Sorry, you need to enable JavaScript to visit this website.

നരിമാൻ പോയന്റിന് പകരം ധാരാവി

ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈ നഗരത്തിലെ നരിമാൻ പോയന്റ് ഭൂമിക്ക് ഏറ്റവും വിലയുള്ള സ്ഥലമാണ്. ആഗോള തലത്തിൽ ഏറ്റവും വിലയേറിയ പതിനഞ്ചിടങ്ങളുടെ പട്ടികയിലുള്ള  സ്ഥലങ്ങളിലൊന്നാണ്. തലയെടുപ്പുള്ള സ്ഥാപനങ്ങളുടെ ആസ്ഥാന മന്ദിരങ്ങളും നക്ഷത്ര അതിഥി മന്ദിരങ്ങളുമെല്ലാം സ്ഥിതി ചെയ്യുന്നത് പ്രധാനപ്പെട്ട ഈ കേന്ദ്രത്തിലാണ്. പിന്നിട്ട വാരത്തിൽ രണ്ടാം സ്ഥാനത്തുള്ള പത്രത്തിന്റെ ചാനലിൽ  അയോധ്യാ കേസിലെ സുപ്രീം കോടതി വിധിയാണ് ചർച്ച ചെയ്തത്.  പാനലിൽ ഡോ. ഫസൽ ഗഫൂറുമുണ്ട്, കലാലയ ജീവിത കാലം മുതലേ ഫസൽ ഗഫൂർ സുപരിചിതനാണ്. എൺപതുകളിൽ കോഴിക്കോട്ട് ക്വിസ് മാസ്റ്ററായിരുന്നു അദ്ദേഹം. ടൗൺ ഹാളിലും മറ്റും ഇന്റർ കൊളീജിയറ്റ് ക്വിസ് മത്സരം നടത്തുമ്പോൾ ഓഡിയോ, വിഷ്വൽ സംവിധാനങ്ങൾ ആദ്യമായി ഉപയോഗപ്പെടുത്തിയത് ഫസലായിരുന്നു. പൊതുയോഗങ്ങൾക്ക് പോലും പ്രാധാന്യം നഷ്ടപ്പെട്ട ഇക്കാലത്ത് ചാനൽ ചർച്ചകളിലൂടെയാണ് പ്രമുഖരുടെ വീക്ഷണം നമ്മളറിയുന്നത്. 
ടെലിവിഷൻ കാലത്ത് വിദ്യാഭ്യാസം, സാമൂഹികം, ചലച്ചിത്രം എന്നീ രംഗങ്ങളുമായി ബന്ധപ്പെട്ട് സംവാദങ്ങളിൽ അദ്ദേഹം പങ്കെടുത്തു. 
പല വിഷയങ്ങളിലും പുരോഗമനപരമായ നിലപാടെടുക്കാറുള്ള ഫസൽ പള്ളി സംബന്ധിച്ച് നയം വ്യക്തമാക്കി. മക്ക, മദീന,  ജറൂസലേം  പള്ളികളാണ് മുസ്‌ലിംകൾക്ക് പ്രധാനം. മറ്റു ഏത് സ്ഥലവും ഒരുപോലെ. മുസ്‌ലിമിന് വൃത്തിയുള്ള എവിടെ വെച്ചും നമസ്‌കരിക്കാം. അയോധ്യയിൽ പള്ളി പണിയാൻ സ്ഥലമനുവദിച്ചതിനെ കുറിച്ച് അവതാരക ചോദിച്ചു. ഇത് ശരിയാണെന്ന് തോന്നുന്നില്ലെന്നായിരുന്നു മറുപടി. നരിമാൻ പോയന്റിലെ ഭൂമിക്ക് പകരം ധാരാവിയിൽ സ്ഥലം അനുവദിക്കുന്നത് പോലൊരു ഏർപ്പാട്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയും സിനിമാ ഡയലോഗുകളിലൂടെ മലയാളികൾക്ക് സുപരിചിതമാണ്. ചീഫ് ജസ്റ്റിസ് സ്ഥാനമൊഴിയുന്നത് പ്രമാണിച്ച് സുപ്രീം കോടതിയിൽ പ്രധാന വിധി പ്രഖ്യാപനങ്ങളുടെ ഘോഷയാത്രയാണ്. അയോധ്യ, ശബരിമല, റഫാൽ, ചോർ ഹൈ, വിവരാവകാശ നിയമം എന്നിങ്ങനെ പോകുന്നു പട്ടിക. ശബരിമലയുടെ കാര്യത്തിൽ മലയാളം ന്യൂസ് ചാനലുകൾ വളരെ കരുതലോടെയാണ്. കഴിഞ്ഞ വർഷം ഇതേ വിഷയം കത്തിനിന്നപ്പോൾ ജനം ടി.വി എല്ലാവരെയും ഞെട്ടിച്ച് മുന്നേറിയത് ചാനൽ നായകന്മാരുടെ മനസ്സിലുണ്ട്. 
പിന്നിട്ട വാരത്തിൽ മലയാളത്തിലെ ന്യൂസ് ചാനലുകളുടെ പ്രകടനം ഇങ്ങനെ ആയിരുന്നു- ഏഷ്യാനെറ്റ് ന്യൂസ് -152, മനോരമ ന്യൂസ് -77, മാതൃഭൂമി ന്യൂസ്-67, 24 ചാനൽ-46,  ന്യൂസ് 18 കേരള -38, ജനം ടി.വി-35, കൈരളി ന്യൂസ്-29, മീഡിയ വൺ ടി.വി-22. ഇതാണ് നിലവിൽ ന്യൂസ് ചാനലുകളുടെ ആവറേജ് റേറ്റിംഗ്. കഴിഞ്ഞ ശബരിമല സീസണിൽ ജനം ടി.വി ആയിരുന്നു രണ്ടാമത് വന്നത്. അവിടെ നിന്നിടിഞ്ഞ് ഇപ്പോൾ അവർ ആറാം സ്ഥാനത്താണ്. അതുണ്ടായത് ശബരിമല സ്ത്രീ പ്രവേശനത്തെ ആദ്യ കുറച്ച് ദിവസങ്ങളിൽ മറ്റു ചാനലുകൾ പിന്തുണച്ചപ്പോഴായിരുന്നു. 
 
