Sorry, you need to enable JavaScript to visit this website.

ബ്രിജേഷിനെ വെട്ടിയത് പാതിരാത്രി

മുംബൈ -കര്‍ണാടകക്കാരനായ  മുന്‍ ഇന്ത്യന്‍ താരം ബ്രിജേഷ് പട്ടേല്‍ ബി.സി.സി.ഐ അധ്യക്ഷനാകുമെന്ന അവസ്ഥയില്‍ നിന്ന് നാടകീയമായാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. സംസ്ഥാന അസോസിയേഷനുകളുടെ അനൗദ്യോഗിക യോഗത്തിലാണ് സൗരവിന്റെ പേര് ഉയര്‍ന്നുവന്നത്. പ്രതിനിധികള്‍ ഏകകണ്ഠമായി ഇത് അംഗീകരിച്ചു. ബ്രിജേഷ് പട്ടേല്‍ ഐ.പി.എല്‍ ചെയര്‍മാനാവും. 
കഴിഞ്ഞ രാത്രി വരെയും മുന്‍ ബി.സി.സി.ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ കൈയിലായിരുന്നു കടിഞ്ഞാണ്‍. കര്‍ണാടകക്കാരനായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ബ്രിജേഷ് പട്ടേലിനെ പ്രസിഡന്റാക്കാന്‍ അദ്ദേഹം ചരടുവലിക്കുകയായിരുന്നു. അതിനായി ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ ശ്രീനിവാസന്‍ സംഘടിപ്പിച്ച വിരുന്നില്‍ നൂറോളം ബി.സി.സി.ഐ പ്രതിനിധികള്‍ പങ്കെടുത്തു. ഞായറാഴ്ച രാത്രി ഒമ്പതര വരെ കാര്യങ്ങള്‍ സുഗമമായി നീങ്ങുകയായിരുന്നു. 
അവസാന വേളയില്‍ ചില അംഗങ്ങള്‍ എഴുന്നേറ്റു. കഴിഞ്ഞ മൂന്നു വര്‍ഷം ബി.സി.സി.ഐയിലുണ്ടായ കോളിളക്കങ്ങള്‍ക്ക് കാരണമായ അതേ വ്യക്തി പുതിയ പ്രസിഡന്റിനെ നിശ്ചയിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം തീരുമാനിക്കുന്ന പ്രതിനിധിയെ പിന്താങ്ങില്ലെന്നും ചിലര്‍ വാദിച്ചു. അതോടെ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ എഴുന്നേറ്റു. പകരം സൗരവ് ഗാംഗുലിയുടെ പേര് നിര്‍ദേശിച്ചു. വടക്കു കിഴക്കന്‍, പടിഞ്ഞാറന്‍ സംസ്ഥാനങ്ങളുടെ പിന്തുണ സൗരവിന് കിട്ടി. 
സൗരവിന്റെ പേര് നിര്‍ദേശിച്ചത് പെട്ടെന്നുണ്ടായ തീരുമാനമായിരുന്നില്ല. കേന്ദ്ര മന്ത്രി അമിത് ഷായുമായി രണ്ടു ദിവസം മുമ്പു തന്നെ സൗരവ് കൂടിക്കാഴ്ച നടത്തിയിരുന്നു. മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയനുസരിച്ചാണ് അനുരാഗ് താക്കൂര്‍ മുന്‍ നായകന്റെ പേര് നിര്‍ദേശിച്ചതും അതിന് പിന്തുണ സ്വന്തമാക്കിയതും. ആ കളിയില്‍ ശ്രീനിവാസന് അടി തെറ്റി. 
 

Latest News