കീഴാളരുടെ വിമോചനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വി. പ്രഭാകരനെ വിശുദ്ധ ഭൂമിയിൽ കണ്ടുമുട്ടിയപ്പോൾ
ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ അവസാനത്തേതായ ഹജ് കർമം സാമ്പത്തികമായും ശാരീരികമായും ശേഷിയുള്ളവർക്കു മാത്രമേ നിർബന്ധമുള്ളൂ. അതേസമയം, ഹജ് നിർവഹിക്കാൻ ഭാഗ്യമരുളണേയെന്ന് പ്രാർഥിക്കാത്ത ഒറ്റ വിശ്വാസിയുമുണ്ടാവില്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ മഹാഭാഗ്യത്തിനു വേണ്ടിയുള്ള കാത്തിരിപ്പ്.
മുഴുവൻ പൈശാചിക ദുർബോധനങ്ങളിൽ നിന്നും ജീവിതത്തെ വിമലീകരിക്കാനും പാപങ്ങൾ കഴുകിക്കളഞ്ഞ് ജനിച്ചുവീണ പൈതലിനെ പോലെ നിഷ്കളങ്കനാകാനും അവസരമൊരുക്കുന്ന ഹജ് കർമത്തിന് പരമാവധി സ്വന്തം സമ്പത്ത് തന്നെ ഉപയോഗിക്കണമെന്ന നിർബന്ധവും ലോകത്തെമ്പാടുമുള്ള വിശ്വാസികൾ കാണിക്കാറുണ്ട്.
ചിന്തകനും ദളിത് ആക്ടിവിസ്റ്റുമായി പേരെടുത്ത പ്രഭാകരൻ വരപ്രത്ത് എന്ന ശംസുദ്ദീൻ ഇത്തവണ വിശുദ്ധ ഹജ് കർമം നിർവഹിച്ചു. തന്റെ ചിന്തക്കും സമൂഹിക പ്രവർത്തനത്തിനും ആയുധമാക്കിയ നാലായിരത്തോളം പുസ്തകങ്ങൾ വിൽപന നടത്തിയാണ് അദ്ദേഹം ഹജിനെത്തിയതെന്നത് കൗതുകമുള്ള വാർത്തയായിരുന്നു.
കീഴാളരോട് സ്നേഹമുള്ളവർ എപ്പോഴും ആദരവോടെ നോക്കിക്കണ്ടിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം മലയാളം ന്യൂസ് ഓഫീസ് സന്ദർശിച്ചപ്പോൾ ഈ ചോദ്യം ഉന്നയിച്ചു.
എത്ര പുസ്തകങ്ങൾ കാണും.
നാലായിരത്തോളം.
ഗവേഷണത്തിനും പഠനത്തിനും ഉതകുന്ന പുസ്തകങ്ങളായിരിക്കും കൂടുതൽ അല്ലേ?
അതെ.
ഈ ഇടപാട് എന്നിൽ നിറച്ച അവിശ്വസനീയത മനസ്സിലാക്കിയാകണം അതിനു പിന്നിലെ സ്നേഹത്തിന്റെ കഥ കൂടി ഇഷ്ടപ്പെട്ടവർ പ്രഭാകരേട്ടനെന്നും ശംസൂക്കയെന്നും വിളിക്കുന്ന ദളിത് വിമോചനത്തിനായി ജീവിതം നീക്കിവെച്ച പ്രഭാകരൻ വെളിപ്പെടുത്തിയത്.
ഹജ് നിർവഹിക്കാനുള്ള ആഗ്രഹവും പുസ്തകങ്ങൾ വിൽക്കാമെന്ന ആശയവും അദ്ദേഹം ആദ്യം പങ്കുവെച്ചത് സാമൂഹിക പ്രവർത്തകനായ നഹാസ് മാളയെന്ന സുഹൃത്തിനോടായിരുന്നു. ഇപ്പോൾ പുസ്തകങ്ങൾക്കിടയിലാണ് ജീവിക്കുന്നതെങ്കിലും മരിക്കുന്നതുവരെ എല്ലാമെല്ലാമായ പുസ്തകങ്ങൾ
തന്റെ കൂടെ തന്നെ കാണണമെന്ന ആഗ്രഹമുണ്ടായിരുന്നു. അതൊരു നിബന്ധനയായും മുന്നോട്ടുവെച്ചു. തിരൂർക്കാട് ഇലാഹിയ കോളേജിലെ ലൈബ്രേറിയനാണ് ഇദ്ദേഹമിപ്പോൾ.
പ്രഭാകരന്റെ ഹജ് സ്വപ്നം നിറവേറ്റാൻ ഒരു പ്രവാസി മലയാളി മുന്നോട്ടു വന്നത് മറ്റൊരു നിബന്ധനയുമായിട്ടായിരുന്നു.
