വൈദ്യശാസ്ത്രം കൈവിട്ടെങ്കിലും തങ്ങളുടെ കുഞ്ഞുങ്ങളെ കിടക്കയിൽ തളച്ചിടാൻ ആ മാതാപിതാക്കൾ തീരുമാനിച്ചിട്ടില്ലായിരുന്നു. മറ്റു കുഞ്ഞുങ്ങളെപ്പോലെ അവരെയും പഠിപ്പിക്കണം. പഠിക്കാൻ മിടുക്കികളായിരുന്ന ആ കുട്ടികൾക്ക് സാന്ത്വനമായി സ്‌കൂളിൽനിന്ന് അധ്യാപകർ വീട്ടിലെത്തി പരിശീലനം നൽകി. അധ്യാപകരിൽ നിന്ന് ലഭിച്ച പിന്തുണയ്ക്ക് ഫലമുണ്ടായി. കബനിഗിരി നിർമല സ്‌കൂളിലെത്തിയാണ് രണ്ടു പേരും പത്താം ക്ലാസ് പരീക്ഷയെഴുതിയത്. ഫലം വന്നപ്പോൾ തൊണ്ണൂറ് ശതമാനം മാർക്കോടെ ജിമിയും എൺപത് ശതമാനത്തിലധികം മാർക്കോടെ സുമിയും പാസായി.
കോഴിക്കോട് വെള്ളിമാടുകുന്നിലെ ജെ.ഡി.ടി ഇസ്‌ലാം കോളേജിലേക്ക് വരിക. ചക്രക്കസേരയിലിരുന്ന് വിദ്യാർഥികൾക്ക് അക്ഷരങ്ങളുടെ മഹത്വം പകർന്നു കൊടുക്കുന്ന രണ്ടു ഗുരുക്കന്മാരുണ്ട് ഇവിടെ. സഹോദരിമാരായ ജിമിയും സുമിയും. വിധിയുടെ വിളയാട്ടത്തിൽ തകർന്നു പോകുമായിരുന്ന രണ്ടു സ്ത്രീരത്‌നങ്ങൾ. തോറ്റു കൊടുക്കില്ലെന്ന നിശ്ചയദാർഢ്യവും കൈത്താങ്ങു നൽകാൻ ആരെങ്കിലുമുണ്ടെങ്കിൽ എന്തും നേടിയെടുക്കാമെന്ന് തെളിയിക്കുകയുമാണ് ഈ സഹോദരങ്ങൾ.

ജന്മനാ തളർന്നു പോയവരല്ല ഇവർ. വീട്ടുമുറ്റത്തും പറമ്പിലും ഓടിക്കളിച്ചു നടന്നതായിരുന്നു ഇവരുടെ ബാല്യം. അഞ്ചു വയസ്സുള്ളപ്പോഴാണ് ജിമി ആദ്യമായി മുറ്റത്തു വീണത്. അച്ഛനും അമ്മയും പിടിച്ചെഴുന്നേൽപിച്ചുവെങ്കിലും വീണ്ടും അവൾ വീണുകൊണ്ടിരുന്നു. കാലിന് ബലം നഷ്ടപ്പെട്ടതുപോലെ. കൃഷിപ്പണിയെടുത്ത് ഉപജീവനം നടത്തിയിരുന്ന ജോണും ഭാര്യ മേരിയും മകളെയുമെടുത്ത് ഡോക്ടറുടെ അടുത്ത് ഓടിയെത്തി. ചികിത്സകൾ പലതും നടത്തിയെങ്കിലും അസുഖം ഭേദമായില്ല. ഒടുവിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ വിശദ പരിശോധനയിലാണ് മസിലുകളെ ബാധിക്കുന്ന സ്യൂഡോ മാസ്‌കുലർ ഡിസ്‌ട്രോപി എന്ന പ്രത്യേക അസുഖമാണ് ജിമിയെ പിടികൂടിയതെന്നറിയുന്നത്. ഡി.എൻ.എയിലെ അപാകതകളാണ് ഈ അസുഖത്തിന് കാരണമെന്നും ഡോക്ടർമാർ വിധിയെഴുതി. ബംഗളൂരുവിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും തിരുവനന്തപുരം ആയുർവേദ കോളേജിലെ ചികിത്സയുമെല്ലാം നടത്തിയിട്ടും പ്രയോജനമുണ്ടായില്ല. സഹോദരിക്കും ഈ അസുഖം വരാൻ സാധ്യതയുണ്ടെന്നും ശ്രദ്ധിക്കണമെന്നും ഡോക്ടർമാർ ഉപദേശിച്ചു.
