Sorry, you need to enable JavaScript to visit this website.

ഓണം; ഐതിഹ്യവും ചരിത്രവും

അസുര ചക്രവർത്തിയായിരുന്നു, മഹാനായ മഹാബലി അഥവാ മാവേലി. ഒരുപാട് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം കേരളത്തിൽ, ജനപ്രിയ ഭരണാധികാരി എന്ന നിലയിൽ പേരും പെരുമയുമുള്ള ആളായിരുന്നു. മാവേലി നാടു വാണിരുന്ന കേരളത്തെ കവി ഇങ്ങനെയാണ് പാടിപ്പുകഴ്ത്തിയത്-
മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ലതാനും
കള്ളവുമില്ല ചതിവുമില്ല
എള്ളോളമില്ലാ പൊളിവചനം...
മാവേലി തമ്പുരാൻ രാജ്യം ഭരിക്കുന്ന കാലത്ത് ജനങ്ങളെല്ലാവരും സമൻമാരായിരുന്നു. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഉള്ള വ്യത്യാസമുണ്ടായിരുന്നില്ല. എല്ലാവർക്കും തുല്യനീതിയും നിയമവും ലഭ്യമായിരുന്നു. പട്ടിണിയും പരിവട്ടവുമുണ്ടായിരുന്നില്ല. അഴിമതിയും അഴിഞ്ഞാട്ടവും തീരെ ഇല്ലായിരുന്നു. കള്ളവും ചതിയുമില്ല. ജാതി-മത വിദ്വേഷങ്ങളോ അതുമൂലമുള്ള വർഗീയ ലഹളകളോ നാട്ടിൽ നടമാടിയിരുന്നില്ല. കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും ഇല്ലായിരുന്നു. ജോലിയും കൂലിയും ധാരാളം. അതുകൊണ്ടു തന്നെ ആളുകൾക്ക് പണത്തിന് പഞ്ഞമുണ്ടായിരുന്നില്ല. ചുരുക്കത്തിൽ കേരള രാജ്യത്തെങ്ങും സമ്പദ്‌സമൃദ്ധിയും സമാധാനവും കളിയാടി. പ്രജകൾ ആനന്ദത്തിൽ ആറാടിത്തിമർക്കുകയും ചെയ്തു.
ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവനല്ലെങ്കിലും മാവേലി മന്നൻ ജനങ്ങൾക്ക് വേണ്ടിയാണ് രാജ്യം ഭരിച്ചത്. അവരുടെ സർവതോമുഖമായ പുരോഗതിക്കാണ് അദ്ദേഹം ഏറെ പ്രാധാന്യം നൽകിയത്. തങ്ങൾക്ക് വേണ്ടി സർവസ്വവും നൽകി നാടുവാഴുന്ന തമ്പുരാനെ അവർ അകമഴിഞ്ഞ് സ്‌നേഹിച്ചു; അനുസരിക്കുകയും ആദരിക്കുകയും ചെയ്തു. പരസ്പര വിശ്വാസത്തിലധിഷ്ഠിതമായ ഒരു ഭരണകൂടമായിരുന്നു മാവേലിയുടേത്. അതുകൊണ്ടു തന്നെ പ്രശ്‌നങ്ങളും പ്രയാസങ്ങളും പ്രതിസന്ധികളും കാര്യമായൊന്നും ഉണ്ടായില്ല. അത് രാജ്യ വികസനത്തിന് വളരെയേറെ ഗുണം ചെയ്തു.
