് കുടുങ്ങുമോ എന്ന് വായനക്കാരെ ആശങ്കയുടെ കുന്തമുനയിൽ നിർത്തി മടങ്ങുന്ന നോവലിലെ ഈ കഥാപാത്രം യഥാർഥത്തിൽ അന്ന് കോഴിക്കോട്ടും ഇന്ന് തലശ്ശേരിയിലും ജീവിക്കുന്ന ഒരാളാണെന്ന് പറഞ്ഞാലോ? കഥ, കൈവിട്ടു പോവുകയാണോ എന്ന് തോന്നിത്തുടങ്ങിയോ? പക്ഷേ സംഗതി സത്യമാണ്!
നോവലിൽ വിവരിക്കപ്പെടുന്നതു പോലെ ദിനേഷ് കുമാർ ഔദ്യോഗിക ജീവിതത്തിൽ അതിപ്രഗത്ഭനായ ഒരു വിരലടയാള വിദഗ്ധനാണ്. മനുഷ്യരുടെ കൈവിരൽത്തുമ്പുകളിൽ ഒളിഞ്ഞു കിടക്കുന്ന രേഖകളിലൂടെ കുറ്റവാളികളെ തിരിച്ചറിയുക എന്നതാണ് അദ്ദേഹത്തിന്റെ ജോലി. കേരള സംസ്ഥാന പോലീസ് വകുപ്പിന്റെ കീഴിലാണ് ഫിംഗർ പ്രിന്റ് ബ്യൂറോ പ്രവർത്തിക്കുന്നത്. എല്ലാ അവശ്യഘട്ടങ്ങളിലും പോലീസിനെ സഹായിക്കുക എന്ന ഉത്തരവാദിത്തം അവർ ഭംഗിയായി നിറവേറ്റുന്നു. വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ കുഴഞ്ഞുമറിഞ്ഞു കിടന്ന കേസുകളിൽ പലതും തെളിയിക്കാൻ കേരളാ പോലീസിന് ഈ വിരലടയാള വിദഗ്ധന്റെ സഹായം പലപ്പോഴും നിർണായകമായിത്തീർന്നിട്ടുണ്ട്.
    

തന്റെ സുദീർഘവും സ്തുത്യർഹവുമായ 28 വർഷക്കാലത്തെ സർക്കാർ സേവനത്തിനിടയിൽ കുറ്റകൃത്യങ്ങൾ നടന്ന 5000 ലധികം സ്ഥലങ്ങൾ  ദിനേഷ് കുമാർ നേരിട്ടു ചെന്ന് പരിശോധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പല സീൻ ഓഫ് ക്രൈമിൽ നിന്നും പോലീസിന് കുറ്റവാളികളിലെത്താൻ സഹായകമാകുന്ന നിർണായക വിരലടയാളങ്ങൾ തെളിവായി കണ്ടെത്താൻ അദ്ദേഹ ത്തിന് കഴിഞ്ഞു. അവയിൽ പലതും കേരളത്തെ ഇളക്കി മറിച്ച പ്രമാദങ്ങളായ കേസുകളായിരുന്നു. അതിൽ രാഷ്ട്രീയ കൊലപാതകങ്ങളും അല്ലാത്തവയുമുണ്ട്. ഭവന ഭേദനവും ബാങ്ക് കൊള്ളയുമുണ്ട്. ജയിൽചാട്ടങ്ങളും ജ്വല്ലറി കവർച്ചകളുമുണ്ട്. ഏറെ സങ്കീർണമായ കുറ്റകൃത്യങ്ങളായിരുന്നു മിക്കതും. മാത്രമല്ല, ഭരണ തലത്തിലെയും ഔദ്യോഗിക രംഗത്തെയും ഉന്നതങ്ങളിൽ നിന്നും ഒപ്പം പൊതുജനങ്ങൾ, പത്രമാധ്യമങ്ങൾ എന്നിവരിൽ നിന്നുമുള്ള അതിശക്തമായ സമ്മർദവും ഉണ്ടായി. അതൊക്കെ അതിജീവിച്ച് കേസുകൾക്ക് തുമ്പുണ്ടാക്കുക എന്നത് ഏറെ ശ്രമകരമായ കാര്യമായിരുന്നു.

