Sorry, you need to enable JavaScript to visit this website.

ലോഗോകളുടെ പെരുന്തച്ചൻ

ശശികല

ശശിധരൻ എന്ന പേര് അദ്ദേഹം തന്നെ ഇപ്പോൾ മറന്നിരിക്കുന്നു. ശശിധരൻ വലിയപുരയിൽ, ശശികലയായത് എങ്ങനെ എന്ന ചോദ്യത്തിന് താൻ വരയുന്ന ലോഗോയിലെന്ന പോലെ വ്യക്തവും കാര്യമാത്ര പ്രസക്തവുമായ ഉത്തരമാണ് അദ്ദേഹം നൽകിയത്. ഹൈസ്‌കൂളിൽ പഠിക്കുന്ന സമയത്ത് കണ്ണൂരിൽ 'ശശികല ആർട്‌സ്' എന്ന പേരിൽ ഒരു കമേഴ്‌സ്യൽ ചിത്രകലാ സ്ഥാപനം അദ്ദേഹം നടത്തിയിരുന്നു. 'ശശിയുടെ കല' എന്ന അർഥത്തിലാണ് സ്ഥാപനത്തിന് ആ പേരു നൽകിയത്. അതു പിന്നെ അദ്ദേഹത്തിന്റെ പേരു തന്നെയായി മാറുകയായിരുന്നു. കണ്ണൂരിലെ പത്രക്കാരാണ് ആ ഏടാകൂടം ഒപ്പിച്ചത് എന്നദ്ദേഹം പറയും.
ഏടാകൂടമോ...? അതിപ്പോൾ പ്രശസ്തമായൊരു പേരല്ലേ എന്നു ചോദിച്ചാൽ അത് അംഗീകരിക്കുന്ന മട്ടിൽ ആഹ്ലാദത്തോടെ അദ്ദേഹം ചിരിക്കും. എന്നിട്ട് ശശികല എന്ന പേര് ഏടാകൂടമാകുന്നതിന്റെ ചില പിന്നാമ്പുറക്കഥകൾ വിശദീകരിക്കും. വർഷങ്ങൾക്കു മുമ്പ് കണ്ണൂർ ജവഹർ ലൈബ്രറിയിൽ അദ്ദേ ഹം ഒരു ചിത്രരചനാ മത്സരം ഉദ്ഘാടനം ചെയ്തു. മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിൽ പിറ്റേന്ന് വന്ന വാർത്ത ഇങ്ങനെയായിരുന്നു - ചിത്രരചനാ മത്സരം പ്രമുഖ 'ചിത്രകാരി ശശികല' ഉദ്ഘാടനം ചെയ്തു! ശശികല എന്ന പേര് മൊബൈലിൽ ഫീഡ് ചെയ്തു വെച്ച തന്റെ ചില അടുത്ത സുഹൃത്തുക്കൾ ആ പേരിന്റെ പേരിൽ സ്വന്തം ഭാര്യമാരിൽ നിന്നും നേരിടേണ്ടി വന്ന കലഹങ്ങളുടെ കഥകളും അദ്ദേഹം പറഞ്ഞു ചിരിച്ചു. 


