Sorry, you need to enable JavaScript to visit this website.

മാധ്യമ പ്രവർത്തകർക്കും സെൻസ് വേണം 

മലയാളത്തിൽ ധാരാളം ന്യൂസ് ചാനലുകൾ വന്നെങ്കിലും ഫോർമാറ്റിൽ മാറ്റം വരുത്താൻ ആരും തുനിഞ്ഞു കാണുന്നില്ല. ആരെങ്കിലും പുതിയ ആശയം അവതരിപ്പിക്കാൻ ശ്രമിച്ചാൽ അത് പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുന്നുവെന്ന് പോലും അന്വേഷിക്കാതെ ഉടൻ അനുകരിക്കാനുള്ള പ്രവണതയും വിരളമല്ല. ഒരു മിനിറ്റിൽ നൂറ് വാർത്തയും ന്യൂസ് എക്‌സ്പ്രസും സമീപകാല ഉദാഹരണങ്ങൾ. വാർത്തകൾ വേണ്ട വിധം ഓർഗനൈസ് ചെയ്ത് അവതരിപ്പിക്കാറില്ലെന്ന പ്രശ്‌നം ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലെന്ന പോലെ ഇപ്പോഴും പിന്തുടരുന്നു. ഷിക്കാഗോയിലെ തീപ്പിടിത്തത്തെ പിന്തുടർന്ന് കൂടരഞ്ഞിയിലെ റീ പോസ്റ്റുമോർട്ടവും കടന്നുവരുന്നത് പുതുമയേ അല്ല. നാം മുന്നോട്ട് എന്ന പ്രോഗ്രാം കേരള പി.ആർ.ഡി തയാറാക്കി ചാനലുകളിൽ സംപ്രേഷണം ചെയ്തു വരുന്നതാണ്. മുഖ്യമന്ത്രിയും ഓരോ വിഷയത്തിലെ വിദഗ്ധരുൾപ്പെടുന്ന പാനലിസ്റ്റുകളും കേരളത്തിന്റെ സമഗ്ര പുരോഗതിയ്ക്കായി വ്യത്യസ്ത വിഷയങ്ങൾ ചർച്ച ചെയ്യും. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് കൈരളി ടി.വി എം.ഡിയുമായ ജോൺ ബ്രിട്ടാസാണ് അവതാരകൻ. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണം ചർച്ച ചെയ്ത എപ്പിസോഡിലെ വിദഗ്ധർ സംസാരിക്കുമ്പോൾ അതാരെന്ന് അറിയാൻ സാധാരണക്കാർക്ക് ഒരു വഴിയുമില്ല. പ്രോഗ്രാം അവസാനിപ്പിക്കുമ്പോൾ ഈ സംവാദത്തിൽ പങ്കാളികളായ ഇന്നയിന്ന വ്യക്തികൾക്ക് നന്ദി എന്നു പറഞ്ഞു കേട്ടതുമില്ല. പാനലിസ്റ്റ് സംസാരിച്ചു തുടങ്ങുമ്പോൾ പേരെഴുതി കാണിക്കുകയെന്നത് അത്രയേറെ ചെലവുള്ള കാര്യമാണോ? ഇതിന് പകരം എപ്പിസോഡ് കഴിഞ്ഞപ്പോൾ പഴയകാലത്തെ സിനിമകളിലെന്ന പോലെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് ബസ് ഓടിച്ചവന്റേയും കഞ്ഞിയുണ്ടാക്കിയ പാചകക്കാരന്റേയുമെല്ലാം നാമധേയങ്ങൾ മിനി സ്‌ക്രീനിൽ പ്രവഹിക്കുന്നത് കാണാമായിരുന്നു. 