തന്റെ പേര് ഒരിക്കലും വെളിപ്പെടുത്തരുതെന്ന നിബന്ധന. പുസ്തകങ്ങൾ പിന്നീട് മതിയെന്ന നിബന്ധന അംഗീകരിച്ചുകൊണ്ടാണ് ഹജിന് ആവശ്യമായ തുക അദ്ദേഹം എത്തിച്ചത്.
താനുമായി വളരെ മുമ്പ് തന്നെ സംവാദത്തിലേർപ്പെട്ട ഒരു സുഹൃത്തിനെയാണ് പ്രഭാകരൻ സ്നേഹത്തിൽ ചാലിച്ച ഇടപാടിൽ കാണുന്നത്. ആരായാലും ആ പ്രവാസിക്ക് അദ്ദേഹത്തിന്റെ പ്രാർഥനകൾ.

ഹരിജനങ്ങളെന്ന പേരിൽ സവർണ ജാതിക്കാരുടെ അടിമകളായി കഴിയുന്ന വലിയ ജനസമൂഹത്തിന് വിമോചന സ്വപ്നം നൽകി രംഗത്തു വരുമ്പോൾ കടുത്ത യുക്തിവാദിയായിരുന്നു കണ്ണൂർ പെരളശ്ശേരി സ്വദേശിയായ പ്രഭാകരൻ. യുക്തിവാദികളുടെ ഗുരുവും സാമൂഹിക പരിഷ്കർത്താവുമായിരുന്ന പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കരുടെ വാക്കുകളാണ് എന്നെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചത്. ദളിതുകളുടെ മോചനത്തിനുള്ള വഴി അവർ ഇസ്ലാമിൽ ചേരുക മാത്രമാണെന്നായിരുന്നു പെരിയാറുടെ പ്രസംഗം. ഇത് എന്റെ മനസ്സിനെ വല്ലാതെ ആകർഷിച്ചു. അന്നു മുതൽ ഇസ്ലാമിനെ കുറിച്ച് വിശദമായി തന്നെ പഠിക്കാൻ തുടങ്ങി. ആ പഠനമാണ് 2003 ൽ ഇസ്ലാം സ്വീകരിക്കുന്നതിൽ എത്തിച്ചത്.
ദൈവത്തിന്റെ പേരിൽ അടിമത്തം അനുഭവിക്കുന്ന കീഴാളരുടെ വിമോചനത്തനു അനുയോജ്യമായ ടെക്സ്റ്റ് ഇപ്പോഴും എപ്പോഴും വിശുദ്ധ ഖുർആനാണ്.
പക്ഷേ, ഇന്ത്യയിലെ മുസ്ലിംകൾ തങ്ങളുടെ ഉത്തരവാദിത്ത നിർവഹണത്തിൽ വലിയ വീഴ്ച വരുത്തി. രാജ്യത്തെ ദളിത് വിഭാഗങ്ങളെ കുറിച്ച് ആധികാരികമായ പഠനം നടത്താൻ ഇന്ത്യയിലെ മുസ്ലിം സംഘടനകളൊന്നും തന്നെ തയാറായില്ല. നേരെമറിച്ച് ക്രൈസ്തവ മിഷനറികൾ ഇന്ത്യയിലെ പാർശ്വവൽകരിക്കപ്പെട്ട വിഭാഗങ്ങളെ കുറിച്ച് കൃത്യമായ പഠനം നടത്തിയാണ് അവരുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോയത്. അതേസമയം, ക്രൈസ്തവരുടെ പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അടിസ്ഥാന മൂല്യങ്ങളിൽ ഒട്ടും വിട്ടുവീഴ്ചക്ക് തയാറാകാത്ത ഇസ്ലാമിന്റെ സവിശേഷത കാണാതിരിക്കുന്നില്ല. ഒഴിക്കുന്ന പാത്രത്തിന്റെ ഷെയ്പ്പ് സ്വീകരിക്കാൻ ക്രൈസ്തവർക്ക് സാധ്യമാകുമെങ്കിലും ഇസ്ലാമിന് അതു സാധ്യമാവില്ല.
ക്രൈസ്തവരുമായി താരതമ്യം ചെയ്യുമ്പോൾ മറ്റൊരു കാര്യം കൂടി പറയാനുണ്ട്. മുസ്ലിം പെൺകുട്ടികൾ ധാരാളമായി ഇപ്പോൾ പ്രൊഫഷണൽ കോഴ്സുകൾ പൂർത്തിയാക്കി രംഗത്തു വരുന്നുണ്ടെങ്കിലും അത് സമൂഹത്തിന് ഉപയോഗപ്പെടുന്നില്ല. പഠിച്ച പ്രൊഫഷനുമായി മുന്നോട്ടു വരാൻ ക്രൈസ്തവ പെൺകുട്ടികളെ പോലെ മുസ്ലിം പെൺകുട്ടികളും രംഗത്തു വരണം. സ്ത്രീകളെ അവഗണിച്ചുകൊണ്ട് സാമൂഹിക പുരോഗതി ഒരിക്കലും സാധ്യമല്ല.
