Sorry, you need to enable JavaScript to visit this website.

കുഞ്ഞുനൊമ്പരം മറക്കാനാവാതെ; ഒരു ടീച്ചറുടെ ഓര്‍മ

ആ ക്ലാസ്സിലെ കുട്ടികളില്‍ ഏറ്റവും സുന്ദരി അവളായിരുന്നു.
ആ ഈജിപ്തുകാരി..
പഠിക്കാന്‍ മിടുക്കിയായിരുന്നില്ലെങ്കിലും വല്ലാത്ത ഓമനത്തവും അനുസരണയുമായിരുന്നു ആ കുട്ടിയ്ക്ക് ..!
നാനാവിധ രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ ഇടയില്‍  പൂര്‍ണ്ണ ചന്ദ്രന്റെ ശോഭയോടെ അവള്‍ വേറിട്ട്‌നിന്നു .
എങ്കിലും ...ആള്‍ക്കൂട്ടത്തില്‍ തനിയെയായിരുന്നു അവള്‍ എപ്പോഴും........!
ചില ദിവസങ്ങളില്‍ ചോക്‌ലേറ്റിന്റെയും ബിസ്‌ക്കറ്റിന്റെയും അവശിഷ്ടങ്ങള്‍ വെളുത്ത തുടുത്ത ആ കുഞ്ഞു  മുഖത്തു അധികപ്പറ്റായി  ഒട്ടി പിടിച്ചു കിടന്നു.