ഇതൊന്നും പക്ഷേ, മറ്റു പല രാജ്യത്തിലെയും ഭരണാധികാരികൾക്ക് ഇഷ്ടമായില്ല. അവർ ദേവഗണങ്ങളിൽപെട്ട രാജാക്കൻമാരായിരുന്നു. ജനമനസ്സിന് വിരുദ്ധമായി സ്വന്തം ഇഛാനുസരണം പ്രവർത്തിക്കുകയും ഭരിക്കുകയും ചെയ്തിരുന്നവരായിരുന്നു അവർ. അവർക്ക് ജനഹിതമറിഞ്ഞ് ഉത്തമ ഭരണം കാഴ്ച വെക്കുക വഴി മാവേലി തമ്പുരാൻ തന്റെ രാജ്യത്ത് പ്രശസ്തനാകുന്നത് ഒരു നിലയ്ക്കും സഹിക്കാൻ കഴിയുമായിരുന്നില്ല. അഥവാ അത്തരം ഒരു ഭരണം തങ്ങളുടെ പ്രജകളും ആഗ്രഹിച്ചു തുടങ്ങിയാൽ അത് തങ്ങളുടെ നിലനിൽപിനെ പോലും ബാധിക്കും എന്നുമവർ ഭയന്നു. ചുരുക്കത്തിൽ മാവേലി ഇതേപോലെ ഒരു സൽഭരണം തുടർന്നാൽ അത് തങ്ങൾക്ക് വലിയ ഭീഷണിയായി തീരും എന്നായിരുന്നു അവരുടെ കണക്കൂകൂട്ടൽ.  അതുകൊണ്ടു തന്നെ അതിനൊക്കെ വിലങ്ങ് തടിയിടാനായി ആ രാജാക്കൻമാരുടെ ശ്രമം. അവർ രാജ്യത്തെ ജനങ്ങളുടെ ഇടയിൽ പലതരം ഭിന്നിപ്പുകൾ സൃഷ്ടിക്കാനുള്ള തന്ത്രങ്ങൾ പയറ്റി നോക്കി. ജനങ്ങൾ അതാതു സമയത്ത് അക്കാര്യം മാവേലി തമ്പുരാന്റെ ശ്രദ്ധയിൽ പെടുത്തി. രാജാവ് കൃത്യമായും അവരുടെ തന്ത്രങ്ങൾ പൊളിച്ചു. അതിലൊന്നും വിജയിക്കുന്നില്ല എന്നു കണ്ടപ്പോൾ അസൂയാലുക്കളായ ഈ രാജപുംഗവൻമാർ ഒളിഞ്ഞും തെളിഞ്ഞും മാവേലിക്കെതിരെ യുദ്ധങ്ങളിലേർപ്പെട്ടു. അവിടെയും പരാജയമായിരുന്നു, ഫലം. രാജാവിന് വേണ്ടി ജീവൻ കളയാൻ വരെ തയാറായി നിൽക്കുന്ന  സൈന്യമുള്ള ഒരു രാജ്യത്തെയോ രാജാവിനെയോ യുദ്ധത്തിലൂടെ തോൽപിക്കുക അത്ര എളുപ്പമല്ല എന്ന കാര്യവും അവർക്ക് ബോധ്യമായി.
പിന്നെ എന്താണൊരു വഴി എന്നാലോചിച്ച് അവർ തല പുണ്ണാക്കാൻ തുടങ്ങി. അതിനിടയിലാണ് അവരിൽ ആരുടെയോ കുരുട്ടുബുദ്ധിയിൽ ആ ആശയം ഉദിച്ചത്. പ്രപഞ്ച നായകനും സർവരാജാക്കൻമാരുടെയും രാജാവുമായ വിഷ്ണു ഭഗവാനെ ചെന്നു കാണുക. അദ്ദേഹത്തോട് പരാതി പറയുക. അദ്ദേഹം സഹായിക്കാതിരിക്കില്ല. തുടർന്നാണവർ കൂട്ടമായി വിഷ്ണു ഭഗവാനെ സമീപിക്കുന്നത്. മാവേലി മന്നന്റെ അതിരു കവിഞ്ഞ പ്രശസ്തി തങ്ങളെയും തങ്ങളുടെ ഭരണത്തെയും രാജ്യത്തെയും ഇടിച്ചു താഴ്ത്തുന്നു എന്നായിരുന്നു അസൂയാലുക്കളായ ഈ രാജാക്കൻമാരുടെ പരിഭവം. 