ഉപദേശം അസ്ഥാനത്തായിരുന്നില്ല. പതിമൂന്നാം വയസ്സിൽ സുമിയും വീണു. ഏഴാം ക്ലാസിൽ പഠിച്ചുകൊണ്ടിരുന്ന സുമിയുടെ വിദ്യാഭ്യാസവും അതോടെ മുടങ്ങി. മണ്ണിനോടു പടവെട്ടി ജീവിതം നയിച്ച ആ മാതാപിതാക്കൾക്ക് ഒരാഗ്രഹമുണ്ടായിരുന്നു.

മക്കൾക്ക് ഉയർന്ന വിദ്യാഭ്യാസം നൽകി ഉന്നത നിലയിലെത്തിക്കുക എന്നത്. ആ സ്വപ്‌നമാണ് തകർന്നത്. എങ്കിലും ധൈര്യം വീണ്ടെടുത്ത് അവർ മക്കൾക്കൊപ്പം നിന്നു. ഉണ്ടായിരുന്ന കൃഷിഭൂമിയെല്ലാം വിറ്റ് ചികിത്സ നടത്തിയെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ല. ജീവിതം ചക്രക്കസേരയിലേയ്ക്കു പറിച്ചു നടുകയായിരുന്നു. എങ്കിലും തോറ്റു കൊടുക്കാൻ അവർ ഒരുക്കമായിരുന്നില്ല. മരുന്നുകൊണ്ടല്ല, മനസ്സുകൊണ്ടാണ് ഇനി ചികിത്സ നടത്തേണ്ടതെന്ന് അവർ തിരിച്ചറിയുകയായിരുന്നു. ആത്മവിശ്വാസവും നിശ്ചയദാർഢ്യവും അവർക്ക് കരുത്തു പകർന്നു. പഠനത്തിലൂടെ ഉന്നതിയിലെത്തുകയായിരുന്നു അവരുടെ ലക്ഷ്യം.
വയനാട് ജില്ലയിലെ കബനിഗിരിയിൽ പാമ്പനാനിക്കൽ ജോണിയും മേരിയും കോട്ടയത്തു നിന്നും വയനാട്ടിലേയ്ക്ക് കുടിയേറി എത്തിയതായിരുന്നു. കുറച്ചു ഭൂമി വാങ്ങി അതിൽ കൃഷി ചെയ്തായിരുന്നു വരുമാന മാർഗം കണ്ടെത്തിയത്. പകലന്തിയോളം മണ്ണിനോടു മല്ലടിച്ച് അവർ കഴിഞ്ഞു. ഇതിനിടയിൽ രണ്ടു പെൺമക്കളും പിറന്നു. ജിമിയും സുമിയും. വീട്ടുമുറ്റത്ത് കളിച്ചു നടന്നിരുന്ന ജിമി അഞ്ചാം വയസ്സിൽ വീണതോടെ സ്‌കൂളിൽ പോകാനായില്ല. സുമിയാകട്ടെ ഏഴാം ക്ലാസു വരെ പഠിച്ചു.
സുമിയുടെ സ്‌കൂൾ വിശേഷങ്ങൾ കേൾക്കാൻ ജിമിക്ക് കൊതിയായിരുന്നു. എന്നാൽ ആ വിശേഷങ്ങൾക്ക് അൽപായുസ്സായിരുന്നു. പടികൾ കയറാനും ഇറങ്ങാനും വയ്യാതെ സുമി വീണു തുടങ്ങിയപ്പോൾ ആ മാതാപിതാക്കൾക്ക് ഡോക്ടർമാരുടെ കണക്കുകൂട്ടൽ തെറ്റിയില്ലെന്ന് മനസ്സിലായി. അവളും ചക്രക്കസേരയിലേയ്ക്കുള്ള യാത്രയിലായിരുന്നു. സുമിയുടെ പഠനം അവസാനിപ്പിക്കാൻ ആ മാതാപിതാക്കൾ ഒരുക്കമായിരുന്നില്ല. മകളെ സ്‌കൂളിലേയ്ക്ക് എടുത്തു കൊണ്ടുപോവുകയായിരുന്നു ആ അച്ഛൻ. വൈദ്യശാസ്ത്രം കൈവിട്ടെങ്കിലും തങ്ങളുടെ കുഞ്ഞുങ്ങളെ കിടക്കയിൽ തളച്ചിടാൻ ആ മാതാപിതാക്കൾ തീരുമാനിച്ചിട്ടില്ലായിരുന്നു. മറ്റു കുഞ്ഞുങ്ങളെപ്പോലെ അവരെയും പഠിപ്പിക്കണം. പഠിക്കാൻ മിടുക്കികളായിരുന്ന ആ കുട്ടികൾക്ക് സാന്ത്വനമായി സ്‌കൂളിൽനിന്ന് അധ്യാപകർ വീട്ടിലെത്തി പരിശീലനം നൽകി. അധ്യാപകരിൽനിന്നു ലഭിച്ച പിന്തുണയ്ക്ക് ഫലമുണ്ടായി. കബനിഗിരി നിർമല സ്‌കൂളിലെത്തിയാണ് രണ്ടു പേരും പത്താം ക്ലാസ് പരീക്ഷയെഴുതിയത്. ഫലം വന്നപ്പോൾ തൊണ്ണൂറ് ശതമാനം മാർക്കോടെ ജിമിയും എൺപത് ശതമാനത്തിലധികം മാർക്കോടെ സുമിയും പാസായി. അച്ഛന്റെ സുഹൃത്തായ സോമൻ മാഷും കണക്കൊഴികെയുള്ള വിഷയങ്ങൾ പഠിപ്പിച്ചു തന്ന ബിനു ടീച്ചറുമെല്ലാം ഇവരുടെ മനസ്സിൽ ദൈവതുല്യരായി നിറഞ്ഞുനിന്നു.

