Sorry, you need to enable JavaScript to visit this website.

ബ്രസീല്‍-അര്‍ജന്റീന, അറിയേണ്ടതെല്ലാം

റിയാദ് - രാജ്യാന്തര ഫുട്‌ബോളിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിന്റെ പുതിയ അധ്യായത്തിന് വെള്ളിയാഴ്ച റിയാദ് സാക്ഷിയാവും. ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരം റിയാദ് കിംഗ് സൗദ് യൂനിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ അരങ്ങേറും. ഇരു ടീമുകളും തമ്മിലുള്ള 111 ാമത്തെ മത്സരമാണ് വെള്ളിയാഴ്ച രാത്രി എട്ടിന് ആരംഭിക്കുന്ന പോരാട്ടം. 
ബ്രസീല്‍-അര്‍ജന്റീന പോരാട്ടത്തിന് എരിവും പുളിയും പ്രത്യേകം ചേര്‍ക്കേണ്ടതില്ല. എന്നാല്‍ നീലക്കുപ്പായത്തില്‍ ലിയണല്‍ മെസ്സിയുടെ തിരിച്ചുവരവ് മത്സരത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. കോപ അമേരിക്ക ടൂര്‍ണമെന്റില്‍ റഫറിമാരെയും ലാറ്റിനമേരിക്കന്‍ ഫെഡറേഷനെയും വിമര്‍ശിച്ചതിന് മൂന്നു മാസത്തെ സസ്‌പെന്‍ഷനില്‍ കഴിയുകയായിരുന്നു മെസ്സി. അര്‍ജന്റീനയുടെ അവസാന നാലു മത്സരങ്ങള്‍ മെസ്സിക്കു കളിക്കാന്‍ സാധിച്ചിരുന്നില്ല. കോപയില്‍ ബ്രസീലാണ് അര്‍ജന്റീനയുടെ കുതിപ്പിന് വിരാമമിട്ടത്. ലൂസേഴ്‌സ് ഫൈനലില്‍ മെസ്സിക്കെതിരെ നിസ്സാരമായ കുറ്റത്തിന് റഫറി ചുവപ്പ് കാട്ടിയത് വലിയ വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. മെസ്സി പുറത്തായിട്ടും ചിലെക്കെതിരെ അര്‍ജന്റീന 2-1 ജയിച്ചു. കോപക്കു ശേഷവും മെസ്സിയുടെ അഭാവം അര്‍ജന്റീനയെ കാര്യമായി ബാധിച്ചിരുന്നില്ല. 
കഴിഞ്ഞ അഞ്ച് മത്സരങ്ങളിലെ അപരാജിത റെക്കോര്‍ഡുമായാണ് ലിയണല്‍ സ്‌കാലോണിയുടെ ടീം വെള്ളിയാഴ്ച പോരാട്ടത്തിനെത്തുന്നത്. രണ്ടു വര്‍ഷത്തിനിടെ അര്‍ജന്റീനയുടെ ദൈര്‍ഘ്യമേറിയ ജൈത്രയാത്രയാണ് ഇത്. അവസാന മത്സരത്തില്‍ ഇക്വഡോറിനെ 6-1 നാണ് തകര്ത്തത്. 
കോപ അമേരിക്കയില്‍ തട്ടിമുട്ടി മുന്നേറുകയായിരുന്നു അര്‍ജന്റീന. എന്നാല്‍ നെയ്മാര്‍ ഇല്ലാതെ ബ്രസീല്‍ കിരീടത്തിലേക്ക് കുതിച്ചു. കോപക്കു ശേഷം അര്‍ജന്റീന ഫോമിലേക്കുയര്‍ന്നപ്പോള്‍ ബ്രസീല്‍ നിറം മങ്ങി. കോപക്കു ശേഷം ബ്രസീല്‍ ഒരു കളിയും ജയിച്ചിട്ടില്ല. കോപ ഫൈനലില്‍ പെറുവിനെ തോല്‍പിച്ച ശേഷം നാലു മത്സരങ്ങളില്‍ ഒരു തോല്‍വിയും രണ്ട് സമനിലയുമാണ് അവരുടെ നേട്ടം. കഴിഞ്ഞ മാസം നൈജീരിയക്കും സെനഗലിനുമെതിരെ സമനില വഴങ്ങി. രണ്ടും 1-1. 2003-2004 കാലയളവിനു ശേഷം ആദ്യമായാണ് മഞ്ഞപ്പട വിജയമില്ലാതെ ഇത്രയധികം മത്സരങ്ങള്‍ കളിക്കുന്നത്. അന്ന് ആ ദുര്‍ദശ അവര്‍ അവസാനിപ്പിച്ചത് അര്‍ജന്റീനയെ 3-1 ന് തോല്‍പിച്ചായിരുന്നു.  