മാവേലി, ഒരു ഭരണാധിപൻ എന്ന നിലയിൽ ജന നൻമയിലും രാജ്യപുരോഗതിയിലും പരിപൂർണമായി ഊന്നൽ നൽകി രാജ്യത്ത് മികച്ച ഭരണം കാഴ്ചവെച്ച് വെന്നിക്കൊടി പാറിക്കുന്നതിന്റെ കഥകൾ വിഷ്ണുവിന്റെ സമക്ഷത്തിലും എത്തിയിരുന്നു. അതിലുപരി മാവേലി, തന്റെ കറകളഞ്ഞ ഭക്തനാണ് എന്ന കാര്യവും അദ്ദേഹത്തിനറിയാം. അതേസമയം ദേവഗണങ്ങളായ ഈ രാജാക്കൻമാർ മുഴുത്ത അസഹിഷ്ണുക്കളാണ് എന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു. അതുകൊണ്ടു തന്നെ ആദ്യമൊന്നും അവരുടെ വാക്കുകളെ ഭഗവാൻ മുഖവിലക്കെടുത്തില്ല. എന്നു മാത്രമല്ല കേട്ടതായി പോലും ഭാവിക്കാതെ അതൊക്കെ അദ്ദേഹം അവഗണിക്കുകയും ചെയ്തു. 
പക്ഷേ, സംഘം ചേർന്നെത്തിയ അവരുടെ പലതരത്തിലുള്ള പ്രലോഭനങ്ങളെ വിഷ്ണുവിന് അതിജീവിക്കാൻ കഴിഞ്ഞില്ല. സഹായിച്ചില്ലെങ്കിൽ തങ്ങൾ ഒരു അറ്റകൈ പ്രയോഗത്തിന് മുതിരും എന്ന് രാജാക്കൻമാരുടെ ആ സംഘം ഭീഷണി മുഴക്കി. തങ്ങളൊക്കെ ചേർന്ന് ഒരു മഹാസൈനിക സഖ്യത്തിന് രൂപം നൽകുമെന്നും ആ സൈന്യത്തെ വെച്ച് മാവേലിക്കെതിരെ ഒരു ഘോരയുദ്ധം തന്നെ നയിക്കുമെന്നുമായിരുന്നു ആ ഭീഷണി. ആ യുദ്ധം ഈ ലോകത്തെ സർവനാശത്തിലേക്ക് നയിക്കുമെന്ന് വിഷ്ണു ഭയന്നു. ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കിൽ കാര്യം വഷളാകുമെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് അദ്ദേഹം പ്രശ്‌ന പരിഹാരത്തിനായി ഇറങ്ങിപ്പുറപ്പെട്ടത്. മാവേലിയുടെ പേരിൽ ഒരു മഹായുദ്ധമുണ്ടാവുകയും ലോകം നശിച്ച് നാറാണക്കല്ല് പറിക്കുകയും ചെയ്യുന്നതിലും ഭേദം മാവേലി തന്നെ ഇല്ലാതാകുന്നതാണ് എന്ന സങ്കുചിത തീരുമാനത്തിലാണ് അവസാനം അദ്ദേഹം ചെന്നെത്തിയത്.
അങ്ങനെയാണ് ദാനശീലനും പ്രജാക്ഷേമ തൽപരനുമായ മാവേലിക്ക് മുന്നിൽ വിഷ്ണു ഭഗവാൻ വാമനാവതാരമെടുത്ത് വേഷപ്രഛന്നനായി പ്രത്യക്ഷപ്പെടുന്നത്. തന്ത്രപൂർവം മൂന്നടി ഭൂമിയാണ് അദ്ദേഹം മാവേലിയോട് ആവശ്യപ്പെടുന്നത്. അത് അനുവദിച്ച മാവേലിക്ക് മുന്നിൽ ഒറ്റ നിമിഷം കൊ ണ്ട് ഭീമാകാരനായി വളർന്ന വാമനൻ രണ്ട് കാലടി കൊണ്ട് ഭൂമിയും സ്വർഗവും അളന്ന് കീഴടക്കി. മൂന്നാമത്തെ അടിക്കായി ഇനി എവിടെ കാൽവെക്കും എന്നു ചോദിച്ച വാമനനോട് അത് തന്റെ തലയിൽ ആവാം എന്ന് ആദരപൂർവം മാവേലി പറഞ്ഞു. വാമനൻ, അഥവാ വിഷ്ണു അങ്ങനെ മാവേലിയുടെ തലയിൽ കാൽവെച്ച് അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയായിരുന്നു.