സയൻസ് ഗ്രൂപ്പെടുത്ത് തുടർന്നു പഠിക്കണമെന്നായിരുന്നു ആഗ്രഹമെങ്കിലും സാമ്പത്തിക പരാധീനതയും പ്രാക്ടിക്കൽ ക്ലാസിലെത്താനുള്ള ബുദ്ധിമുട്ടും കാരണം ഹ്യുമാനിറ്റീസെടുത്തു. അച്ഛനും അമ്മയും ചില അധ്യാപകരും ഗുരുനാഥന്മാരായെത്തി. അവിടെയും അവർ തോറ്റു കൊടുത്തില്ല. എൺപതു ശതമാനം മാർക്കു നേടിയാണ് ഇരുവരും പ്ലസ് ടു പാസായത്.
ബിരുദ പഠനമായിരുന്നു ഏറെ വെല്ലുവിളിയുയർത്തിയത്. പുൽപള്ളിയിലെ ഒരു പ്രശസ്ത കലാലയത്തിൽ പ്രവേശനം ലഭിച്ചെങ്കിലും ദിവസവും ക്ലാസിലെത്തണമെന്ന നിബന്ധന വിലങ്ങുതടിയായി. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ ബേബിക്ക് അയച്ച കത്ത് അനുകൂലമായി തിരിച്ചെത്തിയെങ്കിലും കോളേജ് അധികൃതർ അനുമതി നൽകിയില്ല.
കുടുംബസുഹൃത്ത് വഴി ജെ.ഡി.ടി വൈസ് പ്രസിഡന്റ് തോട്ടത്തിൽ റഷീദിന്റെ സഹായമെത്തുന്നത് ഇതിനിടയിലായിരുന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഇരുവരും ചുരമിറങ്ങി കോഴിക്കോട്ടെത്തി. ജീവിതത്തിന്റെ ഉന്നതിയിലേയ്ക്കുള്ള കയറ്റത്തിനായിരുന്നു ഈ മലയിറക്കം. ജെ.ഡി.ടി ഇസ്‌ലാം കോളേജിന്റെ വാതിലുകൾ അവർക്കു മുന്നിൽ തുറന്നു കൊടുത്തു. സൗജന്യമായി പഠനവും താമസവും ജെ.ടി.ഡിയിൽ ഒരുക്കിക്കൊടുത്തത് അദ്ദേഹമായിരുന്നു. ഇഷ്ടപ്പെട്ട കോഴ്‌സ് തെരഞ്ഞെടുക്കാനുള്ള അനുവാദവും നൽകി. ബാച്ചിലർ ഓഫ് മൾട്ടി മീഡിയ ആന്റ് കമ്യൂണിക്കേഷൻ-ബി.എം.എം.സി കോഴ്‌സായിരുന്നു അവർ തെരഞ്ഞെടുത്തത്.
ജെ.ഡി.ടി മാനേജിംഗ് ഡയറക്ടർ സി.പി. കുഞ്ഞുമുഹമ്മദ് എന്ന മനുഷ്യന്റെ സ്‌നേഹത്തണൽ കൂടി ലഭിച്ചതോടെ കലാലയം അവർക്കായി പല മാറ്റങ്ങളും വരുത്തി. യാത്രാ സൗകര്യത്തിനായി ഇലക്‌ട്രോണിക് വീൽചെയറുകളും കാമ്പസ് മുഴുവൻ വീൽചെയറിൽ അനായാസം സഞ്ചരിക്കാനായി പടികൾക്കു പകരം റാമ്പുകളും ലിഫ്റ്റുകളുമൊരുക്കി. മാത്രമല്ല, അമ്മ മേരിക്ക് ഹോസ്റ്റലിലെ വാർഡനായി ജോലിയും നൽകി. കാരണം ഇരുവരുടെയും ശരീരം അമ്മയായിരുന്നു. ബാത്ത്‌റൂമിൽ പോകുന്നതിനും വീൽ ചെയറിൽ ബെൽറ്റിട്ടു കൊടുക്കുന്നതിനുമെല്ലാം അമ്മയുടെ സഹായം വേണം. ഇന്നും അമ്മയുടെ സഹായത്തോടു കൂടിയാണ് ഇരുവരും കഴിയുന്നത്.