***      ***      ***

ഇരുനൂറ് ചിത്രങ്ങളിൽ അഭിനയിച്ച് കോളിവുഡിൽ തിളങ്ങി നിന്ന സമയത്ത് നടി ഖുഷ്ബുവിന്റെ പേരിൽ അമ്പലം വരെയുണ്ടായിരുന്ന സംസ്ഥാനമാണ് തമിഴകം. മുംബൈയിൽ ജനിച്ച് കഴിഞ്ഞ 34 വർഷമായി സിനിമാ നടനും സംവിധായകനുമായ ഭർത്താവ് സുന്ദറും മക്കൾ ആവന്തിക, ആനന്ദിക എന്നിവരുമൊത്ത് ചെന്നൈയിൽ കഴിഞ്ഞു വരുന്നു. 2001 ലാണ് ഫാൻസ് ട്രിച്ചിയിൽ അമ്പലം പണിതത്. അതൊക്കെ ഇപ്പോൾ പറഞ്ഞിട്ടെന്ത് ഫലം? തുടർച്ചയായ സൈബർ ആക്രമണത്തെ തുടർന്ന് ട്വിറ്റർ ഉപേക്ഷിച്ചിരിക്കുകയാണ് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഖുശ്ബു ട്വിറ്റർ ഉപേക്ഷിച്ചത്. വളരെ  നെഗറ്റീവാകുന്നു എന്നാണ് ട്വിറ്റർ അക്കൗണ്ട് ഉപേക്ഷിക്കാനുള്ള കാരണമായി ഒരു ടി.വി അഭിമുഖത്തിൽ ഖുശ്ബു വ്യക്തമാക്കിയത്. പത്ത് ലക്ഷം ഫോളോവേഴ്‌സാണ് നടിക്ക് ട്വിറ്ററിൽ ഉണ്ടായിരുന്നത്. ലൈംഗിക ചുവയുള്ളതും ഇസ്‌ലാം  വിരുദ്ധമായതുമായ കമന്റുകളുമായാണ് എതിരാളികൾ താരത്തിനെതിരെ തിരിഞ്ഞത്. ഖുശ്ബുവിനെ മാത്രമല്ല മകൾക്കതിരെയും കുടുംബത്തിനെതിരെയും ട്രോളുകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്ന സമയം കുടുംബത്തിന് നൽകാൻ ആഗ്രഹിക്കുന്നതായി ഖുശ്ബു പറഞ്ഞു. ഞാൻ യഥാർത്ഥത്തിൽ എന്താണോ അതല്ലാതാക്കി മാറ്റുകയാണ് ഇവിടെ. ഇൻസ്റ്റഗ്രാമിൽ സജീവമായ താരം ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട് 
 