***      ***      ***

ചെന്നൈ ഐ.ഐ.ടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസംഗം രസകരമായിരുന്നു. അവിടെ കണ്ട വിശേഷപ്പെട്ട ഒരു ക്യാമറ അദ്ദേഹത്തിന് വല്ലാതെ ഇഷ്ടമായി. ഇത്തരമൊന്ന് പാർലമെന്റിലും വേണമെന്ന് മോഡി അഭിപ്രായപ്പെടുകയുണ്ടായി. ഇതുണ്ടായാൽ ഓരോ അംഗവും പാർലമെന്റിൽ എന്താണ് ചെയ്യുന്നതെന്ന് നാട്ടാർക്ക് മനസ്സിലാക്കാമല്ലോ എന്ന് പ്രധാനമന്ത്രി പരാമർശിച്ചത് ഐ.ഐ.ടിയിലെ സദസ്യർക്ക് ഏറെ രസിച്ചു. പ്രധാനമന്ത്രിയുടെ ചെന്നൈയിലെ  പരിപാടി തത്സമയം സംപ്രേഷണം ചെയ്യാത്തതിന്റെ പേരിൽ ദൂരദർശനിലെ മുതിർന്ന ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്തു. ചെന്നൈ ദൂരദർശൻ കേന്ദ്രയിലെ പ്രോഗ്രാം വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ആർ.വസുമതിക്ക് എതിരെയാണ് നടപടിയെടുത്തത്. 
ഉന്നത ഉദ്യോഗസ്ഥരുടെ ഇ-മെയിൽ ഉത്തരവുണ്ടായിരുന്നിട്ടും ആർ.വസുമതി പ്രധാനമന്ത്രിയുടെ പ്രസംഗം സംപ്രേഷണം ചെയ്യുന്നത് തടഞ്ഞുവെന്നാണ് ആരോപണം. സെപ്റ്റംബർ 30 നാണ് പ്രധാനമന്ത്രി ഐ.ഐ.ടിയിലെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ ചെന്നൈയിൽ എത്തിയത്. രണ്ടാം വട്ടം അധികാരത്തിൽ എത്തിയതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ ചെന്നൈ സന്ദർശനമായിരുന്നു ഇത്. 
കേന്ദ്ര സിവിൽ സർവീസ് നിയമത്തിലെ പത്താം വകുപ്പ് പ്രകാരമാണ് അച്ചടക്ക നടപടി.  ബോധപൂർവമുണ്ടായ പിഴവിനാണ് നടപടിയെന്ന് പ്രസാർ ഭാരതിയിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. 
പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് സംബന്ധിച്ച് വാർത്താ വിതരണ, പ്രക്ഷേപണ മന്ത്രാലയത്തോട് വിശദീകരണം തേടുകയായിരുന്നു.
അതിനിടയ്ക്ക് പിന്നിട്ട വാരത്തിൽ ദൂരദർശന്റെ തിരുവനന്തപുരം കുടപ്പനക്കുന്നിലെ കേന്ദ്രം ഭൂതല സംപ്രേഷണം അവസാനിപ്പിച്ചു. വീടുകൾക്ക് മുകളിൽ ഉയർന്നു നിൽക്കുന്ന ആന്റിനകൾ ഇനി ഓർമകളിലേക്ക് മറയും. ഒരു തലമുറയുടെ നൊസ്റ്റാൾജിയയാണ് കൊഴിഞ്ഞു പോകുന്നത്..
'ദൂരദർശൻ കേന്ദ്രം തിരുവനന്തപുരം.... ഇൻസാറ്റ് 2-സിയുടെ സീരിയൽ ട്രാൻസ്‌പോണ്ടറിൽ നിന്നുള്ള ഇന്നത്തെ സായാഹ്ന സംപ്രേഷണം ആരംഭിക്കുന്നു.. എന്ന അനൗൺസ്‌മെന്റ് കാലം മറക്കുന്നതെങ്ങനെ? 
ടി.വി ഉള്ള വീടുകളിൽ ആളുകൾ കാണാൻ ഒത്തുകൂടി മലയാള സിനിമകൾ, ചിത്രഗീതം, രാമായണവും മഹാഭാരതവും ഉൾപ്പെടെയുള്ള സീരിയലുകൾ, 13 എപ്പിസോഡുകളിലൊതുങ്ങുന്ന മധുമോഹൻ സീരിയലുകൾ, കോലാഹലമില്ലാത്ത വാർത്താവതരണം.
ഗൃഹാതുരത്വം തുളുമ്പുന്ന ദൂരദർശൻ അനുഭവ ലോകത്തിനൊപ്പം ഭൂതല സംപ്രേഷണവും മറയുകയാണ്. ഭൂതല സംപ്രേഷണം നിർത്തുകയെന്നത് സാങ്കേതികവിദ്യയുടെ അനിവാര്യതയാണ്. ദൂരദർശൻ ഒരു മുൻഗണനാ ചാനൽ ആകാത്തതിന് കാരണങ്ങൾ വേറെയാണ്. 
സാങ്കേതിക വിദ്യയുടെ മുന്നേറ്റം, കമ്പോളത്തിന്റെ കടന്നുകയറ്റം, പൊതു സംവിധാനങ്ങളെയും പൊതുമേഖലയെയും ദുർബലമാക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തുടങ്ങി പലതും. ഒരു പബ്ലിക് ബ്രോഡ്കാസ്റ്റർ എന്ന നിലയിൽ വ്യാപാര താൽപര്യങ്ങൾക്ക് അപ്പുറം സാമൂഹിക താൽപര്യങ്ങൾ സംരക്ഷിക്കാൻ കൂടുതൽ ശക്തമായി ദൂരദർശൻ നിലനിൽക്കണമെന്നതാണ് വസ്തുത. ജിയോ പ്രലോഭനങ്ങൾ വക വെക്കാതെ നമ്മൾ ബി.എസ്.എൻ.എൽ വരിക്കാരാവുന്നത് പോലെ.   

