Sorry, you need to enable JavaScript to visit this website.

കനല്‍വഴി താണ്ടിയ പാട്ടുകാരന്‍

ചുമലില്‍ വന്നുവീണ ജീവിത പ്രാരബ്ധങ്ങള്‍ താഴെയിറക്കാന്‍ തലയില്‍ ചുമടേന്താന്‍ വിധിക്കപ്പെട്ട അതുല്യനായൊരു കലാകാരന്റെ ആത്മാലാപനം ഗാനവീഥിയില്‍ നിന്ന് വേര്‍പിരിഞ്ഞു.
പിച്ചവെച്ച് വളര്‍ന്നതും മുതിര്‍ന്നതുമായ സാമൂഹിക പശ്ചാത്തലത്തില്‍ നിന്ന് കാലം കനിഞ്ഞു നല്‍കിയ ഇശലിന്റെ വൈകാരിക പരിപ്രേക്ഷ്യം മാപ്പിളപ്പാട്ടിന്റെ നാദ വഴക്കത്തിലൂടെ അടയാളപ്പെടുത്തിയ എം.കുഞ്ഞിമൂസയെന്ന മൂലക്കാലില്‍ കുഞ്ഞിമൂസ വിടപറയുമ്പോള്‍ സംഗീതമയമായ ഒരു സുവര്‍ണ്ണ കാലഘട്ടത്തിനാണ് തിരശ്ശീല വീഴുന്നത്.
കൊടിയ ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും ദുരിതക്കടല്‍ താണ്ടി ഏഴര പതിറ്റാണ്ടിലേറെക്കാലം, പൊതു സമൂഹത്തിന്റെ സാംസ്‌കാരികതലം രൂപീകരിക്കുന്നതില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ കഴിവുള്ള കലാരൂപമായ സംഗീത ശാഖയില്‍ ഒരേ സമയം ലളിതഗാന, മാപ്പിളപ്പാട്ട് ഗായകനായും രചയിതാവായും സംഗീത സംവിധായകനായും തന്റെതായ അടയാളപ്പെടുത്തലുകള്‍ സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് കുഞ്ഞിമൂസയെ വ്യത്യസ്തനാക്കുന്നത്. പരാതിയും പരിഭവങ്ങളുമില്ലാതെ പലപ്പോഴായി താന്‍ തീര്‍ത്ത നാദവിസ്മയങ്ങള്‍ ലജ്ജലേശമന്യെ അപരന്മാരെടുത്ത് സ്വന്തം തിരുനെറ്റിയില്‍ ചാര്‍ത്തുന്നത് നിര്‍ന്നിമേഷനായി നോക്കി നില്‍ക്കേണ്ടിവന്നു എന്നതും ഇവിടെ കൂട്ടി വായിക്കപ്പെടേണ്ടതുണ്ട്.
പ്രാഥമിക വിദ്യാഭ്യാസം മുഴുമിപ്പിക്കുന്നതിന് മുമ്പേ പരുക്കന്‍ ജീവിത യഥാര്‍ത്ഥ്യങ്ങളോട് മല്ലടിച്ച് പഠനം നിര്‍ത്തി ചുമട്ടു തൊഴിലാളിയായി വേഷം കെട്ടുമ്പോഴും തീക്ഷ്ണാനുഭവങ്ങളെ തേനിശലുകളായി ചിട്ടപ്പെടുത്താന്‍ പാകത്തില്‍ സ്വതഃസിദ്ധമായ സര്‍ഗാത്മകതയുടെ അലയൊലി തന്റെയുള്ളില്‍ തെളിഞ്ഞു നില്‍ക്കുന്നത് മറ്റാരേക്കാളും നന്നായി കുഞ്ഞിമൂസ തിരിച്ചറിഞ്ഞിരുന്നു. ആ തിരിച്ചറിവ് തന്നെയാണ് പതിറ്റാണ്ടുകളെ കുഞ്ഞിമൂസയുടെ ഇശല്‍ പൊലിമയില്‍ മയക്കിക്കിടത്തിയതും.
ആകാശവാണി കലാകാരന്മാര്‍ക്ക് താരപരിവേഷം പതിച്ചു കിട്ടിയിരുന്ന അക്കാലത്ത്, മലയാള സിനിമാ പിന്നണി സംഗീതത്തില്‍ പകരം വെക്കാനില്ലാത്ത സംഗീതജ്ഞനും മനുഷ്യ സ്‌നേഹിയുമായിരുന്ന രാഘവന്‍ മാഷാണ് ശാസ്ത്രീയമായി സംഗീതമഭ്യസിച്ചിട്ടില്ലാത്ത കുഞ്ഞിമൂസയെന്ന പ്രതിഭയെ കണ്ടെത്തി തൊള്ളായിരത്തി അറുപത്തിയേഴില്‍ കോഴിക്കോട് ആകാശവാണി ശ്രോതാക്കളുടെ ചിരപരിചിത സ്വരമാക്കി മാറ്റിയത്. ഉദയഭാനു, ബ്രഹ്മാനന്ദന്‍, പി.