പക്ഷേ ഒരു കേസ് കൈയിൽ കിട്ടിയാൽ ഏറ്റവും ചുരുങ്ങിയ സമയ പരിധിയിയിൽ നിന്നുകൊണ്ട് അത് വിജയകരമായി പൂർത്തിയാക്കി കുറ്റവാളിയെക്കുറിച്ച് പോലീസിന് സൂചന നൽകാൻ ദിനേഷ് കുമാർ ബദ്ധശ്രദ്ധനായിരുന്നു. അതിനായി എന്ത് ത്യാഗം സഹിക്കാനുമുള്ള സമർപ്പണ മനോഭാവമാണ് അദ്ദേഹത്തിന്റെ പ്രധാന കൈമുതൽ. അതിനൊക്കെ അർഹിക്കുന്ന ഫലമുണ്ടായി എന്നദ്ദേഹം അഭിമാനപൂർവം സ്മരിക്കുന്നു. വിരലടയാള വിദഗ്ധനായി ജോലി ചെയ്ത കാലത്ത് 47 ഓളം ഗുഡ് സർവീസ് എൻട്രികൾ കിട്ടി. ഒരുപാട് അഭിനന്ദനങ്ങളും കൂടെ പ്രൊമോഷനും ലഭിച്ചു. 

ഇക്കഴിഞ്ഞ മെയ് 31 ന് സർവീസിൽ നിന്നും വിരമിക്കുമ്പോൾ അദ്ദേഹം ഫിംഗർ പ്രിന്റ് ബ്യൂറോയുടെ കോഴിക്കോട് ജില്ലാ മേധാവിയായിരുന്നു.
ലോകത്തിലെ ആദ്യത്തെ ഫിംഗർ പ്രിന്റ് ബ്യൂറോ സ്ഥാപിക്കപ്പെടുന്നത് ഇന്ത്യയിലാണ്. 1897 ൽ കൊൽക്കത്തയിലാണത്. 1955 മുതൽ അത് സെൻട്രൽ ഫിംഗർ പ്രിന്റ് ബ്യൂറോ എന്നറിയപ്പെട്ടു തുടങ്ങി. ഇന്റലിജൻസ് ബ്യൂറോ യുടെ കീഴിലായിരുന്നു അന്നതിന്റെ പ്രവർത്തനം. 1973 ൽ സ്ഥാപനം സി.ബി.ഐയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായി. 1986 തൊട്ട് അതിന്റെ പ്രവർത്തനം നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കീഴിലായി. ഇന്ത്യയിൽ രണ്ടാമത്തെ ഫിംഗർ പ്രിന്റ് ബ്യൂറോ ഉണ്ടാവുന്നത് കേരളത്തിലാണ്. 1900 ൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ഭരണ കാലത്ത് സ്ഥാപിച്ച തിരുവിതാം കൂർ ഫിംഗർ പ്രിന്റ് ബ്യൂറോ ആണത്. തുടർന്നത് കേരളാ സ്റ്റേറ്റ് ഫിംഗർ പ്രന്റ് ബ്യൂറോ ആയി മാറി. അതെന്തായാലും 118 വർഷങ്ങൾക്ക് മുമ്പ് തന്നെ കു റ്റാന്വേഷണത്തിൽ വിരലടയാളങ്ങളുടെ പ്രസക്തിയും പ്രാധാന്യവും തിരിച്ചറിയാൻ കേരളത്തിന് കഴിഞ്ഞിരുന്നു എന്ന് സാരം.

