Sorry, you need to enable JavaScript to visit this website.

ഗഫൂർ കാ ദോസ്ത്...

കോഴിക്കോട് സെൻട്രൽ മാർക്കറ്റിലേക്ക് വരിക. ഇവിടെ മീൻ വെട്ടുന്ന ഒരു കലാകാരനുണ്ട്. ഗഫൂർക്കമാർ നിരവധിയുള്ള മാർക്കറ്റിൽ ഇദ്ദേഹം സിനിമക്കാരൻ ഗഫൂർക്കയാണ്. പുലർച്ചെ മുതൽ ഹോട്ടലുകളിലേക്കും കല്യാണ വീടുകളിലേക്കുമെല്ലാം വേണ്ട മീൻ വെട്ടി വൃത്തിയാക്കി നൽകുന്ന തൊഴിലാളി. പുലർച്ചെ അഞ്ചിന് തുടങ്ങി ഒൻപതു മണിക്ക് അവസാനിക്കുന്ന തൊഴിലിൽനിന്നുള്ള വരുമാനം കൊണ്ടാണ് ഗഫൂർ ജീവിതം നയിക്കുന്നത്.

മലയാളവും തമിഴും ഉൾപ്പെടെ മുപ്പതിലേറെ സിനിമകളിലും പത്തോളം പരമ്പരകളിലും അഭിനയിച്ച ഗഫൂറിനെ പരിചയപ്പെടുക. അരങ്ങിൽനിന്നും തുടങ്ങി അഭ്രപാളിയിൽ വരെ എത്തിനിൽക്കുകയാണ് ഈ മത്സ്യത്തൊഴിലാളിയുടെ ജീവിതം.
സെൻട്രൽ മാർക്കറ്റിനടുത്ത് താമസക്കാരനായിരുന്ന അബ്ദുവിന്റെയും റഹ്മത്തിന്റെയും രണ്ടാമത്തെ മകനായിരുന്നു ഗഫൂർ. നഗരം സ്‌കൂളിലായിരുന്നു പഠനം തുടർന്നതെങ്കിലും കോൺട്രാക്ട് മേസ്തിരിയായിരുന്ന ബാപ്പയുടെ അകാല വിയോഗം മൂലമാണ് ജ്യേഷ്ഠൻ സഹീറിനൊപ്പം ഗഫൂറും സെൻട്രൽ മാർക്കറ്റിന്റെ ഭാഗമായത്. പതിനൊന്നാം വയസ്സിൽ തുടങ്ങിയ തൊഴിൽ മൂന്നു പതിറ്റാണ്ടിലേറെയായി ഇപ്പോഴും തുടരുന്നു.
കുട്ടിക്കാലം തൊട്ടേ കലാതൽപരനായിരുന്നു ഗഫൂർ. ദിവസവും രണ്ടും മൂന്നും സിനിമകൾ കാണും. ടൗൺഹാളിലെ നാടകങ്ങളെല്ലാം കാണും. നാടക റിഹേഴ്‌സലുകളും കാണാനെത്തും. സിനിമാ നാടക നടനായ അബു സർക്കാരിനെ പരിചയപ്പെടുന്നതങ്ങനെയാണ്. ഒരിക്കൽ വടക്കാഞ്ചേരി അമല തിയേറ്റേഴ്‌സിന്റെ 'വീണ്ടും ഹജിന്' എന്ന നാടകം ടൗൺഹാളിൽ അവതരിപ്പിക്കുന്നു. നാടകത്തിൽ പോസ്റ്റ്മാനായി വേഷമിടേണ്ടയാൾ എത്തിയില്ല. അദ്ദേഹത്തിന്റെ വേഷം അഭിനയിച്ചുകൂടെ എന്ന് അബു സർക്കാർ ഗഫൂറിനോടു ചോദിച്ചു. ഗഫൂറിനും സമ്മതം. ആദ്യമായി അരങ്ങിലെത്തിയതങ്ങനെ. പിന്നെയും ചില നാടകങ്ങളിൽ കൂടി വേഷമിട്ടു. ചിരഞ്ജീവികൾ എന്ന നാടകത്തിൽ കുഞ്ഞുമോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ഇങ്ക്വിലാബിൽ സഖാവ് വേണുവായും വേഷമിട്ടു.
'നാടകാഭിനയം തുടരവേയാണ് ചിരിബോംബ് എന്ന ഹാസ്യ നാടകം എഴുതിയത്. അബുസർക്കാരിന്റെ വീടു നിർമാണത്തിനുള്ള ധനശേഖരണാർത്ഥമാണ് നാടകം അവതരിപ്പിക്കാനിരുന്നത്. ഉദ്ഘാടനത്തിന് കുതിരവട്ടം പപ്പുവിനെ ക്ഷണിക്കാൻ പോയി. നാടകം എഴുതിയത് ഞാനാണെന്നു പറഞ്ഞപ്പോൾ വായിക്കണമെന്നായി. വായിച്ചുകഴിഞ്ഞപ്പോൾ അദ്ദേഹം സംവിധാനം ചെയ്യാമെന്നു പറഞ്ഞു. അതോടെ പപ്പുവേട്ടനുമായി അടുത്തു. ഞങ്ങൾ കുടുംബ സുഹൃത്തുക്കളായി. ഈ ആത്മബന്ധമാണ് സംവിധായകൻ വി.എം. വിനുവിനെ പരിചയപ്പെടാൻ കാരണമായത്.' സിനിമയിലേക്കുള്ള കടന്നുവരവ് ഓർക്കുകയായിരുന്നു ഗഫൂർ.