***      ***      ***

സംഘ്പരിവാർ അനുകൂലികൾക്ക് ഏറ്റവും പ്രിയപ്പെട്ട ചാനൽ റിപ്പബ്ലിക് ടി.വിയും ഏറ്റവും നല്ല മാധ്യമ പ്രവർത്തകൻ അർണബ് ഗോസ്വാമിയുമാണ്. വ്യക്തമായ ബി.ജെ.പി സ്‌നേഹം പുലർത്തുന്ന വാർത്തകളും പരിപാടികളുമാണ് അർണബ് ഗോസ്വാമി എം.ഡിയായ ചാനൽ സംപ്രേഷണം ചെയ്യുന്നത്. ചർച്ചാ പരിപാടിയിൽ തനിക്ക് യോജിക്കാനാവാത്ത അഭിപ്രായം പറയുന്നവരെ ഉച്ചത്തിൽ ശബ്ദമിട്ടും ആക്രോശിച്ചും അടിച്ചിരുത്തുന്നത് അർണബ് ഗോസ്വാമിയുടെ പതിവാണ്. ചർച്ചയ്ക്ക് എത്തുന്നവരെ പറയാൻ അനുവദിക്കാതെ അർണബ് പ്രസംഗം നടത്താറുമുണ്ട്. ആ പണി തിരിച്ച് കിട്ടിയിരിക്കുകയാണ് റിപ്പബ്ലിക് ടി.വിക്ക്. സർക്കാർ ആശുപത്രികളിൽ തിരക്ക് കൂടാൻ കാരണം ദൽഹിക്ക് പുറത്ത് നിന്ന് ചികിത്സയ്ക്കായി നിരവധി പേർ വരുന്നതിനാലാണ് എന്ന ദൽഹി  മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രസ്താവനയോടുളള പ്രതികരണം തേടി എത്തിയതായിരുന്നു റിപ്പബ്ലിക് ടി.വി റിപ്പോർട്ടർ. ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എം.പിയായ സഞ്ജയ് സിംഗ് ബി.ജെ.പിക്ക് ഓശാന പാടുന്ന അർണബിനേയും ചാനലിനേയും അര മണിക്കൂർ കൊണ്ട് വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ചു. റിപ്പോർട്ടറുടെ ചോദ്യം അവഗണിച്ച് അർണബിന്റെ അതേ ശൈലിയിൽ മറുചോദ്യങ്ങൾ ഉന്നയിക്കുകയാണ് സഞ്ജയ് സിംഗ് ചെയ്തത്. ബലാത്സംഗക്കേസിലെ പ്രതിയെ ഭയമാണോ, നിങ്ങൾ എന്തുകൊണ്ടാണ് ചിന്മയാനന്ദിനെ കുറിച്ച് വാർത്ത നൽകാത്തത്? അർണബ് ഗോസ്വാമി എന്തിനാണ് ഭയക്കുന്നത്. 