1992 ൽ തിരുവനന്തപുരത്തെ അതേ സ്റ്റേറ്റ് ഫിംഗർ പ്രിന്റ് ബ്യൂറോയിലാണ് വിരലടയാള വിദഗ്ധൻ എന്ന നിലയിൽ ദിനേഷ് കുമാർ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പ്രാഥമിക പരിശീലനം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം സ്വന്തം ജില്ലയായ കോഴിക്കോട്ടെത്തി. തുടർന്ന് അവിടെ മൂന്നു വർഷത്തെ പരിശീലനം. പിന്നെ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കീഴിലെ സെൻട്രൽ ഫിംഗർ പ്രിന്റ്ര് ബ്യൂറോ അഖിലേന്ത്യാ തലത്തിൽ നടത്തുന്ന ഫിംഗർ പ്രിന്റ് എക്‌സ്പർട്ട് പരീക്ഷ ഉയർന്ന നിലയിൽ പാസായി. ഫിംഗർ പ്രിന്റ് രംഗം കംപ്യൂട്ടർവൽക്കരിക്കുന്നതിന് മുമ്പുള്ള ഒരു കാലമാണത്. അന്ന് കുറ്റവാളികളുടെ വിരലടയാളം നിരീക്ഷിച്ചിരുന്നത് മാഗ്നിഫൈയിംഗ് ലെൻസ് ഉപയോഗിച്ചായിരു ന്നു. അത് ഏറെ ദുഷ്‌കരവും സമയ നഷ്ടം വരുത്തുന്നതും കൃത്യത ഉറപ്പിക്കാൻ വല്ലാതെ പാടുപെടേണ്ടതുമായ ഒരു ഭഗീരഥ പ്രയത്‌നമായിരുന്നു. എന്നാൽ ഈ രംഗത്ത് കംപ്യൂട്ടർ കടന്നു വരുന്നതോടെ അതിന് വലിയ മാറ്റങ്ങളും പുരോഗതിയും കൃത്യതയുമുണ്ടായി. 

അതേസമയം ശാസ്ത്രം പുരോഗമിക്കുന്നതിനൊപ്പം കുറ്റവാളികളും കുറ്റകൃത്യങ്ങളും കൂടുതൽ ഹൈടെക് ആവുകയും അവയുടെ എണ്ണം വർധിക്കുകയും ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ, രീതികൾ, തെളിവുകൾ നശിപ്പിക്കാനും വിരലടയാളങ്ങൾ പതിയാതിരിക്കാനും കു റ്റവാളികൾ നടത്തുന്ന മുന്നൊരുക്കങ്ങൾ എന്നിവയൊക്കെ പോലീസ് വകുപ്പിനും ഫോറൻസിക്കിനും വിരലടയാള വിദഗ്ധർക്കും മുൻപത്തേക്കാൾ അധ്വാനവും തലവേദനയും ഉണ്ടാക്കുന്നുണ്ട്. കേരളത്തിലെ ഫിംഗർ പ്രിന്റ് ബ്യൂറോകളിലുള്ള ഉദ്യോഗസ്ഥരുടെ ആകെ എണ്ണം 80 ഓളം മാത്രമേ വരൂ. അത് വള രെ കുറഞ്ഞ അംഗബലമാണ്. പക്ഷേ, ആ അപര്യാപ്തത തങ്ങളുടെ ജോലിയെ ബാധിക്കാതിരിക്കാൻ ദിനേഷ് കുമാറിനെ പോലുള്ളവർ എന്നും ശ്രദ്ധിച്ചിരുന്നു. ഇന്ത്യയിൽ ഏറ്റവും കാര്യക്ഷമതയുള്ള ഫിംഗർ പ്രിന്റ് ബ്യൂറോകൾ പ്രവർത്തിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായി നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ കേരളത്തെ വിലയിരുത്തിയതിന്റെ കാരണവും മറ്റൊന്നല്ല.  

