Sorry, you need to enable JavaScript to visit this website.

കേരളീയം @ ജിദ്ദ 

ഹരിതാഭമായ സ്വപ്‌നങ്ങളിലേക്കൊരു പിൻവിളി. കേളീകദംബം പൂത്ത രാത്രികളുടെ ഓർമകളിലേക്ക്, വയലേലകളിൽ നിന്നുയർന്ന കൊയ്ത്തുപാട്ടിന്റെ ഈണങ്ങളിലേക്ക്, പൂരപ്പെരുമയുടെ തട്ടകങ്ങളിലേക്ക്, തിരുവാതിരയുടെ ശീതക്കാറ്റിലേക്ക്, മാർഗംകളിയുടെ തെയ് തെയ് വിളികളിലേക്ക്, കോൽക്കളിയുടെ 'താവില്ലത്തൈ'യിലേക്ക്,  ഒപ്പനയുടെ അതൃപ്പങ്ങളിലേക്ക് ജിദ്ദയിലെ നൂറുകണക്കിന് മലയാളികളെ തഴുകിയുണർത്തിയ എട്ടു മണിക്കൂറുകൾ. അതായിരുന്നു ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹകരണത്തോടെ പ്രവാസി സംഘടനകളുടെ സാരഥ്യത്തിൽ അരങ്ങേറിയ കേരളോൽസവം. കേരളപ്പിറവിയുടെ സന്ദേശം വിളംബരം ചെയ്തായിരുന്നു ആഘോഷത്തിന് ദീപം തെളിഞ്ഞത്. 


കേരളീയ വേഷത്തിലായിരുന്നു മണിപ്പൂർ സ്വദേശികളായ കോൺസൽ ജനറൽ നൂർ റഹ്മാൻ ഷെയ്ഖും പത്‌നി ഡോ. നാസ്‌നിനും മുഖ്യാതിഥികളായി എത്തിയത്. മലയാളത്തിലുള്ള സംബോധനയോടെയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രസംഗം. ജനബാഹുല്യം കൊണ്ട് വീർപ്പ് മുട്ടിയ കോൺസുലേറ്റ് പരിസരം പക്ഷേ, ഉൽസവ ഛായയിലമർന്നിരുന്നു. നിലവാരമുള്ള പരിപാടികൾ കൊണ്ട് ചെറുതും വലുതുമായ പ്രവാസി കലാകാരന്മാരും കലാകാരികളും കേരളോൽസവത്തിന് പൊലിമ പകർന്നു. ഡോ. നാസ്‌നിൻ നൂർ റഹ്മാൻ, പ്യാർ കിയാ തൊ ഡർനാ ക്യാ... എന്ന പാട്ട് പാടി. മലയാളികളുടെ കഠിനാധ്വാനത്തെയും അർപ്പണ ബുദ്ധിയെയും കോൺസൽ ജനറൽ പ്രശംസിച്ചു. സൗദി ഇന്ത്യൻ ബിസിനസ് നെറ്റ് വർക്കിന്റെ (എസ്.ഐ.ബി.എൻ) സഹകരണത്തോടെയായിരുന്നു ആഘോഷം. കോൺസുലേറ്റ് കോ ഓർഡിനേറ്റർ ബോബി മനാട്ടും ജിദ്ദയിലെ പ്രവാസി സാംസ്‌കാരിക സംഘടനാ സാരഥികളും ആദ്യാവസാനം ചടങ്ങിന് ചുക്കാൻ പിടിച്ചു.


സമർപ്പണം എന്ന ശീർഷകത്തിൽ മിർസാ ഷെരീഫിന്റെ നേതൃത്വത്തിൽ ജിദ്ദയിലെ അറിയപ്പെടുന്ന ഗായികാ ഗായകന്മാരുടെ ആലാപനത്തോടെയായിരുന്നു യവനിക ഉയർന്നത്. കേരളത്തനിമയുടെ താളശ്രുതികളായിരുന്നു ഓരോ പാട്ടിലും തുടിച്ചുണർന്നത്. അതാകട്ടെ, ഗൃഹാതുര സ്മരണകളുടെ തില്ലാനകളുമായിരുന്നു. ഡോ. മനീഷയുടെ സംവിധാനത്തിൽ ഇളംപ്രതിഭകൾ അരങ്ങത്തെത്തിച്ച കൊയ്ത്ത് പാട്ടും ആട്ടവും പോയ കാലത്തിന്റെ മധുരോദാരമായ ഓർമയായി.

