Sorry, you need to enable JavaScript to visit this website.

ഖുർആന്റെ തണൽ പറ്റിയൊരു യാത്ര

ഷഹീൻ ഹംസ

ഒരുക്കങ്ങളെല്ലാം പൂർത്തിയായി. വിധികർത്താക്കളും മത്സരാർത്ഥികളും കാണികളും ഒരുങ്ങി നിൽക്കുന്നു.
103 രാജ്യങ്ങളിൽനിന്നുള്ള 86 മത്സരാർത്ഥികളാണ് ഫൈനലിലുള്ളത്. 103 രാജ്യങ്ങളിൽനിന്നുള്ള 146 മത്സരാർത്ഥികളിൽനിന്ന് നാലു വിഭാഗങ്ങളിലായുള്ള ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് 86 പേർ.. പരന്നൊഴുകുന്ന നിശബ്ദത. സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദതയെ മുറിച്ച് അനൗൺസ്‌മെന്റ് മുഴങ്ങി. 

ഹംസ പാറക്കൂത്ത ഷഹീൻ മിൻ ഇന്ത്യ...
പ്രഥമ മത്സരാർഥിയായി ഇന്ത്യയിൽ നിന്നുള്ള മലയാളി ഷഹീൻ ഹംസ. ആദ്യമായാണ് ഷഹീൻ ഒരു രാജ്യാന്തര മത്സരത്തിൽ പങ്കെടുക്കുന്നത്. പത്തു കൊല്ലം മുമ്പ് മടങ്ങിപ്പോയ രാജ്യത്തേക്ക് വീണ്ടുമെത്തിയ ഷഹീൻ തിരിച്ചെത്തിയത് ഏത് നേരത്തും തന്റെ സ്വപ്‌നത്തിനൊപ്പം കൂട്ടുണ്ടായിരുന്ന ഒന്നിനൊപ്പമായിരുന്നു. നാലു ദിവസത്തിലേറെ നീണ്ടുനിന്ന മത്സരത്തിൽ പങ്കെടുത്ത 146 പേരിൽനിന്ന് പത്താം സ്ഥാനവും വാങ്ങിയാണ് ഷഹീൻ ഇന്ന് കോഴിക്കോട്ടേക്കുള്ള സൗദിയ വിമാനം കയറുന്നത്. 

