Sorry, you need to enable JavaScript to visit this website.

നൗകാമ്പിനെ കൈയിലെടുത്ത് ഫാതി

ബാഴ്‌സലോണ - ലിയണല്‍ മെസ്സിയുടെയും മറ്റ് സൂപ്പര്‍താരങ്ങളുടെയും അഭാവത്തില്‍ അജ്ഞാതനായ പതിനാറുകാരന്‍ നൗകാമ്പിന്റെ മനം കവര്‍ന്നു. ഗിനി ബിസാവു സ്വദേശിയായ അന്‍സു ഫാതി ബാഴ്‌സലോണ സ്‌റ്റേഡിയത്തിലെ ഒഫിഷ്യല്‍ മത്സരത്തില്‍ സ്‌കോര്‍ ചെയ്യുന്ന പ്രായം കുറഞ്ഞ കളിക്കാരനായി. ലൂയിസ് സോറസും ഇരട്ട ഗോളടിച്ചതോടെ സ്പാനിഷ് ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ വലന്‍സിയയെ 5-2 ന് ബാഴ്‌സലോണ തകര്‍ത്തു. 
പരിക്കേറ്റ മെസ്സി തുടര്‍ച്ചയായ നാലാം മത്സരത്തിലും  ലഭ്യമല്ലാതായതോടെയാണ് 16 വയസ്സും 318 ദിവസവും പ്രായമുള്ള അന്‍സു ആദ്യമായി പ്ലേയിംഗ് ഇലവനില്‍ സ്ഥാനം പിടിച്ചത്. രണ്ടാം മിനിറ്റില്‍ തന്നെ അന്‍സു വലന്‍സിയ വല കുലുക്കി. അതിന്റെ ആവേശമടങ്ങും മുമ്പെ രണ്ടാം ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ അന്‍സുവിന് പകരക്കാരനായി വന്ന സോറസ് നാലാമത്തെയും അഞ്ചാമത്തെയും ഗോള്‍ സ്‌കോര്‍ ചെയ്തു. പരിക്കു കാരണം ഒരു മാസത്തോളമായി വിട്ടുനില്‍ക്കുകയായിരുന്നു സോറസ്. 
അന്‍സുവിന്റെ പേര് നൗകാമ്പില്‍ അലയടിക്കുന്നതിനിടെയാണ് പതിനാറുകാരന്‍ കളം വിട്ടത്. ബാഴ്‌സലോണയുടെ രണ്ടാമത്തെ ലീഗ് മത്സരത്തില്‍ അന്‍സു പകരക്കാരനായി വന്നിരുന്നു. അന്ന് സ്പാനിഷ് ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ സ്‌കോററായി അന്‍സു. ഒസസൂനക്കെതിരായ 2-2 ഡ്രോയില്‍ 16 വര്‍ഷവും 304 ദിവസവും പ്രായമുള്ളപ്പോഴാണ് സ്‌കോര്‍ ചെയ്തത്. വലന്‍സിയക്കെതിരായ മത്സരത്തിലെ തന്റെ രണ്ടാം ടച്ചില്‍ അന്‍സു ഗോളടിച്ചു. ഫ്രെങ്കി ഡിയോംഗിന്റെ പാസിന് ആന്റോയ്ന്‍ ഗ്രീസ്മാന്‍ ഓടുന്നതിനിടെയാണ് അന്‍സു ബോക്‌സിലേക്ക് ശ്രദ്ധിക്കപ്പെടാതെ കടന്നുകൂടിയത്. കിടിലന്‍ ഷോട്ട് വല കുലുക്കി. അ്ന്‍സുവിന്റെ പ്രകടനം സ്പാനിഷ് ഫെഡറേഷന്റെ ശ്രദ്ധയും നേടിയെടുത്തിട്ടുണ്ട്. വൈകാതെ സ്‌പെയിനിന്റെ യൂത്ത്, സീനിയര്‍ ടീമുകളില്‍ ഗ്വിനി ബിസാവു സ്വദേശി സ്ഥാനം പിടിച്ചേക്കും. അന്‍സുവിനെ ടീമിലെടുക്കാന്‍ സാഹചര്യമുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് സ്‌പെയിന്‍ ദേശീയ കോച്ച് റോബര്‍ടൊ മോറിനൊ പറഞ്ഞു. 
 

Latest News