Sorry, you need to enable JavaScript to visit this website.

തുടരെ 12 ജയം, ഓസീസ് റെക്കോര്‍ഡിനൊപ്പം അഫ്ഗാന്‍

ധാക്ക - ത്രിരാഷ്ട്ര ട്വന്റി20 ടൂര്‍ണമെന്റില്‍ സിംബാബ്‌വെക്കു പിന്നാലെ ആതിഥേയരായ ബംഗ്ലാദേശിനെയും തോല്‍പിച്ച് അഫ്ഗാനിസ്ഥാന്റെ കുതിപ്പ്. ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റും അഫ്ഗാനിസ്ഥാന്‍ ജയിച്ചിരുന്നു. തുടര്‍ച്ചയായ പന്ത്രണ്ടാമത്തെ ട്വന്റി20 യിലാണ് അഫ്ഗാനിസ്ഥാന്‍ പരാജയം ഒഴിവാക്കുന്നത്. ഇതോടെ ഓസ്‌ട്രേലിയയുടെ പേരിലുള്ള ലോക റെക്കോര്‍ഡിനൊപ്പമെത്തി. നാലിന് 40 ലേക്ക് തകര്‍ന്ന ശേഷമാണ് അഫ്ഗാനിസ്ഥാന്‍ ഉജ്വലമായി തിരിച്ചുവന്നത്. 
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ പവര്‍പ്ലേ ഓവറുകളില്‍ നാലിന് 40 ലേക്ക് തകര്‍ന്നതായിരുന്നു. എന്നാല്‍ മുഹമ്മദ് നബിയും (54 പന്തില്‍ 84 നോട്ടൗട്ട്) മുന്‍ നായകന്‍ അസ്ഗര്‍ അഫ്ഗാനും (37 പന്തില്‍ 40) ആറിന് 164 ലേക്ക് അവരെ നയിച്ചു. ബംഗ്ലാദേശിന്റെ മറുപടി ഒരു പന്ത് ശേഷിക്കെ 139 ല്‍ അവസാനിച്ചു. ലെഗ്‌സ്പിന്നര്‍ മുജീബുറഹ്മാനാണ് (4-0-15-4) ബംഗ്ലാദേശിനെ തകര്‍ത്തത്. ഫരീദ് അഹ്മദിനും ക്യാപ്റ്റന്‍ റാഷിദ് ഖാനും രണ്ടു വീതം വിക്കറ്റ് കിട്ടി. ബംഗ്ലാദേശിന്റെ മുഹമ്മദ് സയ്ഫുദ്ദീനും നാലു വിക്കറ്റെടുത്തു (4-0-33-4). 
സിംബാബ്‌വെയെ 28 റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ തോല്‍പിച്ചത്. മത്സരത്തില്‍ മുഹമ്മദ് നബിയും നജീബുല്ല സദ്‌റാനും തുടര്‍ച്ചയായ ഏഴ് പന്തുകള്‍ സിക്‌സര്‍ കടത്തിയിരുന്നു. 17, 18 ഓവറുകളിലായിരുന്നു സിക്‌സര്‍ പ്രളയം. എട്ടാമത്തെ പന്ത് വൈഡായി. അതിനടുത്ത പന്ത് കഷ്ടിച്ചാണ് സിക്‌സറാവാതെ പോയത്. 

 

Latest News