***      ***      ***

പാക്കിസ്ഥാനും ചൈനയുമാണ് ദൽഹിയിൽ അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്നതെന്ന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവിനെ പരിഹസിക്കാൻ വരട്ടെ. അമേരിക്കയിലെ ഫോക്‌സ് ന്യൂസിനൊക്കെ എന്തെങ്കിലും പണി ഇരിക്കട്ടെയെന്ന് കരുതി ട്രംപ് ഇതാ പുതിയ തിയറിയുമായി രംഗത്തെത്തിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിൽ ഇന്ത്യയേയും ചൈനയേയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റപ്പെടുത്തി. ഇന്ത്യയും ചൈനയും ഒഴുക്കുന്ന മാലിന്യങ്ങളാണ് അമേരിക്കയിലേക്ക് എത്തുന്നതെന്ന് പറഞ്ഞ ട്രംപ് 
ഇരു രാജ്യങ്ങളും മാലിന്യങ്ങൾ കുറക്കുന്നതിനായുള്ള നടപടികൾ ഒന്നും തന്നെ ചെയ്യുന്നില്ലെന്നും കുറ്റപ്പെടുത്തി. ന്യൂയോർക്കിലെ സാമ്പത്തിക ക്ലബിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി വളരെ  ബോധവാനാണ് താനെന്നും ട്രംപേട്ടൻ പറഞ്ഞു. ഇന്ത്യയെയും ചൈനയെയും സംബന്ധിച്ച് ചെറിയ ഭൂവിഭാഗമാണ് അമേരിക്കയെന്നും രണ്ട് രാജ്യങ്ങളും കടലിൽ തള്ളുന്ന മാലിന്യങ്ങളെപ്പറ്റി ചർച്ച ചെയ്യുവാൻ ആർക്കും താൽപര്യം ഇല്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. സലിം കുമാർ സിനിമയിൽ പറഞ്ഞതു പോലെ ഇന്ത്യക്കാർക്ക് തൃപ്തിയായി മിസ്റ്റർ പ്രസിഡന്റെന്ന് പറയാവുന്നതാണ്. അദ്ദേഹത്തിന്റെ ഒരു മുൻഗാമിക്ക് ഇന്ത്യ എന്നൊരു രാജ്യമുണ്ടെന്ന് മനസ്സിലായത് പോലും കുറെ കാലം കഴിഞ്ഞാണല്ലോ. 
ട്രംപിന് ഒരു കൊച്ചനുജൻ കേരളത്തിലുമുണ്ട്.  ശിശുദിനം ജവാഹർലാൽ നെഹ്‌റു അന്തരിച്ച ദിവസമാണെന്നും അതൊരു സുദിനമാണെന്നും മന്ത്രി എം.എം. മണി. അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി കട്ടപ്പനയിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. 'നമുക്കറിയാം ഇന്നൊരു മഹത്തായ സുദിനമാണ്. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു അന്തരിച്ച ഒരു സുദിനമാണിന്ന്. നെഹ്‌റുവിന്റെ സ്മരണക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ ഈ മഹാസമ്മേളനം തുടങ്ങാം എന്നാണ് ഞാൻ ഈ അവസരത്തിൽ നിങ്ങളെ ഓർമപ്പെടുത്തുന്നത് -മന്ത്രി പറഞ്ഞു. ലോകമെങ്ങും ഇത്തരം വിദ്വാന്മാർ പെരുകുന്നത് കണ്ടിട്ടാകണം ഫേസ്ബുക്ക് 5.4 ബില്യൺ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തത്. ഫേസ്ബുക്ക് പുറത്തുവിട്ട ട്രാൻസ്പരൻസി റിപ്പോർട്ടിലാണ് ഈ കാര്യങ്ങൾ പറയുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള 11.4 ദശലക്ഷം പോസ്റ്റുകൾ ഫേസ്ബുക്ക് നീക്കം ചെയ്തിട്ടുണ്ട്. 
 
