ജീവകാരുണ്യ പ്രവർത്തനത്തിലും സജീവമായ ഷംസുദ്ദീൻ ചെയർമാനായ സ്‌നേഹക്കൂട് രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കാൻ വേണ്ടിയുള്ള കൂട്ടായ്മയാണ്. ഇതിനോടകം പത്ത് ലക്ഷത്തിന് മുകളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഈ കൂട്ടായ്മ നേതൃത്വം വഹിച്ചു.റോഹിങ്ക്യൻ അഭയാർഥികൾക്ക്ആയിരക്കണക്കിന് വസ്ത്രങ്ങളാണ് ശേഖരിച്ച് എത്തിച്ചത്.
മലപ്പുറം കോഡൂർ പഞ്ചായത്തിലെ ചൊളൂർ എന്ന സ്ഥലത്ത് വിളഞ്ഞിപ്പുലാൻ അലവി-ഖദീജ ദമ്പതികളുടെ രണ്ടാമത്തെ മകനായ വി.പി.ഷംസുദ്ദീൻ സർഗ സഞ്ചാരത്തിന്റെ വേറിട്ട വഴികളിലൂടെ സഹൃദയ ഹൃദയങ്ങളിൽ സ്വന്തമായ ഒരിടം നേടിയ മനുഷ്യസ്‌നേഹിയാണ്.
സ്‌കൂൾതലം മുതൽ കലാ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം സ്‌കൂൾ നാടക മത്സരങ്ങളിൽ നിറസാന്നിധ്യമായിരുന്നു. കലാ മേഖലയോടുള്ള അദമ്യമായ താൽപര്യവും ജീവിതത്തിൽ തനിക്ക് പലതും ചെയ്യാനുണ്ടെന്ന തിരിച്ചറിവുമാകാം സുഹൃത്ത് നടത്തിയിരുന്ന പ്രാദേശിക ചാനലുമായി സഹകരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സുഹൃത്ത് ദൈവത്തിന്റെ അലംഘനീയമായ വിധിക്ക് കീഴടങ്ങിയപ്പോൾ സ്ഥാപനം ഏറ്റെടുക്കുകയും പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്ത് തന്റെ നിയോഗം നിറവേറ്റുന്നതിൽ സായൂജ്യം കണ്ടത്തുകയായിരുന്നു.

ഷംസുവിന്റെ കർമരംഗം വൈവിധ്യപൂർണവും മനോഹരവുമാണ്. മ്യൂസിക്കൽ ആൽബങ്ങൾ അരങ്ങു വാണ കാലത്ത് സാമൂഹ്യ പ്രാധാന്യമുള്ള പ്രമേയങ്ങൾ കോർത്തിണക്കി ഒരു ഡസനോളം വീഡിയോ ആൽബങ്ങൾ സുഹൃത്ത് ഹനീഫ് രാജാജിയുടെ സംവിധാനത്തിൽ നിർമാണം നടത്തി.
ജീവൻ ടി.വിക്ക് വേണ്ടി 2005 ഓഗസ്റ്റ് 15 ന് പുറത്തിറക്കിയ സ്വാതന്ത്ര്യസമര സേനാനി ഇന്നനുഭവിക്കുന്ന കഷ്ടതകളുടെ കഥ പറഞ്ഞ 'അന്നൊരു സ്വാതന്ത്ര്യ ദിനത്തിൽ' എന്ന ടെലിഫിലിമിലൂടെയാണ് സംവിധാന രംഗത്തേക്ക് കടന്നു വന്നത്. പിന്നീട് പ്രവാസികളുടെ നൊമ്പരങ്ങൾ പറയുന്ന 'പ്രവാസിയുടെ കണ്ണുനീർ', സാമൂഹ്യ പ്രവർത്തകൻ തോരപ്പ മുസ്തഫയുടെ ജീവിതത്തിലെ ചില സന്ദർഭങ്ങൾ കോർത്തിണക്കി സംവിധാനം ചെയ്ത 'ജീവിതത്തിലേക്ക് ഒരു മടക്കയാത്ര' എന്നീ ടെലി ഫിലിമുകൾ സുഹൃത്തായ ഹൈദരലി പാലോളിക്കൊപ്പം കഥയെഴുതി സംവിധാനം ചെയ്തു. 2007 ൽ മലപ്പുറം മുനിസിപ്പാലിറ്റിയിലെ വികസന കാര്യങ്ങളെ കുറിച്ചുള്ള ഡോക്യുമെന്ററി. ആ വർഷം ഈ ഡോക്യുമെന്ററിയുടെ അടിസ്ഥാനത്തിലാണ് കേരളത്തിലെ മുനിസിപ്പാലിറ്റികളിൽ രണ്ടാം സ്ഥാനത്ത് മലപ്പുറം മുൻസിപ്പാലിറ്റിയെ എത്തിച്ചത്. മലപ്പുറം മുനിസിപ്പാലിറ്റിയുടെ തന്നെ 'അക്ഷയപാത്രം' പദ്ധതിയുടെ പ്രമോഷൻ വീഡിയോ ഫിലിം, തോരപ്പ മുസ്തഫയെ കുറിച്ചുള്ള 'കാഴ്ചക്കപ്പുറത്ത്' ഡോക്യുമെന്റി എന്നിവ ശ്രദ്ധേയമായവയാണ്.
മാതൃസ്‌നേഹത്തിന്റെ കഥ പറഞ്ഞ 'സ്‌നേഹപൂർവം അമ്മ', സോഷ്യൽ മീഡിയയുടെ ദുരുപയോഗം കുടുംബ ബന്ധങ്ങളിലുണ്ടാക്കുന്ന ഛിദ്രത വരച്ചുകാട്ടിയ 'വാട്‌സ്ആപ്പ്' എന്നീ ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ച് കൊണ്ടായിരുന്നു ഷംസുവിന്റെ വരവ്. നിരവധി പേരാണ് യൂട്യുബിലും ഫേസ്ബുക്കിലും ഇത് വൈറലാക്കിയത്.