വി.എം.വിനു സംവിധാനം ചെയ്ത് കലാഭവൻ മണി നായകനായും ഐ.എം. വിജയൻ വില്ലനുമായി വേഷമിട്ട ആകാശപ്പറവകളിൽ മീൻകാരൻ മമ്മദ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം ലഭിച്ചു. പിന്നീട് ഒന്നിനു പിറകെ ഒന്നായി നിരവധി ചിത്രങ്ങൾ. കൊച്ചുകൊച്ചു വേഷങ്ങളാണെങ്കിലും മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം വേഷമിടാൻ ഗഫൂറിന് കഴിഞ്ഞു. മോഹൻ ലാലിന്റെ ബാലേട്ടനിൽ ചായക്കടക്കാരനും മമ്മൂട്ടിയുടെ  വേഷത്തിലെ  ചേരിനിവാസിയും ബസ് കണ്ടക്ടറിലെ കണ്ടക്ടറും ഫെയ്‌സ് ടു ഫെയ്‌സിലെ ഓട്ടോ ഡ്രൈവറുമെല്ലാം അക്കൂട്ടത്തിലുണ്ട്. മാജിക് ലാംബ് എന്ന ചിത്രത്തിലൂടെ ജയറാമിനൊപ്പം നാടൻ പാട്ടുകാരനായും യെസ് യുവർ ഓണറിലൂടെ ശ്രീനിവാസനൊപ്പം ഡ്രൈവർ ഭാസ്‌കരനായും മാറാത്ത നാട് എന്ന ചിത്രത്തിൽ ഹിന്ദു മഹാസഭാ നേതാവായും തേനീച്ചയും പീരങ്കിപ്പടയും എന്ന ചിത്രത്തിൽ സഖാവ് ടെയിലർ ഭാസ്‌കരനായും ഈയിടെ പുറത്തിറങ്ങിയ കുട്ടിമാമയിൽ ലോട്ടറി കച്ചവടക്കാരൻ സതീശനായുമെല്ലാം വേഷമിട്ടു.  സുരേഷ് ഗോപിക്കൊപ്പം ജമീന്ദാർ എന്ന ചിത്രത്തിൽ വേഷമിട്ടെങ്കിലും പുറത്തിറങ്ങിയില്ല. ഇതിനിടയിൽ തമിഴിലും മുഖം കാണിച്ചു. സുധീഷ് ശങ്കർ സംവിധാനം ചെയ്ത ആറുമനമേ എന്ന ചിത്രത്തിലൂടെയാണ് തമിഴകത്തെത്തിയത്.
സിനിമക്കു പുറമെ നിരവധി പരമ്പരകളിലും ഗഫൂർ വേഷമിട്ടിട്ടുണ്ട്. സുധീഷ് ശങ്കറിന്റെ മരുപ്പച്ച, ദുർഗ, പൂർണേന്ദു, ജെയിംസ് മാഷ് സംവിധാനം ചെയ്ത ഗുൽ ഗുൽ മാഫി എന്നിവ അക്കൂട്ടത്തിൽ പെടുന്നു. ദുർഗയിൽ നടൻ മുരളിക്കൊപ്പം വേഷമിടാനായത് മറക്കാത്ത അനുഭവമായി ഗഫൂറിന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്.