ലീല, മച്ചാട്ട് വാസന്തി എന്നിവര്‍ക്കൊപ്പം ലളിതഗാനമായും നാടക ഗാനമായും മാപ്പിളപ്പാട്ടിന്റെ ഇശലായും വര്‍ഷങ്ങളോളം ആ നാദവീചികള്‍ ശ്രോതാക്കളുടെ കര്‍ണ്ണപുടങ്ങളില്‍ പനിനീരായ് പെയ്തിറങ്ങി. മോയിന്‍കുട്ടി വൈദ്യര്‍, പൂവച്ചല്‍ ഖാദര്‍, തിക്കോടിയന്‍, പി.ടി.അബ്ദുറഹ്മാന്‍, എസ്.വി.ഉസ്മാന്‍ തുടങ്ങി പ്രശസ്തരായ പല കവികളുടെയും വരികള്‍ക്ക് കുഞ്ഞിമൂസ ശ്രവ്യ സുന്ദരങ്ങളായ ഈണം നല്‍കിയതും ഈ കാലയളവില്‍ തന്നെ.
ഇതില്‍ തന്റെ ആലാപന മികവ് വിളിച്ചോതുന്ന ഹോജരാജാവേ, കതിര്‍ കത്തും റസൂലിന്റെ, എസ്.വി ഉസ്മാന്‍ രചിച്ച ഇന്നലെ രാവിലെന്‍ മാറത്തുറങ്ങിയ, മധുവര്‍ണ്ണപ്പുവല്ലെ, ഹസന്‍ ഹസീനയുടെ അറഫാ മലക്ക് സലാം ചൊല്ലി എന്നിവ മാപ്പിളപ്പാട്ടാസ്വാദകര്‍ ഇന്നും ചുണ്ടില്‍ മൂളി നടക്കുന്നവയാണ്.
എസ്.എം.കോയ, എരഞ്ഞോളി മൂസ, പീര്‍ മുഹമ്മദ്, ലിയാഖത്ത്, യേശുദാസ്, മാര്‍ക്കോസ്, എം.എ.ഗഫൂര്‍, കണ്ണൂര്‍ ശരീഫ്, മച്ചാട്ട് വാസന്തി, സിബല്ല, ശ്രീലത, സിന്ധു പ്രേംകുമാര്‍, താജുദ്ദീന്‍, നാസര്‍ അണ്ടോണ ഇവര്‍ കുഞ്ഞിമൂസയുടെ ഈണത്തിന് ശബ്ദം നല്‍കിയവരില്‍ ചിലര്‍ മാത്രം. ഒരു സമുദായത്തിന് മതേതരമായ പൊതുമണ്ഡലത്തിലേക്ക് കടന്നു വരുന്നതിന് കളമൊരുക്കുന്നതില്‍ കലയ്ക്കും സംഗീതത്തിനും പ്രധാന പങ്കുവഹിക്കാന്‍ കഴിയുമെന്ന് പാട്ടുവഴികളിലെ വിവിധ മേഖലകളിലെ തന്റെ അടയാളപ്പെടുത്തലുകളാല്‍ കുഞ്ഞിമൂസക്ക് തെളിയിക്കാന്‍ കഴിഞ്ഞിരുന്നുവെന്നത് അവിതര്‍ക്കമാണ്. രണ്ടായിരത്തില്‍, സംസ്ഥാന സര്‍ക്കാര്‍ കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം നല്‍കി കുഞ്ഞിമൂസയെ ആദരിച്ചത് അതിനുള്ള സാക്ഷി പത്രമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. തൊണ്ണൂറാം വയസ്സില്‍ പി.ടി.അബ്ദുറഹിമാന്‍ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.
സ്വന്തമായി എഴുതി ചിട്ടപ്പെടുത്തി മകന്‍ താജുദ്ദീന്‍ വടകരയെ കൊണ്ട് പാടിച്ച ഖല്‍ബാണ് ഫാത്തിമ തരംഗം സൃഷ്ടിച്ചുവെങ്കിലും പൈങ്കിളിയെന്ന പേരുദോഷം മകന്റെ ജൈത്രയാത്രക്ക് വിഘാതമായി തീര്‍ന്നിരിക്കാം. എങ്കിലും സാമൂഹിക നിര്‍മിതിയില്‍ മാപ്പിള സാഹിത്യത്തിനും മാപ്പിളപ്പാട്ടിനുമുള്ള തീരെ ചെറുതല്ലാത്ത പങ്കിനെ നിലനില്പിന് വേണ്ടി സ്വാംശീകരണത്തിലൂടെ ഒരു കൂട്ടു വ്യവഹാര മാതൃകയിലല്ല, മറിച്ച് തനത് ശൈലി കൈവിടാതെ അവസാന നാള്‍ വരെ കാത്തു സൂക്ഷിച്ച കുഞ്ഞിമൂസ മാപ്പിളപ്പാട്ടാസ്വാദകരുടെ മനസ്സില്‍ ജീവിക്കും, എം.കുഞ്ഞിമൂസയെന്ന മാപ്പിളപ്പാട്ട് ഗായകനായിത്തന്നെ...

(കേരള മാപ്പിള കലാ അക്കാദമി ദമ്മാം ചാപ്റ്റര്‍ പ്രസിഡന്റാണ് ലേഖകന്‍)

 

Latest News