പത്താമത്തെ വയസ്സിലാണ് ഷഹീൻ ഹംസ സൗദി വിടുന്നത്. ജിദ്ദയിൽ പ്രവാസികളായിരുന്നു ഷഹീന്റെ കുടുംബം. ജിദ്ദയിലെ ഷാര തൗബയിൽ താമസിച്ച ഫഌറ്റിന്റെ വാതിൽ തുറന്നാൽ നേരെ എത്തുന്നത് പള്ളിയിലേക്ക്. വീടിന്റെ മുകളിൽ നിന്നാൽ അബൂബക്കർ സിദ്ദീഖ് മസ്ജിദിന്റെ മിനാരം തൊട്ടു തൊട്ടില്ല എന്ന പോലെ കൺമുന്നിൽ. മിനാരത്തിന് മുകളിൽ ചന്ദ്രക്കല. കൈ നഖം വെട്ടിമാറ്റിയത് പോലെയാണ് ഷഹീനും ആ ചന്ദ്രക്കല തോന്നിയിരുന്നത്. അതുകൊണ്ടു തന്നെ ആരൊക്കെയോ വിളിച്ച പോലെ അവനും ആ പള്ളിയെ നഖപ്പള്ളി എന്ന് വിളിച്ചുപോന്നു. പള്ളിയിൽ നിന്നുള്ള ഖുർആൻ പാരായണം ഷഹീന്റെ മനസ്സിൽ കൊത്തിവെച്ചു. കാതിൽനിന്ന് മായാതെ നിന്നു. ഉപ്പയുടെ തോളിൽ കയറി പള്ളിയിലേക്ക് പോയിരുന്ന ആ കാലത്തിന്റെ കാഴ്ചയും അവന്റെയുള്ളിൽ നിറഞ്ഞുനിന്നു. ഇമാമിന്റെ ശ്രവണ സുന്ദരമായ ഖുർആൻ പാരായണം ഷഹീൻ അനുകരിച്ചു. സമപ്രായക്കാർ മറ്റു കളികളിൽ ഏർപ്പെട്ടപ്പോൾ ഷഹീന്റെ കളി ഖുർആനുമായിട്ടായിരുന്നു. ക്രിക്കറ്റും ഫുട്‌ബോളും കൂട്ടിനുണ്ടായെങ്കിലും എല്ലാ കളികളും ഓർമശക്തി കൂട്ടാനുള്ള മാർഗമായാണ് അവൻ കണ്ടത്. അക്കാലത്ത് ക്രിക്കറ്റിലെ മുഴുവൻ താരങ്ങളുടെയും പേരുകളും അവർ ഓരോ മത്സരങ്ങളിലും സ്വന്തമാക്കിയ സ്‌കോറുകളും ഷഹീൻ കാണാതെ പഠിച്ചു. ക്രിക്കറ്റ് കമന്ററികൾ അനുകരിച്ചു. ഇതോടൊപ്പം ഫുട്‌ബോൾ മത്സരങ്ങളിലും ഭാഗമായി. എല്ലാ കളികളും ചെന്നെത്തിയത് ഖുർആനിൽ തന്നെയായിരുന്നു. 
ജിദ്ദയിൽ തലാൽ സ്‌കൂൾ, അൽ നൂർ സ്‌കൂൾ, ഇന്ത്യൻ എംബസി സ്‌കൂൾ എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം നാട്ടിലേക്ക് പറിച്ചു നട്ടെങ്കിലും തന്റെ സ്വപ്‌നം പറിച്ചെറിയാൻ ഷഹീൻ തയാറായിരുന്നില്ല. കേട്ടിട്ടും കേട്ടിട്ടും മതിയാകാത്ത ഇശൽ പോലെ ഖുർആൻ മനസ്സിൽ തങ്ങിനിന്നു. താനൂരിലെ എം.ടി.ക്യൂ സ്‌കൂളിൽ ചേർന്ന് ഖുർആൻ പഠനവുമായി മുന്നോട്ടു പോയി. ഖുർആൻ പഠനവും ഭൗതിക വിദ്യാഭ്യാസവും സമന്വയിപ്പിച്ചുള്ള സിലബസായിരുന്നു എം.ടി.ക്യുയിലേത്.  ശുഹൈബ് റഹ്മാൻ നജ്മിയുടെ ശിക്ഷണത്തിൽ ഷഹീൻ തന്റെ സ്വപ്‌നങ്ങൾ വീണ്ടും രാകി മിനുക്കിയെടുത്തു. 


