Sorry, you need to enable JavaScript to visit this website.

പുതിയ സീസണിന് മഴയോടെ തുടക്കം

ധര്‍മശാല - ഇന്ത്യയുടെ ഹോം ക്രിക്കറ്റ് സീസണിന് മഴയോടെ തുടക്കം. ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്റി20 മത്സരം മഴ കാരണം വൈകുകയാണ്. ധര്‍മശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ഗാലറിക്കു മുകളില്‍ മേല്‍ക്കൂര ഇല്ലാത്തതിനാല്‍ കാണികള്‍ പുറത്തേക്കു പോവാന്‍ നിര്‍ബന്ധിതരായി. സ്‌റ്റേഡിയം അതിമനോഹരമാണെങ്കിലും കാണികള്‍ക്ക് സൗകര്യം കുറവാണ്.  ഇക്കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റില്‍ പൊട്ടിപ്പൊളിഞ്ഞ ശേഷം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഹിമാചല്‍പ്രദേശിലെ ധര്‍മശാലയിലെ മലനിരകളില്‍ പുതിയ പരീക്ഷണത്തിന് തുടക്കമിടുന്നു. ക്വിന്റന്‍ ഡികോക്കിന്റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കയുടെ ട്വന്റി20 ടീം ഇന്ത്യക്കെതിരെ ഞായറാഴ്ച ട്വന്റി20 പരമ്പര തുടങ്ങുകയാണ്. 
ലോകകപ്പിലെ നിരാശക്കു ശേഷം ഹാശിം അംലയും ജെ.പി. ഡുമിനിയും ഇംറാന്‍ താഹിറുമൊക്കെ വിരമിച്ചു. ഫാഫ് ഡുപ്ലെസി ടെസ്റ്റില്‍ മാത്രം തുടരും. അടുത്ത ട്വന്റി20 ലോകകപ്പ് ലക്ഷ്യമാക്കി പുതിയ ടീമിനെ വാര്‍ത്തെടുക്കുകയാണ് സെലക്ടര്‍മാരുടെ ലക്ഷ്യം. ഇപ്പോഴത്തെ ടീമിലെ ഏറെ പേരും ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ ലീഗില്‍ നിന്നും ദക്ഷിണാഫ്രിക്ക എ ടീമില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരാണ്. ഇരുപത്തഞ്ചുകാരനായ ഡികോക്കാണ് നായകന്‍. കഴിഞ്ഞ മാസം ബംഗളൂരുവില്‍ നടന്ന സ്പിന്‍ ക്യാമ്പില്‍ പങ്കെടുത്തവരും ടീമിലുണ്ട്. ദക്ഷിണാഫ്രിക്കന്‍ കളിക്കാര്‍ ആകെ കളിച്ചത് 210 ട്വന്റി20 കളാണ്. ഇന്ത്യയുടെ രോഹിത് ശര്‍മയും ശിഖര്‍ ധവാനും വിരാട് കോഹ്‌ലിയും മാത്രം 219 ട്വന്റി20 കള്‍ കളിച്ചു. 
വെസ്റ്റിന്‍ഡീസിനെ തൂത്തുവാരിയാണ് ഇന്ത്യ ഈ പരമ്പരക്കൊരുങ്ങുന്നത്. ശ്രേയസ് അയ്യര്‍ക്കും മനീഷ് പാണ്ഡെക്കും റിഷഭ് പന്തിനും ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ കിട്ടുന്ന മറ്റൊരു അവസരം കൂടിയായിരിക്കും ഈ പരമ്പര.
 


 

Latest News