Sorry, you need to enable JavaScript to visit this website.

എയറിന്ത്യയിലെ കൊള്ളയടി ഇങ്ങിനെയാണ്. ഷാർജ-കോഴിക്കോട് യാത്രയിലെ അനുഭവം വിവരിച്ച് എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

രാത്രി ഒന്നേ പത്തിന് പുറപ്പെടേണ്ട ഷാർജ  കോഴിക്കോട് എയർ ഇന്ത്യ അനിശ്ചിതമായി വൈകിക്കൊണ്ടിരുന്നു. എമിഗ്രേഷനൊക്കെ കഴിഞ്ഞ് ഞങ്ങൾ യാത്രക്കാർ ഫൈനൽ ഗേറ്റിലെത്തി

മനുഷ്യരല്ലേ അല്പസ്വല്പമൊക്കെ വൈകിപ്പോകും.
പക്ഷേ, കാത്തിരിക്കാൻ ഒരു കസേരയെങ്കിലും വേണ്ടതാണ്. അവിടെയൊക്കെ നമ്മുടെ ശത്രുരാജ്യമായ പാക്കിസ്ഥാൻകാർ നേരത്തെ കയറി ഇരിപ്പാണ്.
പാവം ഇന്ത്യക്കാരായ നമ്മൾ ഇരിക്കാൻ പോലും സ്ഥലമില്ലാതെ ചുവരിൽ ചാരി ഒരേ നില്പ് തന്നെ എടാ, പാക്കിസ്ഥാനീ,വൃത്തികെട്ടവനേ, നിന്നെയൊക്കെ സിയാച്ചിനിൽ നിന്നെടുത്തോളാം എന്ന് മനസ്സിൽ കരുതി.

എപ്പോൾ പുറപ്പെടുമെന്നോ എത്ര വൈകുമെന്നോ ആരോടാണ് ചോദിക്കേണ്ടതെന്നോ അറിയാത്ത അവസ്ഥ. ഇടയ്ക്ക് മിന്നായം പോലെ ഒരു മുഷ്‌ക്കൻ ശ്രീമാൻ കടന്നു പോയി. എയർ ഇന്ത്യയിലെ ഉത്തരേന്ത്യക്കാരനായ ഒരു ഉദ്യോഗസ്ഥൻ തന്നെ. ചോദിച്ചതിനൊന്നും അദ്ദേഹം മറുപടി പറഞ്ഞില്ല. ഒരു ആജന്മ ശത്രുവിനെയെന്ന പോലെ ആകെ ഹിന്ദിയിൽ 'അടിമുടി നോക്കി മറുപടി പറയാതെ കടന്നു പോയി. ആയിരം കോഴിക്ക് അര കാട എന്നു പറഞ്ഞത് പോലെ 98% മലയാളിക്ക് 99% ഹിന്ദി ഉദ്യോഗസ്ഥർ.

ഒടുവിൽ രണ്ടര മണിക്കൂർ നേരത്തെ അനിശ്ചിതമായ നില്പിനു ശേഷം ഒരു അനൗൺസ്‌മെന്റ് പോലുമില്ലാതെ ധൃതിയിൽ ഗേറ്റ് തുറക്കപ്പെടുന്നു. നീണ്ട ക്യൂ രൂപപ്പെടുന്നു.

ബോറടിക്കാതിരിക്കാൻ എയർ ഇന്ത്യ ഒന്നും ചെയ്യുന്നില്ല എന്നല്ല.
വിമാനം കയറുന്നതിന് തൊട്ടു മുന്നിൽ വെച്ച് , ഒരു ലഘു നാടകം തന്നെ അവർ യാത്രക്കാരായ ഇന്ത്യയ്ക്കാർക്കായി ഒരുക്കിയിട്ടുണ്ട്.

നേരത്തെ എയർ ഇന്ത്യ തന്നെ കടത്തിവിട്ട ഹാന്റ്‌ലഗേജ് വിമാനം കയറുന്നതിന്റെ തൊട്ട് മുമ്പ് വീണ്ടും തൂക്കി നോക്കാൻ മീശ വടിച്ച് വെച്ച ഒരു ഹിന്ദിക്കാരൻ ഉദ്യോഗസ്ഥനെത്തുന്നു. അദ്ദേഹം തൂക്കം കൂടി എന്ന് പറഞ്ഞ് ഒട്ടുമിക്ക യാത്രക്കാരുടെയും ബാഗ് തുറപ്പിച്ച് വില കൂടിയ സാധനങ്ങൾ പിടിച്ചെടുക്കുന്നു. പലരുടെയും പ്രതിഷേധം ദുർബലമായിപ്പോയതിന്റെ കാരണം വിമാനത്തിന്റെ വൈകലുമാണ് .