2007 ൽ ഉംറ നിർവഹിക്കാൻ എത്തിയിരുന്നുവല്ലോ. ഇപ്പോൾ ഹജ് നിർവഹിക്കാൻ എത്തിയപ്പോൾ സൗദി അറേബ്യ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് പുതിയൊരു ലോകത്ത് എത്തിയതു പോലെയെന്നായിരുന്നു മറുപടി.
ഹജ് കർമങ്ങൾ നടക്കുന്ന പുണ്യ പ്രദേശങ്ങളിലെ സൗകര്യങ്ങളെ കുറിച്ചും അച്ചടക്കത്തെ കുറിച്ചും പറയുമ്പോൾ അതിനു പിന്നിലെ സാങ്കേതിക സംവിധാനങ്ങളെയല്ല മൂല്യങ്ങളെയാണ് കാണേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ലക്ഷക്കണക്കിന് സ്ത്രീകളും പുരുഷന്മാരും ഇടകലർന്നെത്തിയ സ്ഥലങ്ങൾ, അവിടങ്ങളിലെ ശുചിത്വം, അച്ചടക്കം തുടങ്ങിയവ വിശ്വാസികൾ കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങളെയാണ് കാണിക്കുന്നത്.
ദളിത് മുസ്ലിം ഐക്യത്തിനായും ദളിത് വിമോചനത്തിനായും ദളിത് വോയ്സിൽ എഴുതിയും ശിൽപശാലകൾ സംഘടിപ്പിച്ചും ബോധവൽക്കരണം നടത്തിയും സജീവമായിരുന്നു ഒരു കാലത്ത് പ്രഭാകരൻ.
ഇപ്പോഴും ഞാൻ സജീവമാണ്. പ്രതലം ഒന്നു മാറ്റിപ്പിടിച്ചു എന്നേയുള്ളൂ. സമൂഹ മാധ്യമങ്ങളിലൂടെ പോരാടുക തന്നെയാണ്. ഞാൻ ഉയർത്തുന്ന ചോദ്യങ്ങൾ പലരെയും അലോസരപ്പെടുത്തുന്നു. സംഘ്പരിവാറുകാർ മാത്രമല്ല ഇടതുപക്ഷത്തുള്ളവരും തന്നെ വലിയ ശല്യമായി കാണുന്നു.
കാരണം എന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ല എന്നതു തന്നെയാണ്. അതുകൊണ്ടാണ് മാസ് റിപ്പോർട്ടിംഗിലുടെ തന്നെ സമൂഹ മാധ്യമങ്ങളിൽനിന്ന് അകറ്റാൻ അവർ ശ്രമിക്കുന്നത്. അടുത്ത മാസം പത്ത് വരെ ഫെയ്സ്ബുക്കിൽ എനിക്ക് വിലക്കുണ്ട്. മാസ് റിപ്പോർട്ടിംഗാണ് കാരണം. ഇന്ത്യയിലെ വിപ്ലവ പ്രസ്ഥാനങ്ങളെ പോലും നയിക്കുന്നത് ഇപ്പോഴും സവർണ താൽപര്യമുള്ളവരാണ്.
നന്മയെ പ്രോത്സാഹിപ്പിക്കുമ്പോൾ തിന്മാ താനേ ഇല്ലാതാകുമെന്നാണല്ലോ ഇസ്ലാമിക അധ്യാപനം. അപ്പോൾ എന്തുകൊണ്ട് വിമർശനത്തിൽ ഇത്തിരി സംയമനം പുലർത്തുന്നില്ല എന്ന ചോദ്യമുന്നയിച്ചപ്പോൾ ഇതു പലരും പറയാറുണ്ടെന്നും അങ്ങനെ സംയമനത്തോടെ കാണാൻ കഴിയുന്ന ഒന്നല്ല ഇന്ത്യയിലെ എല്ലാ മേഖലകളിലും പിടിമുറുക്കിയ ബ്രാഹ്മണിസമെന്നായിരുന്നു മറുപടി. സമ്പത്തോ ആയുധമോ ഇല്ലാതെ വെറും ദൈവത്തിന്റെ പേരു പറഞ്ഞാണ് കോടിക്കണക്കിനു ജനങ്ങളെ അവർ ഇപ്പോഴും അടിമകളാക്കിയിരിക്കുന്നത്. ഇന്ത്യയിലങ്ങളോമിങ്ങോളം സഞ്ചരിച്ച്
അധഃസ്ഥിത ജനവിഭാഗങ്ങളുടെ ജീവിതം നേരിട്ടു കണ്ടയാളാണ്. ഇന്നും തോട്ടിപ്പണിയെടുക്കാൻ വിധിക്കപ്പെട്ടവരുടെ ജീവിതം.
