Sorry, you need to enable JavaScript to visit this website.

ജീവനൊടുക്കാൻ കഴുത്തിൽ കുരുക്കിടുമ്പോൾ എന്തായിരിക്കും രാമകൃഷ്ണൻ ആലോചിച്ചിട്ടുണ്ടാകുക

നിലമ്പൂരിൽ ജീവനൊടുക്കിയ ബി.എസ്.എൻ.എൽ ജീവനക്കാരൻ കുന്നത്ത് രാമകൃഷ്ണൻ ഒരു പ്രതീകമാണ്. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ഇന്ത്യൻ പൊതുമേഖല സ്ഥാപനത്തിന്റെ പ്രതീകം. 
സുധ മേനോൻ എഴുതുന്നു.

 

അന്‍പത്തി രണ്ടു വയസ്സാണ് കാഞ്ഞിരമ്പാടം മച്ചിങ്ങാപൊയിലിലെ കുന്നത്ത്
രാമകൃഷ്ണന്..ഭിന്നശേഷിക്കാരനായ ‍രാമകൃഷ്ണന്‍
മുപ്പതു വര്‍ഷമായി BSNL ഓഫീസില് കരാര് അടിസ്ഥാനത്തില്‍ ജോലി ചെയുകയായിരുന്നു. ഇരുപത്തിരണ്ടാം വയസ്സില്‍ ജോലിക്ക് കയറി, ഒരു മനുഷ്യായുസ്സിലെ മുപ്പതു വര്‍ഷങ്ങള്‍ ഒരു സ്ഥാപനത്തില്‍ തൂത്തും തുടച്ചും, വൃത്തിയാക്കിയും കഴിച്ചുകൂട്ടി, ഒടുവില്‍ സ്വിച്ച് റൂമില്‍ തനിക്ക് വേണ്ടിത്തന്നെ കുരുക്കിടുമ്പോള്‍ എന്തായിരിക്കും ആ സാധുമനുഷ്യന്‍ ചിന്തിച്ചിട്ടുണ്ടാവുക? ആ മനുഷ്യന്റെ അവസാനത്തെ ശമ്പളം വെറും ആറായിരം രൂപ ആയിരുന്നു. അതും പത്തു മാസമായി മുടങ്ങിക്കിടക്കുന്നു. അധികം വൈകാതെ , ഈ ജോലിയും നഷ്ടപ്പെടുമെന്ന ചിന്തയാകണം, ജിവിതം തന്നെ അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. എന്നിട്ടും, അദ്ദേഹം പതിവുപോലെ ജോലി മുഴുവനാക്കിയാണ് സ്വയം അവസാനിപ്പിച്ചത്.

ഈ വാര്‍ത്ത വായിക്കുമ്പോൾ,നിങ്ങളുടെ പത്രക്കാഴ്ച കണ്ണീരു കൊണ്ട് മറയുന്നില്ലെങ്കിൽ, നെഞ്ച് നീറുന്നില്ലെങ്കിൽ, നമ്മളൊന്നും മനുഷ്യരേ അല്ല. നിസ്സഹായതയുടെ അങ്ങേ അറ്റത്തു നിന്നാണ് ആ വാർത്ത വായിച്ചത്. കാരണം, രാമകൃഷ്ണൻ ഒരാൾ അല്ല,പലരുടെയും പ്രതിനിധി ആണ്. പതിനായിരക്കണക്കിന് BSNL - MTNL കരാർ തൊഴിലാളികൾ മാസങ്ങളായി ശമ്പളം കിട്ടാതെ, മനസ്സിൽ കയർകുരുക്കുകൾ ഇടുകയും അഴിക്കുകയും ചെയ്യുകയാണ്. യുപിയിലും ബീഹാറിലും ഒരു വർഷമായി അവർക്കു കൂലി കിട്ടിയിട്ട്. എന്തിനു,
സ്ഥിരം ജോലിക്കാർക്ക് പോലും ശമ്പളകുടിശിക കിട്ടിയത് ദീപാവലിക്ക് തൊട്ടുമുൻപ് തൊഴിലാളി യൂണിയനുകൾ പണിമുടക്കും നിരാഹാര സമരവും പ്രഖ്യാപിച്ചത് കൊണ്ട് മാത്രമാണ്. മുപ്പതു ശതമാനത്തോളം കരാർ തൊഴിലാളികളെ പിരിച്ചുവിടാൻ അവര്‍ തീരുമാനിച്ചിട്ടുണ്ട്.
ടെലികോം വകുപ്പ് 74000 കോടിയുടെ പുനരുജ്ജീവന പദ്ധതി, ഏറെ വൈകി, ഈ അടുത്ത കാലത്തു, മുന്നോട്ടു വെച്ചുവെങ്കിലും ധനവകുപ്പ് അതു അംഗീകരിച്ചിട്ടില്ല എന്നാണു അറിവ്. അതേസമയം, ലക്ഷക്കണക്കിന് ജീവനക്കാർ മാസങ്ങളായി ശമ്പളം കിട്ടാതെ ദുരിതത്തിൽ കഴിയുമ്പോഴാണ് കേന്ദ്ര സർക്കാർ ജീവനക്കാരുടെ DA കൂട്ടിയത് എന്നോർക്കണം.