എം.ടി.ക്യുവിലെ ആദ്യ നാളുകളിൽ അധ്യാപകർക്ക് തലവേദനയായിരുന്നു ഷഹീൻ. എങ്ങനെയങ്കിലും മതിയാക്കി വീട്ടിലേക്ക് തന്നെ പോയാൽ മതിയെന്നായിരുന്നു ചിന്ത. ഒരു നിമിഷം പോലും ഉപ്പയെയും ഉമ്മയെയും പിരിഞ്ഞു നിന്നതിന്റെ അനുഭവമുണ്ടായിരുന്നില്ല. പഠനം നിർത്താനുള്ള ഷഹീന്റെ തീരുമാനത്തിന് ഉപ്പയും കൂട്ടുനിന്നു. 
താൽപര്യമില്ലെങ്കിൽ പഠനം നിർത്താൻ ഉപ്പയുടെ പിന്തുണ. ഷഹീന്റെ സ്വപ്‌നത്തിന്റെ ആഴമറിയുന്ന ഉമ്മ സക്കീന പക്ഷേ ഷഹീനെ നിർബന്ധിച്ചുകൊണ്ടേയിരുന്നു. ഉമ്മയുടെ സ്‌നേഹവും നിർബന്ധവും ഷഹീനെ എം.ടി.ക്യുവിൽ തന്നെ പിടിച്ചുനിർത്തി. പതുക്കെ പതുക്കെ ഷഹീനും എല്ലാം മറന്ന് പഠനവുമായി ഇഴുകിച്ചേർന്നു. മൂന്നുവർഷം കൊണ്ട് പൂർത്തിയാക്കേണ്ട പഠനം ഒന്നര വർഷത്തിനകം തന്നെ ഷഹീൻ മറികടന്നു. ഒരത്ഭുതം തന്നെയായിരുന്നു അത്. എട്ടാം ക്ലാസ് വരെ എം.ടി.ക്യൂവിൽ തുടർന്ന ഷഹീൻ പിന്നീട് എടത്തനാട്ടുകരയിലെ ഇർഷാദ് സ്‌കൂളിലേക്ക് മാറി. അവിടെ പത്താം ക്ലാസ് വരെ തുടർന്നു. 
പ്ലസ് ടു പഠനം എടത്തനാട്ടുകര ഓറിയന്റൽ ഹയർ സെക്കണ്ടറിയിലായിരുന്നു. കംപ്യൂട്ടർ സയൻസായിരുന്നു വിഷയം. പ്ലസ് ടുവിന് ശേഷം ഷഹീൻ എത്തിയത് ദൽഹി യൂനിവേഴ്‌സിറ്റിലായിരുന്നു. ബി.എ ഇംഗ്ലീഷ് ഓണേഴ്‌സിന്. ദൽഹിയിലെ മൂന്നു വർഷവും ഷഹീൻ ഖുർആൻ മറന്നില്ല. പഠിച്ചത് മറന്നുപോകാതിരിക്കുക എന്നത് വലിയ വെല്ലുവിളിയാണെന്ന് ഷഹീൻ പറയുന്നു. എടുത്തു നോക്കിയില്ലെങ്കിൽ മറന്നുപോകാൻ സാധ്യതയുള്ള മറ്റൊരു വിഷയമില്ലെന്ന് ഷഹീൻ തന്റെ കൂടെയും അല്ലാതെയും പഠിച്ചിറങ്ങിയ സുഹൃത്തുക്കളുടെ ജീവിതം ചൂണ്ടിക്കാട്ടി പറയുന്നു. ദൽഹിയിൽ പഠിച്ച കാലത്ത് ദുബായ് എംബസിയിൽ റമദാനിലെ തറാവീഹ് നമസ്‌കാരത്തിന് ഇമാമായിരുന്നത് ഷഹീനായിരുന്നു. വേറിട്ട ശൈലിയിലുള്ള ഖുർആൻ ആലാപനം ഏവരെയും ആകർഷിച്ചു. ബിരുദം പൂർത്തിയാക്കിയ ഷഹീൻ നിലവിൽ ജാമിഅ മില്ലിയ യൂനിവേഴ്‌സിറ്റിയിൽ ഒന്നാം വർഷ എം.എ സോഷ്യോളജി വിദ്യാർഥിയാണ്. 
ഒരു രാജ്യാന്തര മത്സരത്തിൽ ഷഹീൻ പങ്കെടുക്കുന്നത് ഇതാദ്യമാണ്. നേരത്തെ നിരവധി ചെറിയ ചെറിയ മത്സരങ്ങളിൽ പങ്കെടുത്തതിന്റെ അനുഭവസമ്പത്തുമായാണ് ഷഹീൻ മക്കയിലെ വേദിയിലെത്തിയത്. നാൽപത്തിയൊന്ന് വർഷമായി നടന്നുവരുന്ന മത്സരമാണ് മക്കയിലേത്. 


തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്കാ ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരന്റെ സാന്നിധ്യത്തിൽ നടക്കുന്ന മത്സരമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഖുർആൻ പഠിതാക്കൾക്കിടയിൽ ഏറെ പേരും പെരുമയുമുള്ള ഒന്ന്. ഒരാൾക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രമേ ഈ മത്സരത്തിൽ പങ്കെടുക്കാൻ അനുമതിയുള്ളൂ. ഒരു തവണ പങ്കെടുത്തയാൾക്ക് പിന്നീട് അവസരമുണ്ടാകില്ല. ആ വേദിയിലാണ് ഷഹീൻ എത്തിയത്. ദൽഹിയിൽ സംഘടിപ്പിച്ച അഖിലേന്ത്യ ഖുർആൻ പാരായണ മത്സരത്തിൽ ഒന്നാമതെത്തിയാണ് ഷഹീൻ മക്കയിലെ മത്സരത്തിനെത്തിയത്. രണ്ടായിരത്തോളം പേരായിരുന്നു ദൽഹിയിൽ മത്സരിക്കാനുണ്ടായിരുന്നത്. സുഡാനിൽ വർഷം തോറും നടക്കാറുള്ള ഖുർആൻ പാരായണ മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം തേടിയുള്ള യാത്രക്കിടെയായിരുന്നു ഷഹീന് മക്കയിലേക്കുള്ള വാതിൽ തുറന്നത്. തന്റെ ആദ്യ രാജ്യാന്തര മത്സരം മക്കയിൽനിന്ന് തുടങ്ങാനായത് പുണ്യമായാണ് ഷഹീൻ കരുതുന്നത്. 
ഇന്ത്യയിൽ നിന്നുള്ളവർക്ക് രാജ്യാന്തര ഖുർആൻ മത്സരത്തിൽ പങ്കെടുക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണെന്ന് ഷഹീൻ പറയുന്നു. മത്സരത്തിന് ആളുകളെ അയക്കുന്നതിന് പിന്നിൽ പലർക്കും സ്വന്തം താൽപര്യങ്ങളുണ്ട്. അതെല്ലാം മറികടന്ന് മക്കയിലെത്താൻ കഴിഞ്ഞത് ഖുർആൻ പാരായണത്തോടുള്ള പ്രണയമായിരുന്നുവെന്നും ഷഹീൻ പറയുന്നു. 
വിവിധ സംഘടനകളിലെ നിരവധി നേതാക്കളെ രാജ്യാന്തര മത്സരത്തിനുള്ള അവസരത്തിന് വേണ്ടി ഷഹീൻ സന്ദർശിച്ചിരുന്നു. ചിലർ താൽപര്യപൂർവം സംസാരിച്ചു. എന്നാൽ അവർക്ക് വഴി തെളിയിക്കാൻ പറ്റിയില്ല. മറ്റു ചിലരാകട്ടെ അവരുടെ താൽപര്യങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിച്ചു. അത്തരത്തിൽ ഒരു നേതാവ് ഷഹീൻ മക്കയിലിരിക്കെ സന്ദേശമയച്ചു. 
അഞ്ചു വർഷം മുമ്പ് ഷഹീൻ അയച്ച സന്ദേശത്തിനുള്ള മറുപടിയായിരുന്നു അത്. ക്ഷമിക്കണം, എനിക്ക് അന്നു സഹായിക്കാനായില്ല, നന്മകൾ നേരുന്നു എന്നായിരുന്നു ആ സന്ദേശം. ഉള്ളിൽ എരിയുന്ന അഗ്നിയുണ്ടെങ്കിൽ ആർക്കും ആരെയും തടയാനാകില്ലെന്ന് തന്റെ അനുഭവം തന്നെ സാക്ഷിയാക്കി ഷഹീൻ പറയുന്നു. 