തന്നെ പാതാളത്തിലേക്ക് താഴ്ത്തുന്നതിന് മുമ്പ് മാവേലി, വാമനനോട് ഒരേ ഒരു വരം മാത്രമേ ചോദിച്ചുള്ളൂ- തന്റെ പ്രജകളെ കാണാൻ ഭൂമിയിലേക്ക് വരാനായി തനിക്കൊരു അവസരം തരണം എന്നു മാത്രം. അത് അനുഭാവപൂർവം പരിഗണിക്കപ്പെട്ടു. മാവേലിക്ക് വർഷത്തിലൊരിക്കൽ ഭൂമിയിലേക്ക് വരാനും തന്റെ പ്രജകളെ കാണാനുമുള്ള അനുവാദം കിട്ടി. 
അങ്ങനെ മാവേലി തന്റെ പ്രിയപ്പെട്ട ജനങ്ങളെ കാണാൻ ഭൂമിയിലെത്തുന്ന വിശേഷ ദിവസമാണ് മലയാളികൾ ഓണമായി അഥവാ തിരുവോണ ദിനമായി ആഘോഷിക്കുന്നത് എന്നാണ് ഐതിഹ്യം. താൻ പാതാളത്തിലേക്ക് ചവിട്ടിയാഴ്ത്തപ്പെട്ട കാലത്ത് തന്റെ പ്രജകൾ എത്രമാത്രം സമ്പത്സമൃദ്ധിയോടും സന്തോഷത്തോടുമാണോ കഴിഞ്ഞത്, അതു പോലെ ഇന്നും ജീവിക്കുന്നു എന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താനാണ് മലയാളി കാണം വിറ്റും ഓണമുണ്ട് ആഘേഷിച്ച് തിമിർക്കുന്നത് എന്നാണ് ആ ഐതിഹ്യത്തിന്റെ ഫലശ്രുതി. 
ഐതിഹ്യം കെട്ടുകഥയാണെന്നാണ് സങ്കൽപം. എന്നാൽ അതങ്ങനെയല്ല എന്നതാണ് ചരിത്രം; വസ്തുതയും അതാണ്. ആ സത്യം തിരച്ചറിയാൻ പക്ഷേ, ഐതിഹ്യത്തെ ക്ഷമയോടെ തലനാരിഴ കീറി പരിശോധിക്കുകയും പഠിക്കുകയും ചെയ്യണം. അത് ശ്രമകരമായ ജോലിയാണ്. പലപ്പോഴും അങ്ങനെ ചെയ്യപ്പെടുന്നില്ല എന്നതിനാലാണ് ഐതിഹ്യത്തിന് അതിന്റെ തനിമ നഷ്ടപ്പെടുന്നതും അതിലെ സത്യത്തെ ഒരിക്കലും നാം അറിയാതെ പോകുന്നതും. എന്നാൽ ചിലപ്പൊഴെങ്കിലും ചരിത്രത്തിന്റെ പുനർനിർമിതിയിൽ ഐതിഹ്യങ്ങൾ കരുത്തോടെ വീണ്ടെടുക്കപ്പെടുകയും കാലങ്ങളോളം ഉറച്ചുപോയ ചില വിശ്വാസങ്ങളെ അട്ടിമറിക്കുകയും ചെയ്തിട്ടുണ്ട്. ഒറ്റ ഒരു ഉദാഹരണം കൊണ്ട് ഇത് വ്യക്തമാക്കാം.