***      ***      ***

പരസ്യങ്ങൾ യഥാർത്ഥത്തിൽ നുണ പറയുന്നവയാണ്. ഒരു ഉൽപന്നം ഉപഭോക്താവിനെക്കൊണ്ട് വാങ്ങിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യമാണ് പരസ്യങ്ങൾക്കുള്ളത്. അതിനായി പ്രത്യക്ഷപ്പെടുന്ന മോഡലുകൾ ആ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുണ്ട് എന്ന് അറിയാതെങ്കിലും കാഴ്ചക്കാർ ചിന്തിക്കുന്നിടത്ത് പരസ്യം വിജയമാകും. അത്തരത്തിൽ ലോകപ്രശസ്തമായ ഒരു പരസ്യമാണ് സിഗററ്റ് ബ്രാൻഡായ മാൽബറോ. 
മാൽബറോ മാൻ എന്ന് തന്നെ അറിയപ്പെട്ട റോബർട്ട് നോറിസാണ് ഒറിജിനൽ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടത്. യു.എസിലെ കൊളറാഡോ സ്പ്രിംഗ്‌സിലെ വീട്ടിൽ വെച്ച് കഴിഞ്ഞ ദിവസം  തൊണ്ണൂറാം വയസ്സിൽ ഇദ്ദേഹം മരണപ്പെട്ടു. രണ്ട് ആൺമക്കളും രണ്ട് പെൺമക്കളും 13 പേരക്കുട്ടികളും ഇവരുടെ 18 കുട്ടികളും അടങ്ങുന്ന കുടുംബത്തെ ബാക്കിയാക്കിയാണ് നോറിസിന്റെ മരണം.
ഒരു കാലത്ത് കൗബോയ് സ്‌റ്റൈലിൽ ചുണ്ടിലും കൈയിലും സിഗററ്റുമായി നിന്ന ആ മനുഷ്യന്റെ ചിത്രങ്ങൾ കണ്ട് പുരുഷനാകാൻ സിഗററ്റ് വലിക്കണമെന്ന ധാരണയിലേക്ക് നീങ്ങിയവർ അനവധി. എന്നാൽ ഒരു ദശകത്തിലേറെ സിഗററ്റും പിടിച്ചുനിന്ന ആ മനുഷ്യൻ ഒരിക്കൽ പോലും പുകവലിച്ചില്ല. തന്റെ കുട്ടികൾക്ക് നല്ലൊരു ഉദാഹരണമല്ല നൽകുന്നതെന്ന് മനസ്സിലാക്കിയതോടെയാണ് ഒടുവിൽ മാൽബറോ പരസ്യ കാമ്പയിനിൽ നിന്നും അദ്ദേഹം പിൻവാങ്ങിയത്.
ഇല്ലിനോസിലെ ഷിക്കാഗോയിൽ ജനിച്ച നോറിസ് ചെറിയ പ്രായത്തിൽ തന്നെ കൗബോയ് ആകാൻ കൊതിച്ചു. ഇതിന്റെ ഫലമായി 18 വയസ്സ് തികഞ്ഞപ്പോൾ തന്നെ കുതിരകളെ വളർത്താൻ തുടങ്ങി. കൊളറാഡോയിലേക്ക് താമസം മാറ്റിയ നോറിസ് മേച്ചിൽ പ്രദേശം സ്വന്തമാക്കി. ഇത് 63,000 ഏക്കറിലേക്ക് വളർന്നു.
സ്ത്രീകളുടെ സിഗററ്റ് എന്ന നിലയിൽ വിപണിയിൽ എത്തിയ മാൽബറോ പുരുഷൻമാരെക്കൊണ്ട് വലിപ്പിക്കാനുള്ള ശ്രമങ്ങളിലായിരുന്നു ആ സമയത്ത് മാൽബറോ. ഷിക്കാഗോയിലെ പരസ്യക്കാരായ ലിയോ ബർണറ്റാണ് കൗബോയ് വേഷത്തിലുള്ള ആൾ സിഗററ്റ് പുകയ്ക്കുന്ന ഐഡിയ മുന്നോട്ട് വെച്ചത്. ആദ്യം മോഡലുകളെ ഉപയോഗിച്ചെങ്കിലും പിന്നീട് യഥാർത്ഥ കൗബോയ് വേണമെന്ന് പരസ്യ കമ്പനി തീരുമാനിച്ചതോടെയാണ് നോറിസ് ഒറിജിനൽ മാൽബറോ മാനായി മാറിയത്.
 
