പാപ്പരാസിയുടെ കോൺസ്റ്റിറ്റിയൂഷൻ

എൺപതുകളിൽ പുറത്തിറങ്ങിയ ചാമരം എന്ന ചിത്രത്തിൽ നാഥാ നീ വരും... എന്നു തുടങ്ങുന്ന എസ്.ജാനകി ആലപിച്ച ഒരു മധുരഗാനമുണ്ട്. മാതൃഭൂമി ന്യൂസിലെ ചക്കരപ്പന്തലിൽ എസ്.ശാരദക്കുട്ടി മലയാള ഗായികമാരെ താരതമ്യം ചെയ്ത് പ്രോഗ്രാം അവതരിപ്പിച്ചപ്പോൾ ഈ പാട്ടിനെ പറ്റി പ്രത്യേകം പരാമർശിച്ചു. കോട്ടയം സി.എം.എസ് കോളേജായിരുന്നു ചിത്രത്തിന്റെ ലൊക്കേഷൻ. സറീനാ വഹാബാണ് അഭിനയിച്ചത്. ബോട്ട് ജെട്ടിയ്ക്കടുത്ത് ചിത്രീകരണം. കോളേജിലേക്ക് പോകുന്ന വഴി. മൂക്ക് പൊത്തിയല്ലാതെ അതുവഴി പോകാനാവില്ല. സംവിധായകൻ ഭരതന്റെ ക്യാമറയുടെ മാന്ത്രിക സ്പർശത്തിലൂടെ മനോഹരമായ പ്രദേശമാക്കി ഇതിനെ മാറ്റിയെടുക്കുകയായിരുന്നു. പി.ഭാസ്‌കരനാണ് മക്കത്ത് പോയ് വരും മാനത്തെ ഹാജിയാരുടെ കാര്യം പാട്ടിലെഴുതിയത്. ചന്ദ്രനെയാണ് ഉദ്ദേശിച്ചത്. അന്നങ്ങനെയൊക്കെയായിരുന്നു. എസ്.കെ പൊറ്റെക്കാടിന്റെ നോവലിലൂടെ സമൂഹത്തിന് കൈമാറിയ മൈത്രിയുടെ സന്ദേശം മലയാളി മറക്കുന്നതെങ്ങനെ? താരതമ്യേന മെലിഞ്ഞ ശരീര പ്രകൃതമുള്ള അന്നത്തെ നായികമാർക്ക് വേണ്ടിയാണ് എസ്.ജാനകി കൂടുതലായും പാടിയിരുന്നത്. ശാരദ മുതൽ ശാന്തികൃഷ്ണ, ജലജ, ശോഭന വരെ. അതേസമയം, കൗമാര സ്വപ്‌നങ്ങൾക്ക് നിറം ചാർത്തിയ പി.സുശീലയുടെ പൂന്തേനരുവി പോലുള്ള പാട്ടുകളും അവിസ്മരണീയമാണ്. മാതൃഭൂമി ചക്കരപ്പന്തലിന് ഫാനായി രാഷ്ട്രീയ പ്രമുഖനുമുണ്ട്. ഗായകനും മുൻ മന്ത്രിയുമായ പി.ജെ.ജോസഫാണ് ഒരു പൊതുയോഗത്തിൽ ഇക്കാര്യം തുറന്നു പറഞ്ഞത്. ഒരു വിധം ടെൻഷനൊക്കെ അദ്ദേഹം അകറ്റുന്നത് ഒരു മണിക്കൂർ ദൈർഘ്യമുള്ള ചക്കരപ്പന്തൽ കണ്ടിട്ടാണ് പോലും. സദസ്യരെ കൈയിലെടുക്കാൻ ചട്ടക്കാരിയിലെ ഒരു പാട്ടും ആലപിക്കുകയുണ്ടായി. *** *** *** സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നതിന് നിയന്ത്രണം വേണമെന്ന് സുപ്രീം കോടതി. ഇതിനായി കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ചിരിക്കുകയാണ്. സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള കടന്നു കയറ്റമായി ഇത് പലപ്പോഴും മാറാറുണ്ട്. മലയാള ചലച്ചിത്ര താരം അനന്യ മലയാളികൾക്ക് ഫേസ്ബുക്ക് ഉപയോഗിക്കാനറിയില്ലെന്ന് പറഞ്ഞിട്ട് ഏറെ കാലമായിട്ടില്ല. കോഴിക്കോട്ടെ കോൺഗ്രസ് നേതാവ് ടി.