കേരളം ഉണ്ടായതിനെ കുറിച്ച് പ്രസിദ്ധമായ ഒരു ഐതിഹ്യ കഥയുണ്ട്. നാം കേരളീയരുടെ ഇടയിൽ ആ കഥ സുപരിചിതവുമാണ്. സാക്ഷാൽ പരശുരാമ മഹർഷി തന്റെ ദിവ്യ ശക്തിയുള്ള മഴു, ഗോകർണ പർവതത്തിന്റെ ഉച്ചിയിൽ നിന്നും കന്യാകുമാരിയിലേക്ക് വലിച്ചെറിഞ്ഞപ്പോൾ അകന്നുപോയ കടലിൽ നിന്ന് രൂപപ്പെട്ടതാണ് കേരളം എന്നാണ് ആ ഐതിഹ്യം. ഒരാൾ, അയാൾ എത്ര തന്നെ ദിവ്യശക്തിയുള്ള ആളായാലും അത്തരം ഒരു പ്രവൃത്തിയിലൂടെ ഇങ്ങനെ ഒരു ഭൂവിഭാഗം സൃഷ്ടിക്കാൻ ആവില്ല എന്നത് യുക്തിയോടെ ചിന്തിച്ചാൽ ഇന്ന് ആർക്കും എളുപ്പം ബോധ്യമാകുന്ന കാര്യമാണ്. അപ്പോൾ പിന്നെ എന്താണ് ഈ ഐതിഹ്യത്തിന്റെ കാതൽ? അതിൽ വല്ല വാസ്തവവും ഉണ്ടോ? അതോ മനുഷ്യ വിശ്വാസങ്ങളുടെ അടരുകളിൽ ആണ്ടു കിടക്കുന്ന അനേകായിരം കെട്ടുകഥകളിൽ ഒന്നു മാത്രമാണോ ഇതും?  
അതിന്റെ പിറകെയുള്ള ചരിത്രകാരൻമാരുടെ അനേകം വർഷത്തെ നിരന്തര അന്വേഷണവും പഠനവുമാണ് സത്യം വെളിച്ചത്തു കൊണ്ടുവരുന്നത്. കേരളം ഒരു കാലത്ത് കടലിനടിയിൽ ആണ്ടു കിടന്നിരുന്ന ഒരു ഭൂപ്രദേശമായിരുന്നു. ഭൂകമ്പോമോ സുനാമിയോ പോലുള്ള പ്രകൃതിക്ഷോഭത്തിന്റെ അനന്തരഫലമായി കേരളത്തിന്റെ കര കടലിൽ നിന്നും വീണ്ടെടുക്കപ്പെടുകയായിരുന്നു എന്നതാണ് ആ വലിയ സത്യം. ഈ വസ്തുതകളിൽ നിന്നും നമുക്ക് വ്യക്തമാകുന്ന ഒരു കാര്യം ഓരോ ഐതിഹ്യത്തിലും ഒരു വലിയ സത്യം ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന യാഥാർഥ്യമാണ്. മാവേലിയുടെ ഐതിഹ്യത്തിലേക്കു തന്നെ വരാം. എന്താണ് ആ ഐതിഹ്യം നമ്മോട് പറയുന്ന ചരിത്ര സത്യം? പ്രജാക്ഷേമ താൽപര്യത്തെ മുൻനിർത്തി ഭരണം നടത്തുന്ന ഭരണാധികാരികൾ എളുപ്പത്തിൽ അധികാര സിംഹാസനത്തിൽ നിന്നും നിഷ്‌കാസിതരാകും എന്ന സത്യം തന്നെ! അത്തരം ഭരണാധിപൻമാരെ എന്തു വില കൊടുത്തും തുരത്തി ഓടിക്കാൻ ഇവിടെ ആളും അർഥവും എന്നുമുണ്ടാവും. ജനാധിപത്യ മര്യാദകൾ പാലിച്ചുകൊണ്ട് പുരോഗമനാധിഷ്ഠിതമായ ഒരു ഭരണം കാഴ്ച വെച്ച മാവേലി, അധികാരം കൈക്കുമ്പിളിലിട്ട് അമ്മാനമാടി, ജനങ്ങളെ അടിച്ചമർത്തി, അവശരാക്കി, അടക്കി ഭരിക്കുന്ന രാജാക്കൻമാരുടെ കണ്ണിലെ കരടാവുകയായിരുന്നു. അതാണ് അദ്ദേഹം സ്ഥാനഭ്രഷ്ടനാക്കപ്പെടാൻ പ്രധാന കാരണം.