ഉള്ളിലെരിയുന്ന അഗ്നിയാണ് ഷഹീന് ദൽഹിയിലെ സാമൂഹ്യ പ്രവർത്തനത്തിനും വെളിച്ചമേകുന്നത്. ദൽഹിയിലെ സർഗ എന്ന സന്നദ്ധ സംഘടനയുടെ പി.ആർ.ഒ ആയും പഠനത്തിനിടയിൽ ഷഹീൻ പ്രവർത്തിക്കുന്നു. ഈ സംഘടനയാണ് ന്യൂസിലാന്റിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി കൊടുങ്ങല്ലൂരിലെ അൻസി അലി ബാവയുടെ കുടുംബത്തിന് വേണ്ടി രംഗത്തിറങ്ങിയത്.  മുപ്പത് ലക്ഷം രൂപ വിദ്യാഭ്യാസ ലോണെടുത്തായിരുന്നു അൻസി അലി ബാവ ന്യൂസിലാന്റിൽ പഠിക്കാൻ പോയത്. ഇവർക്ക് സഹായം നൽകണമെന്നഭ്യർഥിച്ച് ഷഹീന്റെ നേതൃത്വത്തിൽ സംഘടന ഇന്ത്യയിലെ ന്യൂസിലാന്റ് ഹൈക്കമ്മീഷണറെ കണ്ടു. ഏവരെയും ഞെട്ടിച്ച് ലോൺ സംഖ്യ അനുവദിച്ചതിന് പുറമെ കാര്യമായ നഷ്ടപരിഹാരവും അൻസിയുടെ കുടുംബത്തിന് ലഭിച്ചു.  
മക്കയിലെ മത്സരം പൂർത്തിയായ ഉടൻ ഷഹീൻ നേരെ എത്തിയത് താൻ ജനിച്ചുവളർന്ന ജിദ്ദയിലേക്ക് തന്നെയായിരുന്നു. ശാരാ തൗബയിലെ മസ്ജിദ് അബൂബക്കർ സിദ്ദീഖിൽ കയറി നമസ്‌കരിച്ചു. തന്നെ ഖുർആൻ പാരായണത്തിന്റെ മാസ്മരിക വലയത്തിലേക്ക് കൊണ്ടുവന്ന പള്ളിയിലെ ഇമാമിനെ അന്വേഷിച്ചു. ചരിത്രം അതിന്റെ ശേഷിപ്പുകൾ ഇപ്പോഴും സൂക്ഷിക്കുന്ന നഗരത്തിലൂടെ അലഞ്ഞു. ഏതോ കാലത്ത് താൻ ശ്വസിച്ച ജീവതാളങ്ങൾക്കിടയിലൂടെ അലഞ്ഞു. 
ഷഹീന്റെ ഉപ്പ ഹംസ പാറക്കോട്ടിൽ 27 വർഷം ജിദ്ദയിലുണ്ടായിരുന്നു. ബക്ഷ് ആശുപത്രിയിലെ മെഡിക്കൽ റെക്കോർഡ്‌സ് വിഭാഗം മാനേജറായാണ് സർവീസിൽനിന്ന് പിരിഞ്ഞത്. ഷഹീന്റെ സഹോദരൻ സമീഹ് ഹംസ ദമാമിൽ പ്രവാസിയാണ്. സഹോദരി ഷറിൻ നാട്ടിൽ. 
മക്കയിൽനിന്ന് ലഭിച്ച ഊർജവും വെളിച്ചവും കൂടുതൽ യാത്രക്കുള്ള പ്രചോദനം നൽകിയെന്ന് ഉറപ്പിച്ചാണ് ഷഹീൻ ഇന്ന് മടങ്ങിപ്പോകുന്നത്. അത്രമേൽ ആഗ്രഹമുണ്ടെങ്കിൽ ഒന്നിനും നിങ്ങളെ തടഞ്ഞു നിർത്താനാകില്ലെന്നും ഇഷ്ടങ്ങളെല്ലാം കൂടെ വരുമെന്നും പറഞ്ഞ് ആത്മവിശ്വാസത്തിന്റെ കരുത്തുള്ള ചിരിയുമായി ഷഹീൻ യാത്രയാകുന്നു. ഇനിയും കാണാമെന്ന മന്ദഹാസം ചുണ്ടിലൊട്ടിച്ച്...

Latest News