ജിമി ആദ്യമായി ഒരു ക്ലാസ്മുറിയുടെ അന്തരീക്ഷത്തിൽ പഠിക്കാനെത്തുകയായിരുന്നു. പുതിയ കൂട്ടുകാരും അധ്യാപകരും. അവരുടെയെല്ലാം സ്‌നേഹം പിടിച്ചുപറ്റാൻ അധികകാലം വേണ്ടിവന്നില്ല. കാലം ആരേയും കാത്തുനിന്നില്ല. മൂന്നുവർഷം പൊടുന്നനെ കൊഴിഞ്ഞുപോയി. വിഷ്വൽ കമ്യൂണിക്കേഷനിൽ കോഴിക്കോട് സർവകലാശാലയിൽ ഒന്നാം റാങ്കോടെയാണ് ജിമി പാസായത്. സുമിയും ഫസ്റ്റ് ക്ലാസോടെ മികച്ച വിജയം കരസ്ഥമാക്കി. ബിരുദ പഠനം പൂർത്തിയാക്കിയെങ്കിലും കോളേജ് അധികൃതർ അവരെ കൈവിട്ടില്ല. മൾട്ടി മീഡിയയിൽ ബിരുദാനന്തര ബിരുദ പഠനത്തിന് വീണ്ടും അവസരം നൽകി. എം.എ പരീക്ഷയിലും ഉയർന്ന വിജയമാണ് ഇരുവരും കരസ്ഥമാക്കിയത്. അതോടെ ജെ.ഡി.ടി കോളേജിൽ തന്നെ അസിസ്റ്റന്റ് പ്രൊഫസർമാരായി അവരെ നിയമിക്കുകയായിരുന്നു.

മൾട്ടി മീഡിയയിൽ പി.എച്ച്.ഡി എടുക്കണമെന്നാണ് ഇരുവരുടെയും മോഹം. ഇതിനിടയിൽ തങ്ങളെപ്പോലെ ചക്രക്കസേരയിൽ ജീവിതം തളച്ചിടപ്പെട്ടവരുടെ ഉന്നമനത്തിനായി ഒട്ടേറെ പദ്ധതികളും അവർ ആസൂത്രണം ചെയ്യുന്നുണ്ട്. ഒരു സർക്കാർ ജോലി എന്ന സ്വപ്‌നവും ഇവരുടെ മനസ്സിലുണ്ട്.
യാത്രകളെ ഏറെ സ്‌നേഹിക്കുന്ന ഇവർ ഒരുപാട് യാത്ര ചെയ്യാനും സ്വപ്‌നം കാണുന്നു. വിധിയുടെ മുന്നിൽ പകച്ചു നിൽക്കാതെ പോരാടിയതിനുള്ള ഉപഹാരമെന്ന നിലയിൽ ഈസ്‌റ്റേൺ ഭൂമിക അവാർഡിനും യെസ് ബാങ്ക് അവാർഡിനും ഇവർ അർഹരായിട്ടുണ്ട്.
കുട്ടിക്കാലം തൊട്ടേ ജീവിക്കാനുള്ള ശക്തിയും ഊർജവും പകർന്നു നൽകിയത് അമ്മയായിരുന്നുവെന്ന് ജിമിയും സുമിയും പറയുന്നു. ഒന്നിനുമാവാതെ പകച്ചുനിന്ന നിമിഷങ്ങളുണ്ട്. അപ്പോഴൊക്കെ സ്‌നേഹവും സാന്ത്വനവും നൽകിയത് അച്ഛനും അമ്മയുമായിരുന്നു. ഒരു തണലായി ഇപ്പോഴും അവർ കൂടെയുണ്ട്. അച്ഛനിപ്പോൾ നാട്ടിലാണുള്ളത്. ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ട്. കുട്ടിക്കാലം തൊട്ടേ ഞങ്ങളെ എടുത്തു കൊണ്ടുപോയിരുന്നതു കൊണ്ടാവാം രോഗങ്ങൾ പലതും അലട്ടുന്ന അച്ഛൻ വിശ്രമജീവിതം നയിക്കുകയാണ്. പിന്നിട്ടു പോന്ന ജീവിതത്തെക്കുറിച്ച് പറയുമ്പോൾ അവർക്ക് പരാതികളോ പരിഭവങ്ങളോ ഇല്ല. പതറാതെ ജീവിതത്തെ നേരിടാൻ കഴിഞ്ഞതിലുള്ള ആത്മസംതൃപ്തിയാണ് അവരെ മുന്നോട്ടു നയിക്കുന്നത്.