സിദ്ദിഖും കുടുംബവും ദുബായ് സന്ദർശന വേളയിൽ നടത്തിയ മരുഭൂമി സവാരിയുടെ ഫേസ്ബുക്ക് ലൈവിന് പല വ്യാഖാനങ്ങളുമുണ്ടായി. ഇത്തരം പ്രവണതകൾ നിയന്ത്രിക്കേണ്ടതു തന്നെ. *** *** *** ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ബഷീർ ബഷി. രണ്ട് വിവാഹം കഴിച്ച ബഷീറിനെതിരെ വിമർശനങ്ങളും പതിവാണ്. ബഷീറിന്റെ വീട്ടിൽ കലഹമാണെന്ന് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. വിമർശകരുടെ വായടപ്പിച്ചിരിക്കുകയാണ് താരം ഒരു അഭിമുഖത്തിൽ. 'കുടുംബത്തിൽ പ്രശ്‌നങ്ങളൊന്നുമില്ല. സന്തോഷത്തോടെയാണ് ഞങ്ങൾ ജീവിക്കുന്നത്. മതപരമായ കാര്യങ്ങളും ആചാരങ്ങളും ബഹുമാനിക്കുന്നവരാണ് എല്ലാവരും. രണ്ടു വീടുകളിലായാണ് ഭാര്യമാരുടെ താമസം. എന്നാൽ പ്രധാനപ്പെട്ട ചടങ്ങുകളിലെല്ലാം ഇരുവരും ഒരുമിച്ചാണ് എത്താറുള്ളത് -ബഷീർ ബഷി പറഞ്ഞു. സുഹാന, മഷൂര എന്നിവരാണ് ബഷീറിന്റെ ഭാര്യമാർ. *** *** *** മരടിലെ ഫഌറ്റും പാലാരിവട്ടം പാലവും മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണല്ലോ. തലശ്ശേരിയിലെ ഒരു ഹോട്ടലുകാരൻ പുട്ടിന്റേയും പേപ്പർ റോസ്റ്റിന്റേയും പരസ്യത്തിന് ഇത് ഉപയോഗിക്കുകയുണ്ടായി. തൊട്ടാൽ പൊട്ടുന്ന പാലാരിവട്ടം മോഡൽ പുട്ടും പൊളിഞ്ഞു വീഴുന്ന ഫഌറ്റ് പോലെയുള്ള നെയ് ദോശയുമാണ് പരസ്യത്തിൽ. 24 ചാനലിൽ ശ്രീകണ്ഠൻ നായർ ഇത് പ്രത്യേകം പരാമർശിക്കുകയും ചെയ്തു. 24 ന്റെ സുപ്രഭാതത്തിൽ അതിഥിയായെത്തിയ സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള ശ്രീകണ്ഠന്റെ സംഭാഷണം കൗതുകകരമായി. ലോകം മുഴുവൻ ചുറ്റാൻ പോകുമ്പോൾ തനിച്ചാണോ എന്ന ചോദ്യവും തുടർന്നുള്ള സംഭാഷണവും രസകരമായി. പാലാ ഉപതെരഞ്ഞെടുപ്പ് കവറേജിന്റെ കാര്യത്തിൽ മറ്റു വാർത്താ ചാനലുകളേക്കാൾ 24 മികച്ചുനിന്നു. *** *** *** മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ 87-ാം ജന്മദിനത്തിൽ സോഷ്യൽ മീഡിയയിൽ ആശംസാ പ്രവാഹമായിരുന്നു. ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ, പ്രശ്‌നങ്ങൾ വിവരിച്ച് അദ്ദേഹം നൽകിയ അഭിമുഖവും ചർച്ചയായി. മൻമോഹൻ സിംഗ് കാണിച്ച വഴിയായിരുന്നു ശരിയെന്നായിരുന്നു സോഷ്യൽ മീഡിയയിൽ ആശംസ നേർന്ന് പലരും പറഞ്ഞത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ അഞ്ച് നിർദേശങ്ങൾ നേരത്തെ മൻമോഹൻ നിർദേശിച്ചിരുന്നു. മോഡി സർക്കാർ പ്രതിസന്ധി വിളിച്ചുവരുത്തിയതാണെന്നും, മനുഷ്യ നിർമിതമായ പ്രതിസന്ധിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നുമാണ് മൻമോഹന്റെ വാദം. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് സാമ്പത്തികശാസ്ത്ര പുസ്തകങ്ങൾ അയച്ചു കൊടുക്കാനൊരുങ്ങി ദൽഹിയിലെ വിദ്യാർഥികൾ. പ്രസിദ്ധമായ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്നും ഡോക്ടറേറ്റ് നേടിയ നിർമല സിതാരാമന് പണ്ട് പഠിച്ചത് വീണ്ടും പഠിക്കാൻ അവസരമൊരുക്കുകയാണ് വിദ്യാർഥികൾ. സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദിയായ നിർമല സീതാരാമൻ അടിസ്ഥാന പാഠങ്ങൾ മറന്നെന്ന് വിദ്യാർഥികൾ കുറ്റപ്പെടുത്തുന്നു. അഖിലേന്ത്യാ വിദ്യാർഥി സംഘടനയായ ഐസയാണ് വ്യത്യസ്തമായ ഈ പ്രക്ഷോഭം സംഘടിപ്പിച്ചത്. *** *** *** ഒരു മാധ്യമ സ്ഥാപനത്തിന്റെ നിലനിൽപ്പിന് ഏറ്റവും അനിവാര്യമായത് അതിന്റെ വിശ്വാസ്യത നിലനിർത്തുകയെന്നതാണ്. മലയാളത്തിലെ ന്യൂസ് ചാനലുകളിൽ ആദ്യം തുടങ്ങിയതെന്ന നിലയ്ക്ക് ഏഷ്യാനെറ്റിന് ആധിപത്യമുണ്ട്. നിരന്തരം തെറ്റായ വാർത്തകൾ സംപ്രേഷണം ചെയ്താൽ ഈ സ്ഥാനം മറ്റാരെങ്കിലും തട്ടിയെടുക്കാൻ അധിക സമയം വേണ്ടിവരില്ല. ക്രെഡിബിലിറ്റി കളയുന്ന ഒന്നായി, പാലാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേ ദിവസം സംപ്രേഷണം ചെയ്ത എക്‌സിറ്റ് പോൾ ഫലം. യു.ഡി.എഫിന് മഹാവിജയം 'പ്രവചിച്ച' ഏഷ്യാനെറ്റ് ന്യൂസിനെ സോഷ്യൽ മീഡിയ ട്രോൾ മഴയിൽ മുക്കി. എൽ.ഡി.എഫിനു 32 ശതമാനം വോട്ടും യു.ഡി.എഫിനു 48 ശതമാനം വോട്ടും കിട്ടുമെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് എക്‌സിറ്റ് പോൾ പ്രവചനം. എതിർ സ്ഥാനാർഥിയേക്കാൾ പതിനാറു ശതമാനം വോട്ട് കൂടുതൽ കിട്ടി ജയിക്കുമെന്ന് പ്രവചിച്ച സ്ഥാനാർഥി എട്ടുനിലയിൽ പൊട്ടുന്നതാണ് നാട്ടുകാർ കണ്ടത്. ഈ എക്‌സിറ്റ് പോളിന്റെ ഫലവുമായി ചാനലിൽ ഒരു മണിക്കൂർ ചർച്ചയും നടത്തിയിരുന്നു. പാലായുടെ പുതിയ എം.എൽ.എ മാണി സി.കാപ്പൻ വോട്ടെണ്ണൽ വേളയിൽ ന്യൂസ്-18 ചാനലിനോട് പറഞ്ഞതിൽ അദ്ദേഹത്തിന്റെ നിറഞ്ഞ ആത്മവിശ്വാസം പ്രകടമാണ്. ജയിക്കുന്ന ഘട്ടം വന്നാൽ ആഘോഷിക്കാനെന്ത് ചെയ്യുമെന്നതായിരുന്നു ചോദ്യം. യു.ഡി.എഫ് വാങ്ങിയിരിക്കുന്ന പടക്കങ്ങളും ലഡുവും ഇനി പകുതി വിലയ്ക്ക് കിട്ടുമല്ലോ? എന്നായിരുന്നു മാണി സി.