പോലീസ് ഏത് സമയത്ത് സേവനം ആവശ്യപ്പെട്ടാലും ആവലാതി അശേഷമില്ലാതെ സംഭവ സ്ഥലത്ത് ഓടിയെത്തി പണിയെടുക്കാൻ ദിനേഷ് കുമാർ സദാ സന്നദ്ധനായിരുന്നു. മിക്കപ്പോഴും ഡ്യൂട്ടി സമയത്തിന് ശേഷവും അദ്ദേഹത്തിന് ദീർഘനേരം ഓഫീസിലിരുന്ന് പണിയെടുക്കേണ്ടതായി വന്നിട്ടു ണ്ട്. കോഴിക്കോട്ട് നടന്ന പ്രമാദമായ ഒരു ഭവന ഭേദനക്കേസിനു തുമ്പുണ്ടാക്കാൻ രാപ്പകൽ കഷ്ടപ്പെട്ട് വിരലടയാളങ്ങൾ പരിശോധിച്ച സംഭവം അദ്ദേഹം ഓർത്തു. എന്നിട്ടൊടുവിൽ ഒരു പാതിരാത്രിയിൽ കുറ്റവാളിയെ തിരിച്ചറിയുമ്പോൾ ഉറക്കം തൂങ്ങി, തല മേശപ്പുറത്തേക്ക് കുത്തിപ്പോകുന്ന അവസ്ഥയായിരുന്നു. ആഹ്ലാദത്തോടെ ചാടിയെണീറ്റ് വകുപ്പ് മേധാവിയെ വിവരമറി യിച്ചു. ആ പാതിരക്ക് തന്നെ ബ്യൂറോയിൽ പാഞ്ഞെത്തിയ അദ്ദേഹം മനസ്സറിഞ്ഞ് അഭിനന്ദിച്ചപ്പോൾ തന്നിലെ ക്ഷീണവും ഉറക്കച്ചടവുമെല്ലാം പമ്പ ക ന്നു എന്നു പറഞ്ഞ് ദിനേഷ് കുമാർ നിറഞ്ഞു ചിരിച്ചു. 

മനുഷ്യരുടെ വിരലുകളിൽ അതീവ സൂക്ഷ്മ പരിശോധനയിൽ മാത്രം ദൃശ്യമാകുന്ന വരകൾ അഥവാ റിഡ്ജസ് ഉണ്ട്. അവയിലൂടെ പുറത്തു വരുന്ന വിയർപ്പും കൊഴുപ്പുമാണ് വിരലിന്റെ അടയാളങ്ങൾ തൊടുന്നിടത്തെല്ലാം പതിപ്പിക്കുന്നത്. ചാൻസ് പ്രിന്റ് എന്നാണ് വിരലടയാള വിദഗ്ധർ അതിനെ വിശേഷിപ്പിക്കുക. വിയർപ്പ് പെട്ടെന്ന് ബാഷ്പീകരിച്ച് വിരലടയാളം മാഞ്ഞെന്നു വരാം. എന്നാൽ കൊഴുപ്പിന്റെ അംശം മായാതെ ദിവസങ്ങളോളം അവിടെ തന്നെ കിടക്കും. അവ തൂണിലും തുരുമ്പിലും തുണിയിലും തുകലിലും തൂമ്പയിലും വരെ പതിയാം. ഏത് കൊടികുത്തിയ കുറ്റവാളിയും സംഭവ സ്ഥലത്ത് കുറഞ്ഞത് ഒരു വിരലടയാളമെങ്കിലും അറിയാതെ പതിപ്പിക്കും എന്നാണ് കുറ്റാന്വേഷണ ശാസ്ത്രത്തിലെ ഒരു പ്രധാന നിഗമനം. അത് കണ്ടെത്തുക എന്നത് ഒരു മികച്ച വിരലടയാള വിദഗ്ധന്റെ മിടുക്കാണ്. വിരലടയാളങ്ങൾ ശാസ്ത്രീയവും ആധികാരികവും അസന്ദിഗ്ധവുമായ തെളിവായാണ് നീതിശാസ്ത്രം വിലയിരുത്തുന്നത്. ആധുനിക കുറ്റാന്വേഷണ ശാസ്ത്രത്തിന്റെ ചരിത്രത്തിൽ വിരലടയാളങ്ങൾ നിർണായകമായ പങ്കു വഹിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. 