സമൂഹത്തോട് തനിക്ക് പറയാനുള്ളത് പറയാൻ ഏറ്റവും നല്ല മാധ്യമം ദൃശ്യമാധ്യമമാണെന്ന് വിശ്വസിക്കുന്ന വി.പി ഷംസുദ്ദീന് സന്ദേശ പ്രധാനമല്ലാത്തതൊന്നും ചെയ്യാനാവില്ല എന്ന നിലപാടുകാരനാണ്.
ജീവിതത്തിലുടനീളം വ്യത്യസ്തമായ വഴികളിലൂടെ നടക്കാനാഗ്രഹിക്കുന്ന ഷംസുദ്ദീൻ ചാനലിന് പുറമെ ബസുടമ കൂടിയാണ്. അഞ്ച് വർഷമായി എല്ലാ സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ദിവസം എല്ലാ വിദ്യാർഥികൾക്കും സൗജന്യ ബസ് യാത്രയും കേരളത്തിലുണ്ടായ 2018 ലെ പ്രളയത്തിലേക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ദിവസത്തെ വരുമാനം മുഴുവനായും നൽകിയും ഷംസുദ്ദീന്റെ ഉടമസ്ഥതയിലുള്ള ബസ് സർവീസ് പ്രശംസ നേടി. 2019 ലെ പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന വയനാട്ടിലെയും നിലമ്പൂരിലേയും അഞ്ഞൂറ് കുടുംബങ്ങൾക്ക് വസ്ത്രങ്ങളും അരിയടക്കമുള്ള കിറ്റുകളും വിതരണം ചെയ്തു.
തന്റെ ഉടമസ്ഥതയിലുള്ള എം.സി.വി ചാനലും കേവലമൊരു പ്രാദേശിക ചാനലായി കൊണ്ടുനടക്കുന്നതിനപ്പുറത്ത് വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയവരെ ആദരിക്കാനും കലാകാരൻമാർക്ക് അവസരം നൽകാനും മുൻപന്തിയിൽ തന്നെയാണ്. മുമ്പ് തന്റെ ചാനലിലൂടെ ജോലി ചെയ്ത് തുടക്കം കുറിച്ച പലരും ഇന്ന് മുഖ്യധാരാ ചാനലുകളിലും മുൻനിരയിലുള്ള പത്ര സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നു. കസവുതട്ടം എന്ന പേരിൽ നാലു സീസണുകളിലായി ജില്ലയിലെ നിരവധി പാട്ടുകാർക്ക് അവസരമൊരുക്കിയ റിയാലിറ്റി ഷോ ശ്രദ്ധേയമായ ഒരു പരിപാടിയാണ്.

ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കിട്ടാതെ വിജയിച്ച ചാനൽ പരിധിയിലുള്ള 500 വിദ്യാർഥികളെയാണ് ആദരിച്ചത്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരെ ആദരിക്കാൻ സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും മുറവിളി കൂട്ടുമ്പോൾ പൊലിമയില്ലാതെ വിജയിച്ചവരെ ആദരിക്കാനോ ഒരു നല്ല വാക്ക് പറയാനോ ആരും ഇല്ലാത്ത അവസ്ഥയിലാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കാനുള്ള ആശയമുണ്ടായതെന്ന് ഷംസുദ്ദീൻ പറയുന്നു.
ജീവകാരുണ്യ പ്രവർത്തനത്തിലും സജീവമായ ഷംസുദ്ദീൻ ചെയർമാനായ സ്‌നേഹക്കൂട് ചാരിറ്റി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കാൻ വേണ്ടിയുള്ള കൂട്ടായ്മയാണ്. ഇതിനോടകം പത്ത് ലക്ഷത്തിന് മുകളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഈ കൂട്ടായ്മ നേതൃത്വം വഹിച്ചു.
റോഹിങ്ക്യൻ അഭയാർഥികൾക്ക് ആയിരക്കണക്കിന് വസ്ത്രങ്ങളാണ് ശേഖരിച്ച് എത്തിക്കാൻ കഴിഞ്ഞത്. പ്രഭാത സവാരിക്കാരുടെ കൂട്ടായ്മയായ 'കോട്ടക്കുന്ന് കൂട്ടായ്മ'യുടെ വൈസ് പ്രസിഡണ്ട് കൂടിയാണ് ഈ നാൽപത്തിയൊന്നുകാരൻ.






