Sorry, you need to enable JavaScript to visit this website.

കടലും കടന്ന് നൗഷാദിന്റെ സ്‌നേഹഗാഥ 

ജീവിതത്തിൽ നന്മ വറ്റാത്ത മുഴുവൻ മനുഷ്യരുടെയും അനുഗ്രഹവുമായി പ്രവാസി സമൂഹത്തിന്റെ ഹൃദയവും കീഴടക്കി നൗഷാദ്. കേരളത്തിൽ കഴിഞ്ഞ മാസമുണ്ടായ പ്രളയത്തിനിടെ ദുരന്ത ബാധിതർക്ക് വിതരണം ചെയ്യാൻ കടയിലേക്കുള്ള വസ്ത്രശേഖരം വാരിക്കോരി നൽകി താരമായ കൊച്ചിയിലെ തെരുവോര വ്യാപാരി നൗഷാദ് യു.എ.ഇയിൽ പ്രവാസി സമൂഹത്തിന്റെ സ്‌നേഹത്തിലായിരുന്നു. നൗഷാദിന്റെയും ഭാര്യയുടെയും മകന്റെയും പ്രഥമ യു.എ.ഇ സന്ദർശനം സ്‌പോൺസർ ചെയ്തത് മലയാളി വ്യവസായിയും സ്മാർട്ട് ട്രാവൽ മാനേജിംഗ് ഡയറക്ടറുമായ അഫി അഹ്മദ് ആണ്. പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമാണത്തിന് യു.എ.ഇയിലെ പ്രവാസികളെ തന്നാലാവും വിധം പ്രോത്സാഹിപ്പിക്കുമെന്ന വ്യവസ്ഥയോടെയാണ് നൗഷാദ് യു.എ.ഇ യാത്രാ ഓഫർ സ്വീകരിച്ചത്. 
കുടുംബ സമേതം കഴിഞ്ഞ തിങ്കളാഴ്ച ദുബായിലെത്തിയതു മുതൽ നൗഷാദ് യു.എ.ഇയിൽ പ്രവാസികളുടെ ഹൃദയം കീഴടക്കി സ്വീകരണങ്ങളിൽ പങ്കെടുക്കുകയും സെൽഫികൾക്ക് നിന്നുകൊടുക്കുകയും ചെയ്യുന്നു. പ്രവാസികളുടെ സ്‌നേഹം തന്നെ കീഴടക്കിയതായി നൗഷാദ് പറയുന്നു. എവിടെ പോയാലും ആളുകൾ തന്നെ തിരിച്ചറിയുന്നു. കാറുകൾ നിർത്തി തന്നോട് സംസാരിക്കാൻ വരികയും ഒപ്പം നിന്ന് സെൽഫിയെടുക്കുകയും ചെയ്യുന്നു. അപരിചതരിൽനിന്നു പോലും ആലിംഗനങ്ങളും വലിയ സ്‌നേഹവും ലഭിക്കുന്നു. തനിക്ക് ആരെയും അറിയാതിരുന്നിട്ടും എല്ലാവരും തന്നെ തിരിച്ചറിയുന്നു. ഷാർജയിലെ പാർക്കിൽ വെച്ച്  ഇന്ത്യക്കാരല്ലാത്ത ദമ്പതികൾ പോലും തന്നെ അഭിവാദ്യം ചെയ്തത് ആശ്ചര്യപ്പെടുത്തിയതായി നൗഷാദ് പറയുന്നു. ദുബായ് നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ സന്ദർശിച്ച നൗഷാദും കുടുംബവും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ മുകളിലും കയറി. നിരവധി പേർ നൗഷാദിന് ഉപഹാരങ്ങൾ സമ്മാനിക്കുന്നുണ്ട്. മലയാള സിനിമ ലോകത്തെ സ്റ്റിൽ ഫോട്ടോഗ്രാഫറായ ജയപ്രകാശ് പയ്യന്നൂർ നൗഷാദിന്റെ യു.എ.ഇ സന്ദർശനങ്ങളുടെ ഫോട്ടോകൾ പകർത്തി ആൽബമാക്കി സമ്മാനിക്കാൻ പദ്ധതിയിടുന്നു. ആറാം ക്ലാസിൽ തോറ്റ് വളരെ ചെറുപ്പത്തിൽ ജോലി ചെയ്യാൻ ആരംഭിച്ച നൗഷാദിന് ഈ ഫോട്ടോകൾ പുതിയ അനുഭവമാകും. ഇതുപോലൊരു ഫാമിലി ഫോട്ടോ ഒരിക്കലും തങ്ങളുടെ പക്കലുണ്ടായിട്ടില്ലെന്ന് നൗഷാദ് പറയുന്നു. 