2007 നു ശേഷം ആദ്യമായി ബ്രസീല്‍ കിരീടം നേടിയ വര്‍ഷമാണ് ഇത്. കഴിഞ്ഞ ലോകകപ്പിനു ശേഷം 20 കളികളില്‍ പതിനാലെണ്ണം ജയിച്ചു. ഒരെണ്ണം മത്രമാണ് തോറ്റത്. ഫിഫ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്താണ്. എന്നാല്‍ ദേശീയ ടീമിനു മേല്‍ ബ്രസീലുകാര്‍ അര്‍പ്പിക്കുന്നത് വലിയ പ്രതീക്ഷയാണ്. അവരുടെ ധാരണപ്രകാരം ഫോമിലല്ലാതെയാണ് ടീം വര്‍ഷമവസാനിപ്പിക്കാന്‍ പോവുന്നത്. അര്‍ജന്റീനയെ റിയാദില്‍ തോല്‍പിച്ചാല്‍ വര്‍ഷാവസാനം അവര്‍ക്ക് ആഹ്ലാദകരമാക്കാം. 
അര്‍ജന്റീന ജഴ്‌സിയില്‍ മെസ്സി തിരിച്ചുവരുമെങ്കിലും നെയ്മാര്‍ ഇല്ലാതെയാണ് ബ്രസീല്‍ കളിക്കുക. ബ്രസീലിന്റെ ടോപ്‌സ്‌കോറര്‍മാരുടെ ലിസ്റ്റില്‍ റൊണാള്‍ഡോക്ക് ഒരു ഗോള്‍ പിന്നിലാണ് നെയ്മാര്‍. മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍കീപ്പര്‍ എഡേഴ്‌സനും അയാക്‌സ് ഫോര്‍വേഡ് ഡേവിഡ് നെരേസും പരിക്കു കാരണം പിന്മാറി. ഡാനി ആല്‍വേസ്, മാഴ്‌സെലൊ, ഫെര്‍ണാണ്ടിഞ്ഞൊ, വിനിഷ്യസ് ജൂനിയര്‍, എവര്‍ടണ്‍ സോറസ്, ഡഗ്ലസ് കോസ്റ്റ എന്നിവരെയൊന്നും ടീമിലുള്‍പെടുത്തിയിട്ടില്ല. റയല്‍ മഡ്രീഡിന്റെ പതിനെട്ടുകാരന്‍ റോഡ്രിഗോയാണ് ബ്രസീലിന്റെ പുതിയ ഹരം. ചാമ്പ്യന്‍സ് ലീഗില്‍ റയലിനു വേണ്ടി കഴിഞ്ഞയാഴ്ച റോഡ്രിഗൊ ഹാട്രിക് നേടിയിരുന്നു. റോഡ്രിഗൊ ഉള്‍പ്പെടെ ആറ് പുതുമുഖങ്ങള്‍ ബ്രസീല്‍ ടീമിലുണ്ട്. പ്രീമിയര്‍ ലീഗ് കളിക്കാരാണ് ഇവരില്‍ രണ്ടു പേര്‍ -ഡഗ്ലസ് ലൂയിസും വെസ്‌ലിയും. ആലിസന്‍ ബെക്കര്‍, വില്യന്‍, ഫാബിഞ്ഞൊ, റോബര്‍ടൊ ഫിര്‍മിനൊ, ഗബ്രിയേല്‍ ജെസൂസ്, റിച്ചാര്‍ലിസന്‍ തുടങ്ങിയ പ്രീമിയര്‍ ലീഗ് കളിക്കാരും ബ്രസീല്‍ ടീമിലുണ്ട്. 
അര്‍ജന്റീനാ നിരയില്‍ മെസ്സിക്കു പുറമെ സെര്‍ജിയൊ അഗ്വിരോയും തിരിച്ചെത്തുന്നു. കോപ അമേരിക്കക്കു ശേഷം നീലക്കുപ്പായത്തില്‍ അഗ്വിരോയുടെ ആദ്യ മത്സരമാണ് ഇത്. ഇരുവരുടെയും അഭാവത്തില്‍ മുപ്പത്തൊന്നുകാരന്‍ ലൗതാരൊ മാര്‍ടിനെസിനായിരുന്നു സ്‌കോറിംഗ് ചുമതല. ലൗതാരൊ 15 കളികളില്‍ ഒമ്പത് ഗോളടിച്ചു. ഈ സീസണില്‍ ഇന്റര്‍ മിലാനിലും ലൗതാരൊ ഉജ്വല ഫോമിലാണ്. പൗളൊ ദിബാലോയും ഫോമിലാണ്. ജിയോവാനി ലോസെല്‍സൊ, നിക്കൊളാസ് ഓടാമെണ്ടി, മാര്‍ക്കോസ് റോഹൊ തുടങ്ങിയ വന്‍ താരനിരയുണ്ട് അര്‍ജന്റീനാ ടീമില്‍. പി.എസ്.ജിയില്‍ തിളങ്ങിനില്‍ക്കുമ്പോഴും എയിംഗല്‍ ഡി മരിയയെ അവഗണിച്ചതാണ് ശ്രദ്ധേയം. മൗറൊ ഇകാര്‍ഡിയെയും തഴഞ്ഞു. 
സാധ്യതാ ലൈനപ്:
ബ്രസീല്‍ - ആലിസന്‍, ഡാനിലൊ, സില്‍വ, മാര്‍ക്വിഞ്ഞോസ്, സാന്ദ്രൊ, ആര്‍തര്‍, കസിമീരൊ, കൗടിഞ്ഞൊ, ജെസൂസ്, ഫിര്‍മിനൊ, റിച്ചാര്‍ലിസന്‍
അര്‍ജന്റീന - മാര്‍ച്ചേസിന്‍, ഫോയ്ത്, പെസല, ഓടാമെണ്ടി, അകൂന, ഡി പോള്‍, പരേദെസ്, ലോസെല്‍സൊ, മെസ്സി, അഗ്വിരൊ, ലൗതാരൊ

ബ്രസീല്‍-അര്‍ജന്റീന അവസാന മത്സരങ്ങള്‍
2019, ജൂലൈ 3 ബ്രസീല്‍ 2-അര്‍ജന്റീന 1
2018, ഒക്ടോബര്‍ 16 ബ്രസീല്‍ 1-അര്‍ജന്റീന 0
2018 ജൂണ്‍ 9 ബ്രസീല്‍ 0-അര്‍ജന്റീന 1
2017 നവംബര്‍ 11 ബ്രസീല്‍ 3-അര്‍ജന്റീന 0
2016 നവംബര്‍ 14 അര്‍ജന്റീന 1-ബ്രസീല്‍ 1
 

Latest News