കാപ്പന്റെ തൽക്ഷണ മറുപടി. *** *** *** പാലാരിവട്ടം ഫഌറ്റിൽ നോട്ടീസ് പതിച്ച ദിവസം രാത്രി മാതൃഭൂമി ന്യൂസിൽ ചർച്ച. പങ്കെടുത്തതിൽ താമസക്കാരൻ മേജർ രവി. നഷ്ടപരിഹാരം ഉടമകളിൽ നിന്ന് ഈടാക്കാനുള്ള സാധ്യതയെ കുറിച്ച് അവതാരക അന്വേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. അവർ വല്ല പാപ്പരാസി (ുമുുമൃമ്വ്വശ) സ്യൂട്ടും ഫയൽ ചെയ്താൽ അതിനും സ്‌കോപ്പില്ല. പാപ്പർ സ്യൂട്ടാവും (ജമൗുലൃ ൗെശ)േ പാപ്പരാസി ആയത്. അദ്ദേഹവും തലസ്ഥാനത്തെ ലോ അക്കാദമിയിൽ നിന്നാവുമോ ഡിഗ്രി എടുത്തത്. തൊട്ടടുത്ത ദിവസമതാ വീണ്ടും തിരുവനന്തപുരത്തെ കോൺഗ്രസുകാരുടെ പ്രതിഷേധം ചാനലുകളിൽ. കുറച്ച് ഡീസന്റായ സ്ഥാനാർഥിയെ നൽകണമെന്നാണ് അവർ ആവശ്യപ്പെട്ടത്. വട്ടിയൂർക്കാവ് കോൺസ്റ്റിറ്റിയൂഷൻ നിലനിർത്താൻ ഇത് അത്യാവശ്യമാണ് പോലും. നാട്ടിലെങ്ങും ഹിന്ദി അടിച്ചേൽപിക്കലിനെതിരെ വ്യാപക പ്രതിഷേധമാണല്ലോ. വാസ്തവത്തിൽ ഇത് കേരളത്തിലെ വളരുന്ന തലമുറയോട് ചെയ്യുന്ന കടുത്ത ദ്രോഹമാണ്. ഗൾഫിൽ വന്നു നോക്കൂ. മധ്യ കേരളത്തിൽ നിന്നുള്ള ക്രൈസ്തവ സമുദായക്കാരായ നഴ്‌സുമാർ എത്ര പെട്ടെന്നാണ് അറബി ഭാഷയിൽ പ്രാവീണ്യം നേടുന്നത്. ആദ്യ കാല പ്രവാസികളിൽ വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ നിന്നുള്ളവർ എത്ര പെട്ടെന്നാണ് അറബി പഠിച്ച് ജോലിയിൽ മുന്നേറിയത്. ഹിന്ദി, ഉർദു, അറബിക്, ജർമൻ, തമിഴ്, തെലുങ്ക് എന്നു വേണ്ട ഏത് ഭാഷയും പഠിക്കുന്നത് ഇന്ത്യയ്ക്ക് വെളിയിൽ ജോലി തേടി പോകുന്നവർക്ക് അനുഗ്രഹമാണ്. ഭാഷകളിലെ പ്രാവീണ്യം കൊണ്ട് മാത്രം നേട്ടമുണ്ടാക്കിയ എത്രയെത്ര പ്രവാസികൾ. അടുത്തിടെ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു വടക്കൻ കേരളത്തിലെത്തി. ചടങ്ങുകളിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു: മാതൃഭാഷ നമ്മുടെ കണ്ണുകൾ പോലെയാണ്. മറ്റു ഭാഷകൾ കണ്ണട വെക്കുന്നത് പോലെയും. അതാണ് അതിന്റെ ശരിയും. പ്രധാനമന്ത്രി നരേന്ദ്ര മോഡി യു.എസിൽ ചെന്ന് യു ഇൻട്രൊഡ്യൂസ്ഡ് മി റ്റു യുവർ ഫാമിലി ഇൻ റ്റൊന്റീൻ സെവന്റീൻ... എന്നു പറഞ്ഞത് പലരും സമൂഹ മാധ്യമങ്ങളിൽ ആഘോഷിക്കുന്നത് കണ്ടു. ടെലിപ്രോംപ്ടറിൽ നോക്കിയാണല്ലോ ഇത് പറഞ്ഞത്. എഴുതിക്കൊടുത്തവനും അനന്തപുരിയിലെ കലാലയത്തിന്റെ ഉത്പന്നം തന്നെയാവുമോ?

Latest News