നൗഷാദ് അടൂരിന്റെ കാവ്യോപാസന, റഹ്മത്ത് മുഹമ്മദ് ആലുങ്ങൽ കൊറിയോഗ്രഫ് ചെയ്ത മലബാർ ഫ്യൂഷൻ, റഊഫിന്റെ നേതൃത്വത്തിൽ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് പൂർവവിദ്യാർഥികൾ അവതരിപ്പിച്ച കോൽക്കളി, ഒപ്പന തുടങ്ങിയവയും ഹൃദ്യമായി. കോൺസൽ ജനറലും പത്‌നിയും ഹെഡ് ഓഫ് ചാൻസറി വൈ. സാബിർ, കോൺസൽ ഷാഹിൽ ശർമ, കേരളത്തിൽ വേരുകളുള്ള സൗദി പൗരൻ ഫദുൽ മലബാരി, അൽഅബീർ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ആലുങ്ങൽ മുഹമ്മദ് തുടങ്ങിയവരുടെയും സാന്നിധ്യത്തിൽ നടന്ന മഹാബലിയെ അനുഗമിച്ചുള്ള സാംസ്‌കാരിക ഘോഷയാത്ര, ഏറെ വേറിട്ടുനിന്ന പരിപാടിയായി. ചലച്ചിത്ര നടൻ കൂടിയായ സിയാദായിരുന്നു മഹാബലിയായി രംഗത്ത് വന്നത്.


ജുവി ചിട്ടപ്പെടുത്തിയ സിഗ്നേച്ചർ പ്രോഗ്രാമായ, മലയാളി നർത്തനവും മെഗാ മാർഗം കളി, മെഗാ തിരുവാതിരക്കളി എന്നിവയും പ്രേക്ഷകരെ അക്ഷരാർഥത്തിൽ വിസ്മയിപ്പിച്ചു. ഷാനവാസ്, നാസിമുദ്ദീൻ എന്നിവരായിരുന്നു കോ ഓർഡിനേറ്റർമാർ. ഷിബു തിരുവനന്തപുരം നേതൃത്വം നൽകിയ എന്റെ കേരളം, അഷ്‌റഫ് മൊറയൂർ നേതൃത്വം നൽകിയ കളരിപ്പയറ്റ്, സി.എം. അഹമ്മദ് സാരഥ്യം വഹിച്ച സംഗീത ശിൽപം, ഷാനി ഷാനവാസ് ചിട്ടപ്പെടുത്തിയ കൊച്ചുകുട്ടികളുടെ നൃത്തം, വിനോദ് നേതൃത്വം നൽകിയ ആൺകുട്ടികളുടെ സംഘനൃത്തം, സോഫിയ സുനിൽ ചിട്ടപ്പെടുത്തി യ സംഗീത ശിൽപം എന്നിവയും പരിപാടിയിലെ ആകർഷകമായ ഇനങ്ങളായി.


വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതത്തെ ആസ്പദമാക്കി നാസർ വെളിയംകോട് സംവിധാനം ചെയ്ത സംഗീത-നാടക ശിൽപം ഉൽസവ രാത്രിയെ വ്യതിരിക്തമാക്കി. ഇരുപത് മിനിട്ട് നീണ്ടുനിന്ന ശിൽപം ബഷീറിന്റെ സാഹിത്യ ജീവിതത്തിലെ പ്രധാന ഘട്ടങ്ങളെയും കഥാപാത്രങ്ങളെയും കഥാപരിസരങ്ങളെയും തന്മയത്വത്തോടെ ദൃശ്യവൽക്കരിച്ചു. മജീദും സുഹ്‌റയും മണ്ടൻ മുത്തപയും സൈനബയും പാത്തുമ്മയും കുഞ്ഞിത്താച്ചുവും ആനവാരി രാമൻ നായരും പൊൻകുരിശ് തോമയുമൊക്കെ അരങ്ങിലെത്തി.

മുഹ്‌സിൻ കാളികാവായിരുന്നു നാടക ശിൽപത്തിന്റെ സാക്ഷാൽക്കാരം നിർവഹിച്ചത്.ഇരുപത്തഞ്ചോളം അംഗങ്ങളുള്ള ജിദ്ദ ഫോട്ടോഗ്രഫേഴ്‌സ് ക്ലബ്ബംഗങ്ങളുടെ ഫോട്ടോ പ്രദർശനവും പഴയതും പുതിയതുമായ വിവിധയിനം ക്യാമറകളുടെ പ്രദർശനവും ശ്രദ്ധേയമായിരുന്നു. റിഫഌക്ഷൻസ് എന്ന പേരിലായിരുന്നു പ്രദർശനം. യമുനാ പിള്ളയുടെ ചിത്രപ്രദർശനം, കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സ് അസോസിയേഷൻ ആർക്കും പാടാം എന്ന പേരിലുള്ള തൽസമയ ഗാനമേള എന്നിവയും കേരളോൽസവത്തിന് ചാരുത പകർന്നു. 


വിവിധ പ്രദേശങ്ങളുടെ രുചിക്കൂട്ടുകളുമായി തട്ടുകടകളും സ്റ്റാളുകളും ഉൽസവ നഗരിക്ക് പ്രദർശനത്തിന്റെ ശോഭ പകർന്നു.   -എം

Latest News