സാഹചര്യങ്ങളെ തങ്ങൾക്ക് അനുകൂലമായി മാറ്റിയെടുക്കാൻ തിൻമയുടെ മൂർത്തീമത്ഭാവങ്ങളായ ഈ രാജാക്കൻമാർ സംഘബലവും തന്ത്രങ്ങളും കുതന്ത്രങ്ങളും ഉപയോഗിക്കുന്നു. വിഷ്ണുവിന് പോലും അത് തടയാൻ കഴിഞ്ഞില്ല. എന്നു മാത്രമല്ല, അവരുടെ ആജ്ഞാനുവർത്തിയായിപ്രവൃത്തിക്കേണ്ടിയും വന്നു. നൻമയുടെ പ്രതിരൂപമായ മാവേലിക്കെതിരായി നിലകൊള്ളേണ്ട നിസ്സഹായതയിലേക്കാണ് രാജാക്കൻമാരു ടെ സംഘടിത ശക്തി വിഷ്ണുവിനെ പോലും കുരുക്കിയിട്ടത്. 
ഭഗവാനെ ഉപയോഗിച്ച് അവർ മാവേലിക്കെതിരെ നേടിയെടുക്കുന്ന വിജയം, സ്വേഛാധിപത്യ പാതയിലേക്കുള്ളതാണ് എന്ന് സൂക്ഷ്മമായി നോക്കിയാൽ ആർക്കും മനസ്സിലാകും. അതായത് ജനാധിപത്യ വിശ്വാസിയായ ഒരു രാജാവിനെ ഇവിടെ നിന്നും കെട്ടുകെട്ടിച്ചുകൊണ്ട് തങ്ങളുടെ ഏകാധിപത്യ ഭരണം കൊണ്ടുവരാൻ അവർ ശ്രമിക്കുകയായിരുന്നു. അതേസമയം മാവേലിയുടെ അധികാര നിഷ്‌കാസനം നമ്മളോട് വിളിച്ചു പറയുന്ന വലിയൊരു സന്ദേശമുണ്ട്. സ്വേഛാധിപതികൾ അധികാരത്തിലേക്ക് കടന്നു വരാൻ അന്വേഷിക്കുന്ന കുറുക്കു വഴികളെ കുറിച്ചും അതിനായി അവർ നടത്തുന്ന പലതരം വൃത്തികേടുകളെ കുറിച്ചും കള്ളക്കളികളെ കുറിച്ചും നാം, പ്രജകൾ എപ്പൊഴും ജാഗരൂഗരായിരിക്കണം എന്ന മുന്നറിയിപ്പാണ് അത്.