26 വർഷം മുമ്പ് വിവാഹത്തിനിടെ സുഹൃത്ത് അവന്റെ ക്യാമറ കൊണ്ടുവന്ന് ഫോട്ടോകളെടുത്ത് സമയം കളഞ്ഞിരുന്നു. എന്നാൽ വിവാഹ ഫോട്ടോകളിൽ ഒന്നു പോലും ഒരിക്കലും തങ്ങൾക്ക് ലഭിച്ചിരുന്നില്ലെന്ന് നൗഷാദ് പറയുന്നു. 
യു.എ.ഇ സന്ദർശനത്തിന്റെ ദൃശ്യങ്ങൾ കോർത്തിണക്കിയുള്ള ഫോട്ടോ ആൽബം ലഭിക്കുമെന്ന് അറിഞ്ഞതിൽ നൗഷാദിന്റെ ഭാര്യ നിസയും പുത്രൻ ഫഹദും ആവേശത്തിലാണ്. വിവാഹിതയായി രണ്ടു മക്കളുടെ ഉമ്മയായ നൗഷാദിന്റെ മകൾ യു.എ.ഇ യാത്രയിൽ കൂടെയില്ലാത്തതിൽ സങ്കടമുണ്ട്. നിസയും ഫഹദും നൗഷാദുമൊന്നും ഇതിനു മുമ്പ് വിമാനത്തിൽ കയറിയിട്ടില്ല. 
പ്രവാസി മലയാളികൾ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടികളിലെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിന് നൗഷാദ് ആവശ്യപ്പെടുന്നുണ്ട്. ഇതാണ് തന്റെ പ്രധാന അപേക്ഷയെന്ന് നൗഷാദ് പറയുന്നു. മത, രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒരുമിച്ചു കഴിയണമെന്നും കേരളത്തിൽ കൂടുതൽ പ്രകൃതി ദുരന്തങ്ങളുണ്ടാകാതിരിക്കുന്നതിന് പ്രാർഥിക്കണമെന്നും നൗഷാദ് ആവശ്യപ്പെടുന്നു. 
സെപ്റ്റംബർ, ഒക്‌ടോബർ മാസങ്ങളിൽ വിസ പ്രോസസിംഗ് സർവീസുകളിലൂടെ തന്റെ കമ്പനിക്കു ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് യാത്രയിൽ നൗഷാദിനെ അനുഗമിക്കുന്ന അഫി അഹ്മദ് പ്രഖ്യാപിച്ചു. ഇത് പത്തു ലക്ഷം രൂപയിൽ കൂടുതലുണ്ടാകും. മറ്റു വ്യവസായികളും തന്റെ ഈ പ്രഖ്യാപനത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് കേരളത്തിന് പിന്തുണ നൽകാൻ സമാന ചുവടുവെപ്പുകൾ നടത്തുകയാണെങ്കിൽ തനിക്കത് വലിയ സന്തോഷമാകുമെന്ന് അഫി അഹ്മദ് പറഞ്ഞു. നൗഷാദിനെ പ്രതിനിധീകരിച്ച് അഫി അഹ്മദ് നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. സംഭാവന സ്വീകരിക്കുന്നതിന് നൗഷാദ് വിസമ്മതിച്ചതിനെ തുടർന്ന് നൗഷാദിന്റെ കടയിൽ നിന്ന് ഒരു ലക്ഷം രൂപയുടെ വസ്ത്രങ്ങൾ അഫി അഹ്മദ് വാങ്ങുകയും ചെയ്തിരുന്നു. ഈ വസ്ത്രങ്ങൾ നൗഷാദിന്റെ മേൽനോട്ടത്തിൽ വയനാട്ടിൽ പ്രളയബാധിതരായ ആദിവാസികൾക്കിടയിൽ പിന്നീട് വിതരണം ചെയ്യുകയായിരുന്നു.
 

Latest News