ഡ്യൂട്ടി ഫ്രീയിൽ നിന്ന് വാങ്ങിച്ച പിസ്റ്റയും കുട്ടികൾക്കായി വാങ്ങിച്ച പാൽപ്പൊടിയുടെ ടിന്നുമൊക്കെ ഈ പുലർച്ചക്കവർച്ചക്കാർ കൊണ്ടുപോകുന്നത് യാത്രക്കാർ നിസ്സഹായരായി നോക്കി നില്ക്കുന്നത് കണ്ടു. ചിലർ കരയും പോലെയും അവർക്കറിയുന്ന ഹിന്ദിയിൽ കാല് പിടിക്കും പോലെ അപേക്ഷിച്ചു കൊണ്ടിരുന്നു.ഒരു കിലോ പാൽപ്പൊടി കൊണ്ടു പോകണമെങ്കിൽ 50 ദിർഹം വെച്ച് കൊടുക്കേണ്ടി വരുന്നതിനാൽ സർവ്വതും ഉപേക്ഷിച്ച് ആത്മ ശാപം പോലെ വിമാനം കയറുന്ന യാത്രക്കാരുടെ നിസ്സഹായത ഒന്ന് കാണേണ്ടത് തന്നെ. ഏതൊരു എയറിന്ത്യാ ഉദ്യോഗസ്ഥനും ചിരിച്ച് ചിരിച്ച് ചത്തു പോകും.

നാടകം എന്നെ ഏറെ ചിന്തിപ്പിച്ചു. അവയിൽ ചിലത് ഇതായിരുന്നു:

1.എന്തിനായിരുന്നു എയർ ഇന്ത്യയുടെ ആദ്യ ഗേറ്റിൽ നിന്ന് ഈ പാവങ്ങളുടെ ഹാന്റ് ലഗേജ് തൂക്കി നോക്കാതെ അനായാസം വിട്ടുകൊടുത്തത്?

2.പിടിച്ചു വെച്ച സാധനങ്ങൾ എങ്ങോട്ടാണ് പോകുന്നത്?

3.യാത്രക്കാരുടെ സാധനങ്ങൾ പിന്നീട് യാത്രക്കാർ ലീവ് കഴിഞ്ഞ് വരുമ്പോൾ തിരിച്ചെടുക്കാനുള്ള സംവിധാനം ഒരുക്കേണ്ടതല്ലേ? അതല്ലെങ്കിൽ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അത് തിരിച്ചു കൊണ്ടുപോകാനുള്ള സൗകര്യം വേണ്ടതല്ലേ?

4. ഡ്യൂട്ടിഫ്രീയിൽ നിന്നുള്ള സാധനങ്ങൾ ഈ പാവങ്ങൾക്ക് കൊണ്ടുപോകാനുള്ള സംവിധാനമില്ലെങ്കിൽ എന്തിനാണ് എയർപോർട്ടിനകത്തൊരു വില്പനകേന്ദ്രം?

നമ്മുടെ രാജ്യത്തിന്റെ അഭിമാന ഭാജനമാകേണ്ട ഒരു സ്ഥാപനം അന്യരാജ്യത്ത് വെച്ച് പോലും സ്വന്തം നാട്ടുകാരെ ആസൂത്രിതമായി നാടകം നടത്തി കൊള്ളയടിക്കുന്നതിന് എന്തുകൊണ്ട് നമ്മുടെ സംഗീത നാടക അക്കാദമി അവാർഡ് നൽകി ആദരിക്കുന്നില്ല!

വിമാനത്തിനകം ആകെ വ്വത്തിഹീനമായും കാണപ്പെട്ടു. വളരെ മോശം ഭക്ഷണവും. വിശപ്പ് കൊണ്ട് തിന്നു പോയതാണെങ്കിലും ഇന്നലെ പുലർച്ച കഴിച്ച ആ ആഹാരം കൊടിയ വയറിളക്കത്തിന് തുടക്കമിട്ടിരിക്കുന്നു.
പാവം എയറിന്ത്യയെ എന്തിന് പറഞ്ഞ് ബോറടിപ്പിക്കണം?

എല്ലാറ്റിനും കാരണം ഈ മുടിഞ്ഞ മാവോയിസ്റ്റുകളാണ്.
ദൈവമേ, അവരുടെ തലയിൽ ഇടിത്തീ വീഴണേ!

 

Latest News