***      ***      ***

മെഗാസ്റ്റാർ മമ്മൂട്ടി ആദ്യമായി സ്ത്രീവേഷത്തിലെത്തുന്ന ചിത്രമെന്ന് വിശേഷിപ്പിച്ചാണ് മാമാങ്കത്തെ കുറിച്ച് മനോരമ വാചലരായത്. മനോരമ ഗ്രൂപ്പിന്റെ വനിതയുടെ കവർ ഗേളായും മമ്മൂുക്ക സ്ഥാനം പിടിച്ചിട്ടുണ്ട്. വ്യത്യസ്ത വേഷത്തിൽ മമ്മൂട്ടിയെന്ന പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. മനോരമ മമ്മൂട്ടിയെ കൊണ്ടാടിയ ദിവസം മംഗളം ഇതിനെ പൊളിച്ചു. മമ്മൂട്ടി ആദ്യമായല്ല സ്ത്രീവേഷം കെട്ടുന്നതെന്ന് മംഗളം. 36 വർഷം മുമ്പ് സന്ദർഭം എന്ന ചിത്രത്തിലെ ലേഡീസ് ഹോസ്റ്റലിന്റെ മതിൽ ചാടുന്ന സീനിൽ സുകുമാരനും മമ്മൂട്ടിയും സ്ത്രീവേഷം ധരിച്ചായിരുന്നു. ടെക്‌നോളജി എത്ര വികസിച്ചാലും പത്രങ്ങളുേെടയും ചാനലുകളുടെയും ഡെസ്‌കിലിരിക്കുന്നവരുടെ ഓർമശക്തിയും പ്രധാനം തന്നെ. 
സുരേഷ് ഗോപി അവതരിപ്പിക്കുന്ന കോടീശ്വരൻ പരിപാടി ഏഷ്യാനെറ്റിൽ മെഗാ ഹിറ്റായിരുന്നു. ഇടവേളക്ക് ശേഷം നിങ്ങൾക്കുമാകാം കോടീശ്വരൻ  മഴവിൽ മനോരമയിൽ പുനരാരംഭിച്ചിരിക്കുകയാണ്. കുടുംബ സദസ്സുകളെ സ്വാധീനിക്കുന്ന ഷോ ചാനലിന്റെ റേറ്റിംഗ് ഉയർത്തുമെന്നതിൽ സംശയമില്ല. 

Latest News