Sorry, you need to enable JavaScript to visit this website.

മൂന്നാം തവണ ഭാഗ്യം കനിയുമോ? പ്രതീക്ഷയോടെ സൗദി ക്ലബ്

റിയാദ് - അഞ്ചു വര്‍ഷത്തിനിടെ രണ്ടു തവണ ഫൈനല്‍ തോറ്റ അല്‍ഹിലാല്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഫൈനല്‍ ആദ്യ പാദത്തില്‍ ജപ്പാനിലെ ഉറാവ റെഡ്‌സിനെ നേരിടുന്നു. ശനിയാഴ്ച റിയാദ് കിംഗ് സൗദ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിലാണ് ആദ്യ പാദം. രണ്ടാം പാദം ഈ മാസം 24 ന് ജപ്പാനിലെ സയ്റ്റാമയിലും. 
അല്‍ഹിലാല്‍ 2014 ല്‍ ഓസ്‌ട്രേലിയയിലെ വെസ്‌റ്റേണ്‍ സിഡ്‌നിയോടും (രണ്ടു പാദങ്ങളിലായി 0-1) 2017 ല്‍ ഉറാവയോടും (രണ്ടു പാദങ്ങളിലായി 1-2) ഫൈനല്‍ തോറ്റു. മൂന്നാം തവണ ഭാഗ്യം തുണക്കുമോയെന്നാണ് ഹിലാല്‍ ആരാധകര്‍ കാത്തിരിക്കുന്നത്. പ്രത്യേകിച്ചും ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ ഹിലാല്‍ ജഴ്‌സിയിലാണ് -ബെഫതിംബി ഗോമിസ്. ഗോമിസ് ഇതുവരെ 10 ഗോളടിച്ചു. ഇത്തവണ ഹിലാല്‍ കിരീടമുയര്‍ത്തുക തന്നെ ചെയ്യുമെന്ന് മുന്‍ ഫ്രഞ്ച് ഇന്റര്‍നാഷനലായ ഗോമിസ് പറഞ്ഞു. 2018 ഓഗസ്റ്റില്‍ 1.6 കോടി ഡോളര്‍ നല്‍കിയാണ് ഗോമിസിനെ ഹിലാല്‍ സ്വന്തമാക്കിയത്. 2014 ലും 2017 ലും ഹിലാലിന് തിരിച്ചടിയായത് ഫൈനലിലെ ഹോം മത്സരം ജയിക്കാതിരുന്നതാണ്.  
2017 ലെ ഫൈനലിലേറ്റ തോല്‍വിക്ക് ഉറാവയോട് പകരം വീട്ടാന്‍ ഹിലാലിന് ലഭിക്കുന്ന മികച്ച അവസരമാണ് ഇത്. ഉറാവ തട്ടിമുട്ടിയാണ് ഫൈനലില്‍ സ്ഥാനം പിടിച്ചത്. ജപ്പാന്‍ ലീഗില്‍ തരംതാഴ്ത്തല്‍ ഭീഷണിയിലാണ് അവര്‍. ടൂര്‍ണമെന്റില്‍ എട്ടു ഗോളടിച്ച ഷിന്‍സൊ കൊറോക്കിയിലാണ് ഉറാവയുടെ പ്രതീക്ഷ. 
 

Latest News