ബലാത്സംഗിയായ ചിന്മയാനന്ദിന്റെ പേര് പോലും നിങ്ങൾക്ക് പറയാനാകുന്നില്ല എന്ന് എം.പി റിപ്പോർട്ടറെ പരിഹസിച്ചു. ആശുപത്രിയിൽ സുഖവാസം നയിക്കുന്ന അയാളെക്കുറിച്ച് നിങ്ങൾക്ക് വാർത്തയൊന്നും കൊടുക്കാനില്ല. ജയിലിലേക്ക് അയക്കപ്പെട്ട ആ പെൺകുട്ടിയെ കുറിച്ച് നിങ്ങൾ വാർത്ത നൽകിയോ? 14 പേജുളള പരാതിയാണ് ആ പെൺകുട്ടി ചിന്മയാനന്ദിന് എതിരെ നൽകിയിരിക്കുന്നത്. അതേക്കുറിച്ച് നിങ്ങൾ വാർത്ത നൽകിയോ. എന്തുകൊണ്ടാണ് നിങ്ങൾ ചിന്മയാനന്ദിനെ ഭയക്കുന്നത് എന്ന് പറയൂ. അർണബ് ഗോസ്വാമിക്ക് ബലാത്സംഗക്കേസിലെ പ്രതിയുമായി എന്താണ് ബന്ധം? എന്തുകൊണ്ടാണ് ആ വാർത്ത നിങ്ങൾ കൊടുക്കാത്തത്? നിങ്ങളുടെ സംഘ്പരിവാർ പ്രചാരകൻ അർണബ് ഗോസ്വാമി എവിടെപ്പോയി. ഇപ്പോൾ കാണുന്നില്ലല്ലോ. നിങ്ങൾ എന്തുകൊണ്ടാണ് പീഡിപ്പിക്കപ്പെട്ട ആ പെൺകുട്ടിക്ക് അനുകൂലമായി വാർത്ത നൽകാത്തത് എന്ന് എം.പി ചോദ്യം ആവർത്തിച്ചു. ബലാത്സംഗികൾക്ക് പിന്തുണ നൽകി നിങ്ങൾ സന്തോഷമായിട്ടിരിക്കൂ എന്ന് പറഞ്ഞ് സഞ്ജയ് സിംഗ് അഭിമുഖം അവസാനിപ്പിച്ചു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. 

***      ***      ***

ഇന്ത്യയുമായി ബന്ധപ്പെട്ട ഒന്നും പാക് ടി.വി ചാനലുകളിൽ കാണിക്കരുതെന്ന് പാക്കിസ്ഥാനിലെ ടെലിവിഷൻ സെൻസർ സമിതിയായ പി.ഇ.എം.ആർ.എ. വാർത്തകളിൽ ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നൽകാൻ പാടില്ലെന്നും ഇന്ത്യൻ സെലിബ്രിറ്റികളെയും രാഷ്ട്രീയ നേതാക്കളെയും മാധ്യമ പ്രവർത്തകരെയും നിരീക്ഷകരെയും ചാനൽ പരിപാടികളിലേക്ക് ക്ഷണിക്കരുതെന്നും പി.ഇ.എം.ആർ.എ ഇറക്കിയ ഉത്തരവിൽ പറയുന്നു. അതേസമയം കശ്മീർ വിഷയത്തിൽ ഇത് ബാധകമല്ലെന്നും കശ്മീരുമായി ബന്ധപ്പെട്ട വാർത്തകൾ ചാനലുകളിൽ കാണിക്കുന്നതിന് വിലക്കില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