പക്ഷേ, മാവേലിയെ പുറത്താക്കി അധികാരത്തിലെത്തിയ ആ രാജാക്കൻമാർക്ക് ജനങ്ങളുടെ മനസ്സ് കീഴടക്കാൻ ആവുന്നില്ല എന്നതാണ് പരമമായ സത്യം. കാരണം അവരെ സ്‌നേഹിക്കാനോ അവരോട് സ്വമനസ്സാലെ സഹകരിക്കാനോ ജനങ്ങൾ തയാറാകുന്നില്ല.  പകരം അവർ സ്‌നേഹിക്കുന്നതും ബഹുമാനിക്കുന്നതും ആരാധിക്കുന്നതും ഒരിക്കൽ തങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് തങ്ങളെ ഭരിക്കുകയും സംരക്ഷിക്കുകയും ചെയ്തിരുന്ന മാവേലി തമ്പുരാനെയാണ്. അതവർക്ക് അങ്ങേയറ്റം ആഹ്ലാദകരമായ ഒരനുഭവവും അനുഭൂതിയുമായി തീരുന്നു. വർഷാവർഷങ്ങളിൽ തങ്ങളെ തേടിയെത്തുന്ന മാവേലി മന്നന് വേണ്ടിയുള്ള കാത്തിരിപ്പും വരവേൽപിന്റെ ആഘോഷവുമാണ് മലയാളിക്ക് ഓണം എന്നാണ് നാം തിരിച്ചറിയേണ്ട പുതുപാഠം.
വർഷത്തിലൊരിക്കൽ തങ്ങളെ കാണാനെത്തുന്ന മാവേലിയെ ആഹ്ലാദപൂർവം വരവേൽക്കാൻ വേണ്ടിയാണ് അവർ മുറ്റത്ത് പൂക്കളമിടുന്നത്. തൂശനിലയിൽ തുമ്പപ്പൂ ചോറു വിളമ്പുന്നത്. അതിൽ സാമ്പാറും പരിപ്പുകറിയും തോരനും പുളിശ്ശേരിയും പച്ചടിയും കിച്ചടിയും കാളനും ഓലനും അവിയലും ഉപ്പേരിയും ശർക്കര വരട്ടിയും മെഴുകു പുരട്ടിയും പശുവിൻ നെയ്യും പപ്പടവും പഴവും പായസവും വിളമ്പി കാത്തിരിക്കുന്നത്. പുതുപുത്തൻ കസവു വസ്ത്രങ്ങളണിഞ്ഞ് ഒരുങ്ങി നിൽക്കുന്നത്. തലപ്പന്തുകളിയും തുമ്പിതുള്ളലും തിരുവാതിരയും പുലികളിയും കുമ്മാട്ടിക്കളിയും ഓണവില്ലും ഓണത്തല്ലും ഓണച്ചമയങ്ങളും ഒരുക്കുന്നത്. താൻ, ഈ ഭൂമിയിൽ നിന്നും പാതാളത്തിലേക്ക് അന്യായമായി ആഴ്ത്തപ്പെടുന്ന കാലത്ത് തന്റെ പ്രജകൾ എങ്ങനെ ആനന്ദഭരിതരായി ജീവിച്ചോ, അതുപോലെ തന്നെ അവർ ഇന്നും ജീവിക്കുന്നു എന്നു കാണിക്കാനാണ് മലയാളി തിരുവോണം കൊണ്ടാടുന്നത് എന്നു പറയാറുണ്ടെങ്കിലും അത് ശരിയായ ഒരു വീക്ഷണമല്ല. യുക്തിപൂർവം ചിന്തിക്കുമ്പോൾ ഓണം തീർച്ചയായും മലയാളിക്ക്, ഒരിക്കൽ തങ്ങൾ മനസ്സിൽ വിഗ്രഹം പോലെ കൊണ്ടു നടന്ന ഒരു ഐതിഹാസിക നായകനെ ഹൃദയം തുറന്ന് വരവേൽക്കുന്നതിന്റെ പ്രതീകമാണ്. ഒരു ജനാധിപത്യ നായകനോട് രാജ്യത്തെ പ്രജകൾക്കുള്ള പരമമായ ആരാധനയും സ്‌നേഹ ബഹുമാനവും തന്നെയാണ് മലയാളിയുടെ തിരുവോണ ആഘോഷത്തിന് പിന്നിലെ പ്രധാന പ്രേരകശക്തി എന്ന് നിസ്സംശയം പറയുകയും ചെയ്യാം.

Latest News