എം. കുഞ്ഞിമൂസയെന്ന സംഗീത കുലപതി

വടക്കന്‍ സംഗീത ധാരയിലെ ഒരു പ്രധാന കണ്ണി കൂടി വടകരയില്‍ വിടവാങ്ങിയിരിക്കുന്നു  എം  കുഞ്ഞിമൂസ  എന്ന പ്രശസ്ത വ്യക്തിയിലൂടെ. കെ.  രാഘവന്‍ മാസ്റ്ററുടെ ശിഷ്യ വലയത്തില്‍ സംഗീതകാരനായ  ഇദ്ദേഹം  നൂറുകണക്കിന് ഗാനങ്ങള്‍ക്ക് സംഗീതം  നിര്‍വഹിക്കുകയും പാടുകയും എഴുതുകയും  ചെയ്തിട്ടുണ്ട്.  പി.ടി  അബ്ദുറഹിമാനും വടകര  കൃഷ്ണദാസ്,   ചാന്ദ് പാഷ,  എ ടി  ഉമ്മര്‍,  മൂസ  എരഞ്ഞോളി,  പീര്‍ മുഹമ്മദ്  എന്നിവരൊക്കെ ഉത്തര മലബാറില്‍ സംഗീത, കാവ്യ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍. വടക്കേ മലബാറിനെ കുറിച്ച് ചിന്തിക്കുമ്പോള്‍  മൂന്ന് മൂസമാരെ  മറക്കാന്‍ നമുക്ക് കഴിയില്ല. മാപ്പിളപ്പാട്ടിനെ  തന്റെതായ സ്വര സാന്നിധ്യം കൊണ്ട് മരണം വരെ നിലനിര്‍ത്തിയ  എരഞ്ഞോളി  മൂസ, മറ്റൊന്ന്
വാക്ചാതുര്യം കൊണ്ട് പത്ര താളുകളെയും ആകാശവാണി നിലയത്തെയും ധന്യമാക്കിയ  കെ.പി  കുഞ്ഞിമൂസ. മൂന്നാമന്‍  എം.  കുഞ്ഞിമൂസ.  
നെഞ്ചിനുള്ളില്‍ നീയാണ് എന്ന ഗാനം  സംഗീതം ചെയ്ത്  മകന്‍  താജുദ്ദീന്‍ പാടിയതിലൂടെ  ലക്ഷക്കണക്കിന് ആസ്വാദകരാണ്  ഈ ഉപ്പയേയും   മകനെയും ഇഷ്ടപ്പെട്ടത്. മകന്‍ തന്നേക്കാള്‍ അറിയപ്പെട്ടപ്പോഴും പെരുന്തച്ചന്‍ കോംപ്ലക്‌സ് ഒട്ടുമില്ലാതെ പ്രോത്സാഹിപ്പിച്ചു എം. കുഞ്ഞിമൂസ. പുത്തന്‍ ഗായകരെ തിരഞ്ഞെടുക്കാനും പ്രോത്സാഹിപ്പിക്കാനും അദ്ദേഹം  സമയം കണ്ടെത്തി.

 

 

 

Latest News