Sorry, you need to enable JavaScript to visit this website.

സന്തോഷ് ട്രോഫി തമിഴ്‌നാട് ടീമിൽ കൊണ്ടോട്ടിക്കാരനും

അലി സഫ്‌വാൻ

കൊണ്ടോട്ടി- സന്തോഷ് ട്രോഫിക്ക് വേണ്ടിയുള്ള തമിഴ്നാട് ടീമിൽ കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശിയും. ഒളവട്ടൂർ യതീംഖാന ഹയർ സെക്കണ്ടറി സ്‌കൂൾ പൂർവ വിദ്യാർഥി അലി സഫ്വാൻ ആണ് സന്തോഷ് ട്രോഫിക്ക് വേണ്ടിയുള്ള മുപ്പതംഗ തമിഴ്നാട് ടീമിൽ സ്ഥാനം പിടിച്ചത്.
തഞ്ചാവൂരിൽ നടന്ന ഓപൺ സെലക്ഷൻ ട്രയൽസിൽ പങ്കെടുത്താണ് അലി സഫ്വാൻ ക്യാംപിൽ ഇടം പിടിച്ചത്. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഒളവട്ടൂർ യതീംഖാന സ്‌കൂളിൽ പഠനം പൂർത്തീകരിച്ച അലി സ്‌കൂൾ സബ്ജൂനിയർ, ജൂനിയർ ടീമുകളുടെ ക്യാപ്റ്റനുമായിരുന്നു. 
സ്‌കൂൾ കായികാധ്യാപകൻ അബ്ദുൽ ഗഫൂർ മാസ്റ്ററുടെ കീഴിൽ പരിശീലനം തുടങ്ങിയ അലി സഫ്‌വാൻ രണ്ടു തവണ കൊണ്ടോട്ടി സബ്ജില്ലയുടെ ജഴ്സി അണിഞ്ഞിട്ടുണ്ട്. ഇപ്പോൾ കോയമ്പത്തൂർ നെഹ്റു കോളേജിൽ എം.ബി.എ വിദ്യാർഥിയാണ്.
കഴിഞ്ഞ 4 വർഷമായി കോളേജ് ടീം അംഗവും ഇപ്പോൾ ടീം ക്യാപ്റ്റനുമാണ്. സ്‌കൂൾ പഠന കാലത്തും ശേഷവും അരിമ്പ്ര മിഷൻ സോക്കർ അക്കാദമിയിൽ സി.ടി അജ്മലിന്റെ കീഴിൽ പരിശീലനം നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം സംസ്ഥാന സീനിയർ ഫുട്‌ബോൾ ടൂർണമെന്റിൽ കണ്ണൂർ ജില്ലക്കായി ബൂട്ട് കെട്ടിയ അലി കണ്ണൂർ ലക്കി സ്റ്റാർ, മഞ്ചേരി എവർഗ്രീൻ, ഏറനാട് ഫൈറ്റേഴ്‌സ് എന്നീ ടീമുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്. ഒളവട്ടൂർ മങ്ങാട്ടുമുറി എ.എം അലവിക്കുട്ടി-റുബീന ദമ്പതികളുടെ മകനാണ്.

Latest News