Sorry, you need to enable JavaScript to visit this website.

ധോണിയും സൗരവും, ഇഴപിരിയാത്ത ബന്ധം

മുംബൈ - ഭാവിയെക്കുറിച്ച് മഹേന്ദ്ര സിംഗ് ധോണിയുടെ മനസ്സിലെന്താണെന്നറിയുന്നത് പ്രഥമ ദൗത്യമായി ഏറ്റെടുത്ത് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ചുമതലയേല്‍ക്കുന്നതിന്റെ പിറ്റേ ദിനം തന്നെ ഇതു സംബന്ധിച്ച് സെലക്ടര്‍മാരുമായി സൗരവ് സംസാരിക്കും. 
11 വര്‍ഷം മുമ്പ് സൗരവിന്റെ വിടവാങ്ങല്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന്റെ നായകന്‍ ധോണിയായിരുന്നു. അന്ന് മത്സരത്തിന്റെ അവസാന സെഷനില്‍ ക്യാപ്റ്റന്‍ സ്ഥാനം സൗരവിന് വിട്ടുകൊടുത്ത് ധോണി മുന്‍ നായകനോട് ആദരവ് പ്രകടിപ്പിച്ചിരുന്നു. ധോണിയുടെ കരിയറിന്റെ അവസാനം ആ നന്ദി തിരിച്ചു പ്രകടിപ്പിക്കാന്‍ സൗരവിന് അവസരം കിട്ടുകയാണ്. അതോടൊപ്പം ആ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ഏകദിന ടൂര്‍ണമെന്റില്‍ സൗരവിനെയും രാഹുല്‍ ദ്രാവിഡിനെയും ധോണി പുറത്തിരുത്തുകയും ചെയ്തിരുന്നു. സൗരവിന്റെ ക്യാപ്റ്റന്‍സിയിലാണ് ധോണിയെന്ന അത്യുജ്വല ക്രിക്കറ്ററുടെ കരിയര്‍ ആരംഭിച്ചത്. ധോണിയെന്ന യുവ താരത്തിന്റെ കഴിവിനെക്കുറിച്ച് ഒരു ജേണലിസ്റ്റിനോട് ആദ്യം സംസാരിച്ചതും സൗരവ് തന്നെ. ആദ്യ മൂന്നു മത്സരങ്ങളില്‍ പരാജയപ്പെട്ടിട്ടും പാക്കിസ്ഥാനെതിരായ നാലാം മത്സരത്തില്‍ ധോണിയെ വണ്‍ ഡൗണായി ഇറക്കിയത് സൗരവായിരുന്നു. കന്നി സെഞ്ചുറിയോടെ വിശാഖപട്ടണത്ത് ധോണി അത് ആഘോഷിച്ചു. ഒരിക്കല്‍കൂടി ധോണിയുടെ കരിയറില്‍ സൗരവ് നിര്‍ണായക ഘടകമാവുകയാണ്. 
ലോകകപ്പിനു ശേഷം ധോണി ഇന്ത്യന്‍ കുപ്പായമിട്ടിട്ടില്ല. എന്നാല്‍ വിരമിച്ചിട്ടുമില്ല. അനിശ്ചിതത്വം തുടരുകയാണ്. എന്താണ് മനസ്സിലുള്ളതെന്ന് ധോണി ടീം മാനേജ്‌മെന്റിനെ അറിയിക്കണമെന്ന നിലപാടാണ് സൗരവിന്. ധോണിയെ ടീമില്‍ നിലനിര്‍ത്തുന്നത് സംബന്ധിച്ച് സെലക്ടര്‍മാരുടെ നിലപാടറിയാനാണ് സൗരവ് ആദ്യം ശ്രമിക്കുന്നത്. വേണ്ടിവന്നാല്‍ ധോണിയുമായി സംസാരിക്കുമെന്നും എന്താണ് പദ്ധതിയെന്ന് ആരായുമെന്നും സൗരവ് അറിയിച്ചു. ധോണി ഫോമിലാണെന്നും ഇപ്പോള്‍ പെട്ടെന്ന് വിരമിക്കേണ്ട കാര്യമില്ലെന്നുമാണ് നേരത്തെ മുതല്‍ സൗരവ് ആവര്‍ത്തിച്ചിരുന്നത്. കഴിവുണ്ടെങ്കില്‍ പ്രായം പ്രശ്‌നമല്ലെന്നും റിഷഭ് പന്തിന് മൂന്നു നാലു വര്‍ഷമെടുത്താലും ധോണിയാവാനാവില്ലെന്നുമാണ് സൗരവിന്റെ നിലപാട്. 

Latest News