കണ്ണൂരിലെ ചിറക്കൽ രാജാസ് സ്‌കൂളിലായിരുന്നു ശശികലയുടെ പഠനം. അവിടെ 9-ാം ക്ലാസിലായിരുന്നപ്പോൾ ചിത്രകലാ അധ്യാപകരായ സജീന്ദ്രൻ, ദാമോദരൻ എന്നിവരാണ് അദ്ദേഹത്തിന്റെ ഉള്ളിലെ കലാകാരനെ ഉണർത്തിയതും പ്രോത്സാഹിപ്പിച്ചതും. 1975-76 കാലത്താണത്. സ്‌കൂളിൽ ഒരാഴ്ച നീണ്ടുനിന്ന ഒരു ശാസ്‌ത്രോത്സവം നടന്നു. അദ്ദേഹത്തിലെ കലാകാരനെ തിരിച്ചറിഞ്ഞ ആ അധ്യാപകർ അവിടെ എക്‌സിബിഷൻ ഹാളിൽ വെക്കേണ്ട മിക്കവാറും എല്ലാ ചാർട്ടുകളും ചിത്രങ്ങളും ബാനറുകളും അദ്ദേഹത്തെക്കൊണ്ട് വരപ്പിക്കുകയായിരുന്നു. അത് ശ്രദ്ധേയമായതോടെ അദ്ദേഹത്തിലെ കലാകാരൻ അംഗീകരിക്കപ്പെട്ടു. അതു നൽകിയ ആത്മവിശ്വാസത്തിലാണ് കണ്ണൂരിൽ ശശികല ആർട്‌സ് എന്ന പേരിൽ ഒരു ചിത്രകലാ സ്ഥാപനം ആരംഭിച്ചത്. അപ്പോൾ അദ്ദേഹത്തിന് പ്രായം 14 വയസ്സ്.
അതെന്തായാലും കല തന്റെ ഉള്ളിൽ പാരമ്പര്യമായി തന്നെ ഉറഞ്ഞുകൂടിയ ഒരു സിദ്ധിയാണ് എന്നു പറയാനാണ് ശശികലയ്ക്കിഷ്ടം. അദ്ദേഹത്തിന്റെ അച്ഛനും ഇളയച്ഛനും അമ്മയുടെ ബന്ധുക്കളും ഒക്കെ കലാകാരൻമാരായിരുന്നു. ചിത്രരചനയിലും ശിൽപ വിദ്യയിലും കൊത്തുവേലയിലും പ്രാവീണ്യം തെളിയിച്ചവർ. ഇപ്പോൾ അതേ കലാ പാരമ്പര്യം തന്റെ മക്കൾക്കും കിട്ടിയിട്ടുണ്ട് എന്ന് തന്റെ നീണ്ടു വളർന്ന തലമുടി അരുമയോടെ തഴുകിക്കൊണ്ട് പറയുമ്പോൾ ശശികലയുടെ മുഖത്ത് വിരിയുന്നത് അഭിമാനം അടയാളപ്പെടുത്തിയ നിറവുള്ള ചിരിയാണ്.
എഴുപതുകളുടെ അവസാനത്തിലാണ് അദ്ദേഹം ചിത്രരചനാ രംഗത്ത് സജീവമാകുന്നത്. അന്ന് കണ്ണൂരിൽ ഉണ്ടായിരുന്ന അപൂർവം ചിത്രകാരൻമാരിൽ ഒരാളായിരുന്നു ശശികല. ചിത്രരചനയിൽ മാത്രമല്ല, അതുമായി ബന്ധപ്പെട്ട കലയുടെ മറ്റ് ഇതര മേഖലകളിലും അദ്ദേഹം പ്രാഗത്ഭ്യം തെളിയിച്ചു. പരസ്യ ബോർഡുകൾ, ബാനറുകൾ, ചുവരെഴുത്ത്, ക്ലേ മോഡലിംഗ്, ശിൽപവേല, ടാബ്ലോ, പ്ലോട്ടുകൾ, സമ്മേളനങ്ങൾക്കും മറ്റുമുള്ള വലിയ കമാനങ്ങൾ, നാടകങ്ങൾക്കു വേണ്ടിയുള്ള രംഗ പടമൊരുക്കൽ, പൂക്കളം ഒരുക്കുന്നതിന് ആവശ്യമായ കളം വരയൽ, രാഷ്ട്രീയ നേതാക്കളുടെയും മറ്റും പദയാത്രകൾക്ക് ആവശ്യമായ വാഹനമൊരുക്കൽ എന്നിങ്ങനെ അദ്ദേഹം കൈവെക്കാത്ത മേഖലകളില്ല.
അങ്ങനെ നോക്കുമ്പോൾ ഒരു സമ്പൂർണ കലാകാരനാണ് ശശികല എന്നു പറയാം. മുമ്പ്, ഇലക്ഷൻ കാലമായാൽ അദ്ദേഹത്തിനു നിന്നു തിരിയാൻ നേരമില്ലാതാകും. അന്ന്, ബോർഡും ബാനറും ചുവരെഴുത്തും ഒക്കെ നടത്താൻ കണ്ണൂരിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ അദ്ദേഹത്തെയാണ് സമീപിക്കാറ്.


ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠാ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി 1988-ൽ കേരളത്തിൽ ഒരു രഥഘോഷയാത്ര നടക്കുകയുണ്ടായി. മംഗലാപുരത്തെ ഗോകർണനാഥ ക്ഷേത്രത്തിൽ നിന്നും ആരംഭി ച്ച് 56 ദിവസം കൊണ്ട് തിരുവനന്തപുരത്ത് സമാപിച്ച ആ യാത്രയിലെ പ്രധാ ന ആകർഷണം അരുവിപ്പുറം ക്ഷേത്രത്തിന്റെ അതേ മാതൃകയിലും വലിപ്പത്തിലുമുള്ള രഥമായിരുന്നു. 35 ലക്ഷത്തോളം പേർ പങ്കെടുത്ത ആ ഘോഷയാത്രയിലെ രഥം നിർമിച്ചത് ശശികലയാണ്. രഥഘോഷയാത്ര ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ കേന്ദ്രമന്ത്രി ജനാർദനൻ പൂജാരിയും തിരുവനന്തപുരത്ത് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത രാജീവ് ഗാന്ധിയും ആ ക്ഷേത്ര മാതൃക കണ്ട് അതിശയിച്ചു പോയതായി പറയുമ്പോൾ ശശികലയുടെ മുഖം അഭിമാനപൂരിതമായി. ഒറ്റ നോട്ടത്തിൽ ആർക്കും ഒരു വ്യത്യാസവും കണ്ടുപിടിക്കാനാവാത്ത വിധം അത്രയും കുറ്റമറ്റ കരവിരുതോടെയാണ് ശശികല എന്ന കലാകാരൻ അതിന്റെ നിർമിതി നടത്തിയത്.
2011-ൽ കണ്ണൂർ കലക്ടറേറ്റു മൈതാനിയിൽ ഗ്ലോബേഴ്‌സ് എന്റർടെയിൻമെന്റ് എന്ന സംഘടന ഒരു വലിയ പുക്കളമൊരുക്കുകയുണ്ടായി. 20,000 ചതുരശ്ര അടി വിസ്തൃതിയുള്ള ആ പൂക്കളമാണ് ലോകത്തിലെ ഏറ്റവും വലിയ പൂക്കളം എന്ന നിലയിൽ ഇന്ന് ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിരിക്കുന്നത്. അതിന്റെ മുഴുവൻ ബുദ്ധിയും പരിശ്രമവും ആർട്ടിസ്റ്റ് ശശികലയുടേതാണ് എന്നറിയുക. 25 ലക്ഷം രൂപയുടെ പൂക്കളും 2000-ൽ പരം ആളുകളേയും അണി നിരത്തി അദ്ദേഹം ഒരുക്കിയ ഭീമൻ പൂക്കളം ലക്ഷക്കണക്കിന് ആളുകളെയാണ് ആകർഷിച്ചത്. അതിന്റെ സമാപന സമ്മേളന ദിവസം കേരളത്തിൽ അപ്രതീക്ഷിതമായ ഒരു രാഷ്ട്രീയ ഹർത്താലുണ്ടായി. ഏതു ഹർത്താലും ജനജീവിതം സ്തംഭിപ്പിക്കുന്ന കണ്ണൂരിൽ പക്ഷേ, ആ ഹർത്താലിനെ വകവെക്കാതെ ജില്ലക്കകത്തും പുറത്തും നിന്നുമായി പൂക്കളം കാണാൻ ജനലക്ഷങ്ങളാണ് ഇരമ്പിയെത്തിയത്. 

ഒരു ചിത്രകാരൻ എന്ന നിലയിൽ വരയുടെ ഏതു മേഖലയിൽ വ്യാപരിക്കാനും ആർട്ടിസ്റ്റ് ശശികലയ്ക്ക് ഇഷ്ടമാണ്. ആ നിലയിലാണ് ലോഗോയുടെ സൃഷ്ടിയിലും ഏർപ്പെടുന്നത്. 35 വർഷങ്ങൾക്ക് മുമ്പ് കണ്ണൂർ ശ്രീപുരം സ്‌കൂളിനു വേണ്ടി അച്ഛൻ ഏറ്റെടുത്ത ഒരു ലോഗോ സ്വന്തം നിലയിൽ വരച്ചുണ്ടാക്കിക്കൊണ്ടായിരുന്നു ഈ രംഗത്ത് തുടക്കം. ഒരു ചിത്രകാരൻ എന്ന നിലയിൽ ലോഗോ വരക്കുമ്പോഴാണ് താൻ ഏറ്റവും വലിയ വെല്ലുവിളിയും സമ്മർദവും നേരിടുന്നത് എന്നദ്ദേഹം പറയുന്നു.    കേരള യുവജനക്ഷേമ ബോർഡ് ലോഗോ (2005), സംസ്ഥാന കേരളോത്സവ ലോഗോ (2007), ഇന്ത്യൻ കോഫീ ഹൗസ് സുവർണ ജൂബിലി ലോഗോ (2008), സംസ്ഥാന സ്‌കൂൾ കായികമേള (തിരുവല്ല) ലോഗോ(2009), കേരള സർക്കാർ അതുല്യം തുടർ വിദ്യാഭ്യാസ ലോഗോ (2010), സംസ്ഥാന സ്‌കൂൾ ശാസ്ത്ര മേള(തിരൂർ) ലോഗോ(2014), സംസ്ഥാന സ്‌കൂൾ കലോത്സവ ലോഗോ (2010, 2015, 2016) തുടങ്ങി നിരവധി ലോഗോകളുടെ രചയിതാവാണ് ആർട്ടിസ്റ്റ് ശശികല. കേരളത്തിൽ എന്നല്ല, ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ലോഗോകളുടെ നിർമിതിക്ക് നിദാനമായ കരങ്ങളാണ് അദ്ദേഹത്തിന്റേത്. 

Latest News