ഒരു വശത്തു 4 ജി നിഷേധിച്ചു കൊണ്ട് ഈ പൊതുമേഖലാ സ്ഥാപനങ്ങളെ തീരാനഷ്ടത്തിലേക്കും, ആത്മഹത്യയിലേക്കും തള്ളി വിട്ടു കൊണ്ടിരിക്കുമ്പോൾ, ഇതേ ഇന്ത്യൻ
വിപണിയിൽ ആണ് ജിയോയുമായി അംബാനി തന്റെ സാമ്രാജ്യം വ്യാപിപ്പിക്കുന്നത്. ഡാറ്റ സർവീസ് ആണ് ടെലികോം രംഗത്തെ ലാഭകരമാക്കുന്നതു എന്നത് കൊണ്ട് തന്നെ 4G ഇല്ലാതെ, കാലാനുസൃതമായ മാറ്റങ്ങൾ ഇല്ലാതെ ഇനി ഈ രംഗത്ത് പിടിച്ചുനില്ക്കാൻ കഴിയില്ല. ഇതൊന്നും അറിയാഞ്ഞിട്ടല്ല നടപ്പിലാക്കാത്തതു. കാരണം, ജാതി പോലെ, മതം പോലെ വോട്ട് ബാങ്ക് അല്ല, തൊഴിലാളികൾ. BSNL ഇൽ 1.63 ലക്ഷം ജീവനക്കാരും,MTNL ഇൽ 22000 ജീവനക്കാരും ആണുള്ളത് . രണ്ടു കമ്പനികളുടെയും മുക്കാൽ ഭാഗം ചിലവും employee cost ആണ് . ലാഭം ഉണ്ടാക്കാതെ ഒരു തരത്തിലും പിടിച്ചു നില്ക്കാൻ കഴിയില്ല. എന്നിട്ടും, 2017 മുതൽ 4G ആവശ്യപ്പെട്ടിട്ടും, ഗവൺമെന്റ് ഇതു വരെ സമ്മതിച്ചിട്ടില്ല. സ്വകാര്യ കമ്പനികൾ പോലും ലാഭം ഉണ്ടാക്കിയിട്ടില്ലെന്നും, preferential basis ഇൽ 4G അനുവദിക്കാൻ പാടില്ലെന്നും ഉള്ള വിചിത്ര വാദമാണ് ഇതിനു കാരണമായി പറയുന്നത് . ക്രോണി ക്യാപിറ്റലിസത്തിൻറെ ഉസ്താദുമാരാണ് ഈ ന്യായം പറയുന്നതെന്ന് ഓർക്കണം. അദാനിക്കും ,അംബാനിക്കും ബാധകമല്ലാത്ത നീതിയാണ് ഒരു പൊതുമേഖലാ സ്ഥാപനത്തെ രക്ഷിക്കുന്നതിൽ നിന്ന് പിന്നോട്ട് പോകാൻ മുൻപോട്ടു വെക്കുന്നത് എന്നത് വിരോധാഭാസമാണ്. കാരണം നിസ്സാരം. BSNL ഇല്ലാതാവേണ്ടത് സ്വകാര്യ മേഖലയുടെ ആവശ്യമാണ് .

തങ്ങളുടെ കണ്മുന്നിൽ കൂടി റിലയൻസും. എയർടെലും, ഐഡിയയും 4ജി നേടി, ഇതേ വിപണിയിൽ വാഴുമ്പോഴാണ് BSNL ജീവനക്കാർ , ലോൺ അടക്കാതെ, കുട്ടികൾക്ക് ഫീസ് കൊടുക്കാനില്ലാതെ പെരുവഴിയിൽ ആയതു നാം എന്ന് ഓർക്കണം.രാമകൃഷ്ണന്റെ ആത്മഹത്യ തീർച്ചയായും ഇന്സ്ടിട്യൂഷണൽ മർഡർ ആണ്. പത്തു മാസം നയാപൈസ ശമ്പളം ഇല്ലാതെ ഒരു കരാർ ജീവനക്കാരൻ കഴിഞ്ഞു കൂടിയത് നമ്മുടെ മുന്നിലാണ് .ഇനിയും പലയിടത്തും രാമകൃഷ്ണന്മാർ കഴുത്തിൽ കുടുക്കിടുമ്പോൾ, ക്രോണി ക്യാപിറ്റലിസവും റിലയൻസും മറ്റു കുത്തകകളും മാത്രം വിപണിയിൽ വാഴുമ്പോൾ,പൊതുമേഖലയുടെ അടിവേര് ഇളകുമ്പോൾ,തന്നെ ആണ് നോട്ടു നിരോധനത്തിന്റെ മൂന്നാം വാർഷികവും ആഘോഷിക്കുന്നത് എന്നോർക്കുമ്പോഴാണ്, പബ്ലിക് പോളിസിയുടെ മുൻഗണനകളിലെ അധാർമികതയും, മനുഷ്യവിരുദ്ധതയും കാരണം ജീവൻ വെടിയേണ്ടി വന്ന ഒരു മനുഷ്യന്റെ മുഖം നീറ്റലാകുന്നത്, തീരാവേദനയാകുന്നത്. ആദരാഞ്ജലികള്, പ്രിയസഹോദരാ‍ .. നിശബ്ദരും, നിസ്സഹായരുമായ ഒരു ജനതയാണ് നമ്മള്‍. മാപ്പ്.

Latest News