സാമ്പത്തികമായ നേട്ടങ്ങളൊന്നും സിനിമയിൽനിന്നും ലഭിച്ചിട്ടില്ലെങ്കിലും ഒരു കലാകാരനെന്ന നിലയിൽ തിരിച്ചറിയപ്പെടാൻ സിനിമാഭിനയം തുണയായതായി ഗഫൂർ വിശ്വസിക്കുന്നു. അവസരം തേടി ആർക്കു മുന്നിലും പോയി നിൽക്കേണ്ടിവന്നിട്ടില്ലെന്ന് പറയുന്ന ഈ കലാകാരൻ നല്ല അവസരങ്ങൾ വരാനിരിക്കുന്നേയുള്ളൂവെന്നും വിശ്വസിക്കുന്നു. ഒരിക്കൽ തന്നെ തേടിയെത്തിയവർ വീണ്ടുമെത്തുന്നത് അതിന് തെളിവാണെന്നും അദ്ദേഹം പറയുന്നു. ഏതു വേഷവും അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസവും ഈ കലാകാരനുണ്ട്. മീൻ വെട്ടുന്നതിലൂടെ ലഭിക്കുന്ന വരുമാനമാണ് ഇന്നും ഉപജീവനത്തിന് വഴിയൊരുക്കുന്നത്.ഭാര്യ ഉമ്മുകുൽസുവും നാലു മക്കളും ചേർന്നതാണ് ഗഫൂറിന്റെ കുടുംബം. മാങ്കാവിനടുത്ത കുറ്റിയിൽതാഴത്താണ് താമസം. മകൻ ഇർഷാദ് മാർക്കറ്റിൽ സഹായിയായി തന്നോടൊപ്പമുണ്ട്. പെൺമക്കളായ ഇർഫാനയും ഇബിനാസയും വിവാഹിതരായി കുടുംബ ജീവിതം നയിക്കുന്നു. ഇളയ മകൻ ഇസ്ഹാഖ്. കുടുംബത്തിന്റെ പിന്തുണയാണ് അഭിനയത്തിന് പ്രചോദനമെന്നും ഗഫൂർ കൂട്ടിച്ചേർക്കുന്നു.
പുതിയൊരു സിനിമക്കു വേണ്ടി കഥ എഴുതിക്കൊണ്ടിരിക്കുകയാണിപ്പോൾ ഗഫൂർ. 'ദേ കള്ളും കറിയും' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് പശ്ചാത്തലമാകുന്നത് ഗ്രാമത്തിലെ ഒരു കള്ളുഷാപ്പാണ്. അവിടെ നടക്കുന്ന സംഭവങ്ങൾ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയാണ് ഗഫൂർ. സംവിധായകൻ ഹരിദാസിനു വേണ്ടിയാണ് കഥയൊരുക്കുന്നത്. 

Latest News