ഇടതുപക്ഷം ചെയ്യുന്ന ദ്രോഹങ്ങളെ അദ്ദേഹത്തിന് എണ്ണിയെണ്ണി പറയാനുണ്ട്. നക്സൽ പ്രസ്ഥാനങ്ങളെ പോലും നയിക്കുന്നത് സവർണ മനസ്സാണെന്നും മുസ്ലിം പ്രശ്നങ്ങൾ വരുമ്പോൾ എല്ലാ പക്ഷക്കാരും വിരുദ്ധ മനസ്സ് പുറത്തെടുക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
അരുന്ധതി റോയിക്ക് സ്വീകരണം നൽകിയതിന്റെ പേരിൽ എന്നോട് വിശദീകരണം ചോദിച്ചത് ഇടതു സർക്കാരായിരുന്നു. ആദ്യമായി ഒരു ദളിത് കേന്ദ്ര കഥാപാത്രത്തെ നല്ലവനായി അവതരിപ്പിച്ച നോവലിസ്റ്റായിരുന്നു അരുന്ധതി റോയി. അവർക്ക് കോഴിക്കോട്ട് സ്വീകരണം ഒരുക്കിയതിന്റെ ഫലമായി സർവീസിൽനിന്ന് പുറത്താക്കാനുളള ശ്രമം വലിയ എതിർപ്പിനെ തുടർന്നാണ് അടിസ്ഥാന പെൻഷൻ വാങ്ങി പുറത്തു വരാനുള്ള വഴിയൊരുക്കിയത്. സർക്കാർ സർവീസിൽ സീനിയർ അക്കൗണ്ടന്റായിരുന്നു പ്രഭാകരൻ.
ദശാബ്ദങ്ങൾ നീണ്ട പോരാട്ടത്തിനു ശേഷം ഇപ്പോൾ എന്തു തോന്നുന്നു?
പോരാട്ട മുഖത്തുനിന്ന് ഞാൻ പിന്മാറിയിട്ടില്ല. സമൂഹ മാധ്യമങ്ങളിലെ വലിയ സാധ്യതകൾ ഉപയോഗപ്പെടുത്തി മുന്നോട്ടു പോകുകതന്നെ ചെയ്യും. 80 കളുടെ തുടക്കത്തിൽ കോഴിക്കോട് ആസ്ഥാനമായി ഞാൻ ആരംഭിച്ച പ്രവർത്തനം ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയ സ്വാധീനം നേടിയിരുന്നു. ദളിത്-മുസ്ലിം സാഹോദര്യത്തിനും വിമോചന ദൗത്യത്തിനും ഇനിയും സാധ്യതകളുണ്ട്.
പ്രബുദ്ധരായി വരുന്ന ദളിത് സമൂഹത്തിൽ പ്രതീക്ഷയുണ്ടെങ്കിലും കേരളം ഇനിയും പാകപ്പെട്ടിട്ടില്ലെന്ന കാൻഷി റാമിന്റെ വാക്കുകളാണ് ഓർമ വരുന്നത്. അറിവു നിഷേധമെന്ന ഭീകര പ്രവർത്തനത്തിനു ഇരയായവരാണ് ഇന്ത്യയിലെ ദളിതുകൾ. അവർ വിദ്യാഭ്യാസം നേടുന്നതിനെ തുരങ്കം വെക്കാൻ വീണ്ടും ശ്രമങ്ങൾ നടക്കുകയാണ്.
ദളിതുകളെയും മുസ്ലിംകളെയും ഉണർത്താൻ മിക്ക വേദികളിലും ലഘുലേഖകളുമായി ഓടിച്ചാടി നടന്നിരുന്ന പ്രഭാകരനെ കാൽ നൂറ്റാണ്ടിനു ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോൾ ഒന്നേ തോന്നിയുള്ളൂ.
എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന്റെ ആവേശം ഒട്ടും ചോർന്നിട്ടില്ല. ജനാധിപത്യവും മാനുഷിക മൂല്യങ്ങളും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കേ, ഇദ്ദേഹത്തെ പോലുള്ള പണ്ഡിതന്മാരുടെ വാക്കുകൾക്ക് പ്രസക്തി വർധിക്കുകയാണ്.
മക്കയിലുള്ള പ്രഭാകരന് സെപ്റ്റംബര് നാലിന് മദീനയേലിക്കും 17 ന് നാട്ടിലേക്കും തിരിക്കും. ബന്ധപ്പെടാവുന്ന നമ്പര്- 0566895785






