Sorry, you need to enable JavaScript to visit this website.

ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ആദ്യം കളി കാണുന്നത് കൊച്ചിയില്‍

കൊല്‍ക്കത്ത - ബി.സി.സി.ഐ പ്രസിഡന്റെന്ന നിലയില്‍ സൗരവ് ഗാംഗുലി ആദ്യ മത്സരം കാണുന്നത് കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍. എന്നാല്‍ അത് ക്രിക്കറ്റായിരിക്കില്ല. ഐ.എസ്.എല്ലിന്റെ പുതിയ സീസണ്‍ ഉദ്ഘാടനം ചെയ്യാനാണ് സൗരവ് കൊച്ചിയിലെത്തുന്നത്. റാഞ്ചിയില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടെസ്റ്റ് കാണാന്‍ സൗരവിന് താല്‍പര്യമുണ്ടായിരുന്നുവെങ്കിലും കൊച്ചിയിലെത്താന്‍ നേരത്തെ പദ്ധതിയിട്ടിരുന്നു. ഞായറാഴ്ചയാണ് ഐ.എസ്.എല്‍ ഉദ്ഘാടന മത്സരം. കേരളാ ബ്ലാസ്റ്റേഴ്‌സും എ.ടി.കെയും തമ്മില്‍. ശനിയാഴ്ച മൂന്നാം ടെസ്റ്റ് ആരംഭിക്കും. 
റാഞ്ചിയില്‍ പോകാന്‍ താല്‍പര്യമുണ്ടെങ്കിലും ഐ.എസ്.എല്ലിന്റെ അംബാസഡറായി താനാണ് നിയമിക്കപ്പെട്ടിരിക്കുന്നതെന്നും അതിനായി വീഡിയൊ ഷൂട്ട് ചെയ്തിട്ടുണ്ടെന്നും സൗരവ് അറിയിച്ചു. അതിനാല്‍ കൊച്ചിയില്‍ ഉദ്ഘാടന മത്സരത്തില്‍ പങ്കെടുക്കണം. 
ടെസ്റ്റ് 23 വരെ നീളും. എന്നാല്‍ കൊച്ചിയില്‍ നിന്ന് നേരെ മുംബൈയിലെത്തി 23 ന് സൗരവ് ബി.സി.സി.ഐ പ്രസിഡന്റ് പദവി ഏറ്റെടുക്കും. 
ഐ.പി.എല്ലില്‍ ദല്‍ഹി കാപിറ്റല്‍സിന്റെ മാര്‍ഗദര്‍ശി പദവി സൗരവ് രാജി വെച്ചിട്ടുണ്ട്. എന്നാല്‍ ദാദാഗിരി എന്ന ബംഗാളി ടി.വി ഷോ തുടരും. കമന്ററി, കോളമെഴുത്ത് തുടങ്ങി മറ്റെല്ലാ ചുമതലകളും ഒഴിവാകും. 
ബി.സി.സി.ഐ പദവി വലിയ ചുമതലയാണെന്നും കമ്മിറ്റി രൂപീകരണമായിരിക്കും തന്റെ ആദ്യ ദൗത്യമെന്നും സൗരവ് അറിയിച്ചു. ഐ.എസ്.എല്‍ ടീം എ.ടി.കെയുമായി സൗരവിന് ബന്ധമുണ്ട്. ഇക്കാര്യത്തില്‍ ടീം അധികൃതരുമായി സംസാരിച്ച് തീരുമാനമെടുക്കുമെന്ന് നിയുക്ത ബി.സി.സി.ഐ പ്രസിഡന്റ് അറിയിച്ചു. 

Latest News