ആ ദിവസങ്ങളില്‍ ഒരു കുട്ടിയെ കൂടെ  വിട്ട്  മുഖം കഴുകി വൃത്തിയാക്കി വരാന്‍  പറയും. കഴുകി വന്നാല്‍ എന്നോട് ടിഷ്യു പേപ്പര്‍ ചോദിക്കും .ഞാന്‍  അവളുടെ  മുഖം തുടച്ചു കൊടുക്കുമ്പോള്‍ അവള്‍ എന്നോട് ചേര്‍ന്ന് നില്‍ക്കും .
വാത്സല്യം അനുഭവിക്കുന്നതിനു  രാജ്യാതിര്‍ത്തികള്‍ തടസ്സമല്ലല്ലോ ..!
പാറിപ്പറന്ന മുടിയൊക്കെ കൈ കൊണ്ടു ഒന്ന് ഒതുക്കികൊടുത്താല്‍ അവളുടെ മുഖത്തു വല്ലാത്ത പ്രകാശമാണ്.
ക്ലാസ്സില്‍ എപ്പോഴും നിര്‍വികാരയായിട്ടു ഇരിക്കുന്ന അവള്‍ക്കു അടുത്ത കൂട്ടുകാരായി ആരും ഉണ്ടായിരുന്നില്ല.
ചില ദിവസങ്ങളില്‍ ഒറ്റ ബുക്ക് പോലും അവള്‍ കൊണ്ടു വരാറില്ല.സ്‌നാക്‌സും ജ്യൂസുമൊക്കെയായി രണ്ടോ മൂന്നോ തരം ഫുഡ് ടിഫിന്‍ നിറയെ എപ്പോഴും കൊണ്ടു വരും .ഭക്ഷണ കാര്യത്തില്‍ മാത്രം ശ്രദ്ധിക്കുന്ന ഈ കുട്ടിയെ കുറിച്ച് രണ്ടു മൂന്നു തവണ കോര്‍ഡിനേറ്ററോട് സംസാരിച്ചു.
ഒരിക്കല്‍ അവളോട് വീട്ടുകാരെ കുറിച്ച് ചോദിച്ചപ്പോള്‍ ആ മൂന്നാം ക്ലാസ്സുകാരി വാചാലയായി.
ഉമ്മിയും ബാബയും പിന്നെ ഒരു പൂച്ചയും ഉണ്ട് . ഉമ്മ ഡ്യൂട്ടിക്ക് പോകുമ്പോള്‍  ഉപ്പയുണ്ടാകും. ചിലപ്പോള്‍ രണ്ടു പേരുമുണ്ടാകും. അങ്ങിനത്തെ ദിവസങ്ങള്‍ അവള്‍ക്കിഷ്ടമല്ല.
ഉറക്കവും കളിയുമൊക്കെ പൂച്ചയുടെ കൂടെ ആണ് ..!തുറന്ന ചിരിയോടെയും ചിലപ്പോഴൊക്കെ നെറ്റി ചുളിച്ചും  സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഭിന്ന ഭാവങ്ങള്‍ അവളുടെ മുഖത്തു മിന്നി മറഞ്ഞു .
ഉപ്പയും ഉമ്മയുമില്ലാത്ത കുട്ടി ആണോ എന്ന എന്റെ സംശയം മാറിയത് അന്നാണ.്
കൂടുതല്‍ സംസാരിക്കുമ്പോള്‍ അവള്‍ അറിയാതെ ഭാഷ  അറബിയിലേക്ക് മാറിപോകുന്നത് കൊണ്ടു എനിക്കൊന്നും മനസ്സിലാകാറില്ല .
അങ്ങിനെ ഭാഷ ഞങ്ങള്‍ക്കിടയില്‍ വല്ലാത്തൊരു മറ സൃഷ്ടിച്ചു.
ഒരു നാള്‍ നൈറ്റ് ഡ്രെസ്സില്‍ അവള്‍ കഌസില്‍ വന്നപ്പോള്‍  അവളുടെ കാര്യത്തില്‍ ഒരു വ്യക്തത വരാനായി ഞാന്‍  പ്രിന്‍സിപ്പല്‍ മാമിന്റെ അടുത്ത് പോയി .
അങ്ങിനെയാണ് അവളെക്കുറിച്ചു കൂടുതല്‍ അറിഞ്ഞത്  .
അവളുടെ ഉമ്മ സൗദി എയര്‍ലൈന്‍സില്‍ എയര്‍ ഹോസ്റ്റസ് ആണ് .ഉപ്പ ഒരു കമ്പനിയില്‍ ഏതോ ഒരു ഉയര്‍ന്ന പൊസിഷന്‍ ..ഉമ്മയോട് ജോലി രാജി വെക്കാന്‍ പറഞ്ഞിട്ട് അവര്‍ അതിനു തയ്യാറല്ല .രണ്ടു പേര്‍ക്കും അഡ്ജസ്റ്റ് ചെയ്തു കുട്ടിയെ നോക്കാമെന്നാണ് അവരുടെ വാദം .അവള്‍ ജോലി ചെയ്യേണ്ടെന്ന് ഉപ്പ വാശിയിലാണ് .
ഇപ്പോള്‍ ഇരുവരും  ഡിവോഴ്‌സിനുള്ള  നീക്കം  ആണ്  .ഒരേ വീട്ടില്‍ രണ്ടു പേരും പിണങ്ങി കഴിയുന്നു. മിക്ക ദിവസങ്ങളിലും ഉമ്മ വീട്ടില്‍ ഉണ്ടാകാറില്ല .ഉപ്പയാണ് ആണ് ആ  ദിവസങ്ങളില്‍ മോളെ ഒരുക്കുന്നത്.
തന്റെ പരിമിതികള്‍ മനസ്സിലാക്കണമെന്ന് അയാള്‍ മാമിനെ നേരില്‍ കണ്ടു അപേക്ഷിച്ചിട്ടുണ്ടത്രെ ....!
അവളെ കുറിച്ച് അറിഞ്ഞപ്പോഴേക്കും എനിക്കവിടെ നിന്ന് പോരാനുള്ള സമയമാകാറായിരുന്നു. അറിഞ്ഞിട്ടും പ്രത്യേകിച്ചൊരു കാര്യവുമുണ്ടാകില്ലായിരിക്കാം...
എങ്കിലും മുന്നോട്ടുള്ള ജീവിതത്തിനു ഊര്‍ജ്ജം പകരുന്ന കുറച്ചു വാക്കുകള്‍ ആ കുഞ്ഞു മനസ്സില്‍ ചൊരിയാമായിരുന്നു..! ഇടവേളകളില്‍ ഒന്നു ചേര്‍ത്തു നിര്‍ത്താമായിരുന്നു !!
ലോങ്ങ് ലീവില്‍ പോയ അവളെ പിന്നെ ഞാന്‍ കണ്ടില്ല .മനസ്സില്‍ ഒട്ടിപിടിച്ചു കിടക്കുന്ന ചില നൊമ്പരങ്ങളുടെ ശേഷിപ്പുകളുണ്ടാകുമല്ലോ എല്ലാവര്‍ക്കും ....!!!
ഭക്ഷണം മാത്രമാണ് ഒരു കുഞ്ഞിന്റെ പ്രശ്‌നം എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു പിതാവിനും കുടുംബത്തിന് വേണ്ടി തന്റെ ഇഷ്ടങ്ങള്‍ ബലികഴിക്കേണ്ടതില്ലെന്നു വിശ്വസിക്കുന്ന മാതാവിനുമിടയില്‍  നഷ്ടമായിട്ടുണ്ടാകും ആ കുഞ്ഞു ബാല്യം ..!!!
 കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ത്യാഗത്തിനു തയ്യാറാകാത്ത മാതാപിതാക്കള്‍ക്കിടയില്‍ ഒറ്റപ്പെടുന്ന കുഞ്ഞു മക്കള്‍ക്ക്  ദേശാന്തരങ്ങളില്ല....!!അവര്‍ക്കു ഒരേ ഭാഷയാണ് !!ഒരേ വികാരമാണ്!!
അവരുടെ കണ്ണുനീരിനു ഒരേ നിറമാണ് ..!!
കഥയൊന്നുമറിയാതെ ആട്ടം കാണേണ്ടി വരുന്ന അധ്യാപികമാരും കൂട്ടുകാരും ...!!
കുന്നോളം സമ്പാദ്യം അനന്തരാവകാശമാക്കി ഇട്ടു കൊടുത്താല്‍  മറക്കുന്നതാണോ ഈ കുഞ്ഞു നൊമ്പരങ്ങള്‍  ??!!!

*******
ദമ്മാമില്‍ നിന്നു ഞങ്ങള്‍ പോന്നപ്പോള്‍ വിലകൂടിയ പല സാധനങ്ങളും അതിലേറെ വിലപ്പെട്ട ബന്ധങ്ങളും ഉപേക്ഷിക്കേണ്ടി വന്നു.
ഈ കുഞ്ഞു മുഖം ഇപ്പോഴും മനസ്സില്‍ പേറി നടക്കുന്നുവെന്ന് ചിലപ്പോഴൊക്കെ ഹൃദയം എന്നെ  ഓര്‍മിപ്പിച്ചു കൊണ്ടിരിക്കുന്നു ..!!
എവിടെയായിരുന്നാലും അവള്‍ സന്തോഷമായിരിക്കട്ടെ ..!!!!

 

 

Latest News