***      ***      ***

രഞ്ജിനി ഹരിദാസിനെ അറിയാത്തവർ ആരുമില്ലെന്ന കാര്യത്തിൽ സംശയമില്ല. വ്യത്യസ്ത മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച താരമാണ് രഞ്ജിനി. മോഡൽ, അവതാരക, അഭിനേത്രി എന്നിങ്ങനെ പല മേഖലകളിലും തന്റെ  കഴിവ് രഞ്ജിനി തെളിയിച്ചിട്ടുണ്ട്.
അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു മേഖലയിലേയ്ക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ രഞ്ജിനി. വീഡിയോ ബ്ലോഗിലൂടെയാണ് താരം എത്തുന്നത്. ചിലത് വരാനിരിക്കുന്നു കാത്തിരിക്കുക എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ടീസറിലൂടെയാണ് രഞ്ജിനി അറിയിച്ചിരിക്കുന്നത്. ബ്ലോഗ് എന്തിനെപ്പറ്റിയെന്ന് പറഞ്ഞിട്ടില്ലെങ്കിലും ട്രാവൽ എന്ന ടാഗ് ഉള്ളതുകൊണ്ട് യാത്രയെപ്പറ്റിയുള്ളതായിരിക്കാം ബ്ലോഗ് എന്നാണ് സൂചന. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം താരം അറിയച്ചത്. 

***      ***      ***

ആശുപത്രിയിൽ ബഹളം വെച്ച മാധ്യമ പ്രവർത്തകരെയും ആരാധകരെയും ശാസിക്കുന്ന ബോളിവുഡ് ചലച്ചിത്ര താരം ആലിയാ ഭട്ടിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. . 
ഹൃദ്രോഗ ബാധിതരായ കുട്ടികളെ സഹായിക്കാൻ പണം കണ്ടെത്തുന്നതിനായി ശിശുരോഗ വിദഗ്ധ സുമിത്ര വെങ്കടേഷിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ആർട്ട് ഫോർ ദ ഹാർട്ട്' എന്ന ചടങ്ങിന് പിന്തുണയുമായെത്തിയതായിരുന്നു താരം. താരത്തെ കണ്ട ആവേശത്തിൽ ചുറ്റും കൂടിയിരുന്ന മാധ്യമ പ്രവർത്തകരും ആരാധകരും ബഹളം വയ്ക്കുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന ആലിയ ഇത് ആശുപത്രിയാണെന്നും ശബ്ദമുണ്ടാക്കാതിരിക്കാനും ചുറ്റും കൂടി നിന്നവരോട് ആവശ്യപ്പെടുകയായിരുന്നു. 
രോഗബാധിതരായ കുട്ടികളുടെ ചികിത്സയ്ക്ക് ഫണ്ട് കണ്ടെത്താൻ നടത്തുന്ന പെയിന്റിംഗ് പ്രദർശനത്തിന് പിന്തുണ നൽകിയാണ് താരം മുംബൈയിലെ ഭായ് ജെർബിയ വാദിയ ആശുപത്രിയിലെത്തിയത്. കുട്ടികൾ മുതിർന്നവരേക്കാൾ പോസിറ്റീവ് ആണ്. അവർക്ക് മോശം സാഹചര്യങ്ങളെ കുറിച്ച് അറിയില്ല. 
അവർക്ക് നെഗറ്റീവ് മാനസികാവസ്ഥയില്ല. അവർ വേഗത്തിൽ സുഖം പ്രാപിക്കാൻ കാരണം അതാണെന്ന് എനിക്ക് തോന്നുന്നു -ആലിയ ഭട്ട് പറഞ്ഞു.  

Latest News