Sorry, you need to enable JavaScript to visit this website.

ഖത്തര്‍ ലോകകപ്പിലേക്ക് ഏഷ്യന്‍ പ്രയാണം

ജിദ്ദ - സൗദി അറേബ്യ ഉള്‍പ്പെടെ കഴിഞ്ഞ ലോകകപ്പില്‍ ഏഷ്യയെ പ്രതിനിധീകരിച്ച അഞ്ച് ടീമുകള്‍ ചൊവ്വാഴ്ച ഖത്തര്‍ ലോകകപ്പിലേക്ക് പ്രയാണം തുടങ്ങുന്നു. അഞ്ച് ടീമുകള്‍ക്കും എവേ മത്സരമാണ്. സൗദി അറേബ്യക്ക് അയല്‍ക്കാരായ യെമനുമായാണ് കളിക്കേണ്ടത്. യെമനിലെ രാഷ്ട്രീയ കാലാവസ്ഥ കാരണം ബഹ്‌റൈനിലാണ് യെമന്‍ ഹോം മത്സരങ്ങള്‍ കളിക്കുന്നത്. ഓസ്‌ട്രേലിയ കുവൈത്തിനെയും തുടര്‍ച്ചയായ പത്താം ലോകകപ്പ് ബെര്‍ത്ത് തേടുന്ന തെക്കന്‍ കൊറിയ തുര്‍ക്ക്‌മെനിസ്ഥാനെയും നേരിടും. ഇറാന്‍ ഹോങ്കോംഗുമായും ജപ്പാന്‍ മ്യാന്മറുമായും ഏറ്റുമുട്ടും. അടുത്ത ലോകകപ്പിന്റെ ആതിഥേയരായ ഖത്തറുമായാണ് ഇന്ത്യയുടെ ആദ്യ എവേ മത്സരം.
ഏഷ്യയിലെ രണ്ടാം റൗണ്ടിലെ രണ്ടാം മത്സര ദിനമാണ് ഇന്ന്. ആദ്യ ദിനത്തില്‍ വമ്പന്മാരായ അഞ്ചു ടീമുകള്‍ക്ക് വിശ്രമമായിരുന്നു. ഇന്ത്യ അവസാന എട്ട് മിനിറ്റില്‍ വഴങ്ങിയ രണ്ടു ഗോളില്‍ ഒമാനോട് ഗുവാഹത്തിയില്‍ തോറ്റു. ഇന്നത്തെ ശ്രദ്ധേയമായ മത്സരം മലേഷ്യയും യു.എ.ഇയും തമ്മിലാണ്. മലേഷ്യ ആദ്യ മത്സരത്തില്‍ ഗോള്‍ വഴങ്ങിയ ശേഷം ഇന്തോനേഷ്യയെ 3-2 ന് തോല്‍പിച്ചു. ഇന്ന് യു.എ.ഇക്കെതിരെ അവര്‍ക്കു കണക്കു തീര്‍ക്കാനുണ്ട്. കഴിഞ്ഞ ലോകകപ്പിന്റെ യോഗ്യതാ റൗണ്ടില്‍ യു.എ.ഇയില്‍ നിന്നേറ്റ പത്തു ഗോള്‍ തോല്‍വി മലേഷ്യയുടെ ഏറ്റവും കനത്ത പരാജയമായിരുന്നു. അന്ന് ആറു ഗോളിന് വഴിയൊരുക്കിയ ഉമര്‍ അബ്ദുറഹ്മാന്‍ ഇപ്പോഴും യു.എ.ഇ ടീമിലുണ്ട്. 
യെമനെതിരെ സൗദിക്ക് മികച്ച റെക്കോര്‍ഡുണ്ട്. യെമനെതിരായ കഴിഞ്ഞ 15 കളികളില്‍ പതിനാലും സൗദിയാണ് ജയിച്ചത്, ഒരെണ്ണം സമനിലയായി. ഫലസ്തീന്‍, സിംഗപ്പൂര്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഉസ്‌ബെക്കിസ്ഥാനെ തോല്‍പിച്ച ഫലസ്തീനാണ് ഇപ്പോള്‍ ഗ്രൂപ്പില്‍ മുന്നില്‍. 
കഴിഞ്ഞ ലോകകപ്പ് കളിച്ച അഞ്ച് ഏഷ്യന്‍ ടീമുകളും ഇത്തവണ പുതിയ കോച്ചുമാര്‍ക്കു കീഴിലാണ് ഒരുങ്ങുന്നത്. കൊറിയക്ക് അവസാനമായി ലോകകപ്പ് നഷ്ടപ്പെട്ടത് 1982 ലാണ്. കൊറിയയെക്കാള്‍ തുടര്‍ച്ചയായി ലോകകപ്പില്‍ പങ്കെടുക്കുന്ന നാലു ടീമുകളേയുള്ളൂ -ബ്രസീല്‍, ജര്‍മനി, അര്‍ജന്റീന, സ്‌പെയിന്‍. 
ബ്രസീലുകാരനായ എല്‍കേസനെ ടീമിലുള്‍പെടുത്തിയാണ് ചൈന പോരിനിറങ്ങുന്നത്. മാലദ്വീപുമായാണ് അവരുടെ ആദ്യ മത്സരം. ജപ്പാന്‍ തുടര്‍ച്ചയായ ഏഴാമത്തെ ലോകകപ്പാണ് ലക്ഷ്യമിടുന്നത്. ജപ്പാന്‍ ടീമിലെ നാലു പേരൊഴികെ എല്ലാവരും വിദേശത്ത് കളിക്കുന്നവരാണ്. 
ഓസ്‌ട്രേലിയക്ക് തുടക്കം പ്രയാസമാവും. നേപ്പാളിനെ 7-0 ന് തകര്‍ത്ത കുവൈത്താണ് അവരുടെ എതിരാളികള്‍. 


 

Latest News