Sorry, you need to enable JavaScript to visit this website.

പഴയ ഗള്‍ഫല്ല; അപ്രതീക്ഷിത ചെലവുകള്‍ നേരിടാന്‍ വേണം ഒരു പ്ലാന്‍

ള്‍ഫ് നാടുകള്‍ ഇനി പഴയതുപോലെയാവില്ല എന്ന സത്യം ഭൂരിഭാഗം പ്രവാസികളിലും ആശങ്കയുടെ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. സ്വദേശിവത്കരണവും സാമ്പത്തികരംഗത്തെ അസ്വസ്ഥതകളുമെല്ലാം പ്രവാസി മലയാളികള്‍ക്കിടയില്‍ ഏറെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

തൊഴില്‍ മേഖലയിലെ അരക്ഷിതാവസ്ഥയും  വര്‍ധിച്ചുവരുന്ന ജീവിതച്ചെലവുകളും ഉയരാത്ത വരുമാനവും ഏവരെയും അസ്വസ്ഥരാക്കുന്നു.  ജീവിതത്തില്‍ പെട്ടെന്നൊരു തിരിച്ചടി ഉണ്ടായാല്‍,ആ അവസ്ഥയെ എങ്ങനെ നേരിടണമെന്ന്  ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പെട്ടെന്ന് ജോലി നഷ്ടപ്പെട്ടാലൊ സമാനമായ സാഹചര്യമുണ്ടായാലോ ജീവിതത്തെ ബാധിക്കാതിരിക്കാന്‍ എമര്‍ജന്‍സി ഫണ്ട് അല്ലെങ്കില്‍ കരുതല്‍ ധനം സ്വരൂപിക്കേണ്ടത് ആവശ്യമാണ്.

സ്വന്തമായി ഒരു വീട് മുതല്‍ പല സ്വപ്നങ്ങളുമായാണ് എല്ലാവരും പ്രവാസ ജീവിതത്തിലേക്ക് കടക്കുന്നത്. ആ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനാണ് എല്ലാവരും ജോലി ചെയ്യുന്നതും. പക്ഷേ പെട്ടെന്നുള്ള ആശുപത്രി ആവശ്യങ്ങള്‍, ജോലി നഷ്ടപ്പെടല്‍, പെട്ടെന്നു ഫ് ളൈറ്റ്  ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വരിക തുടങ്ങിയ പലതരം  അപ്രതീക്ഷിത ആവശ്യങ്ങളും ജിവിതത്തിലെ പല പ്ലാനിങ്ങുകളെയും തെറ്റിച്ചെന്നു വരാം. ഇത്തരം ആകസ്മികമായ ആവശ്യങ്ങള്‍ക്കു വേണ്ടിയുളള കരുതിവെയ്പ്പാണ് എമര്‍ജന്‍സി ഫണ്ട്. പ്രതിമാസ ശമ്പളത്തില്‍ നിന്നുളള ഒരു ചെറിയ തുക  മാറ്റിവെക്കാനോ നിക്ഷേപിക്കാനോ സാധിച്ചാല്‍ പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ബാധ്യതകളെ കുറിച്ച് ഒരു പരിധി വരെ ആശങ്കയില്ലാതെ ജീവിക്കാം. മാസചെലവിന്റെ മൂന്ന് മടങ്ങ് മാറ്റിവെക്കാന്‍ സാധിക്കുന്നതാണ് ഏറെ സുരക്ഷിതം.