ഈ ലോകത്തുള്ള ഓരോ മനുഷ്യന്റെയും വിരലടയാളങ്ങൾ വ്യത്യസ്തമായിരിക്കും എന്നതാണ് വാസ്തവം. ഒരാളുടെ വിരലുകളുടെ പ്രത്യേകതകൾ അയാളുടേത് മാത്രമായിരിക്കും. മറ്റൊരാൾക്കും അതുപോലെ ഉണ്ടാവില്ല. ഒരാൾക്ക് സ്വന്തവും ശാശ്വതവുമായി ഉള്ളത് അയാളുടെ വിരലടയാളങ്ങൾ മാത്രമാണ്. സ്വത്തോ പണമോ ബന്ധമോ ഒന്നും ഒരാൾക്കും സ്വന്തമോ ശാ ശ്വതമോ അല്ല. അവയെല്ലാം കാലക്രമേണ മാറാം, മറിയാം. പക്ഷേ, വിരലടയാളങ്ങൾ ഒരിക്കലും മാറില്ല. ഒരമ്മ പെറ്റ സമാന ഇരട്ടകളുടെ (ഐഡന്റിക്കൽ ട്വിൻസ്) ഡി.എൻ.എ ഒന്നാവാം. എന്നാൽ അവരുടെ വിരലടയാളങ്ങൾക്ക് പ്രകടമായ വ്യത്യാസമുണ്ടായിരിക്കും. ഒരുപക്ഷേ, കുറ്റകൃത്യങ്ങൾ ശാസ്ത്രീയമായി തെളിയിക്കാനും തെളിവുകൾ അരക്കിട്ടുറപ്പിക്കാനും ദൈവം മനുഷ്യന് നൽകിയ വലിയൊരു വരദാനമായിരിക്കാം, വിരലടയാളങ്ങൾ! 

കുറ്റകൃത്യങ്ങളിൽ പിടികൂടപ്പെടുന്ന കുറ്റവാളികളുടെ വിരലടയാളങ്ങൾ (പത്തു വിരലുകളുടെയും) വ്യക്തമായി ശേഖരിച്ച് വിരലടയാള വകുപ്പിന് നൽകേണ്ട ചുമതല കേസന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കാണ്. അവർ നൽകുന്ന വിരലടയാളങ്ങൾ ഫിംഗർ പ്രിന്റ് ബ്യൂറോകളുടെ ജില്ലാ ആസ്ഥാനങ്ങളിലും കൂടാതെ തിരുവനന്തപുരത്തെ ഹെഡ്ക്വാർട്ടേഴ്‌സിലും സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ജില്ലകളിൽ തന്നെ ഇങ്ങനെ ആയിരക്കണക്കിന് കുറ്റവാളികളുടെ വിരലടയാളങ്ങൾ ശേഖരിച്ച് വെച്ചിട്ടുണ്ട്. ഒരിടത്ത് കുറ്റകൃത്യമെന്തെങ്കിലും നടന്നാൽ അവിടെ നിന്നു കിട്ടുന്ന വിരലടയാളങ്ങൾ ഈ ശേഖരത്തിലുള്ളവയുമായി ഒത്തുനോക്കുകയാണ് ആദ്യം ചെയ്യുക. കുറ്റവാളി പുതിയ ആളാണെങ്കിൽ ഈ രീതി ഫലപ്രദമാകാതെ വരും. അത് കേസ് തെളിയിക്കാൻ ഏറെ ബുദ്ധിമുട്ടുകൾക്കും കാലതാമസത്തിനും ഇടയാക്കും. ആധാർ കാർഡിൽ എന്ന പോലെ രാജ്യത്തെ മുഴുവൻ ആളുകളുടെയും ബയോമെട്രിക്ര് വിശദാംശങ്ങൾ ശേഖരിച്ച് ഫിംഗർ പ്രിന്റ് ബ്യൂറോകളിൽ സൂക്ഷിക്കുകയാണ് അതിന് ഒരു പ്രധാന പരിഹാരം മാർഗം എന്നാണ് ദിനേഷ് കുമാറിന്റെ അ ഭിപ്രായം.