നാലുമുതല്‍ ആറുമാസം വരെയുള്ള ദൈനംദിന ചെലവുകളാണ് എമര്‍ജന്‍സി ഫണ്ട് അല്ലെങ്കില്‍ കരുതല്‍ ധനമായി സൂക്ഷിക്കേണ്ടത്. നിങ്ങളുടെ പ്രതിമാസ വരുമാനം 50,000 രൂപയാണെങ്കില്‍  രണ്ട് ലക്ഷം രൂപ വരെ കരുതല്‍ ധനമായി സമാഹരിക്കണം ഭക്ഷണം, വാടക, ലോണ്‍ ഇഎംഐ, കുട്ടികളുടെ ടൂഷ്യന്‍ ഫീസ്, ജിം ഫീസ്, ജോലിക്കാരിയുടെ ശമ്പളം, വൈദ്യുതി, ഗ്യാസ് ചാര്‍ജുകള്‍ എന്നിവ ഉള്‍പ്പടെയുള്ളവ മുന്നില്‍കണ്ടുവേണം കരുതല്‍ധനം നിശ്ചയിക്കാന്‍.
ഇങ്ങനെ സമാഹരിക്കുന്ന തുക ബാങ്കില്‍ സ്ഥിര നിക്ഷേപമായോ, ലിക്വിഡ് ഫണ്ടിലോ, ഷോട്ട് ടേം ഡെറ്റ് ഫണ്ടിലോ നിക്ഷേപിക്കണം. ആരെങ്കിലും കടം ചോദിച്ചാല്‍ പോലും ഈ തുകയില്‍ നിന്ന് കൊടുക്കരുത്. കല്യാണമോ മറ്റ് ഒവിവാക്കാന്‍ കഴിയുന്ന ചടങ്ങുകളോ ഇതില്‍ പെടുത്തരുത്. പ്രതിമാസ വരുമാനമില്ലാത്ത വീട്ടമ്മമാര്‍, വിദ്യാര്‍ഥികള്‍, വയോധികര്‍ തുടങ്ങിയവര്‍ക്കും  കിട്ടുന്ന പണം മിച്ചം പിടിച്ച് എമര്‍ജന്‍സി ഫണ്ടായി സമാഹരിക്കാം.

കരുതല്‍ ധനം എത്രവേണമെന്നത് ഓരോരുത്തരുടെയും ചെലവിനെ ആശ്രയിച്ചാണിരിക്കുന്നത്. ജോലി സ്ഥിരതയില്ലാത്തവര്‍ ഇതിനെ ഗൗരവമായി കാണണം. ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ചെലവ് കുറയ്ക്കാന്‍ ശ്രമിക്കുകയും വേണം. പുറത്തുനിന്നുള്ള ഭക്ഷണം, മള്‍ട്ടിപ്ലക്സില്‍ സിനിമ കാണല്‍, ആഴ്ചയുടെ അവസാനം പുറത്തു പോയുളള ആഘോഷം എന്നിവ ഒഴിവാക്കണം.

സമ്പാദിക്കുന്നതു മുഴുവന്‍ അല്ലെങ്കില്‍ സമ്പാദ്യത്തിനേക്കാള്‍ ചെലവു ചെയ്യുകയാണെങ്കില്‍  വലിയ ബാധ്യതകളില്‍ അകപ്പെട്ടേക്കാം. എന്നാല്‍, പണം സൂക്ഷിച്ചുവെച്ചതുകൊണ്ട് മാത്രം കാര്യമില്ല.  പണം വളര്‍ത്തുന്നതും സുരക്ഷിതമായതുമായ വിവിധതരം നിക്ഷേപമാര്‍ഗങ്ങളെക്കുറിച്ച് മനസിലാക്കി ബുദ്ധിപരമായി നിക്ഷേപിക്കുക. ആദ്യം നിക്ഷേപിക്കുന്നതിനുള്ള പണം മാറ്റിവെക്കുക. അതിനുശേഷം ബാക്കിയുള്ള പണം മാത്രം ചെലവിടുക.

നിങ്ങളുടെ കുട്ടികളെയും സാമ്പത്തിക  സ്ഥിതിയെക്കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞു പഠിപ്പിക്കുക. ഭാവിയിലേക്ക് കരുതല്‍ എടുക്കുക എന്നാല്‍ പിശുക്കി ജീവിക്കുക എന്നല്ല അര്‍ത്ഥം. മറിച്ച് ജീവിതം ആസ്വദിച്ചുകൊണ്ട് തന്നെ തുടക്കം മുതലേ ഭാവിയെക്കുറിച്ചുള്ള കരുതലോടെ എങ്ങനെ ജീവിക്കാം എന്നതാണ്. ശരീരത്തിന്റെ ആരോഗ്യം പോലെതന്നെ 'സാമ്പത്തിക ആരോഗ്യം' കാത്തുസൂക്ഷിക്കാനും നിലനിര്‍ത്താനും പ്രത്യേക ശ്രദ്ധവേണം.

 

 

 

Latest News