സീൻ ഓഫ് ക്രൈമിൽ ആദ്യമെത്തുന്നത് പോലീസ് ആണെങ്കിൽ അവർ അവിടെ കയർ കെട്ടിത്തിരിച്ച് ആളുകളെ അങ്ങോട്ടു വരുന്നതു വിലക്കി, വിരലടയാളങ്ങൾ നശിപ്പിക്കാതെ പരിശോധകർക്കായി കാത്തുവെക്കും. എന്നാൽ നാട്ടുകാരാണ് അവിടെ ആദ്യം ചെല്ലുന്നതെങ്കിൽ ആകെ കുഴയും. അവർ അവിടേക്ക് ഇടിച്ചു കയറി ശരീരവും വസ്ത്രവും ഉരച്ച് വിരലടയാളങ്ങൾ മാഞ്ഞു പോകാനുള്ള സാധ്യത സൃഷ്ടിക്കാറുണ്ട്. ഫലത്തിലത് കുറ്റവാളികളെ കണ്ടെത്താനുള്ള സാധ്യത അവതാളത്തിലാക്കും. കുറ്റകൃത്യങ്ങൾ നടന്ന ഇട ങ്ങളിൽ ഓടിച്ചെന്ന് അശ്രദ്ധമായി കയറരുത് എന്നാണ് പൊതുജനങ്ങളോട് ദിനേഷ് കുമാറിന് പറയാനുള്ളത്. ആളുകൾ തികഞ്ഞ ജാഗ്രതയോടെ അവിടെ പെരുമാറുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടതുണ്ട്. പോലീസിനെന്ന പോലെ വിരലടയാള വിദഗ്ധർക്കും തെളിവു ശേഖരിക്കാൻ പൊതുജനങ്ങളുടെ സഹായ സഹകരണം കൂടിയേ തീരൂ. റോട്ടറി, ലയൺസ് ക്ലബ്ബുകൾ, പത്രവർത്തക വിദ്യാർഥികൾ, വക്കീലന്മാർ, സ്‌കൂൾ കുട്ടികൾ തുടങ്ങി പലർക്കും സ്ഥിരമായി ബോധവൽക്കരണ ക്ലാസുകൾ നൽകുന്ന അദ്ദേഹം ഇക്കാര്യങ്ങൾ നിരന്തരമായി അവരോടും അഭ്യർഥിക്കാറുണ്ട്. 


വിരലടയാളങ്ങളുടെ പ്രസക്തി കുറ്റാന്വേഷണത്തിൽ മാത്രമല്ല മറ്റു പല മേഖലകളിലും ഉണ്ട് എന്നാണ് ദിനേഷ് കുമാർ പറയുന്നത്. ഉദാഹരണത്തിന് ജംഗമ വസ്തുക്കളോ പണമോ സ്വർണമോ ആഭരണങ്ങളോ കൈമാറുമ്പോൾ ഉഭയകക്ഷികൾ തമ്മിലുണ്ടാക്കുന്ന കരാർ രേഖകളിൽ കൈയൊപ്പിന്റെ കൂടെ വിരലടയാളങ്ങൾ കൂടി പതിപ്പിക്കണം എന്നാണദ്ദേഹത്തിന്റെ അഭിപ്രായം. കാരണം ഒരു വ്യക്തി നൂറു പ്രാവശ്യം ഇടുന്ന ഒപ്പ് സൂക്ഷ്മമായി പരിശോധിച്ചാൽ നൂറു തരത്തിലായിരിക്കും എന്നാണ് അദ്ദേഹത്തിന്റെ വാദം. നിർണായക ഘട്ടത്തിൽ അത് തന്റെ ഒപ്പല്ല എന്ന് ഒരാൾക്ക് നിഷേധിക്കാൻ കഴിയും. എന്നാൽ വിരലടയാളം ഒരിക്കൽ പതിപ്പിച്ചാൽ അത് തന്റേതല്ലെന്ന് പറയാൻ ഒരാൾക്ക് ഒരിക്കലും കഴിയില്ല. അത്ര മാത്രം കൃത്യതയും വ്യക്തതയും ശാസ്ത്രീയമായ അടിത്തറയും ഉണ്ട് വിരലടയാളങ്ങൾക്ക് എന്ന് വ്യക്തമാക്കുന്ന ദിനേഷ് കുമാർ ഇപ്പോൾ തലശ്ശേരി കോടതിയിൽ വക്കീലായി പ്രാക്ടീസ് ചെ യ്യുകയാണ്. അദ്ദേഹത്തിന് പൂർണ പിന്തുണയുമായി ഭാര്യ അനുരാധയും മക്കൾ ആഞ്ചലും അനന്തിതയും കൂടെയുണ്ട്.

Latest News